ഊട്ടിയുടെ മിനിയേച്ചർ പതിപ്പ്, കരിയാത്തുംപാറയിലേക്കായാലോ ഈ ഓണക്കാല യാത്ര


അഞ്ജയ് ദാസ്. എന്‍.ടി

വയനാടന്‍ മലനിരകളാണ് കാവല്‍പോലെ ചുറ്റും. ഒത്ത നടുക്ക് വിശാലമായ പുല്‍മേടും അരികുചേര്‍ന്ന് കാറ്റേറ്റ് കുളിര്‍ന്ന് പതിയെ ഒഴുകുന്ന പുഴ.

കരിയാത്തുംപാറയിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി

മുമ്പ് പോയിട്ടുണ്ടെങ്കിലും ഒരിക്കലും മടുപ്പിക്കാത്ത പ്രദേശമാണ് കോഴിക്കോട് ജില്ലയിലെ കക്കയത്തിനടുത്തുള്ള കരിയാത്തുംപാറ. അതുകൊണ്ട് തന്നെയാണ് ഓണക്കാലത്ത് പോവാന്‍ പറ്റിയ ഒരിടം എന്ന രീതിയില്‍ ഞാനീ സ്ഥലത്തെ നിര്‍ദേശിക്കുന്നത്. ആഗസ്റ്റ് 15, സ്വാതന്ത്ര്യദിനം. ഇങ്ങനെയൊരു അവധി ദിവസമാണ് എന്റെ രണ്ടാമത്തെ കരിയാത്തുംപാറ യാത്രയ്ക്ക് ഞാന്‍ തിരഞ്ഞെടുത്തത്. തൊട്ടടുത്തുള്ള തോണിക്കടവില്‍ വാച്ച് ടവര്‍ വന്നതിന് ശേഷം ആ ഭാഗത്തേക്ക് പോകാന്‍ പറ്റിയിരുന്നില്ല എന്നൊരു നിരാശയ്ക്ക് അറുതിവരുത്താന്‍ കൂടിയായിരുന്നു ഈ യാത്ര.

രണ്ട് വഴികളുണ്ട് കരിയാത്തുംപാറയ്ക്ക്. കോഴിക്കോട് നിന്ന് ബാലുശ്ശേരിയെത്തി കൂരാച്ചുണ്ട് വഴി കരിയാത്തുംപാറയെത്താം. വയനാട് ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് പൂനൂര്‍-എസ്റ്റേറ്റ്മുക്ക് വഴിയും ഇവിടെയെത്താം. ഇതില്‍ രണ്ടാമത് പറഞ്ഞ വഴിയേയാണ് ഞാന്‍ ആദ്യം വന്നത്. അതുകൊണ്ട് ഇത്തവണ സഞ്ചാരം ബാലുശ്ശേരി വഴിയാകാമെന്ന് വച്ചു. കൂട്ടാലിട കഴിഞ്ഞ് കുറച്ചുദൂരം പോയി കൂരാച്ചുണ്ട്, കല്ലാനോട് ഒക്കെ എത്തിക്കഴിയുമ്പോള്‍ കോഴിക്കോട് ജില്ലയിലൂടെ തന്നെയല്ലേ പോകുന്നത് എന്നൊരു സംശയം. ഭൂപ്രകൃതി ആകെ മാറിക്കിടക്കുന്നു. കോട്ടയത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ പോകുന്ന പ്രതീതി. ഒരര്‍ത്ഥത്തില്‍ ഒരു കുടിയേറ്റ മേഖലതന്നെയാണ് ഇവിടവും.

വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും പലതരം മരങ്ങള്‍ പച്ചനിറം വിരിച്ച് അങ്ങനെ നില്‍ക്കുന്നുണ്ടായിരുന്നു. മിക്ക വീടുകളും എന്തെങ്കിലുമൊന്ന് കുടില്‍വ്യവസായം പോലെ തയ്യാറാക്കുന്നുണ്ട്. അതിന് തെളിവായി വീടുകള്‍ക്ക് മുന്നില്‍ ബോര്‍ഡുകള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. തേനും കൂണും മുതല്‍ പന്നിയിറച്ചി വരെ ഇവിടെ വീടുകളില്‍ വില്പനയ്ക്കുണ്ട്. അങ്ങനെ നോക്കിയാല്‍ ഒരു നാടിന്റെ തുടിപ്പ് അറിഞ്ഞുകൊണ്ടുള്ളതായി ഈ യാത്ര.

ബാലുശ്ശേരിയില്‍ നിന്ന് ഏതാണ്ട് 41 മിനിറ്റുകൊണ്ട് കരിയാത്തുംപാറയെത്താം. ഈ റൂട്ടില്‍ പോയാല്‍ തോണിക്കടവ് വാച്ച് ടവറാണ് ആദ്യം കാണുക. അതും കടന്ന് അല്പദൂരം കൂടി മുന്നോട്ടുപോയാലാണ് കരിയാത്തുംപാറയെത്തുക. പ്രത്യേകം ശ്രദ്ധിക്കണം, തോണിക്കടവില്‍ നിന്ന് കരിയാത്തുംപാറയിലേക്കുള്ള റോഡ് അല്പം മോശമാണ്. വീതിയും കുറവാണ്. അതുകൊണ്ട് അമിതവേഗതയും വേണ്ട, ഓവര്‍ടേക്കും വേണ്ട. കരിയാത്തുംപാറ കണ്ടിട്ട് തോണിക്കടവ് പോകാമെന്ന് കരുതി. ലക്ഷ്യസ്ഥാനമെത്തുമ്പോള്‍ത്തന്നെ കണ്ടിരുന്നു റോഡിന്റെ ഒരുഭാഗത്ത് പല കൂട്ടങ്ങളായിരിക്കുന്ന സഞ്ചാരികളെ. ആദ്യപടി വന്ന വാഹനം പാര്‍ക്ക് ചെയ്യലായിരുന്നു. പാര്‍ക്കിങ് സ്ഥലമെല്ലാം നേരത്തേ വന്ന കാറുകള്‍ കയ്യടക്കിയിരുന്നു. ഒരുവിധത്തില്‍ ചെറിയ ഒരൊഴിവ് കണ്ട് വാഹനം അങ്ങോട്ടൊതുക്കി.

ആദ്യം ടിക്കറ്റെടുക്കലാണ്. മുപ്പത് രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. ഒരു ഗുണമെന്താണെന്നുവച്ചാല്‍ ഈ ഒറ്റ ടിക്കറ്റുകൊണ്ട് കരിയാത്തുംപാറയും തോണിക്കടവും കാണാം. രണ്ടിടത്തും വെവ്വേറെ ടിക്കറ്റെടുക്കേണ്ടെന്ന് സാരം. ഗേറ്റിലെ സെക്യൂരിറ്റിയെ ടിക്കറ്റ് കാണിച്ച് പഞ്ച് ചെയ്യിക്കണം. ശേഷം കണ്‍മുന്നിലെ പുല്‍പ്പരപ്പിലേക്ക് നടന്നിറങ്ങാം.

വയനാടന്‍ മലനിരകളാണ് കാവല്‍പോലെ ചുറ്റും. ഒത്ത നടുക്ക് വിശാലമായ പുല്‍മേടും അരികുചേര്‍ന്ന് കാറ്റേറ്റ് കുളിര്‍ന്ന് പതിയെ ഒഴുകുന്ന പുഴ. മലബാറിലെ ഊട്ടി എന്നൊരു പേരുകൂടിയുണ്ട് കരിയാത്തുംപാറയ്ക്ക്. ഊട്ടിയിലെ കാഴ്ചകളുടെ ഒരു മിനിയേച്ചര്‍ പതിപ്പ് ഇവിടെ കാണാം. പുഴയോരത്ത് ഉണങ്ങിയ മരങ്ങളുടെ ബാക്കിപത്രമായി കുറ്റികള്‍ തലപൊന്തിച്ചുനില്പുണ്ടായിരുന്നു. ദൂരത്ത് നിന്നുനോക്കുമ്പോള്‍ വെള്ളയും കറുപ്പും കലര്‍ന്ന നിറത്തിലുള്ള ഈ കുറ്റികള്‍ പോലും ആ ഭൂപ്രദേശത്തെ മനോഹരമാക്കുന്നു. നിലത്ത് വീണുകിടക്കുന്ന അത്യാവശ്യം വലിപ്പമുള്ള ഉണങ്ങിയ മരങ്ങള്‍ സഞ്ചാരികള്‍ക്ക് ഇരിക്കാനും ഫോട്ടോയെടുക്കാനുമുള്ള വേദിയായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പച്ചപ്പുല്ല് നിറഞ്ഞ ചെറുനിമ്‌നോന്നതങ്ങള്‍ മേട്ടില്‍ അവിടവിടെയായി കാണാം. ഭൂമി വിണ്ടുകീറിയുണ്ടായ കിടങ്ങ് കണക്കേയുള്ള നീര്‍ച്ചാലുകളിലൂടെ ജലമൊഴുകി പുഴയിലേക്ക് കലരുന്നു. ഇത്തരം ചാലുകള്‍ അവിടെ പല സ്ഥലത്തായി കാണാമായിരുന്നു. ഇവ താണ്ടിവേണം ആ വിശാലമായ പുഴയോരത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍. താത്പര്യമുള്ളവര്‍ക്ക് ഈ ചാലുകളില്‍ ഒന്നിറങ്ങിനോക്കുകയുമാവാം. കാലുകളിലേക്ക് തണുപ്പ് അരിച്ചിറങ്ങുന്നത് അനുഭവിക്കാം.

ചെറിയ തണുപ്പും ആസ്വദിച്ച് നടക്കുന്നതിനിടെ ഒരു വിവാഹപ്പാര്‍ട്ടിയെ കണ്ടു. സേവ് ദ ഡേറ്റ് വീഡിയോ ഷൂട്ടിങ് ആണ്. നായകനും നായികയ്ക്കുമൊപ്പം വീഡിയോഗ്രാഫറും ഫോട്ടോഗ്രാഫറുമുണ്ട്. കരിയാത്തുംപാറയിലെ സ്ഥിരം കാഴ്ചയായതുകൊണ്ട് ആരും ആ ഭാഗത്തേക്ക് നോക്കുകയേ ചെയ്യുന്നില്ല. സേവ് ദ ഡേറ്റുകള്‍ക്ക് മാത്രമല്ല, സിനിമാ ചിത്രീകരണത്തിനും പേരുകേട്ടതാണ് കരിയാത്തുംപാറ. നിവിന്‍ പോളി നായകനായ മിഖായേല്‍, ടോവിനോയുടെ എന്റെ ഉമ്മാന്റെ പേര് എന്നിവ അതില്‍ ചിലതുമാത്രം. അമ്പതോളം പേരടങ്ങുന്ന ഒരു കൂട്ടത്തേയും ചിന്തിച്ചുകൊണ്ടുള്ള ഈ നടപ്പിനിടയില്‍ കണ്ടു. കുടുംബമാണെന്ന് തോന്നുന്നു. യുവതീയുവാക്കളും പ്രായമായവരും കുട്ടികളുമെല്ലാമുണ്ട്. കൂട്ടംകൂടിയിരുന്ന് ഭക്ഷണം ആസ്വദിച്ച് രുചിക്കുകയാണവര്‍.

ടിക്കറ്റെടുക്കുമ്പോള്‍ കൗണ്ടറില്‍ നിന്ന് പ്രത്യേകം പറഞ്ഞിരുന്നു വൈകീട്ട് അഞ്ചേ മുക്കാലോടെ കരിയാത്തുംപാറയിലേക്കുള്ള പ്രവേശനം കഴിയുമെന്ന്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം അഞ്ചുമണിയോടടുത്തിരുന്നു. മുഖം മിനുക്കിയ തോണിക്കടവില്‍ പോകണമല്ലോ എന്നോര്‍ത്തു. തിരിച്ചുകയറി വണ്ടിയെടുത്ത് നേരെ തോണിക്കടവിലേക്ക് വിട്ടു. ഗേറ്റില്‍ നേരത്തെയെടുത്ത ടിക്കറ്റെടുത്ത് അകത്തേക്ക് കയറി. പ്രധാനഗേറ്റ് കടന്ന് മുന്നോട്ടുപോയാല്‍ നേരെ കാണുന്നത് ആംഫി തിയേറ്ററാണ്. ഇടതുഭാഗത്ത് ടൈല്‍സിട്ട ഇരിപ്പിടങ്ങളും അപ്പുറം സഞ്ചാരികള്‍ക്കുള്ള ശൗചാലയങ്ങളും.

തോണിക്കടവ് വാച്ച് ടവറിൽ നിന്നുള്ള വിദൂരദൃശ്യം | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി

ഒരു വൃത്തം കണക്കേയാണ് ഇവിടെ സഞ്ചാരപാത നീളുന്നത്. ഒറ്റയടിപ്പാതയുടെ വലതുവശത്ത് കുട്ടികള്‍ക്കുള്ള ചെറു പാര്‍ക്കാണ്. വലതുഭാഗത്ത് കൃത്യമായ അകലത്തില്‍ ചെറു മണ്ഡപങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഇവിടെയിരുന്നു പുഴയുടെ സൗന്ദര്യം ആസ്വദിക്കാം. രണ്ട് മണ്ഡപങ്ങള്‍ക്കപ്പുറം ബോട്ട് ജെട്ടിയാണ്. പക്ഷേ ബോട്ട് സര്‍വീസിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. സര്‍വീസ് തുടങ്ങിയിട്ടില്ലെന്ന് തോന്നുന്നു. ബോട്ട് ജെട്ടിയുടെ പടവുകളിറങ്ങി നേരെ നോക്കിയാല്‍ കുറ്റ്യാടി റിസര്‍വോയറിന്റെ ഭാഗമായ ജലാശയത്തിന്റെ മറ്റൊരു ആംഗിളിലുള്ള കാഴ്ച കാണാം. ഇതിലൂടെ പെഡല്‍ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയാല്‍ നല്ലൊരു അനുഭവമായിരിക്കുമെന്ന് തോന്നി.

ഇനിയാണ് യാത്രയുടെ അവസാനലക്ഷ്യമായ വാച്ച് ടവറിലേക്ക് കടക്കുന്നത്. ബോട്ട് ജെട്ടിയില്‍ നിന്ന് പ്രത്യേക ആകൃതിയിലുള്ള പടികള്‍ കയറുമ്പോള്‍ത്തന്നെ കണ്ടു മൂന്ന് നിലകളുള്ള വാച്ച് ടവര്‍. നേരത്തേ കയറിയവര്‍ മുകളില്‍ നിന്ന് കാഴ്ചകളാസ്വദിക്കുകയാണ്. ഞാനും ഓരോ പടിയായി കയറാന്‍ തുടങ്ങി. ഇതിനിടെ ഒരു കുരുന്ന് റോക്കറ്റ് വിട്ടപോലെ മുകളിലേക്ക് എന്നെയും കടന്നുപോയി. എന്താ വേഗതയെന്ന് തെല്ലിട ചിന്തിച്ചു. മുകളില്‍ സെല്‍ഫിയെടുക്കുന്നവരുടെ തിരക്കായിരുന്നു. അവര്‍ക്കിടയിലൂടെ വാച്ച് ടവറിന് ചുറ്റും നടന്നു. പുഴയും മലനിരകളും തിങ്ങിനിറഞ്ഞ മരങ്ങളുമെല്ലാം തീര്‍ത്ത ദൂര്‍ക്കാഴ്ചയുടെ ചിത്രം. വാച്ച് ടവറിന്റെ ഓരോ നിലയില്‍ നില്‍ക്കുമ്പോഴും കണ്മുന്നില്‍ തെളിയുന്ന കാഴ്ചയ്ക്ക് ഓരോ ഭാവമാണെന്ന് തോന്നി. നേരം സന്ധ്യയോടടുത്തിരുന്നു. തോണിക്കടവിലേയും കരിയാത്തുംപാറയിലേയും കാഴ്ചകള്‍ക്ക് തല്ക്കാലം വിട നല്കി തിരികെ നാട്ടിലേക്ക്.

തോണിക്കടവ് വാച്ച് ടവർ | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി

ശ്രദ്ധിക്കാന്‍

കരിയാത്തുംപാറയും തോണിക്കടവും സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ ഇതുമാത്രം കണ്ട് മടങ്ങിപ്പോവേണ്ടതില്ല. സമയമുണ്ടെങ്കില്‍ അന്നുതന്നെ അയല്‍വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താം.

Content Highlights: onam 2022, travel to kariyathumpara and thonikkadavu, ootty of malabar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented