ചാണകം മെഴുകിയ വൃത്തങ്ങളും മണ്ണില്‍കുഴഞ്ഞ മാതേവരും; ഓണത്തിനെത്തുന്ന ഏതിലുമുണ്ട് ഒരു പുതുമണം


ഓണത്തിനെന്തൊക്കെ കാണാം എന്നാലോചിക്കുമ്പോള്‍ എത്തുന്നതും നിറങ്ങളുടെ ആഘോഷങ്ങളാണ്.

ഓണത്തിനൊരുക്കിയ പൂക്കളം | Photo: Mathrubhumi

ണം ഒരുങ്ങുകയായി. പൂക്കളില്‍ വര്‍ണ്ണംനിറച്ച്, പുത്തനുടുപ്പിന്റെ ഗന്ധം പകര്‍ന്ന്, പായസമധുരങ്ങള്‍ ഓര്‍മ്മിപ്പിച്ച്.... അങ്ങനെയങ്ങനെയാണ് ഓണം ഓര്‍മകള്‍. ഇത്തവണപക്ഷേ കോവിഡ് ഭീഷണിയുള്ളതിനാല്‍ എന്തെല്ലാം വീണ്ടെടുക്കാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഓണത്തിന്റെ നിറങ്ങള്‍ പരമാവധി വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പ്. ഓണത്തിനെത്തുന്ന ഏതിലുമുണ്ട് ഒരുപുതുമണം. ഓണനിലാവുപോലും ഈ പുതുമ മനസ്സുകളിലേക്ക് കൊണ്ടെത്തിക്കുന്നു. അത്തംപിറക്കുമ്പോള്‍ ഒരുവര്‍ഷത്തേക്കുള്ള വര്‍ണ്ണങ്ങള്‍ ഒരുമിച്ചു ജീവിതത്തിലേക്ക് ആവാഹിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളി മനസ്സുകള്‍.

കാലം ഓണത്തിന്റെ നിറങ്ങള്‍ മാറ്റിമറിച്ചു. ഒരു നിറത്തില്‍നിന്നും മറ്റൊരു നിറത്തിലേക്കുള്ള യാത്രയായേ ഇതു അനുഭവപ്പെടുന്നുള്ളു. മുറ്റത്തെ ചാണകം മെഴുകിയ വൃത്തങ്ങളും മണ്ണില്‍കുഴഞ്ഞ മാതേവരും തുമ്പയും കാക്കാപ്പൂവും അരിപ്പൂവും നിരന്ന കളങ്ങളും ഇന്നു ഒരുപക്ഷേ, കാണാനാവില്ല. ജമന്തിയുടെയും പേരറിയാത്ത നിരവധി പൂക്കളുടെയും വര്‍ണ്ണങ്ങളാണിന്ന് ഓണത്തിന്റെ വര്‍ണ്ണമാകുന്നത്. ഗൃഹാതുരത്വത്തിന്റെ വര്‍ണ്ണപ്പൊലിമ മാറ്റിനിര്‍ത്തിയാല്‍ നിറങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഇന്നത്തെ ഓണവും.

ഓണത്തിനെന്തൊക്കെ കാണാം എന്നാലോചിക്കുമ്പോള്‍ എത്തുന്നതും നിറങ്ങളുടെ ആഘോഷങ്ങളാണ്. പൂക്കളുടെ വര്‍ണ്ണം കവര്‍ന്നെടുത്ത വസ്ത്രവിപണനാഘോഷങ്ങള്‍. ആഘോഷത്തിലെ നിറച്ചാര്‍ത്തായി പുലിക്കളിക്കൂട്ടങ്ങളും കുമ്മാട്ടിക്കൂട്ടങ്ങളും. സ്വാദിന്റെ മത്സരമൊരുക്കുന്ന സദ്യവട്ടങ്ങള്‍. നാട്ടുവഴികളിലെ വടംവലിയും തീറ്റമത്സരം ഉള്‍പ്പെടെയുള്ളവയും. ഗൃഹാതുരത്വം നല്‍കുന്ന ഓണത്തിന്റെ നിറങ്ങള്‍ ചെറുതല്ല. ഓര്‍മ്മയിലെ ഓണത്തിന്റെ നിറങ്ങള്‍ പലപ്പോഴും വരച്ചെടുക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. പൂക്കള്‍ക്കായുള്ള കാട്ടുപ്രയാണങ്ങളും ഊഞ്ഞാലാട്ടങ്ങളും എന്നും വെളിച്ചമായി നിലനില്‍ക്കും. ആശിച്ചു കിട്ടുന്ന ഓണസദ്യയുടെയും ഓണക്കോടിയുടെയും ഓര്‍മകള്‍ എന്നും നിറം ചാര്‍ത്തി നില്‍ക്കുകയുംചെയ്യും.

ഇന്നത്തെ ഓണാഘോഷവും വരുംവര്‍ഷങ്ങളില്‍ ഒരു ഗൃഹാതുരത്വം ആകാനുള്ളതാണ്. ഇന്നത്തെ നിറങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം വെക്കുന്നത് ഒരുപക്ഷേ, വരുംകാലങ്ങളിലായിരിക്കാം. ഇത്തരത്തില്‍ എന്നും നിറംമങ്ങാത്ത നിരവധി ഓര്‍മ്മകളാണ് ഒരോണക്കാലം മനസ്സിലേക്ക് കൊണ്ടുതരുന്നത്. ഇതിലേക്കുള്ള യാത്രയാണ് അത്തംമുതല്‍ തിരുവോണം വരെ.

ടണ്‍കണക്കിന് പൂവ്

തേക്കിന്‍കാട് അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂക്കാടായി മാറുന്നതാണ് പരമ്പരാഗത ഓണച്ചിത്രങ്ങളിലൊന്ന്. ഒരുദിവസം ഒരുടണ്‍ പൂവിന്റെ വില്‍പ്പനനടത്തുന്ന കച്ചവടക്കാരുണ്ട് തൃശ്ശൂരില്‍. ഇങ്ങനെ ചുരുങ്ങിയത് 25 പേരെങ്കിലും. അതുവെച്ചു നോക്കുമ്പോള്‍ 25 ടണ്‍ പൂവ്. ചിലദിവസങ്ങളില്‍ ഇതിലും കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തമിഴ്നാട്ടില്‍നിന്നാണ് പൂവരവ്.

ഇതെല്ലാം കൂടുതല്‍ കേന്ദ്രീകരിക്കുന്നത് തേക്കിന്‍കാട്ടിലാണ്. വിവിധവര്‍ണ്ണപ്പൂക്കള്‍ കൂമ്പാരംകൂട്ടി അതിനുമുകളില്‍ ആളുകള്‍ വട്ടമിട്ടെത്തി പൂപൊലികള്‍ തീര്‍ക്കും. മഞ്ഞയും ചുവപ്പും പരവതാനിപോലെ പൂക്കള്‍ നിരക്കും. എല്ലാം കാടുംമേടും താണ്ടി എത്തുന്നവ. മഴയാണ് പൂക്കച്ചവടക്കാരെ വിഷമിപ്പിക്കുന്ന സംഗതി. ഓരോമഴയിലും ചീഞ്ഞുപോകുന്നത് ഓണത്തിന്റെ വര്‍ണ്ണങ്ങള്‍കൂടിയാണ്. തേക്കിന്‍കാട്ടില്‍മാത്രമല്ല പൂക്കച്ചവടം പൊടിപൊടിക്കുക. തെരുവായ തെരുവിലെല്ലാം പൂക്കള്‍ക്കുവേണ്ടിയുള്ള മത്സരങ്ങള്‍ കാണാം.

ഓണക്കാലത്തെ പുലിക്കാലങ്ങള്‍

മനുഷ്യര്‍ പുലികളാകുന്നതെങ്ങനെയെന്നു തൃശ്ശൂരിലെ നാലോണനാള്‍ പറഞ്ഞുതരും.നിറം മാറ്റി വരയും പുള്ളിയും കുത്തി, അരമണിയും മുഖംമൂടിയുമണിഞ്ഞ്,കാലുകളില്‍ താളങ്ങള്‍ കൊരുത്ത് നഗരത്തിലെങ്ങും പുലിയിറങ്ങി.പുലികള്‍ക്ക് അകമ്പടിയായെത്തിയ ദേശജനത താളം മുറുക്കി.വയറുകുലുക്കി പുലികള്‍ നിറഞ്ഞാടിയപ്പോള്‍ നഗരത്തില്‍ പുലിപ്പൂരം പിറക്കുകയായിരുന്നു. ടാബ്ലോകളും വാദ്യമേളങ്ങളും കളിക്കു കൊഴുപ്പുകൂട്ടി. അങ്ങനെ തൃശ്ശൂര്‍ നഗരം വീണ്ടും പുപ്പുലിയായി.

പുലിക്കഥകള്‍ തുടങ്ങുന്നതു ദേശങ്ങളില്‍ നിന്നാണ്. ദേശങ്ങളിലെല്ലാം രാവിലെ മുതല്‍ തന്നെആഹ്ളാദ തിമര്‍പ്പു തുടങ്ങും. രാവിലെ 3 മണിമുതല്‍ മനുഷ്യരെ പുലികളാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമാകും.നിറങ്ങള്‍ കൂട്ടിയും കുറച്ചും വേറെ നിറങ്ങള്‍ പരീക്ഷിച്ചും പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കായിരിക്കും മുന്‍ഗണന.വന്‍ പുലികള്‍, കുട്ടിപ്പുലികള്‍,വരയന്‍പുലികള്‍ പുള്ളിപ്പുലികള്‍ തുടങ്ങി നിരവധി പുലി വൈവിദ്ധ്യങ്ങളെയും കാത്തിരിക്കുകയാണ് നഗരം.

ഗ്രാമവഴികളില്‍ കുമ്മാട്ടിക്കൂട്ടങ്ങള്‍

പര്‍പ്പടകപ്പുല്ല് ദേഹത്തു വരിഞ്ഞുകെട്ടി രൗദ്രത തുളുമ്പുന്ന മുഖങ്ങളുമായി കുമ്മാട്ടിക്കൂട്ടങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ ദേശങ്ങളില്‍ ആരവങ്ങള്‍ ഉയരും. പിന്നെ കുമ്മാട്ടികളോടൊപ്പമുള്ള ചടുല താളത്തിന്റെയാകും സമയം.നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി നിരവധി കുമ്മാട്ടിക്കൂട്ടങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പുതൂര്‍ക്കര, ചേലക്കോട്ടുകര, മുക്കാട്ടുകര ഇങ്ങനെ നീണ്ടുപോകുന്നു കുമ്മാട്ടിക്കൂട്ടങ്ങള്‍.

കാട്ടാളന്‍, തള്ള, ഹനുമാന്‍, കാളി, നരസിംഹം തുടങ്ങിയ മുഖങ്ങളാണ് പൊതുവേ ഉണ്ടാകാറ്. ദേശ വ്യത്യാസ മനുസരിച്ച് മുഖങ്ങളിലെ കഥാപാത്രങ്ങളുടെ എണ്ണം കൂടുകയും ചെയ്യാം. കുമ്മാട്ടിക്കളിക്കു കൊഴുപ്പുകൂട്ടാനായി ടാബ്ലോകളും മറ്റു കലാപരിപാടികളും എല്ലാം ഉണ്ടാകും ഈ ആരവത്തിനിടയില്‍.

ശിവഭൂതഗണങ്ങളാണ് കുമ്മാട്ടികള്‍ എന്നാണ് വിശ്വാസം.ഓണവിശേഷങ്ങള്‍ ജനങ്ങളോട് ചോദിച്ചറിയുകയാണ് വരവിന്റെ ഉദ്ദേശ്യമെന്നും വിശ്വാസമുണ്ട്. ഇത്തരത്തില്‍ ഐതിഹ്യങ്ങളുടെ പിന്‍ ബലം കൂടിയുള്ള ഈ നാടന്‍ കലാരൂപത്തിനുള്ള ഒരുക്കങ്ങള്‍ സംഘങ്ങള്‍ മാസങ്ങള്‍ക്കു മുമ്പെ തുടങ്ങിയിരുന്നു.പര്‍പ്പടകപുല്ലുകിട്ടാനുള്ള വിഷമം തന്നെയാണ് എല്ലാതവണയും സംഘങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം.

ചിലര്‍ കോഴിക്കോട്ടുനിന്നും മറ്റുചിലര്‍ പാലക്കാട്ടുനിന്നുമെല്ലാമാണ് ഇതു കൊണ്ടുവരുന്നത്. പുല്ല് വാടിപ്പോകരുത് എന്നതിനാല്‍ മുന്‍കൂട്ടി പറിച്ചെടുക്കാനും സാധിക്കില്ല.ദിവസങ്ങള്‍ക്കു മുമ്പെ മാത്രമെ ഇതു പറിയ്ക്കാന്‍ സാധിക്കു.മുഖങ്ങള്‍ എല്ലാം അതതു ടീമുകള്‍ തന്നെ ഉണ്ടാക്കുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. കാട്ടാളന്‍, തള്ള, ഹനുമാന്‍, നരസിംഹം, തിരുപ്പതി ദേവന്‍, ശിവന്‍ തുടങ്ങിയ മുഖങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാക്കുന്നത്.

ചില ടീമുകള്‍ ഇതു വാടകയ്ക്കെടുക്കുന്നുമുണ്ട്.ഓരോടീമും ഒരുക്കുന്ന ടാബ്ലോകളും കളിക്കു കൊഴുപ്പുകൂട്ടും. ഇത്തവണയെങ്കിലും കുമ്മാട്ടിക്കളി കാത്തിരിക്കുകയാണ് തൃശ്ശൂര്‍. തിരുവോണനാള്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ മനസ്സുകളും പുലികളെയും കുമ്മാട്ടികളെയും തേടും. ആചിലമ്പൊലിക്കും ചടുലനൃത്തങ്ങള്‍ക്കും കാതോര്‍ക്കും. ആ കാത്തിരിപ്പ് ഇത്തവണയെങ്കിലും സഫലമാകുമോ എന്ന് തീര്‍ച്ചയായിട്ടില്ല.

Content Highlights: onam memories and onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented