കാഴ്ചയില്ലാത്ത ആള്‍ക്ക് നേത്രദാനം ചെയ്യാനാകുമോ? സമ്മതപത്രത്തേക്കാൾ പ്രധാനം സമ്മതം


സി. സജിൽ

രാജ്യത്ത് 20 ലക്ഷത്തോളം പേര്‍ നേത്രപടലം മാറ്റിവെക്കാന്‍ കാത്തിരിക്കുന്നവരാണ് എന്നാണ് കണക്ക്.

Representative Image| Photo: AFP

'ണ്‍മണി നീയെന്‍
കരം പിടിച്ചാല്‍
കണ്ണുകളെന്തിന് വേറെ...'
അതിമനോഹരമായ കവിഭാവനയുടെ അര്‍ഥതലങ്ങള്‍ ഹൃദയബന്ധത്തിന്റേതാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ കണ്ണുകള്‍ക്ക്, കാഴ്ചയ്ക്ക് പകരം മറ്റൊന്നില്ല. ഒരിഞ്ചു വ്യാസം മാത്രമുള്ള ആ ചെറുഗോളങ്ങള്‍ തുറന്നിടുന്ന കാഴ്ചകള്‍ അതി വിശാലമാണ്. എന്നാല്‍ നിറമുള്ള കാഴ്ചകള്‍ ചുറ്റുമുണ്ടായിട്ടും ഇരുട്ടിന്റെ ലോകത്ത് ജീവിക്കേണ്ടി വരുന്ന ഒട്ടേറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് കാഴ്ച തിരികെക്കൊടുക്കാനായാല്‍, അത് മഹത്തായ കാര്യമാണ്. കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ നേത്രബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ തന്നെ ഒട്ടേറെ. തിരുവനന്തപുരത്ത് 400 ഓളം പേര്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് നേത്രബാങ്കില്‍ കണ്ണിനുവേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 56 പേരാണ്. കണ്ണ് ആവശ്യമായി വരുന്നവരുടെ എണ്ണം ഒരോ ദിവസവും കൂടുന്നുമുണ്ട്.

രാജ്യത്ത് 20 ലക്ഷത്തോളം പേര്‍ നേത്രപടലം മാറ്റിവെക്കാന്‍ കാത്തിരിക്കുന്നവരാണ് എന്നാണ് കണക്ക്. ഇതില്‍ തന്നെ 60 ശതമാനത്തോളം പേര്‍ കുട്ടികളും യുവാക്കളുമാണ്. എന്നാല്‍ രാജ്യത്തിന് ലഭിക്കുന്നതാകട്ടെ ഒരു വര്‍ഷം ശരാശരി 15,000 കണ്ണുകള്‍ മാത്രമാണ്.

സമ്മതപത്രമല്ല സമ്മതമാണ് പ്രധാനം

നേത്രദാന സമ്മതപത്രം എന്നത് നേത്രദാന സന്നദ്ധതയുടെ ഭാഗമാണ്. അതുകൊണ്ട് മാത്രം നേത്രദാനം പ്രാവര്‍ത്തികമാകുന്നില്ല. നേത്രദാനം മരണശേഷം മാത്രം ചെയ്യാവുന്ന കാര്യമായതിനാല്‍ അത് യാഥാര്‍ഥ്യമാകണമെങ്കില്‍ അടുത്ത ബന്ധുക്കളുടെ പൂര്‍ണസമ്മതം ആവശ്യമാണ്. സമ്മതപത്രം ഒരാള്‍ നല്‍കി എന്നതുകൊണ്ട് മാത്രം മരണശേഷം അയാളുടെ കണ്ണുകളെടുക്കാന്‍ സാധിക്കില്ല. നേത്രദാനത്തിന് സന്നദ്ധത അറിയിച്ചുകൊണ്ടുള്ള സമ്മതപത്രം ധാരാളമായി ലഭിക്കുന്നുണ്ട്. പക്ഷേ പല കാരണങ്ങള്‍കൊണ്ടും അതിന് അനുസരിച്ച് കണ്ണുകള്‍ ദാനമായി ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

വെളിച്ചം ഒരാളില്‍ നിന്ന്‌ രണ്ടാളിലേക്ക്

ഒരാളുടെ നേത്രങ്ങള്‍ ദാനം ചെയ്യുമ്പോള്‍ നേത്രപടല അന്ധത ബാധിച്ച രണ്ടുപേര്‍ക്ക് വെളിച്ചം നല്‍കാനാകും. വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് അനുയോജ്യമായ ആളുകള്‍ക്ക് കോര്‍ണിയ വെച്ചുപിടിപ്പിക്കുന്നത്. അനുയോജ്യമായ കണ്ണുകള്‍ ലഭിക്കേണ്ടതുണ്ട്. കൂടുതല്‍ പ്രായമുള്ളവരുടെ കണ്ണുകള്‍ പൊതുവേ ചെറുപ്രായത്തിലുള്ളവര്‍ക്ക് വെയ്ക്കാറില്ല.

കണ്ണുകളല്ല നേത്രപടലം മാത്രം

മരണശേഷം ഒരു വ്യക്തിയുടെ കണ്ണുകള്‍ അവരുടെ കുടുംബത്തിന്റെ അനുവാദത്തോടെ മറ്റൊരാള്‍ക്ക് ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ച് കാഴ്ച നല്‍കുന്നതാണ് നേത്രദാനം. നേത്രദാനം എന്ന് പറയുമ്പോഴും കണ്ണുകള്‍ മുഴുവനായല്ല മാറ്റിവെക്കുന്നത്. നേത്രപടലം മാത്രമാണ് മറ്റൊരാള്‍ക്ക് വെച്ചുപിടിപ്പിക്കുന്നത്. കൃഷ്ണമണിയ്ക്ക് മുകളിലെ നേര്‍ത്ത സുതാര്യമായ ഭാഗമാണ് നേത്രപടലം അഥവ
കോര്‍ണിയ.

നേത്രദാനത്തിന്റെ നടപടികള്‍

 • ജീവിച്ചിരിക്കെ ഒരാള്‍ക്ക് നേത്രദാന സമ്മതപത്രം പൂരിപ്പിച്ച് നല്‍കാം.
 • മരണശേഷം കുടുംബാംഗങ്ങള്‍ അടുത്തുള്ള നേത്രബാങ്കിനെ വിവരം അറിയിച്ചാല്‍ ഡോക്ടര്‍ എത്തി നേത്രപടലം എടുക്കും.
 • മരണശേഷം 2-6 മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണുകള്‍ ദാനം ചെയ്തിരിക്കണം.
 • അരമണിക്കൂറില്‍ താഴെ സമയം കൊണ്ട് ഈ പ്രക്രിയ പൂര്‍ത്തിയാക്കാനാകും.
 • മരിച്ച വ്യക്തിയുടെ കണ്ണുകള്‍ നന്നായി അടയ്ക്കണം. വൃത്തിയുള്ള പഞ്ഞിയോ തുണിയോ കൊണ്ട് കണ്‍പോളകളില്‍ ചെറിയ നനവ് വയ്ക്കണം.
 • മൃതദേഹം കിടത്തുന്ന മുറിയില്‍ ഫാന്‍ ഓഫാക്കണം. ഏ.സി, കൂളര്‍ ഉപ യോഗിക്കാം.
കാഴ്ചയില്ലാത്ത ആള്‍ക്ക് നേത്രദാനം ചെയ്യാനാകുമോ?

നേത്രപടലത്തിന്റെ തകരാര്‍ അല്ലാത്ത കാരണം കൊണ്ട് കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് നേത്രദാനം ചെയ്യാന്‍ സാധിക്കും.

പ്രമേഹമോ ബി.പിയോ തടസ്സമല്ല

കണ്ണട ഉപയോഗിക്കുന്നതോ തിമിരമോ പ്രമേഹമോ അമിത രക്തസമ്മര്‍ദമോ നേത്രദാനത്തിന് തടസ്സമല്ല. ഡയബറ്റിക് റെറ്റിനോപ്പതിയുള്ളവര്‍ക്കും നല്‍കാം. കണ്ണിന്റെ നേത്രപടലം സുതാര്യമായ അവസ്ഥയിലുള്ളവര്‍ക്ക് നേത്രദാനം ചെയ്യാനാകും. പ്രായം, ലിംഗഭേദം, രക്തഗ്രൂപ്പ് എന്നിവയൊന്നും നേത്രദാനത്തിന് തടസ്സമല്ല.

അനുയോജ്യമല്ലാത്ത കാര്യങ്ങള്‍

കോര്‍ണിയയ്ക്ക് ഏതെങ്കിലും തരത്തിലുള്ള തകരാര്‍ വന്നാല്‍ നേത്രദാനം ചെയ്യാനാകില്ല. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, സി, പേവിഷബാധ, രക്തത്തില്‍ അനിയന്ത്രിതമായ രോഗാണുബാധ, രക്താര്‍ബുദം, സാംക്രമിക രോഗങ്ങള്‍ എന്നിവ ബാധിച്ചവരുടെ കണ്ണുകള്‍ ദാനചെയ്യാന്‍ അനുയോജ്യമല്ല.

ശസ്ത്രക്രിയയ്ക്ക് ശേഷം

 • പൊടി പടലങ്ങള്‍ ബാധിക്കാതെയും അണുബാധവരയാതെയും ശ്രദ്ധിക്കണം. ആള്‍ക്കൂട്ടങ്ങളില്‍ കൂടുതല്‍ ഇടപെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
 • കണ്ണ് തിരുമ്മാതെ ശ്രദ്ധിക്കണം.
 • കണ്ണിന്റെ ശുചിത്വം പാലിക്കണം.
 • ശസ്ത്രക്രിയയ്ക്ക് ശേഷം തുള്ളിമരുന്നുകള്‍ നല്‍കും. ആദ്യം കൂടുതല്‍ തവണയും പിന്നെ തവണ കുറയ്ക്കുകയും ചെയ്യും. പിന്നീട് ദിവസം ഒരു നേരം എന്നനിലയിലേക്കും മാറ്റും.
 • തുടര്‍പരിശോധനകള്‍ നിര്‍ബന്ധമാണ്.
 • ഏതെങ്കിലും തരത്തിലുള്ള പ്രയാസം കണ്ണിന് അനുഭവപ്പെട്ടാലും ഉടന്‍ തന്നെ ചികിത്സ തേടണം.
കോര്‍ണിയ വെച്ചുപിടിപ്പിച്ചാലും ചില ഘട്ടങ്ങളില്‍ റിജക്ഷന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റ് അവയവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോര്‍ണിയയ്ക്ക് റിജക്ഷനുള്ള സാധ്യത കുറവാണ്. ജനനവൈകല്യങ്ങള്‍ കൊണ്ടുള്ള കോര്‍ണിയ തകരാറുകള്‍, കോര്‍ണിയല്‍ ഡിസ്ട്രോഫി, കണ്ണിന്റെ കൃഷ്ണമണിയുടെ ബലക്കുറവ് കൊണ്ട് ഉണ്ടാകുന്ന കാരറ്റോകോണസ് (ഗലൃമീേരീിൗ)െ തുടങ്ങിയ അവസ്ഥയില്‍ നടത്തുന്ന കോര്‍ണിയ മാറ്റിവെക്കലില്‍ റിജക്ഷന്‍ സാധ്യത വളരെ കുറവായാണ് കാണുന്നത്. രണ്ടാമത്തെ തവണ കോര്‍ണിയ വെച്ചുപിടിപ്പിച്ചവരില്‍ റിജക്ഷന്‍ സാധ്യത താരതമ്യേന കൂടുന്നുണ്ട്.

നേത്രപടല അന്ധത

കോര്‍ണിയയിലൂടെ കടന്നാണ് പ്രകാശരശ്മികള്‍ കൃത്യമായി റെറ്റിനയില്‍ പതിപ്പിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ഈ പടലത്തിന്റെ സുതാര്യത കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോഴാണ് നേത്രപടല അന്ധത ഉണ്ടാകുന്നത്.

കാരണങ്ങള്‍: ജന്മനാ വൈകല്യങ്ങള്‍, രാസവസ്തുക്കള്‍ കാരണം, ജോലിക്കിടയില്‍ സംഭവിക്കുന്ന അപകടങ്ങള്‍, റോഡ് അപകടങ്ങള്‍, പോഷകാഹാരക്കുറവ് എന്നവയൊക്കെ നേത്രപട അന്ധതയുടെ പ്രധാന കാരണങ്ങളാണ്. അപകടങ്ങളിലും മറ്റും കണ്ണില്‍ വ്രണം ഉണ്ടായാല്‍ അത് ഉണങ്ങുമ്പോള്‍ അവിടെ സ്‌കാര്‍ രൂപപ്പെടാം. അത് കൃഷ്ണമണിക്ക് മുന്നിലെ കോര്‍ണിയയിലാണെങ്കില്‍ പ്രകാശ രശ്മിയെ കടത്തിവിടുന്നത് തടസ്സമാകുന്നു. അപ്പോള്‍ കാഴ്ച തകരാര്‍ സംഭവിക്കുന്നു.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: national eye donation fortnight, eye donation procedure


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


Sonia Rahul

7 min

ഗാന്ധി കുടുംബമേ, എന്തൊരു വീഴ്ചയാണിത്! | വഴിപോക്കൻ

Sep 28, 2022

Most Commented