39 തികയുന്നതിലല്ല, 50 തികയാത്തതിലാണ് റിച്ചയുടെ ദു:ഖം


ബി.കെ.രാജേഷ്

റിച്ച മിശ്ര | Photo: B.K Rajesh

39 തികയുന്നതിലല്ല, 50 തികയാത്തതിലാണ് റിച്ചയുടെ ദു:ഖം. 39-ാം വയസ്സില്‍ ആറാം ദേശീയ ഗെയിംസില്‍ മാറ്റുരയ്ക്കാനെത്തുമ്പോള്‍ ഒരൊറ്റ സ്വപ്നമേ റിച്ച മിശ്ര എന്ന മധ്യപ്രദേശുകാരിക്ക് ഉണ്ടായിരുന്നുള്ളൂ. ഗെയിംസിലെ മെഡല്‍ സമ്പാദ്യത്തില്‍ അര സെഞ്ചുറി തികയ്ക്കണം. അഞ്ച് ഗെയിംസില്‍ നിന്നായി 48 മെഡലായിരുന്നു റിച്ചയ്ക്കുണ്ടായിരുന്നത്. ഇത്തവണത്തെ അവസാന മത്സരമായ 200 മീറ്റര്‍ മെഡ്ലെ കഴിഞ്ഞ് കയറുമ്പോള്‍ ഈ സങ്കടമാണ് റിച്ചയ്ക്ക് ബാക്കിയായത്. അമ്പത് മെഡല്‍ എന്ന ചരിത്രനേട്ടം തികയ്ക്കാന്‍ ഒരൊറ്റ മെഡലിന്റെ കുറവ്. ഇക്കുറി ഒരൊറ്റ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു മെഡല്‍വേട്ടയില്‍ റെക്കോഡിട്ട റിച്ചയ്ക്ക്. 400 മീറ്റര്‍ മെഡ്ലെയിലായിരുന്നു വെള്ളിനേട്ടം. 200 മീറ്റര്‍ മെഡ്ലെയിലും മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തന്നേക്കാള്‍ ഇരുപരുപതും ഇരുപത്തിരണ്ടും വയസ്സിന് ഇളപ്പമുള്ളവരോട് മത്സരിച്ച് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.

വിജയികള്‍ക്കുള്ള സമ്മാനമായ വീഡിയോകോണ്‍ വാഷിങ് മെഷീന്‍ കിട്ടിയാല്‍ അമ്മയ്ക്ക് ഉപകാരമാകുമെന്ന് കരുതി 1997 ബെംഗളൂരുവിലായിരുന്നു ദേശീയ ഗെയിംസിലെ റിച്ചയുടെ അരങ്ങേറ്റം, ചേച്ചിക്ക് പകരം റിലേ ടീമില്‍. വെങ്കലമായിരുന്നു ആദ്യനേട്ടം. പിന്നീട് മെഡല്‍ നേട്ടം ലഹരിയായി. പ്രായം മറന്നും പൊരുതിക്കൊണ്ടിരുന്നു. അതിശൈത്യം കാരണം 1999-ലെ ഇംഫാല്‍ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. 2001 ലുധിയാന ഗെയിംസില്‍ നീന്തല്‍ ഉണ്ടായതുമില്ല. പിന്നീട് 2002-ല്‍ ഹൈദരാബാദില്‍ തിരിച്ചെത്തി. പിന്നെ മുടങ്ങിയതുമില്ല. അന്ന് ആറ് സ്വര്‍ണം, 2007 അസമില്‍ എട്ട്, 2011 ജാര്‍ഖണ്ഡില്‍ 11, 2015-ല്‍ തിരുവനന്തപുരത്ത് നാലും സ്വര്‍ണം. ഗെയിംസുകളില്‍ മെഡല്‍ വാരുക മാത്രമല്ല, മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു ഈ ഗെയിംസിലൊക്കെ റിച്ച.

അടുത്ത ഗെയിംസില്‍ അമ്പത് തികയ്ക്കുമെന്ന് ഉറപ്പിച്ചു നില്‍ക്കുമ്പോഴാണ് ഗെയിംസ് തന്നെ അനിശ്ചിതത്വത്തിലായത്. കോവിഡ് കൂടി രംഗപ്രവേശം ചെയ്തതോടെ ഏഴു വര്‍ഷം ഒഴുകിപ്പോയി. റിച്ചയ്ക്ക് 39 വയസ്സുമായി. എന്നിട്ടും തളര്‍ന്നില്ല. ഒപ്പം മത്സരിച്ചവര്‍ ഏറെയും കുടുംബിനികളോ പരിശീലകരോ ആയി കളം വിട്ടിട്ടും താന്‍ മത്സരിക്കുമ്പോള്‍ ജനിക്കുക കൂടി ചെയ്യാത്തവര്‍ക്കൊപ്പം അരക്കൈ നോക്കാന്‍ തന്നെ ചങ്കൂറ്റത്തോടെ ഇറങ്ങി റിച്ച.

അഞ്ചാം വയസ്സില്‍ അച്ഛന്‍ പിടിച്ചിട്ടതാണ് റിച്ചയെ നീന്തല്‍ക്കുളത്തില്‍. ചേച്ചി ചാരുവന് ലഭിച്ച ഇരുന്നൂറ് രൂപ പ്രൈസ്മണി പ്രചോദനമായതോടെ മുഴുവന്‍സമയ നീന്തല്‍ക്കാരിയായി. ചെറിയ ജോലി കൊണ്ട് മൂന്ന് പെണ്‍മക്കളെ പോറ്റാന്‍ പാടുപെടുന്ന കാലത്ത് താങ്ങാവുന്നതായിരുന്നില്ല പരിശീലനച്ചെലവ്. എന്നിട്ടും അച്ഛന്‍ മകളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. അവള്‍ കഷ്ടപ്പാടിന്റെ കുത്തൊഴുക്കുകള്‍ക്കെതിരേ നീന്തിക്കയറി. ഓരോ തവണയും ഓരോ മെഡലുമായി. ചേച്ചിക്കും അനിയത്തിക്കും സി.ആര്‍.പി.എഫില്‍ ജോലി ലഭിച്ചതോടെയാണ് കാര്യങ്ങള്‍ പേരിനെങ്കിലും മാറിയത്. പിന്നീടുള്ള രണ്ടു പതിറ്റാണ്ടുകാലത്തെ കഥ വീട്ടിലെ ചില്ലലമാര നിറഞ്ഞ സ്വര്‍ണ, വെള്ളി, വെങ്കല മെഡലുകള്‍ പറയും. ഒപ്പം നീന്തിയിരുന്നവരൊക്കെ കുടുംബിനികളായി കരയ്ക്കുകയറി. താന്‍ ആദ്യമായി കുളത്തിലിറങ്ങുമ്പോള്‍ ജനിക്കുക പോലും ചെയ്യാത്തവര്‍ കളമടക്കി വാഴാന്‍ എത്തുകയും ചെയ്തു. റിച്ച അവരോടും മത്സരിച്ചുകൊണ്ടിരുന്നു. മെഡല്‍ വാരുകയും ചെയ്തു. ഇക്കഴിഞ്ഞ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 39-ാം വയസ്സില്‍ റിച്ച സ്വര്‍ണമണിഞ്ഞത് 19-കാരി ശ്രുംഗി ഭണ്ഡേക്കറെ തോല്‍പിച്ചാണ്.

അമ്പത് മെഡല്‍ തികയ്ക്കാനാവാത്തതില്‍ തീരാത്ത സങ്കടമുണ്ട്. എങ്കിലും വെറും കൈയോടെയല്ലല്ലോ ഞാന്‍ മടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഗെയിസ് വീണ്ടും നടക്കുകയാണെങ്കില്‍ ഞാന്‍ ഒരങ്കത്തിന് കൂടി ഇറങ്ങും. മെഡല്‍ നേടുമെന്ന ആത്മവിശ്വാസവുമുണ്ട്. ''ഇക്കുറി അമ്പത് മെഡല്‍ തികയ്ക്കാത്തതിന് ഞാന്‍ തന്നെയാണ് കാരണം. ഈ ഗെയിംസിന് വേണ്ടത്ര പരിശീലനം നടത്താന്‍ കഴിഞ്ഞില്ല. പോരാത്തതിന് തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഒരു പരിശീലകനുമുണ്ടായില്ല. മുപ്പത്ത് വയസ്സായി എന്ന ചിന്തയൊന്നും എനിക്കില്ല. പ്രായം ഒരു യാഥാര്‍ഥ്യമാണല്ലോ. അത് നമുക്ക് പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. ഇപ്പോഴും മത്സരിക്കാനുള്ള ആരോഗ്യമുണ്ട്. മനസ്സുമുണ്ട്. പരിശീലനം മുടക്കാറുമില്ല. അതുകൊണ്ടു തന്നെ വിരമിക്കലിനെ കുറിച്ച് ഒരിക്കല്‍പ്പോലും ചിന്തിക്കുന്നില്ല. മത്സരിക്കാന്‍ മനസ് പറയുമ്പോള്‍ ഞാന്‍ എന്തിന് വിരമിക്കണം. ഇനി അടുത്ത ദേശീയ ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ഒരുങ്ങണം. ഇത്തവണത്തെ നഷ്ടം ഇവിടെ തന്നെ മറക്കും. ഉടനെ തിരിച്ചുവരികയും ചെയ്യും. ഇനിയും ഒരു പത്ത് വര്‍ഷമെങ്കിലും മത്സരിക്കാമെന്ന ആത്മവിശ്വാസമുണ്ട്''. - റിച്ച മത്സരശേഷം പറഞ്ഞു.

Content Highlights: At 39 Richa Mishra is still having a splash in the pool


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented