'എന്റെ രാഷ്ട്രീയപ്രവേശനത്തോട് അമ്മയ്ക്ക് തികഞ്ഞ വിയോജിപ്പായിരുന്നു'- അമ്മയെക്കുറിച്ച് ശശി തരൂര്‍


5 min read
Read later
Print
Share

ശശി തരൂർ അമ്മ ലില്ലി തരൂരിനൊപ്പം | Photo: PTI

കോവിഡ് മഹാമാരി എല്ലാവരെയുംപോലെ ഞങ്ങളുടെ ജീവിതത്തിലും ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. രണ്ടുവര്‍ഷം അമ്മയും ഞാനും ഒരുമിച്ചുതാമസിച്ചു എന്നതുതന്നെയാണ് ഏറ്റവും ആഹ്ലാദകരമായ മാറ്റം! ഈ കുറിപ്പെഴുതാനിരിക്കെ ഞാന്‍ മറ്റൊരുകാര്യം ഓര്‍ത്തുപോയി. പതിനാറാം വയസ്സില്‍ കോളേജ് വിദ്യാഭ്യാസം തുടങ്ങിയതിനുശേഷം, അമ്മയും ഞാനും തമ്മില്‍ ഇത്ര സുദീര്‍ഘമായ ഒരു സഹവാസമുണ്ടായിട്ടില്ല! ഇക്കാര്യം ഞാന്‍ അമ്മയോടും പറഞ്ഞു.

അന്നും ഇന്നും സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് എന്റെ അമ്മ! കൊച്ചിയില്‍നിന്ന് സ്വയം ഡ്രൈവ് ചെയ്ത്, നാലുമണിക്കൂര്‍കൊണ്ട് പാലക്കാട്ടെ തറവാട്ടിലെത്താനുള്ള ആര്‍ജവമുണ്ട് അമ്മയ്ക്ക്.

വീട്ടില്‍ മുഴുവന്‍സമയവും ഒരു ജോലിക്കാരിയെ നിര്‍ത്താനായാലും അമ്മയ്ക്ക് അമ്മയുടേതായ നിര്‍ബന്ധങ്ങളുണ്ട്. പരാശ്രയമില്ലാതെ എല്ലാം സ്വന്തമായി ചെയ്യുക -അതാണ് അമ്മയുടെ രീതി! എന്റെ സഹോദരിമാര്‍ വിദേശരാജ്യങ്ങളിലായതിനാല്‍ അമ്മ തനിച്ചായിരുന്നു താമസം. എന്നോടൊപ്പംവന്ന് സ്ഥിരമായി താമസിക്കാന്‍ ഞാന്‍ പലകുറി കെഞ്ചിയിട്ടുണ്ട്. പക്ഷേ, അമ്മ വഴങ്ങിയാലല്ലേ? വല്ലപ്പോഴും വന്നാല്‍ത്തന്നെ, ഒന്നോ രണ്ടോ ആഴ്ചകള്‍ കഴിയുമ്പോള്‍ മടുക്കും. കാര്യം നിസ്സാരമാണ്. അമ്മയ്ക്ക് അമ്മയുടേതായ ലോകമുണ്ട്. അവിടത്തെ ഭരണചക്രം അമ്മയുടെ കൈയിലാണ്; സ്വന്തമായ ചിട്ടകളില്‍നിന്നുമാറാന്‍ അമ്മയ്ക്ക് ബുദ്ധിമുട്ടാണ്.

ഏറെനാള്‍ അയല്‍വാസികളെ കാണാതിരിക്കാന്‍ അമ്മയ്ക്കാവില്ല! മറ്റൊരാളിന്റെ വീട്ടില്‍, അത് സ്വന്തം മകനായാല്‍പ്പോലും അവിടത്തെ രീതികളും അന്തരീക്ഷവുമൊക്കെയായി പൊരുത്തപ്പെടാന്‍ അമ്മയ്ക്കു വിഷമമാണ്. ഇക്കാരണങ്ങളാല്‍ ഒരു മാസത്തിലധികം എന്റെ വീട്ടില്‍ തങ്ങാറില്ല. ഊര്‍ജസ്വലനായ ഒരു വ്യക്തിയായിരുന്നു എന്റെ അച്ഛന്‍. ഇരുപത്തിയഞ്ചുവര്‍ഷംമുമ്പ് അദ്ദേഹം അന്തരിച്ചു. അക്കാലംമുതല്‍ തന്റെ ഏകാന്തതയെക്കുറിച്ച് അമ്മ എന്നോടും എന്റെ സഹോദരിമാരോടും പരാതിപ്പെടാന്‍ തുടങ്ങി.

കൊച്ചിയിലാണ് അമ്മ സ്ഥിരതാമസം. 2020 മാര്‍ച്ച് മധ്യത്തോടെ, കോവിഡ് ഇന്ത്യയൊട്ടാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരുന്ന സമയത്ത് ഡല്‍ഹിയില്‍ എന്നോടൊപ്പമായിരുന്നു അമ്മ. ഏകദേശം ഒരുമാസം നീണ്ടുപോയ ഡല്‍ഹിവാസം മടുത്തപ്പോള്‍, അമ്മ നാട്ടിലേക്കുമടങ്ങാന്‍ തിടുക്കപ്പെട്ടു. പക്ഷേ, വീടുവിട്ട് വിമാനത്താവളത്തിലേക്കുപോകാന്‍പോലും ഞാന്‍ സമ്മതിച്ചില്ല. അങ്ങനെ താത്കാലികവാസം സ്ഥിരവാസമായിത്തീര്‍ന്നു. 'ഡല്‍ഹിയില്‍ പെട്ടുപോയി' എന്നാണ് അമ്മ പറഞ്ഞിരുന്നത്. വര്‍ഷമൊന്നുകഴിഞ്ഞപ്പോള്‍ അമ്മ കൊച്ചിയിലെ തന്റെ സാമ്രാജ്യത്തിലേക്കുപോയി. എന്നാല്‍ ഒരാഴ്ചകഴിയുംമുമ്പ് ഡല്‍ഹിയിലേക്കുതന്നെ മടങ്ങി.

ബന്ധുക്കളും കൂട്ടുകാരുമടങ്ങുന്ന വലിയൊരു സുഹൃദ്വലയമുണ്ട് അമ്മയ്ക്ക്. ഫോണിലൂടെയും നേരിട്ടും അമ്മ അവരുമായി സമ്പര്‍ക്കംപുലര്‍ത്തും. ചിലരെ നേരില്‍ സന്ദര്‍ശിക്കുന്നതും അമ്മയ്ക്കിഷ്ടമാണ്. പലരും ഇങ്ങോട്ടുവന്ന് കാണുകയാണു പതിവ്. അമ്മ നല്ലൊരു വായനക്കാരിയാണ്. വലിയ പുസ്തകശേഖരമുള്ള ഒരു ബുക്ക് ക്ലബ്ബില്‍നിന്നാണ് വായിക്കാനുള്ള പുസ്തകങ്ങള്‍ വരുത്തുക. എന്റെ പുതിയ വീട്ടിലേക്കു ഞങ്ങള്‍ താമസംമാറിയപ്പോള്‍, എന്റെ പുസ്തകശേഖരം അമ്മയ്ക്ക് ഏറെ പ്രയോജനപ്പെട്ടു.

സ്ഥിരമായൊരു വേലക്കാരിയെ വീട്ടില്‍നിര്‍ത്തുന്നതിനോട് അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. പാചകം, വീടുശുചിയാക്കല്‍, അതിഥിസത്കാരം, മൊത്തത്തിലുള്ള ഗൃഹഭരണം തുടങ്ങി ഒരു വീട്ടമ്മയുടെ ചുമതലകളെല്ലാംതന്നെ അമ്മ സ്വയം നിര്‍വഹിക്കുമായിരുന്നു. പക്ഷേ, ഇപ്പോള്‍ അങ്ങനെയൊന്നുമല്ല.
വിരസതയകറ്റാന്‍ അമ്മയ്‌ക്കൊരു മാര്‍ഗമുണ്ട് -ഇന്റര്‍നെറ്റ്! ഇ-മെയിലുകള്‍ അയക്കാനും തുറക്കാനും നല്ലവശമാണ്. നെറ്റില്‍നിന്ന് ലേഖനങ്ങളും മറ്റും തേടിയെടുത്ത് വായിക്കും. നല്ലതെന്നുതോന്നുന്നവ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും. യുട്യൂബില്‍ വീഡിയോകള്‍ കാണാറുണ്ടെങ്കിലും അതു മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാന്‍ പക്ഷേ വശംപോരാ. വാട്‌സാപ്പിലും സജീവമാണ്. രാവിലെ തുരുതുരെ കിട്ടുന്ന ആശംസകള്‍ക്ക് മറുപടിയയക്കും.

രസകരമായ വീഡിയോകള്‍ കൂട്ടുകാരുമായി പങ്കുവെക്കും. വല്ലപ്പോഴും തന്റെ വാട്‌സാപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചില വ്യാജവീഡിയോകളെയും ഒഴിവാക്കാറില്ല. ചെറുപ്പകാലത്ത് പത്രങ്ങളോടു പുലര്‍ത്തിയിരുന്ന അതേ വിശ്വാസ്യതയാണ് ഓണ്‍ലൈന്‍ വാര്‍ത്തകളോടും അമ്മ പുലര്‍ത്തുന്നത്. അതിനപ്പുറത്തുള്ളതിനെയെല്ലാം സംശയമാണ്.

ഞാനും അമ്മയും തമ്മിലുള്ള ഇടപഴകലുകള്‍ തികച്ചും സൗഹാര്‍ദപരമാണെന്ന് അവകാശപ്പെടുന്നില്ല. അല്ലെങ്കില്‍ത്തന്നെ ഏതെങ്കിലും ഒരമ്മയും മകനും തമ്മില്‍ അങ്ങനെയൊന്നുണ്ടാകുമോ? എന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ചില സഞ്ചാരങ്ങള്‍ അമ്മയെ അലോസരപ്പെടുത്തിയിട്ടുണ്ട്. തികച്ചും സുതാര്യമായ രീതികളെ അവലംബിക്കുന്ന, 'നേരേ വാ നേരേ പോ' മട്ടുകാരിയാണ് അമ്മ.

വേണമെന്നുതോന്നിയാല്‍ പ്രസന്നത പുലര്‍ത്താന്‍ അവര്‍ക്കറിയാം. പക്ഷേ, പൊതുവേ നര്‍മത്തില്‍ താത്പര്യം കാട്ടാറില്ല. മൂര്‍ച്ചയേറിയ ആ നാവുകൊണ്ട് പലര്‍ക്കും മുറിവേറ്റിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ചൂളിപ്പോയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ജാള്യം മറയ്ക്കാന്‍ ഞാന്‍ അവരെ ഞങ്ങളുടെ ക്ലബ്ബിലേക്കു ക്ഷണിക്കും. ഏതാണീ ക്ലബ്ബ് എന്നല്ലേ? സംശയിക്കണ്ടാ -അമ്മയുടെ ശകാരത്തിനിരയാവുന്നവരുടെ ക്ലബ്ബുതന്നെ!

മുതിര്‍ന്നപ്പോള്‍ ഒരുകാര്യം ഞാന്‍ തിരിച്ചറിഞ്ഞു; അമ്മയ്ക്കുവേണ്ടി ഞാന്‍ ചെയ്തതൊന്നും പോരായെന്ന്! എന്നെച്ചൊല്ലി അമ്മയ്ക്ക് ധാരാളം സ്വപ്നങ്ങളുണ്ടായിരുന്നു. കുറെയെല്ലാം സാക്ഷാത്കരിക്കാന്‍ എനിക്കുസാധിച്ചിട്ടുണ്ട്. എങ്കിലും അമ്മ നിസ്സംഗത പുലര്‍ത്തുകയേയുള്ളൂ. നേട്ടങ്ങളില്‍ അമിതമായി അഭിമാനിക്കാനോ സന്തോഷിക്കാനോ അവര്‍ എന്നെ അനുവദിച്ചിട്ടില്ല. ഏതെങ്കിലുംമത്സരത്തില്‍ സമ്മാനം കിട്ടുകയോ പരീക്ഷയില്‍ മികച്ചവിജയം നേടുകയോ ചെയ്താല്‍ ചിലപ്പോള്‍ അമ്മയില്‍നിന്ന് ഒരംഗീകാരം കിട്ടും, 'നീ നേടുമെന്ന് എനിക്കറിയാമായിരുന്നു' എന്നര്‍ഥം ധ്വനിക്കുന്ന ഒരു വാക്ക് -അത്രതന്നെ!

പക്ഷേ, ഒന്നുണ്ട്. തന്റെ നിസ്സംഗതയിലൂടെ എന്നെ മികവിന്റെ നെറുകയിലേക്കാണ് അമ്മ കൈപിടിച്ചുയര്‍ത്തിയത്! പ്രസംഗമത്സരത്തിലും ക്വിസ് മത്സരത്തിലും വിദ്യാര്‍ഥികള്‍ക്കായി ആകാശവാണി സംഘടിപ്പിക്കാറുള്ള മത്സരങ്ങളിലും സ്‌കൂള്‍നാടകങ്ങളിലുമൊക്കെ പങ്കെടുക്കാന്‍ എന്നെ നിരന്തരമായി പ്രോത്സാഹിപ്പിച്ചിരുന്നത് അമ്മയാണ്! സുന്ദരികളായ തന്റെ രണ്ടു പെണ്‍മക്കളെയും 1979-ല്‍ 'മിസ് കല്‍ക്കത്ത' സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിച്ചതും അമ്മതന്നെ! അമ്മയുടെ പ്രതീക്ഷപോലെത്തന്നെ അവരിലൊരാള്‍ മിസ് കല്‍ക്കത്ത കിരീടം ചൂടുകയും മറ്റെയാള്‍ രണ്ടാംസ്ഥാനം നേടുകയുമുണ്ടായി.

അമ്മ ഒരു ബഹുമുഖപ്രതിഭയായിരുന്നു. പക്ഷേ, ഒന്നിലും പൂര്‍ണശ്രദ്ധ പുലര്‍ത്തിയിരുന്നില്ല. ശാസ്ത്രീയമായ പരിശീലനം നേടാതെതന്നെ നന്നായി പാടുമായിരുന്നു. ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍വെച്ച് പരിചയപ്പെട്ട ഒരു സംഗീതസംവിധായകന്‍ അമ്മയെ ശബ്ദപരിശോധനയ്ക്കു ക്ഷണിച്ചു. അമ്മ ചെന്നു. ഉച്ചസ്ഥായിയിലുള്ള ഒരു പാട്ടും പാടി. സ്റ്റുഡിയോ അന്തരീക്ഷവും ശബ്ദസംവിധാനങ്ങളുമൊന്നും പരിചയമില്ലാഞ്ഞതിനാലോ എന്തോ, അമ്മയുടെ ശബ്ദം പാളിപ്പോയി. അങ്ങനെ പിന്നണിഗായികയാവാന്‍ അമ്മയ്ക്ക് യോഗമുണ്ടായില്ല.

പിന്നീട് കളിമണ്ണിലായി അമ്മയുടെ താത്പര്യം. തഞ്ചാവൂര്‍ശൈലിയില്‍ അമ്മ ഗ്ലാസില്‍ വരച്ച ഗണപതിയുടെ ഒരു ചിത്രമുണ്ട്. വീട്ടില്‍വരുന്ന സന്ദര്‍ശകരൊക്കെ അതുകണ്ട് അദ്ഭുതപ്പെടാറുണ്ട്. പക്ഷേ, പിന്നെപ്പിന്നെ അമ്മയ്ക്ക് ചിത്രംവരയില്‍ താത്പര്യമില്ലാതായി. 2001-ല്‍ ഞാന്‍ രചിച്ച 'RIOT' എന്ന നോവല്‍ അമ്മയ്ക്കു സമര്‍പ്പിച്ചുകൊണ്ട് ഞാന്‍ ഇങ്ങനെ എഴുതി: 'Tireless seeker who taught me to value her divine discontent.'

ഇപ്പോഴും തന്റെ കര്‍മശേഷിക്ക് ഊനംതട്ടിയിട്ടില്ലെന്ന് അമ്മ ദൃഢമായി വിശ്വസിക്കുന്നു. അച്ഛന്റെ മരണശേഷം, കോയമ്പത്തൂരിന്റെ പ്രാന്തപ്രദേശത്ത്, ഒട്ടേറെ തടസ്സങ്ങളെ മറികടന്നുകൊണ്ട്, അമ്മ സ്വയം ഒരു വീടുപണിതു. തന്റെ ബാല്യം ചെലവഴിച്ച വീടിന്റെ പേരും നല്‍കി: 'ലില്ലി കോട്ടേജ്'. തനിക്ക് എന്തിനും പ്രാപ്തിയുണ്ടെന്നു തെളിയിക്കാനുള്ള ശ്രമമായിരുന്നോ അത് എന്നെനിക്കുതോന്നാതിരുന്നില്ല. എന്തായാലും പിന്നീടവര്‍ ആ വീട് വില്‍ക്കുകയാണുണ്ടായത്.

എന്റെ രാഷ്ട്രീയപ്രവേശനത്തോട് അമ്മയ്ക്ക് തികഞ്ഞ വിയോജിപ്പായിരുന്നു. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് മാന്യമായ ഒരുമേഖലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് അമ്മയുടെ അഭിപ്രായം. അതിനായി അവര്‍ ഇപ്പോഴും നിരന്തരമായി പ്രാര്‍ഥിക്കുന്നതറിയാം. എങ്കിലും തിരഞ്ഞെടുപ്പുകളില്‍ എനിക്കു വോട്ടുചെയ്യാനായി അവര്‍ സമ്മതിദായകരുടെ നീണ്ടനിരകളില്‍ കാത്തുനിന്നിട്ടുണ്ട്. 2014-ലെ തിരഞ്ഞെടുപ്പ് എനിക്കൊരു പരീക്ഷണമാണെന്നു തോന്നിയപ്പോള്‍, അമ്മ എന്റെ പ്രചാരണ വാഹനത്തിലേക്കു കയറുകയും എനിക്ക് ഐക്യവും പിന്തുണയും പ്രഖ്യാപിക്കുകയുംചെയ്തു.

തനിച്ചുള്ള യാത്രകള്‍ അമ്മയ്ക്ക് ഒരുപ്രശ്‌നമേയല്ല. സമപ്രായക്കാരായ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്കുപോകാനും വര്‍ഷാവര്‍ഷം പുട്ടപര്‍ത്തിയിലെ സത്യസായിബാബാ സമാധിയില്‍ചെന്ന് ആദരമര്‍പ്പിക്കാനും അമ്മ ശ്രദ്ധപുലര്‍ത്താറുണ്ട്. അവനവന്റെ പ്രായം നിശ്ചയിക്കേണ്ടത് അവനവന്‍തന്നെയാണ് എന്നത്രേ അമ്മയുടെ അഭിപ്രായം!

ശസ്ത്രക്രിയയിലൂടെ ബലംകൂട്ടിയ മുട്ടുകളും തിമിരം നീക്കിയ കണ്ണുകളുമായി, എണ്‍പതുകളുടെ മധ്യാഹ്നത്തിലൂടെ നീങ്ങുന്ന അമ്മ ആത്മവിശ്വാസത്തിന്റെ ആള്‍രൂപംതന്നെയാണ്. പ്രായത്തിനുമുമ്പില്‍ അടിയറവുപറയാന്‍ തനിക്കു മനസ്സില്ല എന്ന ആ വാശി കാണുമ്പോള്‍, അമ്മയോടു മുമ്പുപ്രകടിപ്പിക്കാന്‍ മറന്നുപോയ ഒരാദരവ് എന്നില്‍ വന്നുനിറയുന്നത് ഞാനറിയുന്നു. ശാരീരികമായ അകലവും ചില അഭിപ്രായവ്യത്യാസങ്ങളുംമൂലം ഉള്ളിന്റെ ആഴങ്ങളില്‍ നിദ്രപൂണ്ടുകിടന്നിരുന്ന സ്‌നേഹത്തിന്റെ ഒരു ബഹിര്‍സ്ഫുരണമായാണ് ഞാനീ തിരിച്ചറിവിനെ കാണുന്നത്.

അമ്മയോടൊപ്പമിരുന്നുള്ള പ്രാതല്‍ എന്നെ സംബന്ധിച്ചിടത്തോളം ഊഷ്മളമായ അനുഭവമാണ്. മിക്കവാറും ഉച്ചയൂണും അത്താഴവും ഞങ്ങള്‍ ഒരുമിച്ചാണ്. അമ്മയ്‌ക്കൊപ്പം പുല്‍ത്തകിടിയിലിരുന്നുള്ള ചായകുടിയും പത്രംവായനയും എന്റെ പ്രഭാതങ്ങളെ മനോഹരമാക്കാറുള്ളത് ഞാനിപ്പോള്‍ തിരിച്ചറിയുന്നുണ്ട്. അമ്മയുടെ സാമീപ്യം എന്റെ പ്രഭാതങ്ങള്‍ക്കും സായാഹ്നങ്ങള്‍ക്കും പ്രകാശംപകരുന്നുവെന്നത് വാസ്തവം!

എന്റെ മുതിര്‍ന്ന മക്കള്‍ വിദേശത്താണ്. അവര്‍ക്കു മക്കളുമുണ്ട്. ഈയവസ്ഥയില്‍ എന്റെ ജീവിതത്തിന്റെ ആധാരം അമ്മയാണ്. എട്ടുവര്‍ഷംമുമ്പ് വിഭാര്യനായിത്തീര്‍ന്ന ഞാന്‍, തനിച്ചുള്ള ജീവിതവുമായി പൊരുത്തപ്പെട്ടിരുന്നു. ഇന്ന് എന്റെ ജീവിതത്തെ ശാന്തസുന്ദരമാക്കുന്നത് അമ്മയുടെ സാന്നിധ്യമല്ലാതെ മറ്റൊന്നുമല്ല. അമ്മയുടെ കവിളില്‍ ഒരുമ്മ നല്‍കാതെ ഒരുദിവസംപോലും ഞാന്‍ പുറത്തേക്കിറങ്ങാറില്ല. വീട്ടിലേക്കു കയറിവരുമ്പോഴും അമ്മയോട് എന്തെങ്കിലുമൊരു കുശലംപറയാന്‍ ശ്രദ്ധപുലര്‍ത്താറുമുണ്ട്. അമ്പതുകൊല്ലം അമ്മയ്ക്കും മകനുമിടയില്‍നിന്ന് കാണാതെപോയ പലതും മറനീക്കി വെളിച്ചപ്പെട്ടപ്പോള്‍ അതൊരു പുത്തനനുഭവമായി. അതോടെ വൈകാരികമായ ഒരു ചരട് അമ്മയെയും എന്നെയും കോര്‍ത്തിണക്കി.

കഥയില്ലാത്ത പ്രായത്തില്‍, അമ്മയുടെ മുന്‍ശുണ്ഠിയും കുറ്റപ്പെടുത്തലുകളും എന്നെ പലപ്പോഴും അലോസരപ്പെടുത്തിയിട്ടുണ്ട്. അച്ഛന്റെ അനാരോഗ്യം അമ്മയിലുണ്ടാക്കിയ ആശങ്കകളായിരുന്നു അതെല്ലാമെന്ന് അന്നെനിക്കു തിരിച്ചറിയാനായില്ല. സത്യത്തില്‍ സഹനത്തിലൂടെ അവര്‍ കരുത്താര്‍ജിക്കുകയായിരുന്നു. അച്ഛന്റെ വിയോഗത്തില്‍ അമ്മ തളര്‍ന്നുപോയില്ല. മനനത്തിലൂടെ അവര്‍ ഊര്‍ജം സംഭരിക്കുകയായിരുന്നു.

ചുരുങ്ങിയ നാളുകളില്‍ അമ്മ ജീവിതത്തെ അസാധാരണമായ ധൈര്യത്തോടെ നേരിടാനുള്ള ആത്മവിശ്വാസം നേടി. ഇപ്പോള്‍ വിശ്രമത്തിനുള്ള സമയമായെന്ന് അമ്മയ്ക്കറിയാം; സ്‌നേഹവും കരുതലും അതിന്റെ ഭാഗമാണെന്നും! അനുശീലനങ്ങളൊന്നും ആസ്വാദനത്തിനുള്ള ഉപാധികളല്ലെന്ന് അമ്മയ്ക്കുറപ്പുണ്ട്. അമ്മയ്ക്കുവേണ്ടതെല്ലാം ഒരുക്കിക്കൊടുക്കാനാവുന്നതാണ് എന്റെ ധന്യത! മാതൃകാബിംബമായ ഒരമ്മയുടെ മകനായി ജനിക്കാനായത് എന്റെ മഹാഭാഗ്യം! ഉപാധികളില്ലാത്ത മാതൃസ്‌നേഹം നുകരാനാവുന്നത് എന്റെ സുകൃതം! എന്നെ സംബന്ധിച്ചിടത്തോളം, എന്റെ അമ്മയില്‍ ഞാന്‍ കണ്ടിട്ടുള്ളതും കാണുന്നതുമെല്ലാം അനിതരസാധാരണമാണ്.

(ശശി തരൂരിന്റെ സഹോദരി ശോഭാ തരൂര്‍ ശ്രീനിവാസന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ധന്യമീ ജീവിതം' എന്ന പുസ്തകത്തിന് എഴുതിയ ആമുഖക്കുറിപ്പിന്റെ എഡിറ്റ് ചെയ്ത രൂപമാണിത്)

പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്‍

Content Highlights: shashi tharoor talks about mother lily throor

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented