നൈറ്റ് ഡ്രൈവ് സിനിമയുടെ പോസ്റ്റർ
ഒരു ചതുരംഗക്കളം. അതിൽ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കളങ്ങളും കരുക്കളും. എതിരിലുള്ള രാജാവിനെ മുട്ടുകുത്തിക്കുന്നവന് അന്തിമവിജയം. അങ്ങനെയൊരു ചതുരംഗക്കളിയുടെ കഥയാണ് അഭിലാഷ് പിള്ളയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ്. ഇവിടെ കളം എന്നത് നമ്മുടെ ചുറ്റുപാടുമാണ്. നെടുകെയും കുറുകെയും കോണോടുകോണും സഞ്ചരിക്കുന്ന കരുക്കളാവുന്നത് ഒരുപറ്റം മനുഷ്യരും.
ചെറിയ ഒരു ചിത്രമാണ് നൈറ്റ് ഡ്രൈവ്. പതിയെ തുടങ്ങി പ്രേക്ഷകരറിയാതെ അവരെ പിരിമുറുക്കത്തിലേക്ക് എത്തിക്കുന്ന രീതിയാണ് ചിത്രം അവലംബിച്ചിരിക്കുന്നത്. കഷ്ടി രണ്ട് മണിക്കൂർ മാത്രമുള്ള ചിത്രം ആദ്യത്തെ കുറച്ചുരംഗങ്ങളിലൂടെ പ്രധാനകഥാപാത്രങ്ങൾ ആരെല്ലാമാണെന്ന് കാണിക്കാനാണ് സമയം ചിലവിടുന്നത്. ഈ ഒരുഘട്ടം കഴിഞ്ഞാൽ തുടർന്നങ്ങോട്ട് ആകാംക്ഷയുടേയും പിരിമുറുക്കത്തിന്റേയും നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
കാണാൻ വരുന്നവരെ സ്ക്രീനിൽ നിന്ന് കണ്ണിമയ്ക്കാതെ നോക്കിനിർത്താൻ പാകത്തിനുള്ള ചിത്രങ്ങളാണ് വൈശാഖ് ഇതുവരെ ഒരുക്കിയിട്ടുള്ളത്. ഇതിൽ നിന്ന് മാറി നിൽക്കുന്ന ഏക വൈശാഖ് ചിത്രം വിശുദ്ധനാണ്. വിശുദ്ധൻ ഇറങ്ങി വർഷങ്ങൾക്ക് ശേഷം പതിയെ ട്രാക്ക് ഒന്ന് മാറ്റിച്ചവിട്ടിയിരിക്കുകയാണ് വൈശാഖ്.
പേരിലുള്ളതുപോലെ രാത്രിയിലുള്ള ഒരു യാത്രയാണ് ചിത്രം. തുടക്കത്തിലെ ഒന്ന്, രണ്ട് ചെറിയ രംഗങ്ങൾ ഒഴിച്ചാൽ ചിത്രത്തിന്റെ എല്ലാ രംഗങ്ങളും നടക്കുന്നത് രാത്രിയാണ്. ഇത്രയും രാത്രി രംഗങ്ങൾ നിറഞ്ഞ ഒരു ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രാത്രിയാണ് നടക്കുന്നത് എന്നത് തന്നെയാണ് സിനിമയെ അത്രമേൽ പിരിമുറുക്കം നിറയ്ക്കുന്നതാക്കുന്നതും.
വിശുദ്ധനിലേതുപോലെ തന്നെ കാലികപ്രസക്തിയുള്ളതും മലയാളസിനിമാ പ്രേക്ഷകർക്ക് പെട്ടന്ന് മനസിലാവുന്നതുമായ വിഷയം തന്നെയാണ് നൈറ്റ് ഡ്രൈവിലും വൈശാഖ് കാണിച്ചുതരുന്നത്. സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലാത്ത ആ അസമയം ഏതാണെന്നുള്ള ചോദ്യമുയർത്തുന്നുമുണ്ട് ചിത്രം.
താരങ്ങളുടെ പ്രകടനത്തിൽ റോഷൻ, ഇന്ദ്രജിത്ത്, അന്ന ബെൻ എന്നിവർ മുന്നിട്ടുനിൽക്കുന്നു. അമ്മിണി അയ്യപ്പൻ എന്ന കഥാപാത്രമായെത്തിയ ശ്രീവിദ്യയും ഉടായിപ്പ് എന്ന പ്രാഞ്ചിയായെത്തിയ പ്രശാന്ത് അലക്സാണ്ടറും ചെറു ചിരി സമ്മാനിക്കുന്നുണ്ട്. സിദ്ദിഖ്, കാലാഭവൻ ഷാജോൺ, കൈലാഷ്, സോഹൻ സീനുലാൽ, രഞ്ജി പണിക്കർ, സുധീർ കരമന, ഷാജു ശ്രീധർ, മുത്തുമണി എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ.
ഷാജി കുമാറിന്റെ ക്യാമറയും രഞ്ജിൻ രാജിന്റെ പശ്ചാത്തലസംഗീതവും നൈറ്റ് ഡ്രൈവിന്റെ ആസ്വാദനം മറ്റൊരുതലത്തിലേക്ക് ഉയർത്തുന്നുണ്ട്. വൈശാഖ് ചിത്രങ്ങളിൽക്കാണുന്ന അതേ പാറ്റേണിലൊരുക്കിയ ക്ലൈമാക്സ് സംഘട്ടനരംഗവും കയ്യടിക്കാൻ വകനൽകുന്നുണ്ട്. അല്പം ആകാംക്ഷയോടെയും പിരിമുറുക്കത്തോടെയും ഇടയ്ക്ക് ത്രില്ലടിച്ചും കണ്ടുമുഴുമിപ്പിക്കാവുന്ന കൊച്ചുചിത്രമാണ് നൈറ്റ് ഡ്രൈവ്.
Content Highlights: Night Drive Movie Review-Vysakh,Roshan Mathew,Indrajith Sukumaran,Anna Ben
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..