Representational image | Photo: Gettyimages
പൂക്കള്‍ക്ക് എന്താണ് പലനിറമെന്ന് ചിന്തിച്ചിട്ടുണ്ടോ? നാം കാണുന്നതാണോ അവയുടെ യഥാര്‍ഥനിറം? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയിരുന്നു, വിഖ്യാത ശാസ്ത്രജ്ഞന്‍ സി.വി. രാമന്‍. പൂര്‍ത്തിയാകാതെപോയ അദ്ദേഹത്തിന്റെ ആ പഠനങ്ങള്‍ പിന്തുടരുകയാണ് ഡിജിറ്റല്‍ സര്‍വകലാശാല. 'രാമന്‍പ്രതിഭാസം' കണ്ടെത്തിയതിന്റെ ഓര്‍മയ്ക്ക് തിങ്കളാഴ്ച ദേശീയ ശാസ്ത്രദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തിനുതന്നെ മാതൃകയാകുന്ന ഗവേഷണമാണ് ഡിജിറ്റല്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്‌സിനുകീഴിലെ സി.വി. രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സില്‍ നടക്കുന്നത്.
പൂക്കളുടെ നിറങ്ങള്‍ അടിസ്ഥാനനിറങ്ങളിലുള്ളതോ അല്ലെങ്കില്‍ അവയുടെ സംയോജനനിറങ്ങളോ ആയിരിക്കും. എന്നാല്‍ പരാഗണകാരികളായ വണ്ടുകളും മറ്റും അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് എന്നിവയും കാണും. ഇവയാകും ഇത്തരം പരാഗണകാരികളെ പൂക്കളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവേഷണസംഘത്തിലെ ഡോ. കെ. ആതിര പറഞ്ഞു.

സ്വാഭാവിക പരാഗണകാരികളുടെ എണ്ണംകുറയുന്നത് തടയാന്‍ അവ ആകര്‍ഷിക്കപ്പെടുന്ന സസ്യങ്ങള്‍ വളര്‍ത്തുകയും അതിലൂടെ കൂടുതല്‍ പൂക്കളുടെയോ വിളകളുടെയോ ഉത്പാദനം വര്‍ധിപ്പിക്കുകയുംചെയ്യാം. ഇതിലൂടെ ഓരോ വിഭാഗത്തിലെയും കുറഞ്ഞുവരുന്ന പരാഗണകാരികളുടെ എണ്ണം വര്‍ധിപ്പിക്കാം. 2016-ല്‍ 'ഇന്റര്‍ ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് ഇക്കോസിസ്റ്റം സര്‍വീസസ്' തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ പരാഗണകാരികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതായി വ്യക്തമാക്കിയിരുന്നു.
രാജ്യത്താദ്യമായി എണ്ണൂറോളം പൂക്കളുടെ സ്‌പെക്ട്രല്‍ ലൈബ്രറിയാണ് ഡോ. ആതിര തയ്യാറാക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 500 മീറ്റര്‍ താഴെമുതല്‍ 1500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലെ പൂക്കളിലായിരുന്നു പഠനം. ലണ്ടനില്‍ കീവ് റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇത്തരത്തില്‍ പൂക്കളുടെ റിഫ്‌ളക്ടന്‍സ് വിവരശേഖരമുണ്ടെന്ന് ആതിര പറഞ്ഞു. പരിസ്ഥിതി, ഇന്‍ഫര്‍മാറ്റിക്‌സ്, കംപ്യൂട്ടേഷന്‍, സാമൂഹികശാസ്ത്രങ്ങള്‍ എന്നവ സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. ആര്‍. ജയശങ്കറിന്റെ നേതൃത്വത്തിലുള്ള ലാബില്‍ നടക്കുന്നത്.
Content Highlights: national science day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..