മൃതദേഹത്തിന് സമീപം ഫാന്‍ ഇടരുത്; നേത്രപടലം ദാനം ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങള്‍


അനു സോളമന്‍

Representative Image | Photo: Gettyimages.in

തിമിരം, ഗ്ലോക്കോമ എന്നിവ കഴിഞ്ഞാല്‍ കാഴ്ച നഷ്ടപ്പെടാനും അന്ധതയ്ക്കുമുള്ള പ്രധാന കാരണങ്ങളാണ് നേത്രപടലത്തിന് (കോര്‍ണിയ) ഉണ്ടാകുന്ന തകരാറുകള്‍ എന്നാണ് ലോകാരോഗ്യസംഘടന അഭിപ്രായപ്പെടുന്നത്. നേത്രപടല സംബന്ധമായ രോഗങ്ങള്‍ മൂലം മാത്രം ലോകത്തെ അഞ്ച് ശതമാനം പേര്‍ക്ക് കാഴ്ചനഷ്ടം വന്നിട്ടുണ്ട്.

ഇന്ത്യയില്‍ 68 ലക്ഷത്തോളം പേര്‍ നേത്രപടല സംബന്ധമായ രോഗങ്ങള്‍ മൂലം ഒരു കണ്ണിനെങ്കിലും കാഴ്ചനഷ്ടം അനുഭവിക്കുന്നുണ്ട്. പത്ത് ലക്ഷത്തോളം പേര്‍ക്ക് ഇരു കണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെടുന്നത് മൂലം അന്ധതയുണ്ടാകുന്നു.

2019 ലെ നാഷണല്‍ ബ്ലൈന്‍ഡ്‌നെസ്സ് ആന്‍ഡ് വിഷ്വല്‍ ഇംപെയര്‍മെന്റ് സര്‍വെ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ അമ്പത് വയസ്സിന് താഴെയുള്ളവരിലെ അന്ധതയ്ക്ക് പ്രധാന കാരണം നേത്രപടലാന്ധതയാണെന്നാണ്. അമ്പത് വയസ്സിന് മുകളിലുള്ളവരിലാകട്ടെ അന്ധതയ്ക്കുള്ള രണ്ടാമത്തെ പ്രധാനപ്പെട്ട കാരണവുമാണ് നേത്രപടലാന്ധത.

ഇത്തരത്തില്‍ നേത്രപടലാന്ധത പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗമാണ് നേത്രപടലം അഥവ കോര്‍ണിയ മാറ്റിവയ്ക്കല്‍(കോര്‍ണിയല്‍ ഗ്രാഫ്റ്റിങ്). മരണശേഷമുള്ള നേത്രദാനത്തിലൂടെ ലഭിക്കുന്ന നേത്രപടലം ഉപയോഗിച്ചാണ് നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.

എന്നാല്‍ ഇന്നും ആവശ്യത്തിന് നേത്രപടലങ്ങള്‍ ദാനമായി ലഭിക്കാത്തതിനാല്‍ വലിയൊരു വിഭാഗം ആളുകള്‍ അന്ധതയില്‍ തന്നെ കഴിയുകയാണ്. വളരെ എളുപ്പത്തില്‍ നടത്താന്‍ കഴിയുമെങ്കിലും പലരും നേത്രദാനത്തിന് തയ്യാറാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

പൊതുജനങ്ങളില്‍ നേത്രദാനത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ, ആവശ്യത്തിന് നേത്രബാങ്കുകളും ആശുപത്രികളും ലഭ്യമല്ലാത്തത്, സാമൂഹികവും മതപരവുമായ വിശ്വാസങ്ങള്‍ എന്നിവയെല്ലാം നേത്രദാനത്തിന് തടസ്സമാകുന്നു. ഈ സാഹചര്യത്തില്‍ നേത്രദാനത്തെക്കുറിച്ച് അവബോധം വളര്‍ത്താനും നേത്രദാനത്തിനായി പൊതുജനങ്ങള്‍ക്ക് പ്രേരണ നല്‍കാനുമായിട്ടാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ദേശീയ നേത്രദാന പക്ഷാചരണമായി ആചരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ആദ്യമായി നേത്രദാന പക്ഷാചരണത്തിന് രാജ്യത്ത് തുടക്കം കുറിച്ചത്.

എന്താണ് നേത്രപടലം അഥവ കോര്‍ണിയ?

നമ്മുടെ കണ്ണിന്റെ മുന്‍വശത്തുള്ള ഗ്ലാസ് പോലെയുള്ള ഭാഗമാണ് കോര്‍ണിയ അഥവ നേത്രപടലം. നാം ഒരു വസ്തുവിലേക്ക് നോക്കുകയാണെങ്കില്‍ ആ വസ്തുവില്‍ നിന്ന് വരുന്ന പ്രകാശ രശ്മി ആദ്യം കോര്‍ണിയയില്‍ കൂടി കടന്ന് കൃഷ്ണമണി, ലെന്‍സ് എന്നിവയിലൂടെ കടന്ന് റെറ്റിനയില്‍ പതിക്കുന്നു. റെറ്റിനയില്‍ നാം നോക്കുന്ന വസ്തുവിന്റെ തലകീഴായുള്ള ഒരു പ്രതിബിംബമാണ് ഉണ്ടാവുക. റെറ്റിന ഈ പ്രതിബിംബത്തെ ഒപ്റ്റിക് നെര്‍വ് വഴി മസ്തിഷ്‌കത്തിലേക്ക് എത്തിക്കുന്നു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തന ഫലമായാണ് നാം കണ്ട വസ്തുവിനെ അതേ രൂപത്തില്‍ കാണാന്‍ സാധിക്കുന്നത്. നേത്രപടലം അഥവ കോര്‍ണിയയില്‍ വെളുത്ത പാടുകള്‍ വീണ് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയ്ക്കാണ് നേത്രപടലാന്ധത അഥവ കോര്‍ണിയല്‍ ബ്ലൈന്‍ഡ്നെസ്സ് എന്ന് പറയുന്നത്.

എങ്ങനെയാണ് നേത്രപടലാന്ധത ഉണ്ടാകുന്നത്?

അന്ധതയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് നേത്രപടല അന്ധത അഥവ കോര്‍ണിയല്‍ ബ്ലൈന്‍ഡ്നെസ്സ്. നേത്രപടലത്തിലുണ്ടാകുന്ന മുറിവുകള്‍, പോഷകാഹാരക്കുറവ്, ജനനവൈകല്യങ്ങള്‍, രോഗാണുബാധ, രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന പരിക്കുകള്‍ എന്നിവ നേത്രപടല അന്ധതയ്ക്ക് ഇടയാക്കുന്നു.

ചിലര്‍ക്ക് ജന്‍മനാ തന്നെ കണ്ണിന്റെ കോര്‍ണിയ മുന്നോട്ട് കൂര്‍ത്തിരിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇതിനെ കെരറ്റോകോണസ് എന്ന് പറയുന്നു. കെരറ്റോകോണസ് തീവ്രമായ അവസ്ഥയിലാണെങ്കില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ആണ് പരിഹാരം.

മരണശേഷം ദാനം ചെയ്യപ്പെടുന്ന കണ്ണുകളാണ് നേത്രപടലം മാറ്റിവയ്ക്കാന്‍ വേണ്ടത്. ഈ ശസ്ത്രക്രിയയില്‍ രോഗം ബാധിച്ച നേത്രപടലം മുറിച്ചുമാറ്റി പകരം ദാനമായി ലഭിച്ച കണ്ണില്‍ നിന്നുള്ള നേത്രപടലം ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. നേത്രപടലത്തിന് ഉണ്ടാകുന്ന തകരാറുകള്‍/രോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ മാത്രമേ നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൊണ്ട് സാധിക്കൂ. ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ മൂലം ഉണ്ടാകുന്ന അന്ധത പരിഹരിക്കാന്‍ നേത്രപടല ദാനം വഴി സാധിക്കില്ല.

നേത്രപടലം ആര്‍ക്കെല്ലാം ദാനംചെയ്യാം?

 • സ്ത്രീ പുരുഷ ഭേദമന്യേ ആര്‍ക്കും നേത്രപടലം ദാനം ചെയ്യാം.
 • ഏത് രക്തഗ്രൂപ്പ് ഉള്ളയാള്‍ക്കും നേത്രപടലം ദാനം ചെയ്യാം.
 • മൂന്ന് വയസ്സു മുതല്‍ പ്രായമുള്ളവരുടെ നേത്രപടലം സ്വീകരിക്കും. പ്രായം പരിഗണിക്കാതെ ആരോഗ്യമുള്ള എല്ലാവര്‍ക്കും ഏതുപ്രായത്തിലും നേത്രദാനം ചെയ്യാം. നേത്രപടലത്തിന്റെ സുതാര്യതയും ആരോഗ്യവുമാണ് നേത്രപടലം സ്വീകരിക്കുന്നതിന്റെ പ്രധാന മാനദണ്ഡം.
 • ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി എന്നിവ പരിഹരിക്കുന്നതിന് കണ്ണട, ലെന്‍സ് എന്നിവ വയ്ക്കുന്നവര്‍ക്ക് നേത്രപടലം ദാനം ചെയ്യാം.
 • കണ്ണിന് മുന്‍പ് ശസ്ത്രക്രിയ നടത്തിയവര്‍ക്കും നേത്രപടലം ദാനം ചെയ്യാം.
 • പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍, ആസ്ത്മയുള്ളവര്‍, തിമിരമുള്ളവര്‍ എന്നിവര്‍ക്കും നേത്രപടലം ദാനം ചെയ്യാം.
നേത്രപടലം ആരില്‍ നിന്നെല്ലാം എടുക്കാന്‍ പാടില്ല?

താഴെ പറയുന്ന അവസ്ഥകളിലുള്ളവരുടെ നേത്രപടലങ്ങള്‍ സ്വീകരിക്കാറില്ല.

 • ഹെപ്പറ്റൈറ്റിസ് ബി&സി
 • എച്ച്.ഐ.വി. എയ്ഡ്‌സ്
 • എന്‍സെഫലിറ്റിസ്
 • പേവിഷബാധ
 • സെപ്‌റ്റെസെമിയ
 • റെറ്റിനോബ്ലാസ്റ്റോമ
 • ലേസര്‍ ഫോട്ടോ അബ്ലേഷന്‍ സര്‍ജറി ചെയ്തവര്‍
 • ലുക്കീമിയ
 • ലിംഫോമ
 • ക്രൂസ്‌ഫെല്‍റ്റ് ജേക്കബ് ഡിസീസ്(Creutzfeldt-Jakob Disease)
 • കോവിഡ് ബാധിച്ച് മരിച്ചവര്‍
നേത്രപടലം ദാനം ചെയ്യുമ്പോൾ അറിയേണ്ട മറ്റ് കാര്യങ്ങള്‍

 • മൃതദേഹത്തിന്റെ സമീപം ഫാന്‍ ഇടരുത്. എ.സി. ഇടുന്നതില്‍ കുഴപ്പമില്ല.
 • കണ്‍പോളകള്‍ മൃദുവായ തുണികൊണ്ട് മൂടണം. ആ തുണി ഇടയ്ക്ക് നനച്ചുകൊടുക്കുന്നതും നല്ലതാണ്. ഡ്രൈ ആവാതിരിക്കാന്‍ ഇത് സഹായിക്കും.
 • മൃതദേഹത്തിന്റെ തലഭാഗം തലയണ ഉപയോഗിച്ച് പൊക്കിവയ്ക്കുക.
 • മരണം നടന്ന് എത്രയും പെട്ടെന്ന് നേത്രബാങ്കില്‍ വിവരം അറിയിക്കുക.
 • മരണശേഷം നാലുമണിക്കൂറിനകം പരമാവധി ആറുമണിക്കൂറിനുള്ളില്‍ നേത്രദാനം നടന്നിരിക്കണം. ഏറ്റവും നല്ലത് രണ്ട് മണിക്കൂറിനകം എടുക്കുന്നതാണ്.
 • കോര്‍ണിയ മാത്രമാണ് എടുക്കുന്നത്. അതിന് പകരം കൃത്രിമ കണ്ണ് വെച്ച് കണ്‍പോളകള്‍ അടയ്ക്കും. അതിനാല്‍ നേത്രദാനം നടത്തിയാലും മുഖത്ത് വൈരൂപ്യം ഉണ്ടാകില്ല.
 • നേത്രദാന സമ്മതപത്രം നല്‍കിയ ആള്‍ മരിച്ചാല്‍ ഉടനടി ബന്ധുക്കള്‍ നേത്രബാങ്കിലോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കുക.
 • മൃതദേഹം ഉള്ളത് എവിടെയാണോ അവിടെ പോയി നേത്രബാങ്കിലെ വിദഗ്ധ സംഘം നേത്രപടലം എടുക്കും.
എന്താണ് നേത്രബാങ്കുകള്‍ ചെയ്യുന്നത്?

ദാനം ചെയ്യുന്ന കണ്ണുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ആവശ്യത്തിന് വിതരണം ചെയ്യുന്നതിനുമുള്ള സംവിധാനമാണ് നേത്രബാങ്കുകള്‍. ഒരാളില്‍ നിന്നും ദാനമായി ലഭിച്ച നേത്രപടലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ രണ്ട് പേര്‍ക്കാണ് വെച്ചുപിടിപ്പിക്കുക. ആരുടെ കണ്ണുകള്‍ ആര്‍ക്കാണ് നല്‍കിയത് എന്ന് വെളിപ്പെടുത്തില്ല. ഇതിനായി യാതൊരു ഫീസും ആരില്‍ നിന്നും ഈടാക്കാറില്ല. തികച്ചും സൗജന്യമാണ്. മാറ്റിവയ്ക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത നേത്രപടലം പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. നേത്രബാങ്കിലൂടെയല്ലാതെ കണ്ണുകള്‍ വാങ്ങാനോ വില്‍ക്കാനോ അനുവാദമില്ല.

നേത്രദാനത്തിന് എന്തുചെയ്യണം?

മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ ഉള്ളതുപോലെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍, രക്തഗ്രൂപ്പ് ചേര്‍ച്ച എന്നിവയൊന്നും നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ കാര്യത്തില്‍ ഇല്ല.

ഒരാള്‍ക്ക് സ്വന്തം കണ്ണുകള്‍ മരണശേഷം ദാനം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ നേത്രദാന സമ്മതപത്രം പൂരിപ്പിച്ച് കൊടുക്കുകയാണ് വേണ്ടത്. ഇതില്‍ പേര്, വയസ്സ്, വിലാസം, ഫോണ്‍ നമ്പര്‍, ഭാര്യ/ഭര്‍ത്താവ്/ മക്കള്‍ തുടങ്ങി രണ്ട് സാക്ഷികളുടെ പേര് ഇതെല്ലാം രേഖപ്പെടുത്തേണ്ടതുണ്ട്. നേത്രദാനം ചെയ്യുന്നത് മരണത്തിന് മുന്‍പാണെങ്കിലും അത് നടപ്പാകുന്നത് മരണശേഷമാണ്.

നേത്രദാന സമ്മതപത്രം നല്‍കിയിരുന്ന വ്യക്തിയാണെങ്കിലും അടുത്ത ബന്ധുക്കളുടെ(ഭാര്യ/ഭര്‍ത്താവ്/ മക്കള്‍, അച്ഛന്‍, അമ്മ) രേഖാമൂലമുള്ള സമ്മതം വേണമെന്ന് കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ആക്ടില്‍ വ്യവസ്ഥയുണ്ട്. ഈ ബന്ധുക്കളില്‍ ആരെങ്കിലും എതിര്‍ത്താല്‍ കണ്ണ് എടുക്കാന്‍ പാടില്ല.

നേത്രദാന ഫോമില്‍ നേത്രബാങ്കിന്റെ പേരും മറ്റ് വിവരങ്ങളും ഉണ്ടായിരിക്കും. പ്രായപൂര്‍ത്തിയായ ആര്‍ക്കും നേത്രദാനത്തിന് രജിസ്റ്റര്‍ ചെയ്യാം. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, പ്രമുഖ സ്വകാര്യ കണ്ണാശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഇതിനുള്ള സൗകര്യമുണ്ട്. ഇവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്താല്‍ സമ്മതപത്രം ലഭിക്കും.

സമ്മതപത്രം വീട്ടില്‍ എല്ലാവരും കാണുന്ന ഇടത്ത് ഫ്രെയിം ചെയ്ത് വെച്ചാല്‍ മരണശേഷം ബന്ധുക്കളും മറ്റും അത് ഓര്‍ത്തുവയ്ക്കാന്‍ ഇടയാകും.

നേത്രദാന സമ്മതപത്രം നല്‍കാത്തവര്‍ക്ക് ദാനം ചെയ്യാമോ?

നേത്രദാന സമ്മതപത്രം നല്‍കിയിട്ടില്ലെങ്കിലും മരണശേഷം നമ്മുടെ കണ്ണുകള്‍ ദാനം ചെയ്യാം. ഇതിനായി മരിച്ചയാളുടെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചാല്‍ മതി.

നേത്രപടലം എടുക്കാന്‍ എത്രസമയം വേണം?

ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറോട് വിവരങ്ങള്‍ പറഞാല്‍ അതിനുള്ള ക്രമീകരണങ്ങള്‍ വളരെ പെട്ടെന്ന് ചെയ്യാനാകും. അവര്‍ നേത്രബാങ്കുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ വെച്ചുതന്നെ കണ്ണുകള്‍ എടുക്കാനുള്ള സംവിധാനം ചെയ്യും. വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചതെങ്കില്‍ ബന്ധുക്കള്‍ എത്രയും പെട്ടെന്ന് നേത്രബാങ്കില്‍ വിവരങ്ങള്‍ അറിയിക്കേണ്ടതാണ്.

മരണം സംഭവിച്ച വിവരം ബന്ധുക്കളോ മറ്റോ നേത്രബാങ്കില്‍ അറിയിച്ചാല്‍ അതിന്റെ ചുമതലപ്പെട്ടവര്‍ തന്നെ മൃതദേഹം ഉള്ള സ്ഥലത്തെത്തി കണ്ണുകള്‍ നീക്കം ചെയ്യും. 15-20 മിനിറ്റിനകം കണ്ണുകള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാകും. ഇതിനുശേഷം കണ്ണുകളുടെ സ്ഥാനത്ത് പ്ലാസ്റ്റിക് കണ്ണുകള്‍ വെച്ച് കണ്‍പോളകള്‍ അടയ്ക്കും. അതുകൊണ്ട് യാതൊരു വൈരൂപ്യവും മൃതദേഹത്തിന് ഉണ്ടാകില്ല. ഇങ്ങനെ എടുത്ത കണ്ണുകള്‍ എം.കെ. മീഡിയം എന്ന സൊലൂഷ്യനില്‍ ഇട്ട് വെക്കും. തുടര്‍ന്ന് ഇത് ഐസ് നിറച്ച പാത്രത്തില്‍ ഇറക്കിവെക്കും. തുടര്‍ന്ന് ഇത് നേത്രബാങ്കിലേക്ക് കൊണ്ടുപോകുന്നു. നേത്രബാങ്കിലെത്തിയാല്‍ കണ്ണുകള്‍ സൂക്ഷിച്ചിട്ടുള്ള ഈ ബോട്ടിലുകള്‍ ഐസ് പാത്രത്തില്‍ നിന്ന് എടുത്ത് ഫ്രിഡ്ജിലേക്ക് മാറ്റി നാല് ഡിഗ്രി സെന്റിഗ്രേഡില്‍ സൂക്ഷിക്കുന്നു. ഇത് 48-72 മണിക്കൂര്‍ വരെ കേടാകാതെയിരിക്കും. നേത്രബാങ്കില്‍ നേത്രപടലം ആവശ്യമുള്ളവരുടെ വിശദാംശങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ രണ്ട് പേര്‍ക്ക് ഓരോ കണ്ണുകള്‍ വീതം നല്‍കും. ഇത്തരത്തില്‍ നേത്രപടലം മാറ്റിവക്കുന്ന ശസ്ത്രക്രിയയാണ് കെരാറ്റോപ്ലാസ്റ്റി അഥവ കോര്‍ണിയല്‍ ഗ്രാഫ്റ്റിങ്.

കേരളത്തില്‍ കണ്ണുകള്‍ സ്വീകരിക്കുന്ന കേന്ദ്രങ്ങള്‍

 • തിരുവനന്തപുരം കണ്ണാശുപത്രി
 • ചൈതന്യ ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരം
 • ജില്ലാ ആശുപത്രി കൊല്ലം
 • മെഡിക്കല്‍ കോളേജ് ആലപ്പുഴ
 • മെഡിക്കല്‍ കോളേജ് കോട്ടയം
 • ലിറ്റില്‍ ഫ്‌ളവര്‍ ഐ ഹോസ്പിറ്റല്‍ അങ്കമാലി
 • മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍
 • ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍
 • അഹല്യ ഐ ഹോസ്പിറ്റല്‍ പാലക്കാട്
 • ജില്ലാ ആശുപത്രി മഞ്ചേരി
 • മൗലാന ആശുപത്രി പെരിന്തല്‍മണ്ണ
 • അല്‍ സലാമ ആശുപത്രി മലപ്പുറം
 • മെഡിക്കല്‍ കോളേജ് കോഴിക്കോട്
 • കോംട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ കോഴിക്കോട്
 • ജില്ലാ ആശുപത്രി കണ്ണൂര്‍ (Eye Collection Centre)
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നേത്രബാങ്ക് നമ്പര്‍: 8281054400

കോഴിക്കോട് കോംട്രസ്റ്റ് ഹോസ്പിറ്റല്‍ നേത്രബാങ്ക് നമ്പര്‍: 0495 272 3793

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. അപര്‍ണ
ഒഫ്ത്താല്‍മോളജിസ്റ്റ്
ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്‌

ഹരിപ്രിയ കെ.പി.
ഒപ്‌റ്റോമെട്രിസ്റ്റ്
ബാലുശ്ശേരി താലൂക്ക് ആശുപത്രി

Content Highlights: national eye donation fortnight, things to know about eye donation, eye donation awareness


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


Sonia Rahul

7 min

ഗാന്ധി കുടുംബമേ, എന്തൊരു വീഴ്ചയാണിത്! | വഴിപോക്കൻ

Sep 28, 2022

Most Commented