അന്ന് കേരളം കണ്ണടച്ചു, ഇന്ന് ആദ്യ സ്വര്‍ണം കൊണ്ട് അഭിജിത്ത് കണ്ണു തുറപ്പിച്ചു


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്

.

അഭിജിത്ത് അമല്‍ രാജ് എന്ന ലോകചാമ്പ്യന്‍ ദേശീയ ഗെയിംസില്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണം നെഞ്ചിലണിഞ്ഞുനില്‍ക്കുമ്പോള്‍ ചെറിയൊരു കുറ്റബോധമുണ്ടാവും സംസ്ഥാനത്തെ ഭരണാധികാരികള്‍ക്ക്. മൂന്ന് കൊല്ലം മുന്‍പ് ബാഴ്സലോണയില്‍ ലോക ജൂനിയര്‍ ചാമ്പ്യനായി തിരിച്ചെത്തിയശേഷം മത്സരരംഗത്ത് തുടരാന്‍ സഹായത്തിനുവേണ്ടി അമലും അച്ഛന്‍ ബിജു രാജനും മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. ആരും നോ പറഞ്ഞില്ല. ആരും സഹായിച്ചുമില്ല. അങ്ങനെ സ്വന്തം കൈയില്‍ നിന്ന് തന്നെ കാശെടുത്ത് ആ അച്ഛനും മകനും മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ടേയിരുന്നു. പിന്നെയും പലവട്ടം ദേശീയ ചാമ്പ്യനായി. ഇപ്പോഴിതാ ദേശീയ ഗെയിംസില്‍ ആദ്യ സ്വര്‍ണവും സമ്മാനിച്ച് കേരളത്തിന്റെ അഭിമാനതാരവുമായി.

പുരുഷന്മാരുടെ ആര്‍ട്ടിസ്റ്റിക് സിംഗിള്‍ ഫ്രീ സ്‌കേറ്റിങ്ങിലായിരുന്നു അഭിജിത്തിന്റെ മെഡല്‍ നേട്ടം. 147 പോയിന്റാണ് നേടിയത്. ചൂടും കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും കാരണം കാലത്തെ ഫോം വൈകീട്ട് ആവര്‍ത്തിക്കാനായില്ലെങ്കിലും മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ട്. ഇനി ആര്‍ട്ടിസ്റ്റിക് സ്‌കേറ്റിങ് കപ്പിള്‍ ഡാന്‍സ് കൂടിയുണ്ട്. ആഞ്ജലീന ജോര്‍ജാണ് ജോഡി. ഇതിലും മെഡല്‍ പ്രതീക്ഷയുണ്ട്-അഭിജിത്ത് പറഞ്ഞു.അഭിജിത്തിന്റെയും അച്ഛന്റെയും അഭ്യര്‍ഥന അന്നേ ചെവിക്കൊള്ളേണ്ടതായിരുന്നു കേരളം. കാരണം മകന്റെ സ്വപ്നത്തിനുവേണ്ടി പൊന്നുംവിലയുള്ള ജോലി ഉപേക്ഷിച്ചയാളാണ് പത്തനംതിട്ട പ്രമാടത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ബിജു രാജന്‍. റോളര്‍ സ്‌കേറ്റിങ്ങിനോട് പണ്ടേയുണ്ടായിരുന്നു താത്പര്യം. മകന് മൂന്ന് വയസ്സുള്ളപ്പോള്‍ അവനെ സ്‌കേറ്റിങ് ഷൂസ് ധരിപ്പിച്ച് കളത്തിലിക്കി. അവന്‍ മെച്ചപ്പെടുന്നുവെന്ന് കണ്ടതോടെ ഹൈദരാബാദിലെ അനൂപ് കുമാറിന്റെ അടുത്ത് വിദഗ്ദ്ധ പരിശീലനത്തിന് വിട്ടു. അവിടെ നിന്നാണ് സാങ്കേതിക പാഠങ്ങള്‍ അഭിജിത്ത് പഠിച്ചെടുത്തത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായില്ല. മകന്‍ പ്രൊഫഷണലായി വളര്‍ന്നതോടെ അച്ഛന്‍ ജോലി ഉപേക്ഷിച്ചു. ഓസ്ട്രേലിയയില്‍ പോയി സ്‌കേറ്റിങ്ങിന്റെ കൂടുതല്‍ പാഠങ്ങള്‍ പഠിച്ച് മകന്റെ പരിശീലകനായി. സ്‌കേറ്റര്‍മാര്‍ക്കുവേണ്ടി നാട്ടില്‍ മകന്റെ ആദ്യ പരിശീലകന്‍ അനൂപ്കുമാര്‍ യാമയുടെ പേരില്‍ ഒരു അക്കാദമി തുടങ്ങി. ഇന്ന് സംസ്ഥാന ടീമിലെ ഒന്‍പത് പേരില്‍ എട്ടു പേരും പത്തനംതിട്ടയിലെ യാമ അക്കാദമിയിലെ അംഗങ്ങളാണ്. കേരളം ദേശീയ തലത്തില്‍ റോളര്‍ സ്‌കേറ്റിങ്ങില്‍ ഒന്നുമല്ലാതിരുന്ന ഒരു കാലമായിരുന്നു ഇത്. എന്നാല്‍, പ്രൊഫഷണല്‍ പാഠങ്ങളുമായി അഭിജിത്തും കൂട്ടരും ഇറങ്ങിയതോടെ കഥ മാറി.

2011 ലെ ദേശീയ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യ മെഡല്‍. വെള്ളി. 2015 ല്‍ ആദ്യമായി ഒരു അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. കൊളംബിയയില്‍. അന്ന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു 2016 ല്‍ ഇറ്റലിയില്‍ വച്ച് ആദ്യമായി അന്താരാഷ്ട്ര മെഡല്‍ സ്വന്തമാക്കി. വെള്ളി. അടുത്ത വര്‍ഷം ചൈനയിലം ഈ വെള്ളി നേട്ടം ആവര്‍ത്തിച്ചു. പിറ്റേ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കിടെ വീണ് പരിക്കേറ്റതോടെ മൂന്ന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പത്ത് ദിവസത്തിനകം നടന്ന ലോകചാമ്പ്യന്‍ഷിപ്പിലും വെങ്കലം തന്നെയായിരുന്നു സമ്പാദ്യം.

2019 ല്‍ ഇന്ത്യയ്ക്ക് ആദ്യമായി ഒരു സ്‌കേറ്റിങ് ലോക ജൂനിയര്‍ കിരീടം സമ്മാനിച്ചുകൊണ്ടായിരുന്നു അഭിജിത്തിന്റെ തിരിച്ചുവരവ്. ബാഴ്സലോണയിലായിരുന്നു മത്സരം. പക്ഷേ, പിറ്റേ വര്‍ഷം പരിക്ക് കാരണം മത്സരിക്കാനാവാതിരുന്നത് തിരിച്ചടിയായി. എന്നാല്‍, ഈ വര്‍ഷം തന്നെ രണ്ട് ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകളിലും ചാമ്പ്യനായി അഭിജിത്ത് തിരിച്ചുവരവ് അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഈ നേട്ടം ആവര്‍ത്തിച്ചു. അതിനുശേഷമുള്ള ഏഷ്യന്‍ ഗെയിംസിന്റെ തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍, ഗെയിംസ് മാറ്റിയത് വലിയ ക്ഷീണമായി. എന്നാല്‍, ആദ്യമായി പങ്കെടുക്കുന്ന ദേശീയ ഗെയിംസില്‍ തന്നെ മെഡല്‍ നേടി അഭിജിത്ത് ആ ക്ഷീണവും തീര്‍ത്തു.

എന്തായാലും അഭിജിത്തിന്റെയും അച്ഛന്റെയും കഠിനാധ്വാനത്തിനുനേരം മെഡല്‍ വെളിച്ചത്തില്‍ കേരളം കണ്ണ് തുറക്കുന്ന മട്ടുമുണ്ട്. അഹമ്മദാബാദിലുള്ള കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികള്‍ ഗസറ്റഡ് റാങ്കിലുള്ള ജോലിക്ക് ശുപാര്‍ശ ചെയ്യാമെന്നും അഞ്ച് ലക്ഷം രൂപ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഏതായാലും അഭിജിത്തിന്റെ ആത്മവിശ്വാസമേറ്റും. ഗെയിംസ് കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാല്‍ ഉടനെ അര്‍ജന്റീനയിലെ ബ്യൂണസ് ഏറീസിലേയ്ക്ക് വിമാനം കയറും. അവിടെ ആദ്യമായി സീനിയര്‍ തലത്തിലെ ലോകചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ ഒരുങ്ങുകയാണ്. മെഡല്‍ ഉറപ്പില്ല. പക്ഷേ, തന്റെ സാന്നിധ്യം അറിയിക്കാനാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് അഭിജിത്ത് പറയുന്നു.

Content Highlights: National Games 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented