കേരളം പിന്നോട്ടോടിയ ഗെയിംസ്; നഷ്ടപ്പെട്ട ആ മെഡലുകള്‍ക്ക് ആര് സമാധാനം പറയും


ബി.കെ രാജേഷ്‌

അഹമ്മദാബാദിലെ റിവർ ഫ്രണ്ടിൽ നടന്ന ദേശീയ ഗെയിംസിലെ 500 മീറ്റർ കയാക്ക് 4-ൽ സ്വർണത്തിലേക്ക് കുതിച്ചെത്തിയ കേരളത്തിന്റെ ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, ജി.പാർവതി, അലീന ബിജു എന്നിവർ | Photo: B.K Rajesh

അഹമ്മദാബാദ്: പരാജയമാണ് ഏറ്റവും വലിയ പാഠമെങ്കില്‍ ദേശീയ ഗെയിംസിനേക്കാള്‍ വലിയൊരു പാഠപുസ്തകം ഇനി കേരളത്തിന് കിട്ടാനില്ല. ഗുജറാത്ത് പോലെ കായികസംസ്‌കാരം ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത സംസ്ഥാനങ്ങള്‍ പോലും കുതിപ്പിന്റെ കണക്ക് നിരത്തി മേനി നടിക്കുമ്പോള്‍ കിതച്ച് തളര്‍ന്ന കഥയാണ് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന കഴിഞ്ഞ ഗെയിംസിലെ റണ്ണറപ്പുകളായ കേരളത്തിന് പറയാനുള്ളത്. ഗെയിംസിലെ താരം സാജന്‍ പ്രകാശും കുട്ടനാട്ടിലെ കുറച്ച് തുഴച്ചിലുകാരികളും ഇല്ലായിരുന്നെങ്കില്‍ പതിമൂന്നാം സ്ഥാനക്കാരായി മടങ്ങേണ്ടിവരുമായിരുന്നു ഇന്ത്യന്‍ കായികരംഗത്തിന്റെ ഈറ്റില്ലമെന്ന പഴംപുരാണം വിളമ്പുന്ന കേരളത്തിന്. ഏഴു കൊല്ലം കൊണ്ട് നഷ്ടപ്പെട്ടത് 108 മെഡലുകളാണ്.

23 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവും അടക്കം 54 മെഡലാണ് ഇത്തവണത്തെ സമ്പാദ്യം. സാജന്‍ പ്രകാശിന്റെ ഒറ്റയാള്‍ പ്രകടനം കണ്ട നീന്തല്‍ തന്നെ മുന്നില്‍. അഞ്ച് സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും അടക്കം പതിനൊന്ന് മെഡല്‍. കനോയിങ്ങാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വര്‍ണം. അത്ലറ്റിക്സില്‍ മൂന്ന് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും അടക്കം പതിനൊന്ന് മെഡല്‍. ജൂഡോ, റോളര്‍ സ്പോര്‍ട്സ്, വോല്‍ബോള്‍ എന്നിവയില്‍ രണ്ട് വീതം സ്വര്‍ണം.മുപ്പതാം വയസ്സിലും തന്റെ മികവ് ആവര്‍ത്തിക്കാനായ സാജന്‍ കഴിഞ്ഞാല്‍ ജൂഡോയില്‍ അശ്വതിയും അര്‍ജുനും ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം നേടിയതും തമ്മില്‍ത്തല്ല് കാരണം പങ്കാളിത്തം പോലും അനിശ്ചിത്വത്തിലായ നിലയില്‍ നിന്നാണ് കോടതിയുടെ കനിവിലൂടെ വന്ന വോളി ടീം ഇരട്ട സ്വര്‍ണവുമായി മടങ്ങിയതും മാത്രമാണ് കേരളത്തിന് ആശ്വാസം. മറ്റുള്ള മേഖലകളിലെല്ലാം വലിയ തിരിച്ചടിയാണ് ഇക്കുറി നേരിട്ടത്. നിരാശപ്പെടുത്തിയതില്‍ മുന്നില്‍ അത്ലറ്റിക്സ് തന്നെ. തുടര്‍ച്ചയായ മൂന്ന് വര്‍ഷം അത്ലറ്റിക്സിലെ ചാമ്പ്യന്മാരായിരുന്നു കേരളം. ഇക്കുറി സര്‍വീസസ് കേരളത്തെ ബഹുരം പിന്നിലാക്കി. യു.പി.യും തമിഴ്നാടും പോലും കേരളത്തിന്റെ മുന്നില്‍ക്കയറി

കഴിഞ്ഞ തവണ പതിമൂന്ന് സ്വര്‍ണമടക്കം 34 മെഡലുകളാണ് അത്ലറ്റിക് ട്രാക്കില്‍ നിന്ന് കേരളം നേടിയത്. ഇക്കുറിയാവട്ടെ മൂന്ന് സ്വര്‍ണമടക്കം പതിനൊന്ന് മെഡല്‍ മാത്രം. ഇതില്‍ തന്നെ രണ്ടെണ്ണം മാത്രമാണ് വ്യക്തിഗത സ്വര്‍ണം. നയന ജെയിംസിന്റെയും എന്‍.വി.ഷീനയുടെയും വക. ഇതാണ് മൊത്തം മെഡല്‍സമ്പാദ്യത്തില്‍ കേരളത്തിന് തിരിച്ചടിയായത്. കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് എം. ശ്രീശങ്കര്‍ അടക്കം പ്രതീക്ഷ വെച്ചുപുലര്‍ത്തിയവരെല്ലാം നിരാശപ്പെടുത്തി. പലര്‍ക്കും തങ്ങളുടെ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതുമില്ല. ഗെയിംസിനെ കേരളം ലാഘവത്തോടെയാണ് കണ്ടത് എന്നതിന്റെ തെളിവാണ് മെഡല്‍ ഉറപ്പായിരുന്ന മുന്‍നിര താരങ്ങളായ നിരാശ ജിസ്ന മാത്യു, പി.യു. ചിത്ര, അപര്‍ണ റോയ്, അനു. ആര്‍ തുടങ്ങിയവരുടെ വിട്ടുനില്‍ക്കല്‍.

സീസണിന്റെ അവസാനമായതിനാലാണ് ഈ വിട്ടുനില്‍ക്കലെന്നും പങ്കെടുത്തവരുടെ മോശം പ്രകടനമെന്നും പരിശീലകര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇതേ ഓഫ് സീസണിലാണ് രാം ബാബു ദേശീയ റെക്കോഡും അംലാന്‍ ബോര്‍ഹാനും ജ്യോതി രാജിയുമെല്ലാം മീറ്റ് റെക്കോഡുകളും തിരുത്തിയെഴുതിയതെന്ന് മറന്നു. 100, 200, 400, 800, 1500 മീറ്റര്‍ ഓട്ടങ്ങളുടെയൊന്നും ഫൈനലിലെത്താനും കേരള താരങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് നമ്മുടെ അത്ലറ്റിക്സ് എവിടെ നില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. ഈയിനങ്ങളിലെ പല ദേശീയ, മീറ്റ് റെക്കോഡുകളും ഇപ്പോഴും മലയാളികളുടെ പേരിലാണ് എന്നതാണ് വിചിത്രം.

സൈക്ലിങ്, ഷൂട്ടിങ് എന്നിവയില്‍ ഒരൊറ്റ മെഡല്‍ പോലും നേടാന്‍ കേരളത്തിന് കഴിഞ്ഞില്ല. റോയിങ്ങിലും കനോയിങ്ങിലും മെഡലുണ്ടെങ്കിലും അവിടെയും കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാനായില്ല. വനിതകള്‍ മികവ് പുലര്‍ത്തിയപ്പോള്‍ പുരുഷന്മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു വെളളി നേടിത്തന്നെങ്കിലും കലാശക്കളിയില്‍ ഫുട്ബോള്‍ ടീമിന്റെ പ്രകടനവും നാണക്കേടായി. മടക്കമില്ലാത്ത അഞ്ചു ഗോളിനാണ് അത്രയൊന്നും കേമത്തരം അവകാശപ്പെടാനില്ലാത്ത ബംഗാളിനോട് തോറ്റത്.

മെഡല്‍നഷ്ടത്തിന്റെ കാരണം തേടുമ്പോള്‍ ഒരുക്കങ്ങളുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തന്നെയാണ് താരങ്ങളും പരിശീലകരും ഒരുപോലെ ന്യായമായി നിരത്തുന്നത്. രണ്ടോ മൂന്നോ ആഴ്ച മാത്രം നീണ്ടുനിന്ന ക്യാമ്പുകളുടെ ബലത്തിലാണ് ഭൂരിഭാഗം ടീമുകളും എത്തിയത്. കഴിഞ്ഞ ദേശീയ ഗെയിംസിന് വാങ്ങിയ ബോട്ടുകള്‍ ഒരാഴ്ച മുന്‍പ് മാത്രമാണ് കനോ, കയാക്ക് ടീമുകള്‍ക്ക് പരിശീലനത്തിന് നല്‍കിയത്. ഇതുവരെ പരിശീലനം നടത്താത്ത വലിയ ബോട്ടില്‍ മത്സരിച്ച് ആടിയുലഞ്ഞാണ് മേഘ പ്രദീപ് കനോയില്‍ സ്വര്‍ണം നേടിയത്. മത്സരിക്കേണ്ട സ്ലാലം ബോട്ടില്‍ പരിശീലിക്കാതെയാണ് ഗോപിക ജോഷിയെന്ന തുഴച്ചിലുകാരി ഗുജറാത്തിലെത്തിയത്. ഗുജറാത്തും ബിഹാറും ഒഡിഷയും ബംഗാളുമെല്ലാം വിദേശ പരിശീലകരെ കൊണ്ടുവന്ന് ടീമിനെ ഒരുക്കിയപ്പോള്‍ പുലര്‍ച്ചെ യാത്ര കഴിഞ്ഞെത്തി കാലത്ത് കളിക്കാനിറങ്ങേണ്ടിവന്നവരാണ് റഗ്ബി ടീം. ഗുജറാത്ത് ടീമിന് സ്വന്തമായി രണ്ട് ഗ്രൗണ്ട് നല്‍കിയപ്പോള്‍ പട്ടിശല്ല്യം ഭയന്ന് കടപ്പുറത്ത് പരിശീലനം നടത്തേണ്ടിവന്നതിന്റെ ദയനീയകഥയുമുണ്ട് കേരള താരങ്ങള്‍ക്ക് പറയാന്‍. എന്നിട്ടും ലീഗ് റൗണ്ടില്‍ ഒരു കളി അവര്‍ ജയിച്ചു.

നീന്തലില്‍ മെഡല്‍ പെരുമ പറയുന്നുണ്ടെങ്കിലും സാജനല്ലാതെ മറ്റൊരു താരമുണ്ടായില്ല. വെങ്കലം നേടിയ അനൂപ് അഗസ്റ്റിന്‍ അല്ലാതെ ഏറെപ്പേര്‍ക്കൊന്നും ഫൈനലില്‍ പോലും പ്രവേശിക്കാനായില്ല. ഗുജറാത്ത്, ഹരിയാണ, യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ കോടികള്‍ വാരിയെറിഞ്ഞ് വലിയ ഒരുക്കങ്ങള്‍ നടത്തി ഗെയിംസിനെത്തി നേട്ടങ്ങള്‍ കൊയ്യുമ്പോഴാണ് കേരളം പതിവ് ഇല്ലായ്മക്കഥകള്‍ നിരത്തുന്നത് എന്നതാണ് ശ്രദ്ധേയം.

Content Highlights: kerala s poor performance in national games 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented