'ചൊമല'പതാകയ്ക്ക് കീഴെയിരുന്ന് ബൊളീവിയൻ ഡയറിയെക്കുറിച്ച് ചർച്ച ചെയ്യാമെന്നാണയിട്ട നീ ഇപ്പോഴെവിടെയാണ്?


സാബി മുഗുRepresentative Image| Photo: Gettyimages.in

"അവരെന്താണ് പുലമ്പുന്നത്?
ദുർഗന്ധം വമിക്കുന്ന മൗനം
താഴ്ന്നിറങ്ങുന്നു.
മറവു ചെയ്യാനൊരുക്കിയ
ഒരു ശവശരീരത്തിന്റെ കൂടെയാണ് നമ്മൾ.
രാപ്പാടികളെ കൈയിലേന്തി,
തെളിഞ്ഞ രൂപത്തോടെയത്
അന്തർധാനം ചെയ്യുന്നു.
എണ്ണമറ്റ രന്ധ്രങ്ങളാൽ
പ്രഹേളികയായ നാമതിനെ കാണുന്നു"

ഫെഡറികോ ഗാർഷ്യാ ലോർക്ക
(ദ ബോഡി ലെയ്ഡ് ഔട്ട്)

വായിച്ചു, വീണ്ടും വീണ്ടും വായിച്ചു. വായിച്ചു കൊണ്ടേയിരുന്നു. വരികൾ കാണാപ്പാഠമാകുന്നത് വരെ കുത്തിയിരുന്ന്, മനസ്സ് തളരും വരെ ഉച്ചത്തിൽ വായിച്ചു. എവിടെയൊക്കെയോ മനസ്സിനാഴങ്ങളില്‍ ആരൊക്കെയോ കൊത്തി വലിക്കണ പോലെ തോന്നി.

ചിന്തകളിൽ എവിടെയോ, ഏതോ കോണിൽ കുഴിച്ചിട്ട പല ഓർമ്മകളും ചില നേരങ്ങളിൽ തികട്ടി തൊണ്ടക്കുഴി വരെയെത്തി തിരിച്ചുപോകുന്ന നിമിഷങ്ങളുണ്ടാകാറില്ലേ? പിന്നീടങ്ങോട്ട് അസ്വസ്ഥതകൾ മാത്രമുള്ള നിമിഷങ്ങൾ ഞാൻ ഇപ്പോൾ ആ ഒരവസ്ഥയിൽ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നത്. എന്തിനെന്ന് പോലുമറിയാതെ വെറുതെ ഫോണെടുത്ത് ഇടക്കിടെ നോക്കുന്നുണ്ട്. വെറും വെറുതെയാണെന്നറിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ കയറി സ്ക്രോൾ ചെയ്ത് പോകാറുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വരുന്ന നിമിഷങ്ങളിൽ അത്രമേൽ പ്രിയപ്പെട്ടവരെക്കുറിച്ച് ഓർക്കണം. രസകരമാണ്.

ഇതൊക്കെ ഇപ്പോൾ പറയുന്നത് എന്തിനെന്നായിരിക്കും നിങ്ങളുടെ ചോദ്യം. ഒന്നുമില്ല, വെറുതെ ഞാൻ അഭിയെക്കുറിച്ചോർത്തു. ഫെഡറിക്കോയെ വായിക്കുമ്പോൾ പലപ്പോഴും അഭിയാണ് മനസ്സിലേക്ക് ഓടിയെത്താറ്. രണ്ടറ്റത്തായി പരസ്പരം താങ്ങായി നിന്നൊടുവിലൊരു പ്രഭാതത്തിലെങ്ങോ പറന്നവൻ.

അഭീ...

നമ്മുടെ ഓർമ്മകളെ മറവു ചെയ്യും മുമ്പ് നമ്മൾ സംസാരിച്ചതെന്തായിരുന്നു? നിന്റെ പരീക്ഷാ കാലത്തെക്കുറിച്ചായിരുന്നുവെന്ന് ഇപ്പോൾ ഞാൻ വ്യക്തമായി ഓർക്കുന്നു. പരീക്ഷ കഴിഞ്ഞതിന്റെ രണ്ടാം വാരത്തിൽ നേരിട്ട് കണാമെന്നും ഇഷ്ട നിറത്തിലുള്ള ചൊമലക്കുപ്പായമിട്ട് ആലപ്പുഴയിലെ കായൽ കൈവരികളിലെ ചൊമലപ്പതാകയുടെ കീഴിലെ നാലുകെട്ടിൽ വാത്തകളെ നോക്കിയിരുന്ന് ബൊളീവിയൻ ഡയറിയെക്കുറിച്ച് നമുക്ക് സംസാരിക്കാം എന്നായിരുന്നില്ലെ അന്ന് നീ പറഞ്ഞത്. ഗറില്ലാ യുദ്ധവീരന്‍മാരുടെയും യാതനകളുടെയും ദുരിതങ്ങളുടെയും കഥ പറയാനും ഘോര ഘോരം ചർച്ചിക്കാനും ചൊമലപ്പതാകക്ക് കീഴെയുള്ള ആ നാലുകെട്ടിലിരിക്കെ തന്നെ വേണമെന്ന് പറഞ്ഞത് നീയാണ്. ചായപ്പീടികയിലെ ആൾക്കൂട്ടത്തിലിരുന്ന് നീ രാജ്യ കാര്യങ്ങൾ താൽപര്യപൂർവം ചർച്ചിക്കുമ്പോൾ പലപ്പോഴും രസകരമായിത്തോന്നിയിട്ടുണ്ട്. ദേഷ്യം പിടിച്ചെടുത്തു ചാടുമ്പോൾ 'വിപ്ലവം ജയിക്കട്ടെ' എന്ന് തമാശപൂർവം സന്ദേശമയച്ച് ചിരിപ്പിക്കുന്നതെത്ര തന്ത്രപരമായിരുന്നു.

ഹൈദരാബാദ് കാലത്തായിരുന്നു അഭിയെ പരിചയപ്പെടുന്നത്.വയറു വീർത്ത് ഗർഭം പേറിയ ഉള്ളിച്ചാക്കുകൾ നിറഞ്ഞ ഹൈദരാബാദിലെ മാതാപുരിലെ ഞായാറാഴ്ച ചന്തയ്ക്കിടെയായിരുന്നു ആദ്യം സംസാരിക്കുന്നത്. ഉള്ളിച്ചാക്കിന്റെ മറപറ്റി ചെത്തി ഒതുക്കി വെച്ച കരിമ്പുകൾ മെഷീനിലൂടെ പിഴിഞ്ഞെടുക്കുന്ന ബയ്യയുടെ അടുത്ത് നിന്ന് ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിച്ചു കൊണ്ടായിരുന്നു അന്ന് നിനക്ക് ഞാൻ മറു സന്ദേശമയച്ചതും.

:എവ്ടാ?
:ഹൈദ്രാബാദ്.
:എന്നാ ചെയ്യാ?
:ഇങ്ങനെ...
:ങ്ങനേ...
:മ്.
:സുഖാന്നാ?

കൂറ്റനമറലോടെ വാ പൊളിച്ചു നിൽക്കുന്ന യന്ത്രത്തിന്റെ തൊണ്ടക്കുഴിയിലോട്ട് തള്ളിക്കൊടുക്കുന്ന കരിമ്പിൻ തണ്ടുകൾ ഒടുവിലൊരു ചണ്ടിയായി പുറത്തേക്കെത്തുമ്പോൾ മധുരം, ചണ്ടി എന്നിങ്ങനെ വേർതിരിഞ്ഞു വരുന്നത് കണ്ടു നിൽക്കുന്നതിനിടയിലാണ് നിന്റെ അടുത്ത സന്ദേശം വരുന്നത്. പിന്നീടെപ്പോഴോ സൗഹൃദത്തിലായി. പരസ്പരം എല്ലാകാര്യങ്ങളിലും താങ്ങായി നിന്ന സൗഹൃദം. ഒരിക്കലും കണ്ടിട്ടില്ലെങ്കിൽ പോലും വർഷങ്ങളോളം സംസാരിച്ചു. പല ഘട്ടത്തിലും ആശ്വാസമാകുന്ന വാക്കുകളായി, പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന് പഠിപ്പിച്ചു തന്നു.

കാലം കടന്നു പോയി. ഞായാറാഴ്ച ചന്തയിൽ ആളുകൾ കൂടിക്കൂടി വന്നു. ചുണ്ട് ചുമപ്പിച്ച് വാ നിറയെ മുറുക്കാനിട്ട് ഇരിപ്പിടത്തിന്റെ പിന്നിലേക്ക് നീട്ടിത്തുപ്പുന്ന ചേച്ചിയും ഏലക്കയിട്ട് ചായയുണ്ടാക്കി ചന്തയിലെ ഓരോ കടകൾ തോറും കയറിയിറങ്ങുന്ന ചേട്ടനും തമ്മിലുള്ള കലഹം പതിവുമുടങ്ങാതെ നടന്നു കൊണ്ടിരുന്നു. പത്തു രൂപയ്ക്ക് ചിക്കൻ പൊരിച്ചതിന്റെ കഷ്ണങ്ങളും കറിച്ചട്ടികളും അടുക്കളക്കോപ്പുകളും വിൽപ്പന തകൃതിയിൽ നടന്നു കൊണ്ടിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ..... ജനുവരി,ഫെബ്രുവരി, മാർച്ച്..... അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു.

എന്നാൽ ബൊളീവിയൻ ഡയറിയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരം ഒരിക്കൽ പോലും നമുക്കുണ്ടായില്ല. നമുക്കിടയിലെ ഏതോ ഗറില്ലാ യുദ്ധത്തിൽ വെച്ച് നമ്മുടെ സംസാരങ്ങൾ നിലച്ചിരുന്നു. ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധത്തിൽ വിപ്ലവം കെട്ടടങ്ങിയിരുന്നു. ചായപ്പീടികയിലെ രാജ്യാന്തര ചർച്ചകൾ, വാത്തകളുടെ നടപ്പ്, ചൊമലപ്പതാകക്ക് കീഴിലെ സംസാരങ്ങൾ... ഒക്കെ വെറും ഒരു മരീചിക പോൽ കൺമുന്നിൽ ഇടക്കിടെ തെളിയാറുണ്ട്. അപ്പോഴൊക്കെ സിൽവിയാ പ്ലാത്തിനെ എടുത്ത് മറിക്കും.

“Stars open among the lilies.
Are you not blinded by such expressionless sirens?
This is the silence of astounded souls."


ചില ബന്ധങ്ങൾ അങ്ങനെയാണ്. രക്തബന്ധത്തിനപ്പുറം അവ സഞ്ചരിക്കും. ഈ ലോകത്ത് വിലമതിക്കപ്പെടാനാവാത്ത ബന്ധങ്ങളിലൊന്നാണ് സൗഹൃദമത്രേ. എന്നാൽ അത് എത്രകാലത്തേക്ക് എന്ന് മാത്രം ചോദിക്കരുത്. ഒരു കാലം കഴിഞ്ഞാൽ പിന്നെ അതിൽ പ്രസക്തിയില്ല എന്നതാണ് എന്റെ വ്യക്തിപരമായ പക്ഷം. അപ്രതീക്ഷിതമായിട്ടായിരിക്കും ചിലർ ജീവിതത്തിലേക്ക് കടന്നുവരിക. ജീവിതത്തിന്റെ നല്ലൊരു ഭാഗവും അവരെ ആശ്രയിച്ചു കഴിയുമ്പോൾ, എന്തിനെന്ന് പോലുമറിയാതെ ഒരൊറ്റ ഇറങ്ങിപ്പോക്കും ഉണ്ടാകും. അത് പ്രണയമായാലും സൌഹൃദമായാലും അങ്ങനെത്തന്നെയാണ്.

എസ്.എസ്.എൽ.സി. കാലത്ത്, എവിടെ പോയാലും സൗഹൃദം തുടരുമെന്ന് പറഞ്ഞു പോയ എത്ര പേരാണ് ഇന്ന് നമ്മുടെ ലിസ്റ്റിലുള്ളത്. വെറുമൊരു പ്രഹേളിക മാത്രമായി മാറുന്ന എത്രയെത്ര ബന്ധങ്ങളാണ്. പ്രസന്റിൽ ജീവിക്കുന്ന നമുക്ക് പാസ്റ്റിലുള്ളവരോട് അതിന് മാത്രം പ്രതിബദ്ധതയുണ്ടോ?

ഞാൻ പലപ്പോഴും എന്നോട് തന്നെ ചോദിക്കാറുണ്ട്, എന്താണ് ഇപ്പോഴും അഭിയെക്കുറിച്ച് ഓർക്കാൻ കാരണം എന്ന്. One Hundred Years of Solitudeൽ Gabriel García Márquez പറഞ്ഞത് പോലെ “There is always something left to love” എന്നത് പോലെ സൌഹൃദത്തിലും ചില നല്ല ഓർമ്മകൾ ചിലർ ബാക്കിയാക്കി പോകാറുണ്ട്. ഇടക്കിടെ ചികഞ്ഞെടുക്കുമ്പോൾ ഓർത്ത് ചിരിക്കാൻ, കരയാൻ, നിർവ്വികാരതയോടെ നോക്കി നിൽക്കാൻ. നമ്മൾ ആരായിരുന്നു എന്ന് ചിന്തിപ്പിക്കാൻ. എല്ലാം കഴിഞ്ഞൊടുവിലൊരുപിടി ചാരമായ് മാറുമ്പോൾ ആരെയെങ്കിലുമോർമ്മപ്പെടുത്തി ഈറനണിയിക്കാൻ.

Content Highlights: national friendship day 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented