ഓ മൈ ഡാർലിങ് ഓഡിയോ ലോഞ്ചിൽ മുകേഷ് സംസാരിക്കുന്നു | ഫോട്ടോ: സ്ക്രീൻഗ്രാബ്
ഉഗാണ്ടയിൽ സിനിമാ ചിത്രീകരണത്തിന് പോയി ഇന്ത്യാക്കാരനെന്ന നിലയിൽ അഭിമാനിക്കാനുള്ള മുഹൂർത്തമുണ്ടായെന്ന് നടനും എം.എൽ.എയുമായ മുകേഷ്. നവാഗതനായ ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ഓ മൈ ഡാർലിങ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓ മൈ ഡാർലിങ്ങിന്റെ നിർമാതാവ് മനോജ് ശ്രീകണ്ഠയെ ഉഗാണ്ടയിൽ വെച്ച് പരിചയപ്പെട്ട സംഭവം ഓർത്തെടുത്തപ്പോഴാണ് അപൂർവമായ അനുഭവത്തേക്കുറിച്ചും മുകേഷ് വാചാലനായത്.
മലയാളികൾ സാധാരണ ഉഗാണ്ടയെന്ന് പറയുന്നത് ദേഷ്യം വരുമ്പോഴോ കളിയാക്കാനോ ഒക്കെയാണെന്ന് മുകേഷ് പറഞ്ഞു. "ഷൂട്ടിങ്ങിന് ഉഗാണ്ടയിൽ ചെന്നപ്പോൾ ആൾക്കൂട്ടത്തിൽ നിന്നൊരാൾ വന്ന് മനോജ് എന്നാണ് പേരെന്നും പ്രവാസിയാണ്, ബിസിനസ് ചെയ്യുന്നു എന്നെല്ലാം പറഞ്ഞ് പരിചയപ്പെടുത്തി. എന്താണ് ഉഗാണ്ടയിലെന്ന് ചോദിച്ചപ്പോൾ മനോഹരമായ സ്ഥലമാണെന്ന് പറഞ്ഞു. സത്യമാണ്. ഉഗാണ്ടയിൽ എന്തെല്ലാമാണ് കാണാനുള്ളതെന്ന് ഞാൻ ചോദിച്ചു. നൈൽ നദിയുടെ ഉദ്ഭവം ഉഗാണ്ടയിൽ നിന്നാണെന്ന് മനോജ് പറഞ്ഞു." മുകേഷ് ഓർത്തെടുത്തു.
"എത്രയോ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി. എത്രയോ ചരിത്രങ്ങളുറങ്ങുന്ന നദി. എത്രയോ സാമ്രാജ്യങ്ങൾ വീഴുകയും ഉയരുകയും ചെയ്ത, എത്രയോ വലിയ ആളുകളുടെ ജീവിതവുമായും യുദ്ധങ്ങളുമായും ബന്ധപ്പെട്ട നദിയാണ് നൈൽ. ഒരുദിവസം ഞങ്ങൾ രണ്ടുപേരും കൂടി കാറിൽ അവിടെ പോയി. ജലം കുമിളകൾ പോലെ മുകളിലേക്ക് വരുന്ന ഒരു ഫോഴ്സാണ് കണ്ടത്. അത് കണ്ട് സന്തോഷമായിട്ട് കാറിനടുത്തേക്ക് പോകുമ്പോൾ കുറച്ചുപേർ വേറൊരു ദിശയിൽ പോകുന്നു. നൈൽ പോലെ എന്തെങ്കിലും അവിടെ വേറെ കാണുമെന്ന് വിചാരിച്ചിരിച്ചു. ആർക്കും അറിഞ്ഞുകൂടാ എല്ലാവരും എങ്ങോട്ടാണ് പോകുന്നതെന്ന്. ഇവിടെ വരെ വന്നതല്ലേ, അതും കണ്ടിട്ട് പോകാം എന്ന് ഞാൻ മനോജിനോട് പറഞ്ഞു."
അങ്ങനെ അവിടെ പോയി. കുറച്ചുകഴിഞ്ഞപ്പോൾ ഒരിന്ത്യാക്കാരൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നിയ, രോമാഞ്ചം വന്ന കാഴ്ചയാണ് തനിക്കവിടെ കാണാൻ കഴിഞ്ഞത്. ഈ പോകുന്ന വിദേശികളായ ടൂറിസ്റ്റുകൾ, അത് ഉഗാണ്ടക്കാർ മാത്രമല്ല, നൈൽ നദിയുടെ ഉദ്ഭവം കാണാൻ വന്ന ലോകമെമ്പാടും നിന്നുള്ള നൂറുകണക്കിന് സഞ്ചാരികൾ അവിടെയുണ്ടായിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പൂക്കൾ അർപ്പിക്കുകയാണ്. അങ്ങനെ ഉഗാണ്ടയിൽ പോയിട്ട് ഇന്ത്യാക്കാരാണ് എന്ന് അഭിമാനത്തോടെ പറയാനുള്ള ഒരു മുഹൂർത്തവും ഉണ്ടായെന്നും മുകേഷ് കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ പ്രിയ ബാലതാരമായിരുന്ന അനിഖ ആദ്യമായി നായികയാവുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്. വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് കൊച്ചിയിൽ വെച്ചായിരുന്നു ഓഡിയോ ലോഞ്ച്. ഷാൻ റഹ്‌മാൻ സംഗീതം പകർന്ന ഗാനങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളായ അനിഖ, മെൽവിൻ, മുകേഷ്, മഞ്ജു പിള്ള, ഫുക്രു, തുടങ്ങിയവർ പങ്കെടുത്തു. നടൻ ഷൈൻ ടോം ചാക്കോ പ്രത്യേക ക്ഷണിതാവായിരുന്നു. തിരക്കഥാകൃത്ത് ജിനീഷ്, മറ്റ് അണിയറ പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻസാർ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത പകരുന്നത് ഷാൻ റഹ്‌മാനാണ്. ലിജോ പോൾ എഡിറ്റിംഗും എം ബാവ ആർട്ടും നിർവഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടർ. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ചീഫ് അസോസിയേറ്റ്- അജിത് വേലായുധൻ, മ്യൂസിക്- ഷാൻ റഹ്‌മാൻ, ക്യാമറ- അൻസാർ ഷാ, എഡിറ്റർ- ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, ആർട്ട്- അനീഷ് ഗോപാൽ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനോദ് എസ്, ഫിനാൻഷ്യൽ കണ്ട്രോളർ- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികൾ- ബി. ഹരിനാരായണൻ, ലിൻഡ ക്വറോ, വിനായക് ശശികുമാർ, പിആർഒ- ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, ഡിസൈൻ കൺസൾട്ടന്റ്‌സ്- പോപ്‌കോൺ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ്- ബിജിത് ധർമ്മടം. ഫെബ്രുവരി 24 നാണ് ഓ മൈ ഡാർലിങ് തിയേറ്ററുകളിലെത്തുന്നത്.
Content Highlights: actor mukesh's uganda trip story, oh my darling audio launch, mukesh kathakal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..