'ഓണസമ്മാനമായ ആ നീല ചുരിദാര്‍ കാണുമ്പോള്‍ കൊച്ചച്ഛനെ ഓര്‍മ വരും'


രേഖ നമ്പ്യാര്‍

ദിവ്യ ഉണ്ണി കുടുംബത്തോടൊപ്പം | Photo: instagram/ divya unni

വെള്ളിത്തിരയില്‍ നിന്നിറങ്ങി കടലിനക്കരേയുള്ള നാട്ടില്‍ ചേക്കേറിയ ദിവ്യാ ഉണ്ണിയെ മലയാളികള്‍ ആരും മറന്നിട്ടുണ്ടാകില്ല. കുടുംബത്തോടൊപ്പം അമേരിക്കയില്‍ താമസിക്കുന്ന ദിവ്യ ഉണ്ണി അവിടുത്തെ ഓണവിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.

ജീവിതത്തില്‍ കടന്നുപോയ ഓരോ ഓണത്തിനും ഓരോ നിറങ്ങളായിരുന്നു. സ്‌കൂള്‍കാലമായിരുന്നു അതിലേറ്റവും വര്‍ണങ്ങള്‍ നിറഞ്ഞത്. പുത്തനുടുപ്പിട്ട് സ്‌കൂളില്‍ പോയതും പൂക്കളമത്സരത്തില്‍ പങ്കെടുത്തതുമൊക്കെ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. സിനിമയിലെത്തിയ ശേഷം ഓണം ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്ക് മാറി. ഷൂട്ടിങ്ങിനിടയിലെ ഓണാഘോഷവും താരങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് സദ്യയുണ്ണലും വിളമ്പുന്നലുമൊക്കെയായി രസമുള്ള കാലമായിരുന്നു.

വിവാഹശേഷം ജീവിതത്തിന്റെ നിറം തന്നെമാറി. ഒപ്പം ഓണാഘോഷവും. ഞാനുമൊരു പ്രവാസിയായി. ഞങ്ങള്‍ക്കിവിടെ രണ്ട് മൂന്ന് മാസം നീളുന്ന ഓണാഘോഷമാണ് നടത്താറുള്ളത്. അമ്പലങ്ങളുടെയും അസോസിയേഷനുകളുടെയും സംഘടനകളുടെയുമൊക്കെ ആഘോഷമുണ്ടാവും. ഏകദേശം നവരാത്രി, ദീപാവലി സമയം വരെ ഈ ഓണാഘോഷം തുടരും. ആ സമയത്ത് ധാരാളം നൃത്തപരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. നാടിനെ അത്രയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള ആഘോഷപ്പരിപാടികളാവും ഇവിടെ ഓണക്കാലത്ത്.

ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം എനിക്ക് അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതാണ് മനസ്സിലെ മറ്റൊരു നിറമുള്ള ഓര്‍മ. രണ്ടു വര്‍ഷം മുമ്പ് എന്റെ ഇളയ മകളെ പ്രസവിച്ചിരിക്കുന്ന സമയത്ത് കുഞ്ഞിനെ കാണാനായി അച്ഛനും അമ്മയും വന്നു. കോവിഡ് ആയതുകൊണ്ട് അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോവാനായില്ല. അങ്ങനെ കുറച്ചുനാള്‍ ഞങ്ങള്‍ക്കൊപ്പം ഇവിടെ താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് വര്‍ഷത്തിനുശേഷം അവര്‍ക്കൊപ്പം ഓണം ആഘോഷിക്കാനും ഒന്നിച്ചിരുന്ന് സദ്യയുണ്ണാനും ഭാഗ്യമുണ്ടായി. ജീവിതത്തില്‍ മറക്കാനാവാത്ത ആ ഓണസമ്മാനം നല്‍കിയിട്ടാണ് കഴിഞ്ഞവര്‍ഷം അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്.

ചെറുപ്പത്തില്‍ കൊച്ചച്ഛനും ചെറിയച്ഛന്‍മാരുമൊക്കെ ഓണക്കോടി തരുമായിരുന്നു. എത്രയെത്ര പട്ടുപാവാടകള്‍, ചുരിദാറുകള്‍, ദാവണികള്‍... വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചച്ഛന്‍ തന്നൊരു നീല ചുരിദാര്‍ ഞാനിപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അമേരിക്കയില്‍ വരുന്നതിനുമുമ്പ് തന്നതാണ്. അദ്ദേഹം മരിച്ചിട്ട് കുറേ വര്‍ഷങ്ങളായി. അത് കാണുമ്പോള്‍ കൊച്ചച്ഛനെ ഓര്‍മവരും. ഇതുപോലൊരു ഓണസമ്മാനമായിരുന്നു ആ ചുരിദാര്‍.

ഇവിടെ വേനല്‍ക്കാലം കൊടുമ്പിരികൊണ്ട് അതൊന്നു താഴുന്ന സമയത്താണ് ഓണം തുടങ്ങുന്നത്. ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല ചൂടാണ്. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് വിളവെടുപ്പ് കാലം കൂടിയാണ്. അതുകൊണ്ട് നാടുപോലെ തോന്നും. പേപ്പര്‍വാഴയില അല്ലാതെ തനിനാടന്‍ തൂശനിലയില്‍ തന്നെ സദ്യയുണ്ണാം. നാട്ടുപൂക്കളും കിട്ടും.

നാട്ടിലെ ചെടികളൊക്കെ വളര്‍ത്തുന്ന ധാരാളം കുടുംബങ്ങളുണ്ട്. നാട്ടിലുള്ളതുപോലെതന്നെ ആഘോഷിക്കാന്‍ ഞങ്ങളെല്ലാവരും ഒന്നിച്ചുകൂടും. നാട്ടില്‍ നിന്ന് അകന്നു നില്‍ക്കുമ്പോഴാണ് മനസ്സില്‍ നമ്മുടെ മണ്ണിനോടുള്ള അടുപ്പം കൂടുന്നത്. ഇവിടെയുള്ള ഇന്ത്യന്‍ കുടുംബങ്ങളുടെ, മലയാളി കമ്യൂണിറ്റിയുടെ തന്നെ ആഘോഷമായി മാറുകയാണ് ഓണം. ഒരു വലിയ കുടുംബത്തിന്റെ ആഘോഷം.

ഓണം ഇവിടുത്തെ അവധി ദിവസങ്ങളിലാണ് വരുന്നതെങ്കില്‍ കുടുംബമൊന്നിച്ച് പൂക്കളമൊക്കെ ഇട്ട് സദ്യയുണ്ണാറുണ്ട്. മക്കള്‍ക്ക് ഓണത്തിന്റെ ഐതിഹ്യവും മഹാബലിയെക്കുറിച്ചും ഓണത്തപ്പനെക്കുറിച്ചുമൊക്കെയുള്ള കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ട്. അവര്‍ക്ക് ആ കഥകളൊക്കെ കേള്‍ക്കാനും നല്ല താത്പര്യമാണ്. അതുപോലെ ശ്രീപാദം എന്ന എന്റെ നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ക്കും ഓണക്കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ട്. ഈ വരുന്ന ഓണത്തിനും ധാരാളം നൃത്തപരിപാടികളുണ്ട്. അതിന്റെ പരിശീലനങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍. ഞങ്ങളുടെ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

Content Highlights: actress divya unni shares onam memories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented