'ആന്റി എന്നു വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു, മോള്‍ക്കെന്നെ 'അമ്മ' എന്ന് വിളിച്ചുകൂടെ'


4 min read
Read later
Print
Share

ശ്രീകുമാരൻ തമ്പിയോടൊപ്പം രാജി തമ്പി/ കാവ്യ മാധവൻ | Photo: Mathrubhumi

(2013-ല്‍ മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച നടി കാവ്യാ മാധവന്റെ ഓർമകൾ പങ്കുവെക്കുന്ന 'കഥയില്‍ അല്‍പം കാവ്യം' എന്ന പുസ്തകത്തില്‍ നിന്ന്)

മിഴി രണ്ടിലും സിനിമയുടെ ലൊക്കേഷന്‍. സംസാരത്തിനിടെ സുകുമാരി ആന്റി പറഞ്ഞു, 'കുഞ്ഞേ, നിങ്ങളുടെ പരിചയത്തില്‍ നല്ല പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ പറഞ്ഞോളൂട്ടോ. എനിക്കറിയാവുന്ന നല്ലൊരു പയ്യനുണ്ട്.'എനിക്ക് ആകാംക്ഷയായി, 'ആരാ, ആന്റീ ആ പയ്യന്‍.' ആന്റി ചിരിച്ചു, 'ശ്രീകുമാരന്‍ തമ്പി സാറിന്റെ മോന്‍ രാജകുമാരന്‍ തമ്പി. അവനെ കല്യാണം കഴിക്കുന്ന പെണ്‍കുട്ടി തീര്‍ച്ചയായും ഭാഗ്യമുള്ളവളായിരിക്കും.'ആന്റിക്ക് ഏറെക്കാലമായി പരിചയമുള്ള കുടുംബമാണ് തമ്പി സാറിന്റെത്. രാജകുമാരന്‍ തമ്പിയെക്കുറിച്ച് അവര്‍ക്ക് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

രാജകുമാരന്‍ തമ്പി ബാലതാരമായി അഭിനയിച്ച അമ്മയ്‌ക്കൊരുമ്മ ഞാന്‍ കണ്ടിട്ടുണ്ട്. സ്ക്രീനില്‍ കണ്ട ആ ചേട്ടനെക്കുറിച്ച് വെറുതെ ഓര്‍ത്തു.

കുറച്ചുകാലം കഴിഞ്ഞു. ഒരു ദിവസം കേള്‍ക്കുന്നു, 'രാജകുമാരന്‍ തമ്പി മരിച്ചു.' കല്യാണം കഴിഞ്ഞ് കുവൈത്തിലേക്കു പോയ ശേഷം, പട്ടണത്തില്‍ ഭൂതത്തില്‍ അഭിനയിക്കാന്‍ ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയ സമയമായിരുന്നു അത്. ചില പ്രയാസങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. രാജകുമാരന്‍ തമ്പിച്ചേട്ടന്റെ മരണവാര്‍ത്ത എനിക്ക് കൂടുതല്‍ വിഷമമുണ്ടാക്കി. ഞാന്‍ സുകുമാരി ആന്റി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍ത്തു. അത്രയും നല്ലവനായ ഒരാള്‍ക്ക് ഇതയും നേരെത്ത അന്ത്യമുണ്ടാകുമെന്ന് വിചാരിച്ചതല്ല. മാത്രമല്ല ആ ചേട്ടന്റെ വിവാഹം കഴിഞ്ഞ് കുറച്ചുകാലമേ ആയിട്ടുള്ളൂ എന്നറിയാം. ആ പെണ്‍കുട്ടിയുടെ ഇനിയുള്ള ജീവിതം എത്ര പ്രയാസകരമായിരിക്കും എന്നൊക്കെ ആലോചിച്ചപ്പോള്‍ സങ്കടം വന്നു. ഒരു ഇന്റര്‍വ്യൂവില്‍ ഞാനിക്കാര്യം സംസാരിക്കുകയും ചെയ്തു.

കുറച്ചു ദിവസം കഴിഞ്ഞ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചേച്ചി എന്നെ വിളിച്ചു 'ശ്രീകുമാരന്‍ തമ്പി സാറിന്റെ ഭാര്യ രാജിച്ചേച്ചി (രാജേശ്വരി തമ്പി)ക്ക് മോളോടൊന്ന് സംസാരിക്കണെമന്നു പറഞ്ഞു. ഞാന്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്.'എന്റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്നപ്പോള്‍ പലരും എന്നെ വിളിച്ച് ആശ്വസിപ്പിച്ചിട്ടുണ്ട്. അതു പോലെ വിളിക്കുന്നതാകും എന്നാണ് കരുതിയത്. അതു കഴിഞ്ഞ് കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ചെന്നൈയില്‍നിന്ന് രാജി ആന്റിയുടെ കോള്‍, 'എല്ലാവര്‍ക്കും തിരക്കാണ്. ആര്‍ക്കും ആരെയും കുറിച്ചോര്‍ക്കാന്‍പോലും സമയമില്ല. പക്ഷേ, മോളെന്റെ മോനെ ഓര്‍ത്തു. അവനെക്കുറിച്ച് മോള്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ഞാന്‍ കേട്ടു. എനിക്ക് ഒരുപാട് സന്തോഷമുണ്ട്.' ആന്റിയുടെ വാക്കുകളില്‍ സ്‌നേഹം തുളുമ്പി. ആദ്യമായാണ് ഞാന്‍ അവരുമായി സംസാരിക്കുന്നത്. എന്നിട്ടും ആന്റിയുടെ സംസാരത്തില്‍ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം നിഴലിച്ചു.

ആന്റി മകനെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. മകന്റെ മരണം അവരെ വല്ലാതെ തളര്‍ത്തിയിരുന്നു. ഒരോ വാചകം പറഞ്ഞുതീരുമ്പോഴും അവര്‍ തേങ്ങുന്നുണ്ടായിരുന്നു. 'ആന്റി കരയരുത്. ധൈര്യമായിരിക്കണം,' ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 'ആന്റി' എന്നു വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു, മോള്‍ക്കെന്നെ 'അമ്മ' എന്ന് വിളിച്ചുകൂടെ.' ഒരു നിമിഷം ഞാനാകെ വല്ലാതായിപ്പോയി. അവരുടെ ആഗ്രഹം പോലെ ഞാന്‍ അവരെ 'അമ്മ' എന്ന് വിളിക്കണോ? എന്റെ അമ്മയെയല്ലാതെ മറ്റാരേയും അമ്മ എന്നു വിളിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. ഒരു നിമിഷം എനിക്കെന്തു സംസാരിക്കണം എന്നുപോലും നിശ്ചയമില്ലാതെ നിന്നു. അവര്‍ പക്ഷേ, സംസാരം തുടര്‍ന്നു കൊണ്ടിരുന്നു.

സംസാരം പുരോഗമിക്കുംതോറും അറിയാതെ ആന്റി എന്റെ ഹൃദയത്തില്‍ തൊട്ടു. ഒടുവില്‍ ഞാന്‍ വിളിച്ചു പോയി, 'അമ്മേ....', അവര്‍ക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. 'എന്റെ മോന് മോളെ വലിയ ഇഷ്ടമായിരുന്നു. ഇതു പോലൊരു കുഞ്ഞനിയത്തി തനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവന്‍ മലയാള സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ മോള്‍ക്ക് നല്ലൊരു വേഷം നല്‍കുമെന്നും പറയുമായിരുന്നു. മോള്‍ടെ കല്യാണവാര്‍ത്ത കേട്ടപ്പോള്‍ നല്ല കഴിവുള്ള നടിയെ എന്തിനാ ഇത്ര പെട്ടെന്ന് സിനിമയില്‍ നിന്ന് പറിച്ചുമാറ്റുന്നെതന്നാണ് അവന്‍ ചോദിച്ചത്.'

ആ ചേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍ കാണാനും പരിചയപ്പെടുത്താനും കഴിയാത്തതില്‍ വിഷമം തോന്നി. മോളേ..മോള്‍ ഇന്റര്‍വ്യൂവില്‍ മോനെക്കുറിച്ച് സംസാരിച്ചതും ഞാനിപ്പോള്‍ മോളെ വിളിച്ചതുമൊക്കെ അവന്‍ ആഗ്രഹിച്ചതുകൊണ്ടാവും. അവന്‍ മുകളിലിരുന്ന് ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാവും', അമ്മ തേങ്ങി.

ഇപ്പോള്‍ ഞാനും അമ്മയും ഒന്നരക്കൊല്ലമായി ഫോണിലൂടെ പരിചയക്കാരാണ്. പക്ഷേ, ഇന്നുവരെ ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ല. നേരിട്ടു മാത്രമല്ല അമ്മയുടെ ഒരു ഫോട്ടോ പോലും ഞാന്‍ കണ്ടിട്ടില്ല. ഞാനെന്റെ ഫോട്ടോകളൊക്കെ അമ്മയ്ക്ക് മെയില്‍ ചെയ്യും. പക്ഷേ അമ്മ ഒരു ഫോട്ടോ പോലും എനിക്ക് അയച്ചിട്ടില്ല. ചോദിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ നേരില്‍ കാണാമല്ലോ എന്നു പറഞ്ഞ് ചിരിക്കും.

ഞാന്‍ സിനിമയിലെ സുഹൃത്തുക്കളോടൊക്കെ അമ്മയെക്കുറിച്ച് തിരക്കും. പക്ഷേ, അവരുടെ കൈയിലും അമ്മയുടെ ഫോട്ടോയില്ല. ചിലര്‍ പറഞ്ഞു,'ആ അമ്മ നല്ല സുന്ദരിയാണ്. തമ്പിസാര്‍ സ്ത്രീ സൗന്ദര്യത്തെ വര്‍ണിച്ചെഴുതിയ പാട്ടുകളൊക്കെ ആ അമ്മയെ മനസ്സില്‍കണ്ട് എഴുതിയതാണ്' എന്ന്.

ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോൾ ഞാന്‍ അമ്മയോടു പറഞ്ഞു, 'എല്ലാവരും പറയുന്നു അമ്മ സുന്ദരിയാണെന്ന്. എനിക്കമ്മയെ കാണാന്‍ കൊതിയാകുന്നു.' അമ്മ ചിരിച്ചു, മോളെ, ഞാന്‍ സുന്ദരിയായിരുന്നു. പക്ഷേ..പണ്ട്...ഇപ്പോള്‍ മോളെന്നെ കാണാതിരിക്കുന്നതാണ് ഭേദം. കോലംകെട്ടുപോയി... ന്റെ കുഞ്ഞ് പോയതോടെ എല്ലാം പോയില്ലേ.'

പിന്നീടൊരിക്കല്‍ അമ്മ പറഞ്ഞു, മോളെന്റെ നാലാമത്തെ കുട്ടിയാണ്. ഞാന്‍ ആശ്ചര്യം കൊണ്ടു. കാരണം, അമ്മയ്ക്ക് രണ്ടു കുട്ടികളാണ് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. കവിതച്ചേച്ചിയും മരിച്ചുപോയ രാജകുമാരന്‍തമ്പിച്ചേട്ടനും. പിന്നെ മൂന്നാമത്തെയാള്‍ ആരാകും? അമ്മ പറഞ്ഞു, 'മൂത്തത് കെ.എസ്. ചിത്ര, രണ്ടാമേത്തത് കവിത, മൂന്നാമത് രാജകുമാരന്‍, ഇളയത് നീ.' ആ വീട്ടിലെ അംഗങ്ങളില്‍ ശ്രീകുമാരന്‍ തമ്പി സാറെ മാത്രമേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളു. എന്നിട്ടും ആ വീട്ടില്‍ എനിക്ക് ഇളയ മകളുടെ സ്ഥാനമുണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ആളുകളെ നേരില്‍ കണ്ടില്ലെങ്കിലും മനസുകള്‍ വഴി ബന്ധം ദൃഢമാക്കാമെന്ന് എനിക്ക് മനസിലായി.

ഒരു വര്‍ഷം മുമ്പ് ഏഷ്യാനെറ്റിന്റെ അവാര്‍ഡ് ചടങ്ങ് തിരുവനന്തപുരത്ത് നടക്കുന്നു. എനിക്കാണ് മികച്ച നടിക്കുള്ള അവാര്‍ഡ്. ഞാന്‍ നോക്കുമ്പോള്‍ ദൂരെയായി ചിത്ര ചേച്ചി ഇരിക്കുന്നു. ഞാന്‍ കൈയുയര്‍ത്തി കാണിച്ചു. ചിത്ര ചേച്ചി തിരിച്ചും. പെട്ടെന്ന് എന്നെ അവാര്‍ഡ് സ്വീകരിക്കാനായി ക്ഷണിച്ചതുകൊണ്ട് എനിക്ക് ചേച്ചിയുടെ അടുത്ത് പോകാനും പറ്റിയില്ല. ഞാന്‍ വേദിയില്‍ കയറാനായി എണീറ്റതും ഒരാള്‍ ഓടിവന്ന് എനിക്കൊരു സമ്മാനപ്പൊതി തന്നു. 'എന്തായിത്?' ഞാന്‍ ചോദിച്ചു. 'ചിത്രചേച്ചി കാവ്യയെ ഏല്‍പ്പിക്കാന്‍ പറഞ്ഞതാണ്.' എന്നു പറഞ്ഞ് അയാള്‍ പോയി. ഞാന്‍ ചിത്ര ചേച്ചിയെ നോക്കി. ചേച്ചി എന്നെ നോക്കി ചിരിച്ചു.

ഞാന്‍ വേദിയില്‍ കയറി അവാര്‍ഡ് സ്വീകരിച്ചു. അപ്പോഴും മനസ് മുഴുവന്‍ ചിത്രചേച്ചിയുടെ സമ്മാനത്തെകുറിച്ചുള്ള ചിന്തകളായിരുന്നു. എന്തിനായിരിക്കും ചേച്ചി എനിക്ക് സമ്മാനം തന്നത്? വേദിയില്‍ നിന്ന് തിരിച്ചിറങ്ങിയപ്പോഴേക്കും ചിത്ര ചേച്ചി പോയിക്കഴിഞ്ഞിരുന്നു. എനിക്കാണെങ്കില്‍ തുറന്നു നോക്കാനുള്ള വ്യഗ്രത. ഞാന്‍ നേരെ ഹോട്ടല്‍ മുറിയിലേക്ക് പോയി. സമ്മാനപ്പൊതി തുറന്നു. ഗോള്‍ഡ് പ്ലേറ്റു ചെയ്ത നല്ലൊരു മാലയും ഒരു സെറ്റ് വളയും. ഇങ്ങനെ ഒരു സമ്മാനം തരാന്‍ ചിത്രചേച്ചിയെ പ്രേരിപ്പിച്ച സംഗതി എന്തായിരിക്കും എന്ന ചിന്തയായി പിന്നെ.

അഴിച്ച പാക്കറ്റ് ഒന്നുകൂടി പരതി. അപ്പോഴതാ ചെറിയൊരു കുറിപ്പ്. കത്ത് അമ്മ എഴുതിയതാണ്. എനിക്ക് തരാനായിട്ട് സമ്മാനം ചിത്രചേച്ചി വശം കൊടുത്തുവിട്ടതാണ്. എനിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അപ്പോഴേ അമ്മയെ വിളിച്ചു. സമ്മാനം എനിക്ക് ഒത്തിരി ഇഷ്ടമായെന്ന് പറഞ്ഞു. 'മോള്‍ ഏതെങ്കിലും പ്രധാന ചടങ്ങിന് പോകുമ്പോള്‍ അണിയണം. എന്നിട്ട് ചോദിക്കുന്നവരോടൊക്കെ പറയണം. അമ്മ സമ്മാനിച്ചതാണെന്ന്.'

ഞാനിതുവരെ ആ മാലയും വളയും അണിഞ്ഞ് ഒരു ചടങ്ങിനും പോയിട്ടില്ല. ഓരോ ചടങ്ങിന് ഇറങ്ങുമ്പോഴും അണിയാമെന്ന് ഉറപ്പിക്കും. പിന്നെ തോന്നും ഇതിലും നല്ല ചടങ്ങ് വരട്ടേയെന്ന്. അങ്ങനെയുള്ള ഒരു ചടങ്ങിനായി ഞാന്‍ കാത്തിരിക്കുകയാണ്. അന്ന് ഞാനത് അണിയും. എന്റെ അമ്മയ്ക്കുവേണ്ടി.

ചിത്രചേച്ചിയുടെ കുഞ്ഞിന്റെ മരണവാര്‍ത്ത അമ്മയ്ക്ക് ഭയങ്കര ഞെട്ടലായിരുന്നു. 'എന്റെ ജീവിതത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കെപ്പടുകയാണല്ലോ... ഈശ്വരാ...' എന്നു പറഞ്ഞ് അമ്മ അന്നു കുറെ കരഞ്ഞു.

Content Highlights: actor kavya madhavans memory about sreekumar thamp wife raji

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented