.jpg?$p=a80322e&f=16x10&w=856&q=0.8)
ഒമ്പത് കൺമണികൾ | Photo: Instagram/ les_nonuples_arby
കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നത് ഒരു ഹിമാലയന്‍ ടാസ്‌കാണ്. അപ്പോള്‍ ഒമ്പത് മക്കളെ ഒരുമിച്ചു വളര്‍ത്തേണ്ടി വന്നാലോ? അങ്ങനെയൊരു ബുദ്ധിമുട്ടേറിയ ജോലി എളുപ്പത്തില്‍ ചെയ്യുകയാണ് പശ്ചിമാഫ്രിക്കയിലെ മാലിയില്‍ നിന്നുള്ള ഹലീമ സിസ്സെ.
കഴിഞ്ഞ വര്‍ഷം മെയ് നാലിന് 26-കാരിയായ ഹലീമ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ആ ഒമ്പത് കണ്‍മണികളുടേയും ഒന്നാം പിറന്നാളായിരുന്നു. അത് ഹലീമയും ഭര്‍ത്താവ് അബ്ദുല്‍ കാദര്‍ അര്‍ബിയും ആഘോഷമാക്കി.
ഒമ്പത് പേരില്‍ അഞ്ചു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണുള്ളത്. മുഹമ്മദ് ആറാമന്‍, ഔമര്‍, എല്‍ ഹാദ്ജി, ബഹ്, കാദിദിയ, ഫാത്തൂമ, ഹവ, അദാമ, ഔമൗ എന്നിങ്ങനെയാണ് ഈ പൊന്നോമനകളുടെ പേരുകള്‍. മൂന്നു വയസ്സുള്ള സൗദ എന്നു പേരുള്ള ഒരു മൂത്ത സഹോദരിയും ഇവര്‍ക്കുണ്ട്.
മൊറോക്കോയില്‍വെച്ചാണ് ഹലീമ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രത്യേക പരിചരണം ലഭിക്കുന്നതിനായി ദമ്പതികളെ മാലിയില്‍ നിന്ന് മൊറോക്കോയിലേക്ക് മാറ്റുകയായിരുന്നു. 30-ാമത്തെ ആഴ്ച്ചയില്‍ കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. അന്ന് ഭാരം കുറവായിരുന്ന കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അബ്ദുല്‍ കാദര്‍ പറയുന്നു. മാലിയില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ് അബ്ദുല്‍ കാദര്‍.
ഗിന്നസ് റെക്കോഡില്‍ കയറിപ്പറ്റിയ ഈ പ്രസവം മറ്റൊരു റെക്കോഡും സൃഷ്ടിച്ചു. ലോകത്ത് ജീവിച്ചിരിക്കുന്ന, ഒറ്റ പ്രസവത്തില്‍ ജനിച്ച ഒമ്പത് പേരെന്ന റെക്കോഡാണ് ഈ കുരുന്നുകള്‍ സ്വന്തമാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..