തെക്കും വടക്കും ചേര്‍ന്ന് ഒരു വഴിക്കായ ഓണം; ഒരു മലബാറുകാരിയുടെ അനുഭവം


പി.സനിത

വര: മനോജ് കുമാർ തലയമ്പലത്ത്‌

ല്യാണം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ആദ്യമായി ബഹിരാകാശത്ത് കാലുകുത്തിയ സഞ്ചാരിയുടെ പ്രതീതിയായിരുന്നു. 2005-ലായിരുന്നു അത്. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കൂട്ടിയുംകുറച്ചും ഗുണിച്ചുംഹരിച്ചും വരാന്‍ കുറേ നേരമെടുത്തു. ഇതിനിടെ മുന്നില്‍ സംസാരിക്കാന്‍ വന്നുനിന്നയാള്‍ ജീവനും കൊണ്ട് സ്ഥലം വിടും.

അവര്‍ പറഞ്ഞത് എനിക്കും ഞാന്‍ പറഞ്ഞത് അവര്‍ക്കും മനസിലായി വരാന്‍ കുറച്ചധികംസമയമെടുത്തെന്ന് സാരം. പലതും കേട്ട് ഞാന്‍ കണ്ണുമിഴിച്ചു. അതുപോലെതന്നെയായിരുന്നു ഞാന്‍ പറയുന്നത് കേട്ട 'തിരോന്തരം'കാരുടെ അവസ്ഥയും.(മേരെ പ്യാരേ തിരോന്തരംകാര്‍...!)
ഇവിടെ നാട്ടുകാര്‍ കേട്ടൊ... എന്നുചോദിച്ചാല്‍ പറഞ്ഞോ എന്ന് മനസിലാക്കിക്കോളണം.

സോഷ്യല്‍മീഡിയയൊക്കെ സജീവമായി വരുന്നതിനും മുമ്പുള്ള കാലമാണ്. തിരുവനന്തപുരം ഭാഷയും സംസ്‌കാരവും തിരുവനന്തപുരത്തുകാരുടെ മാത്രം കുത്തകയായിരുന്ന കാലം.

'ഓ.......തന്നെ തന്നെ'യും, 'എന്തരോ എന്തോ'യും.....ഒക്കെ നേരത്തെ കേട്ടു പരിചിതമായിരുന്നെങ്കിലും ഓണക്കാഴ്ചകളെല്ലാം പുത്തനായിരുന്നു. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഓണമെത്തി.

ഓണത്തിന് നേരത്തേ തന്നെ തിരുവനന്തപുരംകാര്‍ ഒരുങ്ങിത്തുടങ്ങുംഅല്ല, ഓടിത്തുടങ്ങും. നാട്ടുകാരെല്ലാം കൂടി ഓണത്തിന് സാധനം വാങ്ങാനായി കിഴക്കേക്കോട്ടയിലേക്കും ചാലമാര്‍ക്കറ്റിലേക്കും ഒരു പരക്കം പാച്ചിലുണ്ട്. സാക്ഷാല്‍ പി.ടി.ഉഷ തോറ്റുപോകും. അതാണ് 'ഓണപ്പാച്ചില്‍'.

ഓണം ഷോപ്പിങ്ങിന്റെ ഭാഗമായി വീട്ടിലേക്ക് വേണ്ടതും വേണ്ടാത്തതും കൗതുകം തോന്നുന്നതുമായനുള്ളു നുറുങ്ങുസാമഗ്രികള്‍ വരെ വാങ്ങിക്കൂട്ടും. ചിലര്‍ വീടുവരെ പെയിന്റടിച്ചുകളയും ഓണത്തെ വരവേല്‍ക്കാന്‍. 'കാണം വിറ്റും ഓണംഉണ്ണണം' എന്ന ചൊല്ലൊക്കെ അക്ഷരാര്‍ഥത്തില്‍ അങ്ങ് പാലിച്ചുകളയും.

വടക്കന്‍മാരൊക്കെ അത്തം മുതല്‍ പത്തുദിവസം പൂക്കളം തീര്‍ക്കുമെങ്കിലും തലസ്ഥാനത്ത് മിക്കവാറും പേര്‍ തിരുവോണദിവസം മാത്രമേ പൂക്കളമിടാറുള്ളൂ. ഏത് ദിവസം ഇടുന്ന പൂക്കളത്തിനും അവര്‍ അത്തമെന്നേ പറയൂ. അത്തമെന്നാല്‍ പൂക്കളമെന്നേ ഇവിടുത്തുകാര്‍ അര്‍ത്ഥമാക്കുന്നുള്ളൂ.

വടക്കന്‍മാരൊക്കെ തിരുവോണം മാത്രം ഓണമായി ആഘോഷിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഒരാഴ്ചയാണ് ഓണം. ഒരുഭാഗത്ത് നാട്ടുകാരുടെ ഓണം ഒരുക്കങ്ങള്‍ക്ക് കൊടികയറുമ്പോള്‍ സമാന്തരമായി സര്‍ക്കാറിന്റെ ടൂറിസം വാരാഘോഷം. കനകക്കുന്നിലും നിശാഗന്ധിയിലും ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലുമൊക്ക വേണ്ടുവോളം കലാപരിപാടികള്‍.ആകെ കൂടി കളറാവും ഒരാഴ്ച.

കോഴിക്കോട് ഞങ്ങള്‍ക്ക് ചെറിയ ഓണ(ഉത്രാടം)വും വലിയഓണ(തിരുവോണം)വും ആണുള്ളത്. ഓണക്കാലത്ത് തിരുവനന്തപുരത്തെ രാജവീഥികളെല്ലാം വൈദ്യുതദീപങ്ങള്‍ തൂക്കും. അതിമനോഹരമാണ ആ കാഴ്ച. വൈകുന്നേരമായാല്‍ തിരോന്തരംകാരെല്ലാം കൂടി പ്രാരാബ്ദങ്ങളൊക്കെ ഒതുക്കി 'ലൈറ്റ'് കാണാനിറങ്ങും. ഈ ലൈറ്റ് കാണലും കൂടി ഉണ്ടെങ്കിലേ ഇവിടെ ഓണാഘോഷം പൂര്‍ണമാവൂ.

സെക്രട്ടേറിയറ്റും നിയമസഭയും മറ്റ് സര്‍ക്കാര്‍ ഓഫീസുകളുമെല്ലാം ലൈറ്റില്‍ കുളിച്ച് ഗേറ്റും തുറന്നിരിപ്പുണ്ടാവും. പൊതുജനത്തിന് ആ കോമ്പൗണ്ടില്‍ കയറി കാണാം,ഫോട്ടോയെടുക്കാം. ടൂറിസം വാരാഘോഷം വിളംബര,സമാപന ഘോഷയാത്രയും പൊലിമ ഏറിയതാണ്.
കോഴിക്കോട്ടാണെങ്കില്‍ ബീച്ചിലും മാനാഞ്ചിറ സ്‌ക്വയറിലും ടാഗോര്‍ തിയറ്ററിലും ടൗണ്‍ഹാളിലുമൊക്കെ ഓണപ്പരിപാടികള്‍ കാണും.

കേരളത്തിലെ ഏറ്റവും കേമം സദ്യ തിരുവിതാംകൂറിലേതാണെന്ന് തിരുവനന്തപുരം,കൊല്ലംകാരും, മധ്യതിരുവിതാംകൂറിലേതാണെന്ന് പത്തനംതിട്ട-കോട്ടയം-ആലപ്പുഴക്കാരും കൂടി സദ്യയുണ്ടാക്കിയ കാലംമുതല്‍ തര്‍ക്കിച്ചുക്കൊണ്ടേയിരിക്കുകയാണല്ലോ.......ഇതിനിടെ സദ്യയെക്കുറിച്ച് കോഴിക്കോട്ടുകാരുള്‍പ്പെട്ട മലബാറുകാരുടെ അവകാശവാദങ്ങളൊക്കെ എന്തര്.....! 'ഓണസദ്യയ്ക്ക് വടക്കന്‍മാര്‍ നോണ്‍-വെജ് വിളമ്പില്ലേ.....?'

ഓണത്തിന് മാത്രം വെജ് കഴിക്കുന്ന അയല്‍വക്കക്കാരിയുടെ പരിഹാസമൊക്കെ ഞാന്‍ മൈന്‍ഡ്ചെയതില്ല. അല്ലേല്‍, എല്ലാദിവസവും ഇച്ചിരി മീന്‍ചാറുവേണം പുള്ളിക്കാരിക്ക് ചോറിറങ്ങാന്‍. ഓണത്തിന് മാത്രം നോണ്‍വെജിന് അയിത്തം കല്പിച്ച് പടിക്കുപുറത്തുനിര്‍ത്തും. പിറ്റേദിവസം തൊട്ട് വീണ്ടും നോണ്‍വെജുമായി ബായി-ബായി. തിരുവോണത്തിനായാലും ഞങ്ങള്‍ നോണ്‍വെജിനെ തള്ളിപ്പറയില്ല,ദിനേശാ..... പറഞ്ഞുമടുത്തു.

അങ്ങനെ തിരുവോണമായി. രാവിലെ തന്നെ ഞങ്ങള്‍ പെട്ടെന്ന് തനി മലയാളികളായി മാറി. കോസ്റ്റ്യൂമൊക്കെ മാറ്റി. അത്തമൊക്കയിട്ട് റെഡിയായി. 11.30 യോടെ സദ്യയ്ക്ക് ഇലയിട്ടു. കൃത്യമായ പട്ടാളച്ചിട്ടയില്‍ വിഭവങ്ങള്‍ ഇലയില്‍ വന്നു സല്യൂട്ടടിച്ചു. എന്തൊരു അടുക്കുംചിട്ടയും. ഇതിന്റെ പകുതി ജീവിതത്തിലുണ്ടായിരുന്നേല്‍ എന്തായേനേ...!

ഞാന്‍ കായവറുത്തതു തിന്ന് ആത്മഗതം മോഡിലേക്ക് പോയി. സദ്യ വിളമ്പാന്‍ ഒരു ക്രമമുണ്ട്. അതെങ്ങാനുമൊന്ന് തെറ്റിയാല്‍ വിവരമറിയും. (പപ്പടയുദ്ധമൊന്നും ഒന്നും അല്ല !) പരിപ്പുകറിയും നെയ്യും പപ്പടവും കൂട്ടിക്കുഴച്ച് തന്നെ സദ്യ കഴിച്ചുതുടങ്ങണം.

സാമ്പാര്‍,സാമ്പാറെന്ന് വിളിച്ചുകരഞ്ഞ എന്നെ നോക്കി ബന്ധു കണ്ണുരുട്ടി. 'അടങ്ങ്,അടങ്ങ്...സദ്യയില്‍ സാമ്പാര്‍ വിളമ്പാനൊക്കെ ഒരു സമയമുണ്ട് ദാസാ....'അവള്‍ എന്നെ പിച്ചി.

അടുത്തിരിക്കുന്ന ആള്‍ കഴിക്കുന്നപോലെ കഴിക്കാന്‍ നോക്കി ആദ്യറൗണ്ടുകളില്‍ ഞാന്‍ ദയനീയമായി പരാജയപ്പെട്ടു. എന്തൊക്കെയോ എങ്ങനെയൊക്കെയോ കഴിച്ചു. പായസത്തിലായിരുന്നു ആകെ പ്രതീക്ഷ.

തിരുവിതാംകൂര്‍ സദ്യയ്ക്ക് പായസം മിനിമം രണ്ടെണ്ണം വേണം. പായസത്തിനൊപ്പം വിളമ്പുന്ന ബോളി(മഞ്ഞചപ്പാത്തിയെന്നേ ഞാന്‍ വിളിക്കൂ...!) പഴവും പപ്പടവും കൂട്ടിമാത്രമേ കഴിക്കാവൂ. അല്ലേല്‍ ഇപ്പോള്‍ സുനാമി വരുമെന്ന് വീണ്ടും ഭീഷണി.

ഒരു സുനാമി കാണാനുള്ള കടുത്ത ആഗ്രഹം കൊണ്ട് മഞ്ഞചപ്പാത്തിയെടുത്ത് വെറുതെ ഭുജിച്ചു. സേമിയപായസവും പഴവും അതിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യാതെ തന്നെ അകത്താക്കി.

ഇത്രയോക്കെയേ എനിക്ക് പറ്റൂ എന്റെ സദ്യേ... എന്നും പറഞ്ഞ് എണീക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും വരുന്നു ചോറും കൊണ്ട് ആള്.
പായസംകഴിഞ്ഞാല്‍ 'ഇത്തിപ്പൂരം(കുറച്ച്്) ചോറും ഇത്തിപ്പൂരം പുളിശ്ശേരിയും കൂടി കൂട്ടി കഴിച്ചാലേ സദ്യയ്ക്ക് തൃപ്തിയാവൂ അത്രേ...
ആദ്യത്തെ തിരുവനന്തപുരം ഓണമല്ലേ....സദ്യയെ തൃപ്തിപ്പെടുത്തിതന്നെ ഇല മടക്കി.

പിറ്റേന്ന് കോഴിക്കോട്ടെത്തിയ എന്നെ കോഴിക്കോടന്‍ സദ്യ കാത്തിരിപ്പുണ്ടായിരുന്നു. 'ഇതാണോ സദ്യ...' കണ്ണുകൊണ്ട് പുച്ഛിച്ച ഭര്‍ത്താവിനെ ഞാന്‍ അവഗണിച്ചു.

ഞങ്ങളുടെ വറുത്തരച്ച സാമ്പാറും അവിയലും കൂട്ടുകറിയും ഓലനും പുളിയിഞ്ചിയും കാളനും ഉപ്പേരിയും വറുത്തുപ്പേരിയും ശര്‍ക്കരയുപ്പേരിയും പാലടപ്പായസവുമൊന്നും പ്രശസ്തി ആഗ്രഹിക്കുന്നില്ല....ഞാന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

മലബാര്‍ സദ്യയില്‍ വിളമ്പിയ ആവോലിമീന്‍ ആസ്വദിച്ചുകഴിക്കുകയായിരുന്നു ഭര്‍ത്താവപ്പോള്‍. ഓണത്തല്ലില്‍ താല്പര്യമില്ലാത്തതുകൊണ്ട് ഞാന്‍ ഓണപ്പതിപ്പുകളില്‍ പോയി ഊഞ്ഞാലാടി.

Content Highlights: onam memories difference in onam sadhya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented