ഇരുപതുകളില്‍ തുടങ്ങി, അറുപതുകളിലും കൈകൊട്ടിക്കളിച്ച് പോട്ടോരിന്റെ 'ഭാവന'


23 മുതല്‍ 66 വയസ്സ് വരെയുള്ളവരുണ്ട് ഇപ്പോള്‍ ടീമില്‍.

പോട്ടോർ ഭാവന ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ്‌ അംഗങ്ങൾ കൈകൊട്ടിക്കളി പരിശീലനത്തിൽ

തൃശ്ശൂര്‍: നാല്‍പ്പത്തിരണ്ടുവര്‍ഷം മുമ്പാണ് പോട്ടോര്‍ ഭാവന ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്സ് ക്ലബ്ബ് അംഗങ്ങള്‍ കൈകൊട്ടിക്കളി തുടങ്ങിയത്. പ്രായം ഇരുപതുകളിലെത്തിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി ഇരുപതുപേരുണ്ടായിരുന്നു സംഘത്തില്‍. കാലം കടന്നുപോയപ്പോള്‍ 'ഭാവന' കൈകൊട്ടിക്കളിയുടെ പോട്ടോര്‍ മുഖമുദ്രയായി. ജില്ലയിലെങ്ങും കൈകൊട്ടിക്കളിയും കിണ്ണംകളിയുമായി ആസ്വാദകര്‍ക്കു മുമ്പിലെത്തി. വര്‍ഷങ്ങള്‍കൊണ്ട് പ്രൊഫഷണല്‍ ടീമായി മാറി.അന്നത്തെ ഇരുപതുകാരെല്ലാം ഇന്ന് അറുപതുകളിലാണ്. പലരും മുത്തശ്ശിമാരും മുത്തച്ഛന്മാരുമായി. അതേ ഉഷാറോടെ അവരിന്നും 'ധീരനാം നളന്റെ ഭാര്യ സുന്ദരിദമയന്തി... കാന്തനെ കാണാതലഞ്ഞു...' പാടിക്കളിക്കുകയാണ്. ഓണക്കാലത്ത് പരിപാടികള്‍ ഏറ്റിട്ടുണ്ട്. പരിശീലനത്തിന്റെ തിരക്കിലാണ് ക്ലബ്ബ്.

രാമായണകഥകള്‍ ആസ്പദമാക്കിയ പാട്ടുകള്‍ പാടിയാണ് ചുവടുവയ്ക്കുന്നത്. വന്ദനം പാടിത്തുടങ്ങി, മൂന്നോ നാലോ പാട്ടുകള്‍ പാടി, പിന്നീട് മംഗളം പാടി അവസാനിപ്പിക്കും.

ആകാശവാണിയിലെ ആര്‍ട്ടിസ്റ്റായിരുന്ന പാപ്പാത്തിയമ്മാളാണ് കൈകൊട്ടിക്കളി അഭ്യസിപ്പിച്ചത്. ക്ലബ്ബിന്റെ വാര്‍ഷികങ്ങള്‍ക്കാണ് കളിച്ചുതുടങ്ങിയതെങ്കിലും പിന്നീടത് വിഷുവിനും ഓണാഘോഷങ്ങള്‍ക്കുമായി. രണ്ടരയും മൂന്നും മണിക്കൂറുകള്‍ പാട്ടുപാടി താളത്തില്‍ കൈകൊട്ടിയും കുമ്മിയടിച്ചുമെല്ലാം കാഴ്ചക്കാരുടെ കൈയടി നേടി.

സ്ത്രീകള്‍ സെറ്റുമുണ്ടും പുരുഷന്മാര്‍ ഷര്‍ട്ടും മുണ്ടുമാണ് വേഷം. പാപ്പാത്തിയമ്മാളിന് ആരോഗ്യകാരണങ്ങളാല്‍ വരാന്‍ പറ്റാതായപ്പോള്‍ മകള്‍ സരസ്വതിയായി ടീമിന്റെ ഗുരു. ടീം അംഗങ്ങളായ സ്ത്രീകള്‍ വിവാഹം കഴിഞ്ഞുപോയപ്പോള്‍ പത്തുവര്‍ഷം കൈകൊട്ടിക്കളിയില്‍നിന്ന് ഭാവന മാറിനിന്നിട്ടുണ്ട്.

കൂര്‍ക്കഞ്ചേരി മാഹേശ്വരക്ഷേത്രത്തില്‍ അഞ്ചരമണിക്കൂര്‍ കൈകൊട്ടിക്കളി അവതരിപ്പിച്ചിട്ടുണ്ട്. നെല്ലങ്കര സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ മത്സരങ്ങളില്‍ മൂന്നുവട്ടം വിജയികളായി. കോവിഡ്കാലത്തിനുമുമ്പ് ഭാവനയെ ഇവര്‍ വീണ്ടും പൊടിതട്ടിയെടുത്തു. പ്രായം അറുപതുകളിലാണെങ്കിലും മനസ്സിപ്പോഴും ചെറുപ്പമാണെന്ന് ഓരോ ചുവടിലും അവര്‍ തെളിയിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം പഴയ കൂട്ടുകെട്ട് കെട്ടിയുറപ്പിക്കാന്‍ എല്ലാവരും തിരക്കുകള്‍ മറന്നെത്തി. അപ്പോഴാണ് മഹാമാരിയുടെ വരവ്. അങ്ങനെ കോവിഡ് കൊണ്ടുപോയി രണ്ടുവര്‍ഷം.

കോവിഡ് ഒതുങ്ങിയപ്പോള്‍ പഴയ ആവേശത്തോടെയവര്‍ ചുവടുവെച്ചു. ഈ ഓണത്തിന് രണ്ടാഴ്ചമുമ്പേ പരിശീലനം തുടങ്ങി. 23 മുതല്‍ 66 വയസ്സ് വരെയുള്ളവരുണ്ട് ഇപ്പോള്‍ ടീമില്‍. ടീം മാനേജര്‍മാരായ കെ.കെ. സുധാകരന്‍, റിട്ട. ചിത്രകലാധ്യാപകന്‍ പി.എസ്. ഗോപി എന്നിവരാണ് ഭാവനയെ നയിക്കുന്നത്. കെ.കെ. സുധാകരന്‍, കെ. എസ്. യമുന എന്നിവരാണ് പാട്ടുകള്‍ പാടുന്നത്.

Content Highlights: onam 2022, kaikotti kali, onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented