കൂട്ടുകറിക്കും സാമ്പാറിനുമൊപ്പം തേങ്ങയരച്ചു വെച്ച സ്രാവുകറി; ചീരുവേടത്തിയുടെ വീട്ടിലെ ഓണസദ്യ


കെ ഷരീഫ്‌

ഞങ്ങളുടെ തൊട്ടയല്‍പക്കമാണ് ചീരുവേടത്തിയുടെ പുര. കരിമെഴുകി കണ്ണാടിത്തിളക്കം വന്ന കോലായയില്‍ പൂക്കളം ഒരുങ്ങുന്നു

വര: കെ ഷരീഫ്‌

തെങ്ങോലകളില്‍ മഞ്ഞവെയില്‍ ഇളകുമ്പോള്‍ തുഞ്ചത്ത് തൂങ്ങിയാടുന്ന ഓലച്ചാത്തന്മാര്‍ (ഓലേഞ്ഞാലി)കള്‍ പിടിവിട്ട് പറക്കുന്നു. പ്ലാവുകളിലും തെങ്ങുകളിലും അത്യുത്സാഹത്തോടെ കയറിയിറങ്ങുന്ന അണ്ണാന്മാര്‍. കൊത്തിത്തിന്നാന്‍ എന്തോ ഉണ്ടോയെന്ന് ഗൗരവത്തില്‍ പൊത്ത് പരിശോധന നടത്തുന്ന മരംകൊത്തികള്‍. തിടുക്കത്തോടെ ഒരു മരത്തില്‍ നിന്ന് മറുമരത്തിലേക്ക് പറക്കുന്ന മീന്‍ വാലുള്ള ചെറുതരം കുയിലുകള്‍. അകലെ നിന്നും തടി മുറിക്കുന്ന മോട്ടോര്‍ വാളിന്റെ ഈര്‍ച്ച ശബ്ദം. കിളികളുടെ ഉത്സാഹം ഒഴിച്ചാല്‍ പൊതുവെ മൂകത. ഓണാശംസകള്‍ എന്ന് പറയുമ്പോള്‍, ആഘോഷങ്ങളെല്ലാം ഓര്‍മകളില്‍ മാത്രം ഭദ്രമാകുന്നു. ഏറെ അകലെ നിന്നും വയല്‍ക്കാറ്റില്‍ മുറിഞ്ഞ് ഒരു ഞാട്ടിപ്പാട്ടിന്റെ പതിഞ്ഞ ഈണം കേള്‍ക്കാനാവുന്നു. ഞാനും ഓര്‍മകളിലെ ഓണപ്പറമ്പില്‍ ഇത്തിരി പൂ പറിക്കാനായി പോകുന്നു.

ഞങ്ങളുടെ തൊട്ടയല്‍പക്കമാണ് ചീരുവേടത്തിയുടെ പുര. കരിമെഴുകി കണ്ണാടിത്തിളക്കം വന്ന കോലായയില്‍ പൂക്കളം ഒരുങ്ങുന്നു. എല്ലാം താഴെ പള്ളിക്കാട്ടിനടുത്തുള്ള നരിപ്പാറ എന്ന കാട്ടുപറമ്പില്‍ നിന്നും പറിച്ചവ. ഇരുണ്ട കാട്ടുപൊന്തകള്‍ക്കു മുമ്പാകെ ഒരുങ്ങിയ തെയ്യംപോലെ നില്‍ക്കുന്ന കൃഷ്ണമുടികള്‍, അരിപ്പൂക്കള്‍, താഴെ വലിയ കാക്കപ്പൂക്കള്‍, പുല്ലില്‍ ചാറിയ തുമ്പ. പിന്നെ ചിലത് വീട്ടുമുറ്റങ്ങളിലെ പോറ്റു ചെടികളില്‍ നിന്നും ശേഖരിച്ചവ. മന്ദാരം, നന്ത്യാര്‍വട്ടം, കോഴിപ്പൂവ്, മഞ്ഞ റോസ് (പനിനീരല്ല, ജമന്തി പോലെ അട്ടിയട്ടിയായി ഇതളുകളുള്ള മഞ്ഞപ്പൂവ്. വല്ലാതെ ഓര്‍മ മണക്കുന്നത്!) കറുപ്പില്‍ വെള്ളക്കണ്ണുകളുള്ള വലിയ പൂമ്പാറ്റകള്‍ പാറുന്ന ചെക്കി എന്ന നാട്ടുതെച്ചി, പൂച്ചവാലന്‍,ചുവപ്പ്, വെള്ള, മഞ്ഞ, ഓറഞ്ച്,പിങ്ക്, വയലറ്റ്.... മുറ്റത്തിനപ്പുറം ചിങ്ങമഴയായി പെയ്യുന്ന നരച്ച പച്ച നിറമുള്ള കമ്പിളിപ്പൂക്കള്‍...

ഓണപ്പുലര്‍ച്ചയ്ക്ക് ചീരുവേടത്തി കൊണ്ടത്തരുന്ന 'ഓണത്തിന്റെ ഉണ്ട' പൊതിയഴിക്കുന്നതും കാത്ത് കൊതിയോടെ ഞങ്ങള്‍ ചുറ്റും നില്‍ക്കുന്നു. വറുത്ത അരി തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് ഉരലില്‍ ഇടിച്ചിടിച്ച് പന്തുപോലെ ഉരുട്ടിയെടുത്ത് വാട്ടിയ വാഴയിലയില്‍ വാഴനാരു കൊണ്ട് പൊതിഞ്ഞ് കെട്ടിയ ഓണത്തിന്റെ ഉണ്ട! പൊതിയഴിക്കുമ്പോഴത്തെ തീ കാട്ടി വാട്ടിയ വാഴയിലയുടെ അവിസ്മരണീയമായ സുഗന്ധവും അരിയുണ്ടയുടെ അപൂര്‍വമായ രുചിയും 'ഓര്‍മകളുടെ മ്യൂസിയത്തില്‍' ഞാനെന്നും കേടുപാടുകളില്ലാതെ സൂക്ഷിക്കുന്നു.

വര: കെ ഷരീഫ്‌

പെട്ടെന്ന് എങ്ങുനിന്നോ ഓണപ്പൊട്ടന്‍ വരുന്നതിന്റെ മണികിലുക്കം കേട്ട് ഞങ്ങള്‍ ഇളവെയില്‍ പരന്ന ചരല്‍ വഴിയിലേക്ക് പായുന്നു. മണികിലുക്കങ്ങള്‍ക്കിടയില്‍ നിന്നും അതാ ഓണപ്പൊട്ടന്റെ ചുവന്ന മുണ്ട്, കര്‍ക്കടകം പോലെ ഇരുണ്ട ശരീരം, മഞ്ഞള്‍ നിറത്താടി, മുടി, തെച്ചിപ്പൂക്കളുടെ നെറ്റിക്കെട്ട്, വെളുത്ത നാരുകള്‍ കൊണ്ടുള്ള തലക്കിരീടം എന്നിവ ഒന്നൊന്നായി തെളിയുന്നു. അടുത്തടുത്തെത്തുന്ന മണിക്കിലുക്കത്തിനൊപ്പം ഹൃദയം ഉത്സാഹം നിറഞ്ഞ സംഭ്രമത്താല്‍ തുടിച്ചുചാടുന്നു.' അറ്റത്ത് ചെമ്പരത്തിപ്പൂക്കള്‍ കെട്ടിയ കുരുത്തോലകള്‍ തൂക്കിയ ഓലക്കുട ഉയര്‍ത്തിപ്പിടിച്ചും ചെരിച്ചു താഴ്ത്തിയും ഇതാ ഓണപ്പൊട്ടനിങ്ങെത്തി.'വേഷത്തിനുള്ളില്‍ കേളുവേട്ടനാണ് 'ഞങ്ങള്‍ അടക്കിപ്പറഞ്ഞു. നാട്ടിലെ ഏറ്റവും പ്രസിദ്ധനായ തെയ്യം,തിറ, ചെണ്ട കലാകാരനാണ് കേളുവേട്ടന്‍. ഓണപ്പൊട്ടനു പിറകെ കുട്ടികളുടെ ആരവങ്ങളെ നയിച്ച് മഞ്ഞക്കുപ്പായമിട്ട സുരേഷന്‍ ഓടിക്കിതച്ചെത്തുന്നു. ചെറുപ്പത്തില്‍ അടുപ്പിന്‍ തിണയില്‍ തീ കായാനിരിക്കുമ്പോള്‍ മുണ്ടിന് തീപിടിച്ച് പൊള്ളിപ്പോയ സുരേഷന്‍ എന്നും കുട്ടിയാണ്!

സുരേഷനെന്നാല്‍ കറയില്ലാത്ത ഒരു നാട്ടുചിരി. കുട്ടികളുടെ ആരവങ്ങള്‍ അവന് ചുറ്റും തെളിഞ്ഞ നീലാകാശത്ത് വെട്ടിപ്പറക്കുന്ന, ചില്ലു ചിറകുള്ള പൊക്കന്മാരായി(കല്ലു പൊക്കുന്നതിനാലോ, പൊക്കത്തില്‍ പറക്കുന്നതിനാലോ ആയിരിക്കാം തുമ്പികള്‍ക്ക് ചിലനാടുകളില്‍ 'പൊക്കന്‍' എന്ന് പേര് വന്നത്)! ഓണപ്പൊട്ടനെ അനുഗമിച്ച് ഞങ്ങളെല്ലാം ചീരുവേടത്തിയുടെ പുര മുറ്റത്തെത്തി. ഉപചാരങ്ങള്‍ കഴിഞ്ഞ്, കൈയ്യിലെ ഓട്ടുമണി തിരിച്ചുപിടിച്ച് ഉയര്‍ത്തിക്കാട്ടി അരിയും നാണയങ്ങളും വാങ്ങി ഉടലില്‍ കെട്ടിയ മാറാപ്പിലിട്ട് ചരല്‍ വഴിയിലൂടെ തുമ്പപ്പറമ്പുകളിലൂടെ ഓണപ്പൊട്ടന്‍ താഴേക്ക് മറഞ്ഞു.

ഞങ്ങളുടെ ഓണ സദ്യാപര്യടനങ്ങളുടെ ഉദ്ഘാടനം ചീരുവേടത്തിയുടെ പുരയില്‍ നിന്നാണ്. നാക്കിലയിലെ ചോറില്‍ കൂട്ടുകറിക്കും സാമ്പാറിനും ഒപ്പം അത്യപൂര്‍മായ രുചിയുള്ള മഞ്ഞളിട്ട് തേങ്ങയരച്ചു വെച്ച സ്രാവുകറി, കുരുമുളകിട്ട് വറ്റിച്ച ആട് കറി. പിന്നെ പപ്പടം,അച്ചാര്‍, ചമ്മന്തി, ശര്‍ക്കര ഉപ്പേരി, വറുത്ത പഴംനുറുക്ക് അങ്ങിനെ നിറയുന്നു നാക്കില. ശേഷം വറുത്ത തേങ്ങാ കൊത്തുകളിട്ട പ്രഥമന്‍ എന്ന ചെറുപയര്‍ പായസത്തിന്റെ മധുരത്തിറയാട്ടം! അവിടെ നിന്നും മറ്റ് എടവലക്കാരുടെയും (അയല്‍ക്കാര്‍) ചങ്ങാതിമാരുടെയും വീടുകളിലേക്ക് പോകും. മെലിഞ്ഞ ഇടവഴിയിയുടെ നടന്ന് ചെറിയ ചെങ്കല്‍ പാറ കയറി ബാബുവിന്റെ വീട്ടിലേക്ക്, പൂപ്പല്‍ പച്ച പരന്ന വിശാലമായ മുറ്റമുള്ള ശശിയുടെ വീട്ടിലേക്ക്, പിന്നെ സുമേഷിന്റെ, അമ്മാളുവേടത്തിയുടെ, ജാനു വേടത്തിയുടെ....

വര: കെ ഷരീഫ്‌

ഇനി ഓണം നിറഞ്ഞ വയറുമായി വീട്ടുകോലായയില്‍ ഉച്ചമയക്കം. വൈകുന്നേരം ചാടിയെഴുന്നേറ്റ് ആരവങ്ങളോടെ പുഴക്കരയിലേക്ക്. അന്നേരം പല ദിക്കുകളിലേക്ക് മണികിലുക്കിപ്പോയ ഓണപ്പൊട്ടന്മാര്‍ ഒരുമിച്ച് മടങ്ങിയെത്തുന്നു. വലിയ ഓണപ്പൊട്ടന്മാരും കുട്ടി ഓണപ്പാട്ടന്മാരും കൂടെ പാട്ട് പാടിയെത്തുന്ന നാട്ടിലെ 'സാമ്പ്രദായിക കുടിയന്മാരും'. നാട്ടില്‍ അന്ന് കുടി അത്ര 'ജനകീയ'മായിട്ടില്ല. ചെറുപ്പക്കാരായ കള്ള് കുടിയന്മാര്‍ വിരളമായിരുന്നു. അധികം ഉപദ്രവമില്ലാത്ത കഠിനാധ്വാനികളായ ചില പതിവ് കുടിയന്മാര്‍ മാത്രം. കുടിച്ചാല്‍ അവരുടെ പെരുമാറ്റ രീതികള്‍ നാട്ടുകാര്‍ക്ക് പരിചിതമായിരുന്നു. ചിലര്‍ ഉറക്കെ ഈണത്തില്‍ പാട്ട് പാടും, ചിലര്‍ കവലകളില്‍ നിന്ന് ജനകീയരാഷ്ട്രീയം പ്രസംഗിക്കും. ചിലര്‍ പീടികക്കോലായകളിലോ മരച്ചുവടുകളിലോ മയങ്ങിക്കിടക്കും. ഉണരുമ്പോള്‍ ഓലച്ചൂട്ടോ, മെഴുകുതിരിയോ തെളിയിച്ച് പുരകളിലേക്ക് ആടിയാടി പാടിപ്പാടി മടങ്ങും. കുടിച്ചു വരുമ്പോള്‍ വഴിയരികില്‍ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ നിരത്തി നിര്‍ത്തി മൂന്നു പൈസ ആകൃതിയുള്ള ചെറിയ ബിസ്‌കറ്റുകളോ, ചിലപ്പോള്‍ നാണയങ്ങള്‍ തന്നെയോ വിതരണം ചെയ്യാറുള്ള ഉണ്ണിര എന്നയാളെ ഓര്‍മ വരുന്നു. അത് കഴിഞ്ഞ് ഇങ്ങനെ പാടിയാടിപ്പോകും.' പെയ്യട്ടങ്ങനെ പെയ്യട്ടെ, ആറ്റിയാറ്റിപ്പെയ്യട്ടെ., ഇടിയും കൂട്ടിപ്പെയ്യട്ടെ...'

ഇപ്പോള്‍ തെളിഞ്ഞ പുഴയുടെ ഇരുകരയും പൊന്‍വെയിലില്‍ തിളങ്ങുന്ന മനുഷ്യാരവം കൊണ്ട് നിറഞ്ഞിരിക്കുന്നു. ആദ്യം വീടുകളില്‍ നിന്നും ശേഖരിച്ച പൂക്കളപ്പൂക്കള്‍ ഒന്നാകെ പുഴയില്‍ ഒഴുക്കുന്നു. പിന്നെ ചെറുതോണികളുടെ നാടന്‍ വള്ളംകളി. അത് കഴിഞ്ഞാല്‍ വലിയ കമ്പക്കയര്‍ കൊണ്ടുള്ള കമ്പവലി. ആവേശങ്ങള്‍ക്കിടയില്‍ ഓണം എത്ര വേഗം അസ്തമിച്ചു പോകുന്നു! അപ്പോള്‍ നാട്ടുവഴികളാകെ പരന്ന വിഷാദത്തിന്റെ അന്തിച്ചുവപ്പിലൂടെ ഞങ്ങള്‍ ക്ഷീണിച്ച് മടങ്ങുന്നു.

ഹരിതനിബിഡതയുടെ നനവുമാറാത്ത കാന്‍വാസില്‍, ഓര്‍മകളിലെ ഓണം ഒരമൂര്‍ത്ത ചിത്രമായി വരക്കാന്‍ മുഖ്യമായും ആറ് നിറങ്ങള്‍ ഞാനെടുക്കട്ടെ: ഓണപ്പൊട്ടന്റെ മുണ്ടിന്റെ ചുവപ്പ്, ചീരുവേടത്തിയുടെ കരിക്കോലായയുടെ കണ്ണാടിക്കറുപ്പ് ,മഞ്ഞളിന്റെ മഞ്ഞ, കുരുത്തോലയുടെ വെള്ളപ്പച്ച, തുമ്പയുടെ - ചോറിന്റെ- വെള്ള പിന്നെ എല്ലാത്തിനും മീതെ കലങ്ങിത്തെളിഞ്ഞ ആകാശനീല!

Content Highlights: artist k shareef writes about onam in his childhood days


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented