പ്രതീകാത്മക ചിത്രം | Photo : canva
ഒരുനാൾ മുറിക്കകത്തെ കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ. നേരം വല്ലാതെ ഇരുട്ടിയിരുന്നു. വീട്ടിലോ പരിസരത്തോ എന്നെയൊഴിച്ച് മറ്റാരും ഉണ്ടായിരുന്നില്ല. മനസിനെ വല്ലാതെ പിടിച്ചുകുലുക്കുന്ന, എന്നെ മുഴുവനായും വിഷാദത്തിലാഴ്ത്തുന്ന ഒരു ചിന്തയിൽ മുഴുകി പോയിരിയിരുന്നു ഞാൻ. എത്ര ശ്രമിച്ചിട്ടും ഞാൻ അന്വേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്ത അവസ്ഥ. എന്റെ ചിന്തകളെയും വിഷമങ്ങളെയും ഞാൻ ആഗ്രഹിക്കുന്നതുപോലെ മനസിലാക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്നോർത്ത് എന്റെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നുണ്ടായിരുന്നു. പെട്ടെന്ന്, എവിടെനിന്നോ ഒഴുകിയെത്തിയ കാറ്റ് എന്നെ തഴുകി പയ്യെ സഞ്ചരിക്കുന്നതുപോലെ എനിക്ക് തോന്നി. എന്നെ ചേർത്തുപിടിക്കാൻ എവിടെനിന്നോ ഇരുകരങ്ങൾ നീട്ടി ആരോ എന്റടുത്തേക്ക് വന്നു. ആ കൈകളിലെ ചൂടിൽ ഒരല്പനേരം എല്ലാം മറന്ന് എന്റെ മനസ് വിശ്രമിച്ചു.
മനുഷ്യന് എന്നും വിലപ്പെട്ടതാണ് സൗഹൃദങ്ങൾ. ഒരു നല്ല സുഹൃത്തിനാവും ഒരാളെ എറ്റവും നന്നായി മനസിലാക്കാൻ സാധിക്കുക. പറഞ്ഞറിയിക്കാൻ പറ്റാത്ത, വളരെയധികം വൈകാരികതയും ആനന്ദവും നിറഞ്ഞ മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ഒന്നാണ് നല്ല സുഹൃദ് ബന്ധങ്ങൾ. ഇതുപോലെ സൗഹൃദങ്ങളെ പറ്റി ഒട്ടനവധി വ്യാഖ്യാനങ്ങൾ കേട്ടും അറിഞ്ഞും തന്നെയാണ് ഓരോ വ്യക്തിയും വളരുന്നത്. എന്നാൽ കാലം വളരെ വേഗത്തിൽ മുന്നോട്ട് പോകുംതോറും നമ്മുടെ കൂടെയുള്ളത് ആരാണെന്ന ചോദ്യം ഓരോ മനുഷ്യനും ജീവിതത്തിന്റെ എതെങ്കും ഒരു ഘട്ടത്തിൽ സ്വയം ചോദിക്കുന്ന ഒന്നാണ്. കൂടെയുണ്ടായിരുന്നവർ പിറകെയും ഒപ്പവും മുന്നിലുമായി ഓടുമ്പോൾ, പോയ കാലം നമ്മളോട് പറഞ്ഞ കൂട്ടുകെട്ടുകൾ ആരെന്നും എവിടെയെന്നും അറിയാതെ പകച്ചുപോയ ഒട്ടനവധി മനുഷ്യരെ കാണാൻ സാധിക്കും. ചിലർക്കിടയിൽ സുഹൃത്ത് എന്നത് കടമെടുത്ത വെറുമൊരു വാക്കായി മാത്രം അവശേഷിക്കുമ്പോൾ മറ്റുചില മനുഷ്യർക്കിടയിൽ, സന്ദർഭങ്ങളിൽ അവ വളരെയധികം ഭംഗിയുള്ള വികാരങ്ങളാണ്. എന്നും തുടർന്നുകൊണ്ടുപോകുന്ന സുഹൃദ് ബന്ധങ്ങളെക്കാൾ ഭംഗിയുള്ളതായി ഈ ലോകത്ത് മറ്റൊന്നുമില്ല.
എന്നാൽ ഒരു പരിധിക്കപ്പുറം സൗഹൃദ വലയങ്ങളെ വളർത്താത്ത കുറച്ചു പേരെങ്കിലും കാണും ഈ ലോകത്ത്. അവർക്കതിൽ താൽപര്യംമില്ലാത്തതുകൊണ്ടോ വിശ്വാസമില്ലാതെയോ, ഒരു പരിധിക്കപ്പുറം സൗഹൃദം എങ്ങനെ വളർത്തണമെന്ന് അറിയാത്തതുകൊണ്ടോ ആവണമെന്നില്ല. അവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും ആശ്രയിക്കുന്നതും ഒരുപക്ഷേ അവരവരെ തന്നെയായിരിക്കും. ആ ബന്ധങ്ങൾ അവരുടെ സ്വൈര്യ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നുള്ള ഭയം കൊണ്ടും അങ്ങനെയുണ്ടായെന്നുവരാം. അധികനേരം അവരവരിലേക്ക് ഒതുങ്ങി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒട്ടനവധി ആളുകൾ ഉള്ള കാലമാണിത്. എന്തുകൊണ്ടവർ മറ്റുള്ളവരെ പോലെ സുഹൃദ് ബന്ധങ്ങളെ ഉണ്ടാക്കുന്നില്ല എന്നുള്ളതും അവർ പലപ്പോഴുമായി ചിന്തിച്ചിട്ടുണ്ടാകാം.
ഒരു പരിധിയിൽ കവിഞ്ഞ് ആർക്കും മറ്റൊരാളുടെ മാനസികാവസ്ഥയെ മനസിലാക്കാൻ സാധിക്കില്ല. വളരെയധികം വിഷമം മനസിനെ അലട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് ഓരോ മനുഷ്യനും അവരറിയാതെ സ്വയം രണ്ട് വ്യക്തിത്വങ്ങളായി മാറുന്നു. ഒരാൾ ആ വിഷമത്തെ എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോഴും ഉള്ളിലൊതുക്കുമ്പോഴും അതേ മനുഷ്യനിലെ രണ്ടാമൻ വിഷാദാവസ്ഥയിൽ നിൽക്കുന്ന അയാളെ കരകയറ്റാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. നമ്മൾക്ക് നാം എത്ര നല്ല കൂട്ടാണെന്നതിനെ ആശ്രയിച്ചാണ് ഇന്ന് നമ്മുടെ ജീവിതം പോലും മുന്നോട്ടു പോവുന്നത്. വളരെയധികം വൈകാരികമായ ജീവിത യാത്ര തനിക്ക് കൂട്ടായി താൻ ഉണ്ടെന്ന തിരിച്ചറിവാണ് ഓരോരുത്തരെയും മുന്നോട്ടു നയിക്കുന്നത്.
നമ്മുടെ ഏറ്റവും നല്ല സുഹൃത്ത് എന്നും നമ്മൾ തന്നെയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..