തുഴയൊടിഞ്ഞു; കേരളത്തിന്റെ സ്വര്‍ണം സബര്‍മതിയില്‍ മുങ്ങി


അഹമ്മദാബാദില്‍ നിന്ന് ബി.കെ.രാജേഷ്‌

വനിതാ റോവിങ് മത്സരത്തിൽ നിന്ന്‌ | Photo: twitter.com/Nat_Games_Guj

അഹമ്മദാബാദ്: സബര്‍മതിയുടെ ആഴങ്ങളില്‍ ഒടിഞ്ഞുവീണ് ആണ്ടു മറഞ്ഞത് ഒരു തുഴ മാത്രല്ല. കേരളത്തിന്റെ ഉറച്ച സ്വര്‍ണസ്വപ്നം കൂടിയാണ്. അങ്ങനെ കേരളത്തിന് മറക്കാന്‍ ആഗ്രഹിക്കുന്ന തീരാമുറിവായി മാറി ദേശീയ ഗെയിംസില്‍ വനിതകളുടെ ക്വാഡ്രാപ്പിള്‍ സ്‌കള്‍സ് റോവിങ് ഫൈനല്‍.

വിജിനമോളും എം.എം. അവനിയും അശ്വിനി കുമാരനും ടി.കെ.അനുപമയും അടങ്ങുന്ന ടീം സബര്‍മതിയുടെ ജലസമൃദ്ധി കീറിമുറിച്ച് ആവേശത്തോടെ മുന്നേറുമ്പോഴാണ് അശ്വിനി കുമാരന്റെ ഇടത്തെ തുഴ ഒടിഞ്ഞ് നദിയുടെ ആഴങ്ങളിലേയ്ക്ക് ആണ്ടുപോയത്. തുഴ ഒടിഞ്ഞതോടെ പെഡല്‍ ചെയ്യാനാവാതെ ടീമിന്റെ ഗതിവേഗം തെറ്റി. ഈ സമയം കേരളം ഇരുന്നൂറ് മീറ്റര്‍ തുഴഞ്ഞുകഴിഞ്ഞിരുന്നു. അതും ഏതാണ്ട് മുക്കാല്‍ വള്ളപ്പാടിന്റെ ഒന്നാന്തരം ലീഡോടെ. തുഴ ഒടിഞ്ഞ ഉടനെ അശ്വിനി നിയമപ്രകാരം കൈകള്‍ ഉയര്‍ത്തി മത്സരം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അമ്പയര്‍ കണ്ടഭാവം നടിക്കാതെ മത്സരം തുടരാന്‍ സിഗ്നല്‍ കാട്ടി. കേരളം പാതിവഴി തുഴയില്ലാതെ അന്തംവിട്ടു നില്‍ക്കുമ്പോള്‍ മറ്റ് മൂന്ന് ടീമുകളും ഫിനിഷ് ചെയ്യുകയും ചെയ്തു. സ്റ്റാര്‍ട്ട് മുതല്‍ കേരളത്തിന് ഏറെ പിറകിലായിരുന്ന മധ്യപ്രദേശ് സ്വര്‍ണവും ഹരിയാണ വെള്ളിയും ഒഡിഷ വെങ്കലവും നേടി. ചങ്കുതകര്‍ന്ന് കരഞ്ഞുകൊണ്ടാണ് കേരള ടീം ഒന്നടങ്കം ഫിനിഷിന് സാക്ഷ്യം വഹിച്ചത്. കോക്സ്ഡ് എയ്റ്റിലെ വിജയത്തിന്റെ സന്തോഷം പോലും ഈ സങ്കടത്തില്‍ അലിഞ്ഞുപോയി.മത്സരം നിര്‍ത്തിവയ്ക്കാത്ത അമ്പയറുടെ തീരുമാനത്തിനെതിരേ കേരളം പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ടൂര്‍ണമെന്റ് കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും അതും തള്ളിക്കളയുകയാണുണ്ടായത്.

തുഴ ഒടിഞ്ഞപ്പോള്‍ ശരിക്കും ചങ്കു തകര്‍ന്നുപോയെന്ന് അശ്വിനി പറഞ്ഞു. ''ആദ്യം പകച്ചുപോയി. എന്തു ചെയ്യണമെന്ന് അറിഞ്ഞില്ല. സങ്കടം സഹിക്കാനായില്ല. കൈ ഉയര്‍ത്തിയെങ്കിലും അവര്‍ മത്സരം നിര്‍ത്തിയില്ല. ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. പുഴയുടെ നടുക്ക് വെയിലത്തിരുന്ന് ഞങ്ങള്‍ ഉറക്കെ കരയുകയായിരുന്നു. തുഴയുടെ ഒടിഞ്ഞ ഭാഗം പുഴയുടെ അടിത്തട്ടിലേയ്ക്ക് താണുപോകുന്നത് നോക്കി ഞങ്ങള്‍ കരഞ്ഞുകൊണ്ടാണ് തിരിച്ച് കരയിലേയ്ക്ക് തുഴഞ്ഞത്. ശരിക്കും ജയിക്കുമെന്ന് ഉറപ്പിച്ച മത്സരമായിരുന്നു ഇത്''-വിങ്ങല്‍ അടക്കാന്‍ പാടുപെട്ട് അശ്വിനി പറഞ്ഞൊപ്പിച്ചു.

Content Highlights: national games 2022, national games, rowing, kerala rowning team, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented