'വിശപ്പില്‍ നിന്നുള്ള മോചനം, അതാണ് ഓര്‍മകളിലെ എന്റെ ഓണം'


മന്ത്രി രാധാകൃഷ്ണൻ അമ്മ ചിന്നയോടൊപ്പം | Photo: Mathrubhumi

വിശപ്പില്‍നിന്നുള്ള വിമോചനത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷക്കാലവും ഓണം പകരുന്ന സന്ദേശവും ഓര്‍ത്തെടുക്കുകയാണ് മന്ത്രി കെ.രാധാകൃഷ്ണന്‍.

ഓണമെന്നാല്‍ ഓര്‍മയില്‍ ആദ്യം ഓടിയെത്തുന്നത്

വിശപ്പില്‍നിന്നുള്ള മോചനമാണ് ഓര്‍മകളിലെ എന്റെ ഓണം. കര്‍ക്കടകത്തിലെ മുഴുപ്പട്ടിണിയെ ഇല്ലാതാക്കി, സമൃദ്ധിയുടെയും പ്രതീക്ഷയുടെയും നാളുകളിലേക്കുള്ള സ്വപ്നമായിരുന്നു കുട്ടിക്കാലത്തെ ഓണം. അന്ന് ഭൂരിഭാഗവും കര്‍ഷകകുടുംബങ്ങളാണ്. വര്‍ഷക്കാലത്ത് കൃഷിപ്പണിയില്ലാത്തതിനാല്‍ ചോരുന്ന ഓലക്കുടിലില്‍ ഉള്ളത് കഴിച്ച് കിടക്കുകയാണ് പതിവ്. ചിങ്ങമാസമെത്തുന്നതോടെ കൃഷി ആരംഭിക്കും. ഇതോടെ നല്ല പ്രതീക്ഷയാണ്. മുറ്റത്ത് മണ്ണ്കൊണ്ട് പൂക്കളത്തിന് തറകെട്ടും. വീടുകളിലെല്ലാംതന്നെ കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒന്നിച്ചിരുന്ന് പൂക്കളമിടും. നല്ലഭക്ഷണം, ഓണക്കളികള്‍, വിരുന്നുകാരും ബന്ധുക്കളുമെല്ലാം വീട്ടിലെത്തുന്നു, പാടത്ത് മീന്‍പിടിക്കാന്‍ പോവുക, തലമപ്പന്ത് കളിക്കുക അങ്ങനെ കളിയും ചിരിയുമായുള്ള ദിനങ്ങളാണ് ഓര്‍മയിലെത്തുന്നത്.

ആദ്യമായി കിട്ടിയ ഓണക്കോടി

പുതുവസ്ത്രത്തോട് അന്നും ഇന്നും വലിയ താത്പര്യം തോന്നിയിട്ടില്ല. എന്റെ കുട്ടിക്കാലത്ത് ഓണക്കോടി കിട്ടുന്നത് പോലും അപൂര്‍വമാണ്. ഞാന്‍ പുതുവസ്ത്രം ഇട്ടിട്ട് എന്റെ കൂട്ടുകാര്‍ പുതുവസ്ത്രം ഇടാതെയിരിക്കുന്നത് വേദനയാണ്. അതിനാല്‍തന്നെ കുട്ടിക്കാലം മുതലേ പുതുവസ്ത്രത്തോട് വലിയ താത്പര്യം കാണിക്കാറില്ല.

ഓണക്കാല വിനോദം

കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം തലമപ്പന്ത് കളിക്കലാണ് പതിവ്. ധാരാളം പറമ്പുകളാണ് അന്നൊക്കെ. കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെ പ്രത്യേകം പ്രത്യേകം ഓരോരോ പറമ്പുകളിലായാണ് തലമപ്പന്ത് കളി. കന്നുകാലികളെ മേയ്ക്കുന്നതിനൊപ്പം തലമപ്പന്തും കളിക്കും. പാടത്ത് മീന്‍പിടിക്കുന്നതാണ് മറ്റൊരു വിനോദം. ഇന്നത്തെപ്പോലെ ട്രാക്ടറൊന്നുമല്ല, കാളയെ വെച്ചാണ് ഉഴുന്നത്. വിശേഷനാളുകളില്‍ തിയേറ്ററുകളില്‍ സിനിമയും കാണും. ചേലക്കര ബൈജു ടാക്കീസ്, ജാനകിറാം ടാക്കീസ്, ശ്രീരാമചന്ദ്ര ടാക്കീസ് എന്നിവിടങ്ങളില്‍ കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം സിനിമകാണാന്‍ പോകുന്നതെല്ലാം ഏറെ സന്തോഷം നല്‍കുന്ന നിമിഷങ്ങളാണ്.

അന്നും ഇന്നും തമ്മിലുള്ള ഓണവ്യത്യാസം

'എന്റെ വീട്, എന്റെ കുട്ടി, എന്റെ കുടുംബം' എന്നതിലേക്ക് ഇന്നത്തെ തലമുറ മാറി. അതോടെ ബന്ധുവീട്ടിലെത്തിയാല്‍ വേഗത്തില്‍ സ്വന്തം വീട്ടിലേക്ക് എത്തിപ്പെടാനുള്ള തിടുക്കമാണ്. ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നുള്ള വട്ടത്തിലേക്ക് ചുരുങ്ങിയതോടെ സ്വകാര്യനിമിഷങ്ങള്‍ കൂടി. ഒപ്പം ടെന്‍ഷനും. പണ്ട് മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായി കൂട്ടുകുടുംബം ഒന്നായാണ് ഓണമാഘോഷിച്ചിരുന്നത്. അന്നും കുട്ടികള്‍ തമ്മില്‍ വഴക്കുകള്‍ പതിവാണ്. പക്ഷേ, അവിടെ കുട്ടികളുടെ തെറ്റുകള്‍, തെറ്റായ ശീലങ്ങള്‍ ഇതെല്ലാം എടുത്തുപറഞ്ഞ് മുത്തശ്ശനും മുത്തശ്ശിയുമടക്കം മുതിര്‍ന്നവര്‍ അവരെ തിരുത്തും. സമൂഹത്തിന് നല്ല തലമുറയെ സമ്മാനിക്കാനും കൂട്ടുകുടുംബം ഒന്നിച്ചുള്ള ആഘോഷങ്ങളിലൂടെ സാധിച്ചിരുന്നു.

ഓണവും ആഘോഷവും ലഹരിയും

ആഘോഷങ്ങളെല്ലാം വേണ്ടത് തന്നെയാണ്. പക്ഷേ, മതിമറന്ന് അമിതമായ ആഘോഷങ്ങള്‍ ഒഴിവാക്കുക. മദ്യവും മയക്കുമരുന്നുമെല്ലാം ഇന്ന് കുട്ടികള്‍ വരെ ഉപയോഗിക്കുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു. പുതുതലമുറയെ ലഹരിയില്‍നിന്നു വീണ്ടെടുക്കണം. സമൂഹത്തില്‍ നന്മയുള്ള പുതുതലമുറയെ വാര്‍ത്തെടുക്കണം. നല്ലതിനെ പ്രോത്സാഹിപ്പിക്കാനാകുന്നവിധം അവരെ വീണ്ടെടുക്കാന്‍ കൂട്ടായപരിശ്രമം വേണം.

ഇത്തവണത്തെ ഓണം സ്പെഷ്യല്‍

ഓണത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 60 പിന്നിട്ട 60602 പേര്‍ക്ക് ഓണക്കോടിക്ക് പകരം 1000 രൂപ ഓണസമ്മാനം നല്‍കുകയാണ്. മുമ്പ് ഓണപ്പുടവയാണ് നല്‍കിയിരുന്നത്. വീട്ടിലെ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ ഓണപ്പുടവ ലഭിച്ചിരുന്നുള്ളൂ. ഓണപ്പുടവയ്ക്ക് പകരം 1000 രൂപ നല്‍കാനാണ് ഇത്തവണ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിലൂടെ ഇഷ്ടാനുസരണം വസ്ത്രമോ മറ്റു ആവശ്യങ്ങള്‍ക്കോ തുക ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇന്നിപ്പോള്‍ എല്ലാ വീടുകളിലും ഓണക്കിറ്റ്, അത് പോലെ എല്ലാമാസവും പെന്‍ഷന്‍. ഇതെല്ലാം സാധാരണക്കാര്‍ക്ക് ഏറെ സന്തോഷവും ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഏറെ അഭിമാനവും നല്‍കുന്നതാണ്.

കുടുംബത്തോടൊപ്പമുള്ള ഓണം

മുപ്പതുവര്‍ഷത്തിലധികമായി ഓണക്കാലത്തൊന്നും വീട്ടിലെത്താന്‍ സാധിക്കാറില്ല. ഓരോരോ തിരക്കുകളില്‍പ്പെട്ട് പോകും. പലപ്പോഴും സുഹൃത്തുക്കളുടെ വീടുകളിലൊക്കെയാണ് ഓണസദ്യ. ചെറുപ്പകാലത്ത് ഓണം വന്നാല്‍ കുടുംബാംഗങ്ങളും വിരുന്നുകാരുമെല്ലാമായി വീട്നിറയെ ആളുകളാണ്. കൂട്ടുകുടുംബത്തിന്റെ സമ്പന്നത. അടുക്കളയെല്ലാം വീടിന് പുറത്താണ്. എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒത്തുകൂടിയുള്ള കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങളായിരുന്നു.

Content Highlights: minister k radhakrishnan onam memories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented