പ്രതീകാത്മക ചിത്രം | Photo : Reuters
'ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ആന്‍ഡി ജയിലില്‍ നിന്ന് രക്ഷപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം റെഡിന് പരോള്‍ ലഭിക്കുന്നു. ആന്‍ഡി എഴുതിവെച്ച കത്തിലെ വാചകങ്ങള്‍ ഓര്‍ത്തെടുത്തുകൊണ്ട് റെഡ് നേരെ മെക്സിക്കോയിലേക്കാണ് പോകുന്നത്. തന്റെ സുഹൃത്തിനെ കാണാനാകുമെന്ന പ്രതീക്ഷയില്‍. ഒടുവില്‍ സിഹുവാറ്റനേജോയിലെ ഒരു കടല്‍ത്തീരത്ത് അയാള്‍ ആന്‍ഡിയെ കണ്ടെത്തുന്നു. ഇരുവരും ചിരിച്ചുകൊണ്ട് കെട്ടിപ്പുണരുന്നു'- ഷോഷാങ്ക് റിഡംപ്ഷന് എന്ന സിനിമ അവസാനിക്കുന്നതിങ്ങനെയാണ്.
പരോള്‍ ലംഘിച്ച് അതിര്‍ത്തികള്‍ കടക്കുമ്പോഴും റെഡിന് തന്റെ കൂട്ടുകാരനെ കണ്ടെത്താനാകുമോ എന്നതിന് യാതൊരു ഉറപ്പുമില്ല. ഷോഷാങ്ക് സ്റ്റേറ്റ്സ് പ്രിസണിലെ മതില്‍ക്കെട്ടിന് പുറത്തെ ജീവിതവുമായി അയാള്‍ക്ക് പൊരുത്തപ്പെടാനാകുമോ എന്ന് നിശ്ചയവുമില്ല. തന്റെ സ്വപ്നങ്ങളിലുളളതുപോലെയുളള നീലനിറമായിരിക്കും പസഫിക്കിന് എന്ന പ്രത്യാശയോടെ അയാള്‍ കൂട്ടുകാരനെ തേടി യാത്ര ചെയ്യുകയാണ്. കാലങ്ങള്‍ക്കും ദേശങ്ങള്ക്കുമപ്പുറവും ആ സൗഹൃദത്തിന് പരിക്കുകളേതുമില്ല. അയാള്‍ തന്റെ സുഹൃത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു.
നമ്മളിലെത്രപേര്‍ക്ക് അങ്ങനെ തിരിഞ്ഞുനടക്കാനാകും ? ആ പഴയ സുഹൃത്തിലേക്ക്, ഔപചാരികതകളേതുമില്ലാതെ. എത്ര നേരം അവരോട് മടുപ്പില്ലാതെ മിണ്ടിയിരിക്കാനാകും. അവരെ ഓര്‍ക്കുന്നുണ്ടോ പഴയതുപോലെ. അംഗണവാടി തൊട്ട് സ്കൂള്‍ കാലം അവസാനിക്കുന്നതുവരെ ഒന്നിച്ച് ഉണ്ടായിരുന്നവര്‍. ജീവിതത്തിലിനിയങ്ങോട്ട് എല്ലാ കാലവും കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നവര്‍. അവരെങ്ങോട്ടാണ് പോയി മറഞ്ഞത്. നിങ്ങളെങ്ങനെയാണ് അവരെ മറന്നുപോയത്. എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടാറുണ്ടോ?
ഇപ്പോഴും ആ ക്ലാസ്മുറിയുണ്ട്. ഒന്നിച്ചുകളിച്ച മൈതാനവും. ആ വഴികളും. പക്ഷേ ആ പഴയ അവനും അവളുമില്ല. നമ്മളും. കാലം എത്ര വേഗത്തിലാണ് കടന്നുപോയത്. അതിനിടയില്‍ എവിടെ വെച്ചായിരിക്കണം ആ പഴയ നിങ്ങളെ നിങ്ങള്‍ക്ക് തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവുക? ഇത് പുതിയ കാലമാണ്. പുതിയ മനുഷ്യരെത്തി. പുതിയ ജീവിതവും.
ഒന്നാം ക്ലാസിലെ ബെഞ്ചില്‍ ആദ്യദിവസം അടുത്തിരുന്ന കൂട്ടുകാരനെ ഓര്‍ത്തുനോക്കൂ. ക്ലാസിലാക്കി അമ്മ തിരിച്ചുനടക്കുമ്പോള്‍ അവന് കരയുകയായിരുന്നോ. അതോ നിങ്ങളാണോ കരഞ്ഞത്. ആശ്വസിപ്പിക്കാനെത്തിയ കൂട്ടുകാരിക്ക് എന്ത് സ്നേഹമായിരുന്നു. അക്ഷരങ്ങള്‍ ഒന്നിച്ചാണല്ലോ പഠിച്ച് തുടങ്ങിയത്. കൂട്ടക്ഷരങ്ങള്‍ പഠിച്ചുതുടങ്ങുമ്പോഴേക്കും അത്രമേല്‍ കൂട്ടായിരുന്നല്ലോ അവനുമായി.
പിന്നീടങ്ങോട്ട് എത്രയെത്ര കാര്യങ്ങളാണ് പങ്കുവെച്ചത്. തമാശകള്‍, ഇഷ്ടങ്ങള്‍, വേദനകള്‍, പരിഭവങ്ങള്‍ അങ്ങനെയങ്ങനെ അവസാനമില്ലാത്ത സ്വകാര്യങ്ങള്‍. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. അപ്പോഴേക്കും അവനും അവളുമൊക്കെ അത്രമേല്‍ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു. നമ്മുടെ ഹൃദയത്തിനുളളില്‍ മറ്റാര്‍ക്കും കൊടുക്കാത്ത ഒരിടം അവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ടായിരുന്നില്ലേ.
കഥയും കഥനങ്ങളും പങ്കുവെച്ച് മതിമറന്നിരിക്കുമ്പോഴല്ലേ സ്കൂളിലെ അവസാന ബെല്‍ മുഴങ്ങിക്കൊണ്ടിരുന്നത്. ഇനി അധികനേരമില്ലെന്ന ഓര്‍മപ്പെടുത്തല്‍. അനിവാര്യമെങ്കിലും ഹൃദയഭേദകമായ വിടവാങ്ങലിന്റെ വേദനയില്‍ കണ്ണീരണിഞ്ഞ എത്ര മുഖങ്ങളാണ് ചുറ്റുമുണ്ടായിരുന്നത്. വേദനയുടെ പാരമ്യതയിലും അവന് നീട്ടിയ ഓട്ടോഗ്രാഫ് ബുക്കില്‍ ഇങ്ങനെ എഴുതിവെച്ചിരുന്നു-'BA പഠിച്ചാലും MA പഠിച്ചാലും NA മറക്കല്ലേ'. ഓട്ടോഗ്രാഫ് ബുക്കിന്റെ ഏറ്റവും ഒടുവിലത്തെ പേജില്‍ 'എന്നേക്കാളും നല്ലൊരു സുഹൃത്തുണ്ടെങ്കില്‍ അടുത്ത പേജില്‍ എഴുതുക'യെന്ന് കുറിച്ച് വെച്ച് അവന് എങ്ങോട്ടാണ് നടന്നകന്നത്.
'ശരത്കാലാരണ്യത്തിലേക്ക് രണ്ടു വഴികള്‍ വഴിപിരിഞ്ഞു. എനിക്ക് രണ്ടിലും യാത്ര ചെയ്യാനാവില്ലല്ലോ.'- റോബര്‍ട്ട് ഫ്രോസ്റ്റ് അധികമാരും സഞ്ചരിക്കാത്ത വഴിയാണ് തിരഞ്ഞെടുത്തത്. ജീവിതയാത്രയില്‍ പക്ഷേ അവനേത് വഴിയാണ് തിരഞ്ഞെടുത്തതെന്നറിയില്ലല്ലോ. ഏത് വഴിയായിരിക്കും അവള്‍ക്ക് ഇഷ്ടപ്പെട്ടതെന്നും. എല്ലാവരും യാത്ര തുടര്‍ന്നു. ആവര്‍ത്തനമെന്നപോലെ ജീവിതവീഥികളില്‍ വീണ്ടും പുതിയ മനുഷ്യര്‍ വന്നു നിറഞ്ഞു. പിന്നെ അവരോടൊത്തുളള യാത്രയാണ്. അതിനിടയില്‍ പഴയ കൂട്ടുകാരെ മറന്നുപോയി. അവര്‍ നിങ്ങളെ ഓര്‍ക്കുന്നുണ്ടാവുമോ? നിങ്ങള്‍ അവരെ ഓര്‍ക്കാറുണ്ടോ? ഒരു പിടിയും തരാതെ കാലമിങ്ങനെ ചലിച്ചുകൊണ്ടിരിക്കുന്നു.
ഒരു കാലത്ത് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന മനുഷ്യര്‍ മറ്റൊരു കാലത്ത് തികച്ചും അപരിചിതരായി മാറിയതെങ്ങനെയാണ്? അവരോടുളള ഇഷ്ടം എവിടേക്കാണ് ദിശമാറിയൊഴുകിയത്? സൗഹൃദത്തിന്റെ അങ്ങേയറ്റത്തു നിന്നും അവരദൃശ്യരായി മാറിയതെപ്പോഴാണ് ? കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം മാറിമറയുന്നു. പലതും കൈവിട്ടു പോകുന്നു.
എങ്കിലും ഒരിക്കല്‍ കൂടി ആ പഴയ സുഹൃത്തിലേക്ക് മുഖവുരകളേതുമില്ലാതെ കടന്നുചെല്ലണം. അവരെ കെട്ടിപ്പുണരണം. പഴയ സൗഹൃദത്തെ അവരില്‍ നിന്ന് തന്നെ വീണ്ടെടുക്കണം. ഇത്ര അടുത്ത് നീ ഉണ്ടായിരുന്നില്ലേയെന്ന് പറഞ്ഞ് അവരെ വീണ്ടും വീണ്ടും മുറുകെ പിടിക്കണം. നാരായണേട്ടന്റെ കടയിലെ നാരങ്ങമുട്ടായിക്കിപ്പോഴും പഴയ മധുരം തന്നെയാണെന്ന് സൊറ പറയണം. അങ്ങനെ അങ്ങനെ അവരിലേക്ക് മനോഹരമായി കടന്നുചെല്ലണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..