നേത്രദാനമെന്നാൽ കണ്ണുകൾ പൂർണ്ണമായി ചൂഴ്ന്നെടുത്ത് മാറ്റുന്നതല്ല; അറിയേണ്ടതെല്ലാം


ആർ. രാമചന്ദ്രൻ

Representative Image | Photo: Gettyimages.in

'അന്ധത മനുഷ്യനെ വസ്തുക്കളിൽ നിന്ന് അകറ്റും'.-ഹെലൻ കെല്ലർ

കാഴ്ച നഷ്ടപ്പെട്ട വ്യക്തികളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വർണ്ണശബളമായ ചുറ്റുപാടുകളെ കണ്ടറിയാനുള്ള ഭാഗ്യം ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ശബ്ദത്തിലൂടെയും സ്പർശത്തിലൂടെയും ഗന്ധങ്ങളിലൂടെയും പ്രപഞ്ചത്തെ അറിയാൻ വിധിക്കപ്പെട്ടവരാണ് ഇവർ.

മനുഷ്യന്റെ മുഖത്തെ സൂര്യചന്ദ്രന്മാരാണ് കണ്ണുകൾ. അതണഞ്ഞുപോകുന്നതോടെ മുഖത്തുനിന്നും എല്ലാ പ്രകാശവും തേജസ്സും വാർന്നുപോകുന്നു. കണ്ണാണ് ശോഭ. കാഴ്ചയാണ് സിദ്ധി. അതാണ് നഷ്ടപ്പെടുന്നത്. ആ സങ്കടം പറഞ്ഞറിയിക്കാനാവില്ല.

കേന്ദ്ര ആരോഗ്യമന്ത്രാലയം 2019 ൽ നടത്തിയ സർവ്വേ പ്രകാരം ഇന്ത്യയിൽ 2.74 കോടി ജനങ്ങൾ കാഴ്ചശക്തി നഷ്ടപ്പെട്ടവരാണ്. അതിൽ കോർണിയ തകരാറുമൂലം കാഴ്ച നഷ്ടപ്പെട്ടവർ ഏകദേശം 50 ലക്ഷം വരും. കോർണിയ (നേത്രപടലം) എന്നുപറഞ്ഞാൽ കണ്ണിന്റെ പുറമെയുള്ള സുതാര്യമായ ഭാഗമാണ്. നേത്രപടലത്തിലൂടെയാണ് പ്രകാശരശ്മികൾ കണ്ണിനകത്തേക്ക് പ്രവേശിക്കുന്നത്. നേത്രപടലത്തിന്റെ സുതാര്യത പൂർണ്ണമായി നഷ്ടപ്പെടുമ്പോൾ ആ വ്യക്തി അന്ധനായിത്തീരുന്നു.

കണ്ണിലെ പഴുപ്പ്, മുറിവോ ചതവോ കൊണ്ട് കൃഷ്ണമണിയിൽ ഉണ്ടാകുന്ന പാടുകൾ, വിറ്റാമിൻ എയുടെ കുറവ്, പോഷകാഹാരക്കുറവ്, ജന്മനാലുള്ള അന്ധത (Congenital Blindnes) തുടങ്ങി നിരവധി കാരണങ്ങൾകൊണ്ട് നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെടാം.

കോർണിയ തകരാറുമൂലമുള്ള അന്ധതയ്ക്ക് പരിഹാരം കോർണിയ മാറ്റിവെയ്ക്കൽ മാത്രമാണ്. വ്യക്തികൾ മരണാനന്തരം നേത്രദാനം ചെയ്യാൻ തയ്യാറായാൽ മാത്രമേ ഈ അന്ധത പരിഹരിക്കുവാൻ സാധ്യമാവുകയുള്ളൂ. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്ത് പ്രതിവർഷം നേത്രദാനത്തിലൂടെ ലഭ്യമാകുന്ന കോർണിയ വെറും അമ്പതിനായിരം മാത്രമാണെന്നാണ്. കോർണിയ മാറ്റിവെക്കൽ ശസ്ത്രക്രിയ ഏകദേശം 90 ശതമാനവും പൂർണവിജയമാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്.

മരണാനന്തരം നേത്രദാനം നടത്താൻ ഓരോ വ്യക്തിയും സജ്ജരാകണം. എന്നാൽ നേത്രദാനത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയും സമൂഹത്തിൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളും ഇതിന് തടസ്സം സൃഷ്ടിക്കുന്നു.

നേത്രദാനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും നേത്രദാനം പ്രോത്സാഹിപ്പിക്കാനുമായി ദേശീയ തലത്തിൽ നേത്രദാന പക്ഷാചരണം നടത്തപ്പെടുന്നുണ്ട്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയാണ് ആചരണം. സർക്കാരും മറ്റു പല സന്നദ്ധസംഘടനകളും ഈ പക്ഷാചരണം വിജയിപ്പിക്കാനായി പല പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്. കേവലം ഒരു ശതമാനം ജനങ്ങൾ നേത്രദാനത്തിന് തയ്യാറായാൽ കോർണിയ തകരാറുമൂലമുള്ള അന്ധത രാജ്യത്തു നിന്നും തുടച്ചുമാറ്റാൻ നമുക്ക് സാധിക്കും. അതിന് വഴിയൊരുക്കട്ടെ ഈ വർഷത്തെ നേത്രദാന പക്ഷാചരണം.

എന്താണ് നേത്രദാനം ?

നേത്രദാനമെന്നാൽ കണ്ണുകൾ പൂർണ്ണമായി ചൂഴ്ന്നെടുത്ത് മാറ്റുകയാണ് എന്ന ധാരണ വേണ്ട. നേത്രപടലം (കോർണിയ) മാത്രമാണ് മരിച്ച വ്യക്തിയുടെ കണ്ണിൽ നിന്നും എടുക്കുക. നിലത്തു വീണാൽ കാണാൻ പോലും സാധിക്കാത്ത വിധത്തിൽ നേർത്തതാണ് നേത്രപടലം എന്നോർക്കുക.

ആർക്കൊക്കെ നേത്രദാനം നടത്താം ?

പ്രായം, രക്തഗ്രൂപ്പ് ഇവയൊന്നും നേത്രദാനത്തിന് തടസ്സമല്ല.
കണ്ണട ഉപയോഗിക്കുന്നവർ, തിമിര ശസ്ത്രക്രിയ കഴിഞ്ഞവർ, പ്രമേഹ ബാധിതർ, രക്തസമ്മർദ്ദമുള്ളവർ എന്നിവർക്കെല്ലാം നേത്രദാനം ചെയ്യാം.

നേത്രദാനം നടത്താൻ പാടില്ലാത്തവർ ?

എച്ച്.ഐ.വി. എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, സി., പേവിഷബാധ, രക്തത്തിൽ അനിയന്ത്രിതമായ രോഗാണുബാധ, രക്താർബുദം, സാംക്രമിക രോഗങ്ങൾ
എന്നിവ ബാധിച്ചവരുടെ കണ്ണുകൾ സ്വീകരിക്കാൻ പാടില്ല.

1. നേത്രദാനം ചെയ്യാൻ എന്തു ചിലവ് വരും?

നേത്രദാനം തികച്ചും സൗജന്യമാണ്.

2. നേത്രദാനം ചെയ്താൽ മുഖം വികൃതമാകുമോ?

നേത്രദാനം ചെയ്താൽ മുഖം ഒരിക്കലും വികൃതമാവില്ല.

3. നേത്രദാനം നടത്താൻ ആശുപത്രിയിൽ പോകണോ?

വേണ്ട. മൃതദേഹം എവിടെയാണോ ആരോഗ്യ പ്രവർത്തകർ അവിടെ വന്നു നേത്രപടലം
എടുക്കും.

4. നേത്രപടലം എടുക്കാൻ എത്ര സമയം വേണ്ടിവരും?

നേത്രപടലം എടുക്കാൻ പരമാവധി 20 മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ.

5. നേത്രദാനപ്രക്രിയ മരണാനന്തര ചടങ്ങുകൾ വൈകാൻ കാരണമാകുമോ?

നേത്രദാന പ്രക്രിയ മൂലം മരണാനന്തര ചടങ്ങുകൾ വൈകാൻ ഇടയില്ല.

നേത്രദാനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സമ്മതപത്രം നൽകിയ ആളുടെ മരണാനന്തരം ബന്ധുക്കൾ നേത്ര ബാങ്കിനെ/സാമൂഹ്യപ്രവർത്തകരെ എത്രയും വേഗം വിവരം അറിയിക്കണം.
2. ആറു മണിക്കൂറിനുള്ളിൽ നേത്രദാനം നടത്തണം.
3. ഫാനിന്റെ സമീപം മൃതദേഹം കിടത്തരുത്.
4. കൺപോളകൾ മൃദുവായി അടയ്ക്കുക.
5. നനവുള്ള മൃദുവായ തുണികൊണ്ടു കൺപോളകൾ മൂടുക.
6. തുണി ഇടയ്ക്ക് നനയ്ക്കുന്നത് നന്നാവും.
7. തലയിണ ഉപയോഗിച്ച് തലഭാഗം ഉയർത്തിവെക്കുക.

മരണാനന്തരം നേത്രദാനം നിർബന്ധമാക്കിയ ഒരു രാജ്യമാണ് ശ്രീലങ്ക. അതോടെ നേത്രദാനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്താനും ശ്രീലങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റിയതിന് ശേഷമുള്ള നേത്രപടലങ്ങൾ ലോകത്തിന്റെ പല ഭാഗത്തേയ്ക്കും ശ്രീലങ്കയിൽ നിന്നും അയക്കപ്പെടുന്നു.

ഇരുൾ നിറഞ്ഞ ഒരാളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാൻ നേത്രദാനത്തിലൂടെ കഴിയുമെങ്കിൽ അതിലും വലിയ ഒരു പുണ്യകർമ്മമില്ല. എന്നാൽ നേത്രദാനം ചെയ്യാനുള്ള മനസ്സ് വെറും രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ബോധവത്ക്കരണ പരിപാടികളിലൂടെ വളർത്തിയെടുക്കാൻ ഒരു പരിധിവരെ മാത്രമേ സാധ്യമാകൂ. വളരെ ചെറുപ്പത്തിൽ തന്നെ നേത്രദാന സന്ദേശം കുട്ടികളുടെ മനസ്സിൽ എത്തിക്കാൻ സാധിച്ചാൽ നാം ഇന്ന് അനുഭവിക്കുന്ന പ്രശ്നത്തിന് ഒരു ശാശ്വതപരിഹാരം കാണാനാകും. അതിനായി സ്‌കൂൾ പാഠ്യപദ്ധതിയിൽ നേത്രദാനത്തെ കുറിച്ചുള്ള അറിവുകൾ ഉൾപ്പെടുത്താൻ സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തണം.

(സക്ഷമ (SAKSHAMA) കോഴിക്കോട് ജില്ല പ്രസിഡന്റ് ആണ് ലേഖകൻ)

Content Highlights: national eye donation fortnight, things to know about eye donation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented