Representational Image | Photo: Gettyimages
ഇന്ത്യ 1987 മുതല്‍ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി (National Science Day) ആഘോഷിക്കുകയാണ്. 1928 ഫെബ്രുവരി 28-ന് രാമന്‍ പ്രഭാവം കണ്ടെത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് ആ ദിനം തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വര്‍ഷവും ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയമായി ഓരോ ആശയങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. 'സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്ത് സംയോജിത സമീപനം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ശാസ്ത്ര രംഗത്ത് ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ എവിടെ നില്ക്കുന്നു എന്നു നോക്കാന്‍ പറ്റിയ ഒരു സമയമാണിത്. ഗവേഷണ രംഗത്തെ വാര്‍ഷിക ചെലവിന്റെ കാര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ന് ഇന്ത്യക്ക് ഏഴാം സ്ഥാനമാണുള്ളത്. എന്നാല്‍ ഇതിനെ ദേശീയ ആഭ്യന്തര ഉത്പാദനവുമായി (GDP, Gross Domestic Product) താരതമ്യം ചെയ്താല്‍ 0.65% മാത്രമാണ്. വികസിത രാജ്യങ്ങള്‍ ജപ്പാന്‍, ജര്‍മ്മനി, യു.എസ്. എ. തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 3 ശതമാനത്തിനു മുകളിലാണ്.
ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2008 ല്‍ ഇന്ത്യ ഗവേഷണ രംഗത്ത് ചെലവാക്കിയത് GDP യുടെ 0.859 ശതമാനമായിരുന്നു. അതിനുശേഷം അത് തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്. 2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ഥാനമേറ്റ ശേഷം അത് 0.7 ശതമാനത്തിനു മുകളില്‍ പോയിട്ടില്ല. ശാസ്ത്ര സാങ്കേതിക രംഗത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പറയുന്നവര്‍ തന്നെ അതിനുള്ള ഫണ്ട് കുറച്ചു കൊണ്ടു വരുന്ന കാഴ്ചയാണ് കാണുന്നത്.

ഇന്ത്യയില്‍ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന 38 പരീക്ഷണ കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ടിയല്‍ റിസര്‍ച്ചിന് (സിഎസ്‌ഐആര്‍) കേന്ദ്ര ബജറ്റിലൂടെ ഒരു വര്‍ഷം ലഭിക്കുന്നത് ഏകദേശം 7000 കോടി രൂപയാണ്. അതായത് ഒരു ബില്യണ്‍ ഡോളറിനു താഴെയുള്ള തുക. ഇതു വലിയ തുകയല്ലേ എന്നു ചിലര്‍ക്കു തോന്നാം. എന്നാല്‍ ഒരു ഉദാഹരണത്തിന് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംങ് ഇലക്ടോണിക്‌സ് ഗവേഷണത്തിന് ഒരു വര്‍ഷം ചെലവാക്കിയ തുക പരിശോധിച്ചാല്‍ അത് 19.5 ബില്യണ്‍ യു.എസ്. ഡോളറിനു തുല്യമായ തുകയാണ്. അതായത് നമ്മുടെ 38 ഗവേഷണ സ്ഥാപനങ്ങള്‍ക്കായി ആകെ ചെലവാക്കിയതിന്റെ ഏതാണ്ട് 20 ഇരട്ടി. കുത്തക കമ്പനികളായ ആപ്പിള്‍, ഗൂഗിളിന്റെ ഉടമസ്ഥരായ ആല്‍ഫബെറ്റ്, ആമസോണ്‍ തുടങ്ങിയവരൊക്കെ സാംസംങിനേക്കാള്‍ കൂടുതല്‍ തുക ചെലവിടുന്നവരാണ്.
ഇന്ത്യയില്‍ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന 38 പരീക്ഷണ കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ടിയല്‍ റിസര്‍ച്ചിന് (സിഎസ്‌ഐആര്‍) കേന്ദ്ര ബജറ്റിലൂടെ ഒരു വര്‍ഷം ലഭിക്കുന്നത് ഏകദേശം 7000 കോടി രൂപയാണ്.
മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ ഇന്ത്യയില്‍ വൈദ്യ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന് ഒരു വര്‍ഷം കേന്ദ്ര ബജറ്റിലൂടെ അനുവദിച്ചത് ഏതാണ്ട് 2400 കോടി രൂപയാണ്. ഇത് കേള്‍ക്കുമ്പോള്‍ വലിയ തുക ആണെന്നു തോന്നാം. എന്നാല്‍ ഇവിടെയും ചില താരതമ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. സ്വിസ് ബഹുരാഷ്ട്ര മരുന്നു കമ്പനി നോവാര്‍ട്ടിസ് ഗവേഷണത്തിനായി ഒരുവര്‍ഷം ചെലവാക്കുന്നത് ഇതിന്റെ 30 ഇരട്ടി തുകയാണ്. ഇന്ത്യ ഔഷധ ഗവേഷണ രംഗത്തും മെഡിക്കല്‍ ഉപകരണ നിര്‍മാണത്തിലും പിന്നിലാണെന്നു പറയുമ്പോള്‍ ഇതും ഓര്‍ക്കണം. ഈ രംഗങ്ങളിലെ മുടക്കുമുതലിന്റെ കാര്യത്തില്‍ നമ്മള്‍ വളരെ പിന്നിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ രാജ്യത്തെ ജനങ്ങളിലേക്ക് സയന്‍സിന്റെ നേട്ടങ്ങള്‍ എത്തണമെങ്കില്‍ നമ്മള്‍ ഗവേഷണ വികസന രംഗത്ത് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്, ചെലവാക്കുന്ന തുക പലമടങ്ങായി വര്‍ധിക്കേണ്ടതുണ്ട്.

ചെലവാക്കുന്ന തുക കൂട്ടിയതു കൊണ്ടു മാത്രം നേട്ടങ്ങള്‍ താനേ വരികയില്ല. തുക ഏതു രീതിയില്‍ ഉപയോഗിക്കുന്നുവെന്നതും പ്രധാനമാണ്. ഉള്‍ക്കാഴ്ചയുള്ള രാഷ്ട്രീയ നേതൃത്വം, സ്ഥിരതയുള്ള നയങ്ങള്‍, സമഗ്രമായ ഗവേഷണ രീതി, തുടര്‍ച്ചയായ പിന്തുണ ഇതൊക്കെ പ്രധാനമാണ്. ഉദാഹരണത്തിന് ഇന്ത്യ ബഹിരാകാശ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ പരിശോധിച്ചാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും തുടര്‍ന്നു വന്ന പ്രധാനമന്ത്രിമാരും നല്‍കിയ പിന്തുണ, വിക്രം സാരാഭായി തുടങ്ങി വെച്ചതും പിന്നീട് വന്നവര്‍ പിന്തുടര്‍ന്നതുമായ നേതൃത്വം, സ്വീകരിച്ച തന്ത്രങ്ങള്‍ ഇവയൊക്കെ ഇക്കാര്യത്തില്‍ പ്രധാനമായിരുന്നു. വേണമെന്നു വിചാരിച്ചാല്‍ നമുക്കിതൊക്കെ സാധിക്കും എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഇതു പോലെയുള്ള വിജയ കഥകള്‍.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗവും ലൂക എന്ന ശാസ്ത്ര വെബ്സൈറ്റിന്റെ എഡിറ്ററുമാണ് ലേഖകൻ
Content Highlights: National Science day, scientific research budget in india, Science in india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..