കലിയനുവെക്കൽ മുതൽ ആയില്യമകം വഴി ഇരുപത്തെട്ടാമോണം വരെ നീളുന്ന ആചാരാനുഷ്ഠാനങ്ങൾ


Representative Image | Photo: Mathrubhumi

ലയാളക്കര‌യുടെ ദേശീയോത്സവമായ തിരുവോണവുമായി ബന്ധപ്പെട്ട് ​ഗ്രാമീണകേരളം വിവിധതരം ആചാരാനുഷ്ഠാനങ്ങൾ നടത്തിവന്നിരുന്നു. കർക്കടകസംക്രാന്തിയിലെ(മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകം വഴി ഇരുപത്തെട്ടാമോണം വരെ അതു നീളുന്നു.

കലിയനു വെക്കൽ

‌ഉണ്ടക്കണ്ണും പുറത്തേക്കുതള്ളിയ ചുവന്നനാക്കും ദംഷ്‌ട്രയുമുള്ള ഉഗ്രമൂർത്തിയാണ്‌ കലിയൻ. കർക്കടകത്തിന്റെ അധിപനാണിത്‌. കലിയൻ കോപിച്ചാൽ കർക്കടകം കലങ്ങും. കലിയനെ പ്രീതിപ്പെടുത്തിയാൽ സകലൈശ്വര്യങ്ങളും താനേവരും. ഓരോ വീട്ടുകാർക്കും പ്രിയപ്പെട്ടതെന്നുതോന്നുന്ന ആഹാരം സംക്രമദിനത്തിൽ ഉണ്ടാക്കി ഒരു പങ്ക്‌ ചിരട്ടയിൽ എടുത്ത്‌ കലിയനെ സ്മരിച്ച്‌ മാറ്റിവെക്കുന്നു. പ്ളാവില, കൂവയില, പച്ചയീർക്കിൽ, വാഴത്തട എന്നിവകൊണ്ട്‌ കാള, നുകം, കലപ്പ, കൈക്കോട്ട്‌, പാളത്തൊപ്പി എന്നിവയുണ്ടാക്കി ആഹാരത്തോടൊപ്പം ത്രിസന്ധ്യയിൽ കലിയനു സമർപ്പിക്കുമ്പോൾ ആർപ്പും കുരവയും വാദ്യാഘോഷങ്ങളും മുഴങ്ങും. ‘കലിയനോ കലിയൻ... കനിയണേ ഭഗവൻ’ എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ച്‌ കൈപ്പന്തങ്ങൾ കറക്കി ദോഷമകറ്റി കർക്കടകത്തെ പൊന്നിൻചിങ്ങത്തിന്റെ ‘പൈലറ്റാ’ക്കുന്നു.

പിള്ളേരോണം

ഇത്‌ കർക്കടകമാസത്തിലെ തിരുവോണമാണ്‌. പിള്ളേരോണം, കുഞ്ഞോണം എന്നൊക്കെ വിളിപ്പേരുള്ള, ഈ ദിനംതൊട്ട്‌ ഇരുപത്തെട്ടാം നാളാണ്‌ ചിങ്ങത്തിരുവോണമെത്തുക. ഈ ദിവസം ഗൃഹഭരണം കുഞ്ഞുങ്ങളെ ഏൽപ്പിച്ച്‌ മുതിർന്നവർ മാറിനിൽക്കും.

ഉത്രക്കുമ്പളം

വിഷുവിന്‌ വെള്ളരിയാണ്‌ താരമെങ്കിൽ തിരുവോണത്തിന്‌ മത്തനും കുമ്പളങ്ങയുമാണ്‌ പ്രധാനികൾ. ഉത്രംനാളിൽ തിരുമുറ്റത്ത്‌ ഒരു പീഠത്തിൽ തെക്കുവടക്കായി കുമ്പളങ്ങവെച്ചിട്ട്‌ കാരണവർ നീളൻ കത്തികൊണ്ട്‌ കണ്ണടച്ചൊരുവെട്ട്‌! ഒത്ത നടുക്കുനിന്നു രണ്ടായിമുറിഞ്ഞാൽ സദ്‌ഫലങ്ങൾ! ഇടത്തേ മുറി ചെറുതായാൽ സമ്പത്ത്‌; വലുതായാൽ മൃത്യു! കുമ്പളങ്ങ ചതഞ്ഞാൽ അപകടം എന്നിങ്ങനെയാണ്‌ കൂശ്‌മാണ്ഡഫലം. കുമ്പളങ്ങ മുറിച്ച സ്ഥലം മെഴുകിയാണ്‌ പിറ്റേന്ന്‌ അത്തപ്പൂക്കളമൊരുക്കേണ്ടത്‌.

അത്തമത്തൻ

അത്തംനാളിലിടുന്ന പൂക്കളത്തിൽ ഇളം മഞ്ഞനിറമാർന്ന വലിയ പൂവായ മത്തപ്പൂ ഒരു പ്രധാന ഇനമാണ്‌. കുടങ്ങളിലാക്കി വളർത്തിയ മത്തങ്ങ (കുടമത്തൻ) പിള്ളേരോണം കഴിഞ്ഞാൽ പിന്നെ പൊട്ടിക്കുന്നത്‌ അത്തംനാളിലാണ്‌. ശർക്കരയും തേങ്ങയുമൊക്കെച്ചേർത്ത്‌ വിളഞ്ഞുപഴുത്ത മത്തങ്ങകൊണ്ടുള്ള പായസം അത്തത്തിന്‌ വിളമ്പും. പായസം കുറുകിയാൽ മഴമാറും, അയഞ്ഞാൽ മഴപെയ്യും (അത്തം കറുത്താൽ ഓണം വെളുത്തു എന്നൊരു ചൊല്ലുണ്ടല്ലോ).

തൃക്കേട്ടക്കളം കൈനീട്ടും

ഓരോ ദിവസവും രാവിലെ തലേന്നത്തെ പൂ മാറ്റി ചാണകം, ചാരമണ്ണ്‌ ഇവചേർത്ത്‌ പൂക്കളം ‘ഫ്രഷ്‌’ ആക്കണം. തൃക്കേട്ടനാളിൽ നാലുദിക്കിലേക്കും കൈനീട്ടുന്ന മട്ടിലാണ്‌ കളം മെഴുകുക. കിഴക്ക്‌ ചൈതന്യം, പടിഞ്ഞാറ്‌ ശാന്തി, വടക്ക്‌ സമ്പദ്‌സമൃദ്ധി, തെക്ക്‌ ആയുരാരോഗ്യം എന്നിങ്ങനെയാണ്‌ ഫലങ്ങൾ.

മൂലക്കളം മൂലതിരിച്ച്

മൂലംനാളിലെ പൂക്കളം വട്ടത്തിൽ മെഴുകിയശേഷം മൂലതിരിച്ചാണ്‌ തയ്യാറാക്കുക. മൊത്തത്തിൽ എട്ടുമൂലകൾ ഉണ്ടാവും. ആദിത്യൻ, ഈശാനൻ, കുബേരൻ, വായു, വരുണൻ, നിരൃതി, യമൻ, അഗ്നി എന്നിങ്ങനെയാണ്‌ എട്ടു മൂലകൾ. അഷ്ടദിക്‌പാലകർക്കായിട്ടാണ്‌ ഈ ദിവസത്തെ കളം.

കാക്കപ്പൂരാടം

തിരുവോണത്തിന്‌ ഒരുനാൾ മുമ്പുള്ള പൂരാടത്തെ കരിംപൂരാടമെന്നാണ്‌ വിളിക്കുക. അത്ര ആകർഷകമല്ലാത്ത കാക്കപ്പൂവാണ്‌ ഈ ദിവസം പൂക്കളത്തിലെ അതിഥി. ഒപ്പം കറുകയും കാട്ടുതുളസിയും കാണും. കാക്കപ്പൂവിന്റെ സമൃദ്ധിയിൽ വിളങ്ങുന്ന പൂക്കളങ്ങൾകൊണ്ട്‌ പൂരാടം അലങ്കരിക്കപ്പെടുന്നതിനാൽ ഈ ദിവസത്തെ കാക്കപ്പൂരാടമെന്നു പറയുന്നു.

ഉത്രാടക്കാഴ്ച

ഉത്രാടനാൾ ഗുരുവായൂരമ്പലത്തിൽ കൊടിമരച്ചുവട്ടിൽ കാഴ്ചക്കുലകൾ സമർപ്പിക്കുന്ന ചടങ്ങാണിത്‌. ആദ്യത്തെ കുല മേൽശാന്തിക്ക്‌. തുടർന്നുള്ളവ ഓണസദ്യയ്ക്കും ആനയൂട്ടിനും ഉപയോഗിക്കുന്നു. ഉദ്ദിഷ്ടകാര്യം നേടിയതിനുള്ള ഉപകാരസ്മരണയായിട്ടാണത്രേ ഭക്തർ ഉത്രാടക്കാഴ്ച സമർപ്പിക്കുന്നത്‌.

ഓണം വരുത്തൽ

ഉത്രാടനാളിൽ പൂക്കളത്തിനുമുമ്പിലായി മൂന്നു നാക്കിലകൾവെച്ച്‌ അവയിൽ നാഴി, പറ, ചങ്ങഴി എന്നിവ പ്രതിഷ്ഠിക്കുന്നു. ഇവയിലേക്ക്‌ ഭക്ത്യാദരപൂർവം നെല്ലുനിറയ്ക്കുന്നു. ആർപ്പും കുരവയും ശംഖനാദവും ഒപ്പമുണ്ടാവും. ഈ നെല്ലുനിറയ്ക്കാനുള്ള അവകാശം. ‘ഊരാളി’മാർക്കാണ്‌.

ഓണംകൊള്ളൽ

തിരുവോണനാൾ രാവിലെ കളംമെഴുക്കുകഴിഞ്ഞ്‌ നിലവിളക്കുകൊളുത്തി തൃക്കാക്കരയപ്പനെ പൂജിക്കുന്ന ചടങ്ങാണിത്‌. കദളിപ്പഴം, തേൻ, ശർക്കര ഇവകൊണ്ടുള്ള പ്രസാദം തൃക്കാക്കരയപ്പനു നിവേദിച്ച്‌ വീട്ടുകാർക്കു വിളമ്പുന്നതോടെ ഓണംകൊള്ളൽ ചടങ്ങ്‌ പൂർത്തിയായി.

ഓണവില്ല്‌ സമർപ്പണം

തിരുവോണനാൾ രാവിലെ തിരുവനന്തപുരത്ത്‌ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ മഞ്ഞക്കടമ്പു വൃക്ഷത്തിൽ നിർമിച്ച്‌ പഞ്ചവർണങ്ങൾ ചാലിച്ചുപൂശിയ എട്ടു വില്ലുകൾ സമർപ്പിക്കുന്നു. നാലരയടി, നാലടി, മൂന്നടി നീളമുള്ള വില്ലുകളിൽ ദേവീദേവന്മാരുടെ രൂപങ്ങൾ കൊത്തിയിരിക്കും (മഹാഗണിയിലും വില്ലുകൾ തീർക്കാറുണ്ട്‌).

അത്തപ്പത്ത്‌

തിരുവോണദിനമാണിത്‌. അത്തത്തിന്റെ പത്താംനാൾ വലിയോലക്കുടവട്ടം വലുപ്പത്തിൽ പൂക്കളമിടുന്നു. മുമ്പിലായി നിരത്തിയ നാക്കിലയിൽ പത്തിന്റെ പൂരമാണ്‌! പത്തു പൂക്കൾ അഥവാ ദശപുഷ്പങ്ങൾ (മുക്കുറ്റി, ഉഴിഞ്ഞ, തിരുതാളി, വള്ളിയുഴിഞ്ഞ വിഷ്ണുക്രാന്തി, ചെറൂള, കയ്യൂന്നി, നിലപ്പന, കറുക, മുയൽച്ചെവിയൻ, പൂവാങ്കുറുന്നൽ), പത്തിലകൾ (തഴുതാമ, ചക്രത്തകര, മണിത്തക്കാളി, പയറില, മത്തനില, അഞ്ചിലച്ചി, ഉപ്പൂഞ്ഞൽ, ചേമ്പില, മുള്ളൻചീരയില, കുടങ്ങൽ), പത്തുനെൻമണി, പത്തു തേങ്ങ, പത്ത്‌ വാഴപ്പഴം, പത്തെള്ള് , പത്ത്‌ അരിമണി, പത്തുപ്പേരി, പത്തുപണം, പത്തുനൂല്‌ എന്നിവ നിരത്തുന്നു. ആയുരാരോഗ്യസമ്പദ്‌സമൃദ്ധിയാണിവ സൂചിപ്പിക്കുന്നത്‌.

അവിട്ടക്കട്ട

തിരുവോണനാളിലെ സദ്യയിൽ മിച്ചംവന്നവ അവിട്ടംനാൾ രാവിലെ ഭക്ഷണമാക്കുന്നു. വെള്ളത്തിലിട്ട ചോർ (പഴങ്കഞ്ഞി) കട്ടപിടിച്ചിരിക്കും. ഇതാണ്‌ അവിട്ടക്കട്ട! സാമ്പാർ, അവിയൽ, മറ്റു കറികൾ ഇവ ചെറുപാത്രങ്ങളിലാക്കി വെള്ളത്തിലിറക്കിവെക്കുന്നതിനാൽ ചീത്തയാവില്ല. പണ്ട്‌ ഫ്രിഡ്‌ജ്‌ എന്ന സംവിധാനമില്ലല്ലോ. എല്ലാ കറികളും തൈരും മേമ്പൊടിയായി ചമ്മന്തിയും ചേർത്ത്‌ അവിട്ടക്കട്ട പൊട്ടിക്കുന്നു (അകത്താക്കുന്നു)!

അമ്മായിയോണം

ഓണ ഒരുക്കങ്ങൾക്ക്‌ ചുക്കാൻപിടിച്ച്‌ തറവാട്ടിൽ വിലസിയ അമ്മായിയെ സ്നേഹാദരങ്ങളോടെ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുന്നത്‌ അവിട്ടം നാളിലാണ്‌. അന്നുച്ചയ്ക്ക്‌ അവിടെ നടക്കുന്ന ആഘോഷമാണ്‌ അമ്മായിയോണം.

ആയില്യം, മകം

ഓണത്തിന്റെ പതിനാറാം നാളാണിത്‌. ഓണച്ചടങ്ങുകളുടെ പരിസമാപ്തികുറിക്കുന്നത്‌ അന്നാണ്‌. ‘പതിനാറാം മകം’, ‘ഓണത്തിന്റെ വാൽ’ എന്നൊക്കെ പേരുള്ള ഈ ദിനം നെൽച്ചെടിയുടെ ജന്മദിനം കൂടിയാണ്‌.

ഇരുപത്തെട്ടാമോണം

തിരുവോണത്തിന്റെ ഇരുപത്തെട്ടാം നാളിൽ വരുന്ന കണിയോണം ആണത്രേ വാലോണം, കർക്കടക ഓണം തലയോണവും. ഇരുപത്തെട്ടുകൂട്ടം വിഭവങ്ങളോടുകൂടിയ സദ്യ അന്നു നിർബന്ധമാണ്‌.

Content Highlights: onam traditions, onam 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented