ശ്രീകുമാരൻ തമ്പി അമ്മയ്ക്കൊപ്പം | Photos: Mathrubhumi Archives
അവധികഴിഞ്ഞ് അച്ഛന് നാസിക്കിലേക്ക് മടങ്ങി. അമ്മ അച്ഛന് കൊണ്ടുപോകാന്‍ ഏത്തയ്ക്ക ഉപ്പേരിയും ചേമ്പ് ഉപ്പേരിയും മുറുക്ക്, കളുകടയ്ക്ക (ചീട), ശര്‍ക്കരവരട്ടി, മധുരസേവ, അവലൂസ്‌പൊടി തുടങ്ങിയ പലഹാരങ്ങളും ഉണ്ടാക്കി തകര ടിന്നുകളിലും ചെറിയ ഭരണികളിലുമാക്കി അവ അച്ഛന്റെ ട്രങ്കിനകത്ത് യൂണിഫോമിനും മറ്റ് വസ്ത്രങ്ങള്‍ക്കുമിടയില്‍ വെച്ചു. അച്ഛന്‍ പട്ടാള യൂണിഫോം ധരിച്ച് അമ്മയോട് യാത്രപറഞ്ഞിറങ്ങി. അച്ഛന്റെ ട്രങ്കും ചുമന്ന് വാസു പിന്നാലെ പോയി.
സ്‌നേഹിതയുടെ ഭര്‍ത്താവിനെ യാത്രയാക്കാന്‍ തിട്ടപ്പള്ളിക്കാര്‍ വന്നു. അവരുടെ മൂത്തമകന്‍ ചന്ദ്രന്‍പിള്ള എന്ന ചന്ദ്രശേഖരന്‍നായരും അനുജന്‍ ഗോപാലകൃഷ്ണന്‍നായരും വന്നു. തിട്ടപ്പള്ളിക്കാരിയുടെ ഇളയമകന്‍ ഗോപാലകൃഷ്ണന് അന്ന് പത്തോ പതിനൊന്നോ വയസ്സേയുള്ളൂ. എങ്കിലും അയാള്‍ക്ക് അമ്മയെ വളരെ ഇഷ്ടമായിരുന്നു. കൂടെക്കൂടെ ഗോപാലകൃഷ്ണന്‍നായര്‍ കരിമ്പാലേത്ത് വരും. അമ്മ പറയുന്ന കൊച്ചുകൊച്ചു ജോലികള്‍ അനുസരണയോടെ ചെയ്യും. കരിമ്പാലേത്തെ കുട്ടികളോടൊപ്പം കളിക്കും.
അച്ഛന്‍ പടിയിറങ്ങുമ്പോള്‍ ശ്രദ്ധിച്ചുവരുത്തിയ അശ്രദ്ധയോടെ കുമാരമംഗലത്തെ മുറ്റത്ത് പേരപ്പനും വല്യമ്മയും പുന്നൂരെ മുറ്റത്ത് ഉപ്പാപ്പയും പരമേശ്വരന്‍പിള്ളച്ചേട്ടനും നില്‍ക്കുന്നുണ്ടായിരുന്നു. 'ഞങ്ങള്‍ ഇതൊന്നും കാണുന്നില്ല, ഞങ്ങള്‍ക്ക് ഇതൊന്നും അത്ര വല്യ കാര്യമല്ല, ഞങ്ങള്‍ക്കിതിലൊന്നും താത്പര്യവുമില്ല' എന്ന മട്ടില്‍.
അച്ഛന്‍ യാത്രപറഞ്ഞപ്പോള്‍ അമ്മ പൊട്ടിക്കരഞ്ഞു. മക്കളും കരഞ്ഞു. അച്ഛന്‍ കയറിയ വില്ലുവണ്ടി അകന്നുപോകുംവരെ ഞങ്ങള്‍ പെരുങ്കുളത്തോടുചേര്‍ന്ന വഴിയില്‍ നിന്നു. ഹോമപ്പുര കൊട്ടാരവും പുത്തിയില്‍ ഇല്ലവും കടന്ന് അമ്പലത്തിന്റെ കിഴക്കേനടയും കഴിഞ്ഞ് ഇടത്തോട്ടുതിരിഞ്ഞ് വില്ലുവണ്ടി അപ്രത്യക്ഷമായി. കൊല്ലത്തു പോയിവേണം അച്ഛന് തീവണ്ടി പിടിക്കാന്‍. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ചെങ്കോട്ട, മധുര വഴി ആ തീവണ്ടി മദ്രാസിലെത്തും. അവിടെനിന്ന് നാസിക് എന്ന സ്ഥലത്തേക്ക് വേറെ തീവണ്ടി. അച്ഛന്‍ യാത്രയായിക്കഴിഞ്ഞ് അധികം വൈകാതെ അച്ഛന്റെ എഴുത്തും 'അലോട്‌മെന്റും' വന്നു. അമ്മയ്ക്ക് സന്തോഷമായി. അച്ഛന്‍ മാസംതോറും അയച്ചുതരുന്ന പതിനഞ്ചുരൂപയും നെല്ലും തേങ്ങയും കൊണ്ട് അമ്മയ്ക്കും മൂന്നുമക്കള്‍ക്കും കുടുംബത്തിലെ അംഗങ്ങള്‍പോലെയുള്ള ജോലിക്കാര്‍ക്കും അല്ലല്‍കൂടാതെ കഴിയാം.
ജനനം മുതല്‍ പത്താംവയസ്സുവരെ നിത്യരോഗിയായിരുന്നു ഞാന്‍. വായുമുട്ടലാണ് വിട്ടുപിരിയാത്ത അസുഖം. കൂട്ടത്തില്‍ മാറാത്ത കരപ്പനും. കാല്‍മുട്ടിന് താഴെ പാദംവരെ ചെറിയ വ്രണങ്ങള്‍ വന്ന് പൊട്ടിയൊലിക്കുന്ന രോഗമാണ് കരപ്പന്‍. കുട്ടികള്‍ക്ക് കരപ്പന്‍ വന്ന് മാറുന്നത് നല്ലതാണെന്നും അത് ദുഷിച്ച രക്തത്തെ ഉന്മൂലനം ചെയ്യുന്നതുമൂലം ഭാവിയില്‍ ശരീരത്തിന് രോഗപ്രതിരോധശക്തി അധികരിക്കും എന്നുമാണ് സിദ്ധവൈദ്യമതം. പാരമ്പര്യമനുസരിച്ച് ചില പച്ചമരുന്നുകളും എണ്ണയുടെ കൂട്ടുമൊക്കെ അമ്മയ്ക്ക് അറിയാമായിരുന്നു. അമ്മ അതൊക്കെ പ്രയോഗിക്കും. പക്ഷേ, അമ്മയുടെ ഈ ദിശയിലുള്ള അനുഭവങ്ങള്‍ക്കും അറിവിനും ഒരു പരിധിയുണ്ടല്ലോ.
എന്നും ഞാന്‍ അമ്മയ്‌ക്കൊരു ഭാരമായിരുന്നു. മൂത്ത രണ്ട് സഹോദരന്മാരും തെക്കേ അറയില്‍ സുഖമായി ഉറങ്ങുമ്പോള്‍ ഞാന്‍ ശ്വാസംമുട്ടല്‍കൊണ്ട് ആട്ടുകട്ടിലില്‍ അമ്മയുടെ മാറില്‍കിടന്ന് പുളയും. ഞാന്‍ ഉറങ്ങുകയില്ല; അമ്മയെ ഉറക്കുകയുമില്ല. അമ്മ ആകെയുള്ള ഹോമിയോപ്പതി ഗുളിക വായിലിട്ടുതന്ന് അത് ഞാന്‍ ഇറക്കിയെന്ന് ഉറപ്പുവരുത്തിയിട്ട് എന്നെയുംകൊണ്ട് തൂക്കുമഞ്ചത്തില്‍നിന്ന് എഴുന്നേല്‍ക്കും. തോളില്‍ കിടത്തി നാലുകെട്ടിലെ നടുമുറ്റത്തിനു ചുറ്റും നടക്കും. പാടുന്ന താരാട്ടിന്റെ താളത്തില്‍ പതുക്കെയൊഴുകുന്ന ഒരു പ്രവാഹംപോലെ സംഗീതമായി അമ്മയൊഴുകും. ഇരയിമ്മന്‍ തമ്പിയുടെ നീലാംബരി രാഗത്തിലുള്ള 'ഓമനത്തിങ്കള്‍ കിടാവോ' പോലെയും സന്താനഗോപാലം കഥ പറയുന്ന നാടന്‍ശൈലിയിലുള്ള പാട്ടുപോലെയും ഉള്ള താരാട്ടുകളെക്കാള്‍ അമ്മ മക്കളെയുറക്കാന്‍ പാടിയിരുന്നത് മനോഹാരിത തുളുമ്പുന്ന കഥകളിപ്പദങ്ങളായിരുന്നു. കൂടുതലും സ്വാതിതിരുനാളിന്റെയും ഇരയിമ്മന്‍ തമ്പിയുടെയും അദ്ദേഹത്തിന്റെ മകള്‍ കുട്ടികുഞ്ഞു തങ്കച്ചിയുടെയും ഉണ്ണായിവാര്യരുടെയും പദങ്ങള്‍. എല്ലാം ഉദാത്തമായ സംഗീതം. ഈ വാര്‍ധക്യത്തിലും ഓര്‍മയില്‍ അവ ചിറകടിക്കുന്നുണ്ട്.
ലോകാധിപാ കാന്താ
കരുണാലയ വാചം
ആകര്‍ണ്ണയ മേ ശംഭോ...
ആകാംക്ഷയൊന്നെന്റെ
മനതാരില്‍ വളരുന്നു
അതിനനുവദിക്കേണം ആശ്രിതജനബന്ധോ...
ഇന്നു മേ ജനകന്‍ ചെയ്യും യാഗഘോഷങ്ങള്‍
ചെന്നു കണ്ടു വരുവാന്‍
എന്നില്‍ നിന്‍ കൃപ വേണം
എന്നിങ്ങനെയുള്ള വരികള്‍ ഇരയിമ്മന്‍ തമ്പിയുടെ ദക്ഷയാഗം കഥയില്‍ ദക്ഷപുത്രിയായ സതി ഭര്‍ത്താവിനോട് പറയുന്നതാണെന്ന് വളര്‍ന്നുകഴിഞ്ഞ് ദക്ഷയാഗം കളി കണ്ടാണ് മനസ്സിലാക്കിയത്.
ഇതുപോലെ ഉത്തരാസ്വയവരം കഥയിലെ 'വീരവിരാടകുമാരവിഭോ, ചാരുതരഗുണ സാഗരഭോ...', 'പാര്‍ത്ഥിപേന്ദ്രാ ഞാനിവിടെ നിന്നും തിരിച്ചുവേഗം പാര്‍ത്തലം തന്നില്‍ സൈ്വരമിരുന്നു...' തുടങ്ങിയ വരികളും മോഹിനിയാട്ടത്തില്‍ ഇപ്പോഴും ധാരാളമായി ഉപയോഗിച്ചുവരുന്ന സ്വാതിതിരുനാളിന്റെ 'അളിവേണി എന്തു ചെയ്‌വു...' കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ 'ബന്ധുരാംഗി കിന്തു ചെയ്‌വു ഞാന്‍ സഖീ...' തുടങ്ങിയ പദങ്ങളും അമ്മ പാടിയിരുന്നു. കവിതയുടെയും സംഗീതത്തിന്റെയും സാന്ത്വനസ്പര്‍ശം ദീര്‍ഘനേരം തുടരുമ്പോള്‍ വായുമുട്ടലിന്റെ ഭീകരതാണ്ഡവം കഴിഞ്ഞ് ഞാന്‍ ഉറങ്ങിയിരിക്കും. പാവം അമ്മ ഒന്ന് മയങ്ങുമ്പോഴേക്കും അമ്പലത്തില്‍നിന്ന് ദേവനെ ഉണര്‍ത്തുന്ന ശംഖനാദം മുഴങ്ങും. അതോടെ അമ്മയുടെ പകല്‍ തുടങ്ങുകയായി.
അടുക്കളയിലോ അറകളിലോ നിലവറയിലോ കയറുമ്പോള്‍ അമ്മ എന്നെ വല്യേട്ടനായ ചെല്ലപ്പന്റെ (പി.വി. തമ്പി) കൈയില്‍ കൊടുക്കും. എന്നേക്കാള്‍ ആറുവയസ്സിന്റെ പ്രായക്കൂടുതലുള്ള അദ്ദേഹത്തിന് എന്നോട് നല്ല വാത്സല്യം ഉണ്ടായിരുന്നു. കാഴ്ചയിലും ഞങ്ങള്‍ ഏതാണ്ട് ഒരുപോലെയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ എളിയില്‍ (അരക്കെട്ടിനുമേലെ വയറിന്റെ പാര്‍ശ്വഭാഗം) ഒരു കുരു വന്ന് പൊട്ടി. അങ്ങനെ അദ്ദേഹത്തിന് എന്നെ ഒക്കത്തെടുത്ത് കൊണ്ടുനടക്കാന്‍ കഴിയാതെയായി. എന്നാല്‍ എന്നെ വലിയ കൊച്ചാട്ടന്‍തന്നെ എടുത്തുകൊണ്ടുനടക്കണമെന്ന് ഞാന്‍ വാശിപിടിക്കും.
അപ്പോള്‍ അമ്മ പറയും: ''ഉവാവൊള്ള കൊച്ചാട്ടനല്ലേ. മോനെ എടുത്താല്‍ കൊച്ചാട്ടന്റെ പരു നോവത്തില്ലേ?''
അങ്ങനെ വലിയ കൊച്ചാട്ടന്‍ എനിക്ക് 'ഉവാവുള്ള കൊച്ചാട്ടന്‍' ആയി. എന്റെ തിരിയാത്ത ഭാഷയില്‍ ക്രമേണ അത് 'വാവുത്തത്തന്‍' ആയി. ആ വിളി ഞങ്ങള്‍ രണ്ടുപേരും വളര്‍ന്നുകഴിഞ്ഞും മാറിയില്ല. ഞാന്‍ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചതുമില്ല.
രണ്ടാംലോകമഹായുദ്ധം അവസാനിക്കുന്ന വര്‍ഷം 1945. ഇന്നത്തെ മഹാരാഷ്ട്രയിലെ (അന്ന് ബോംബെ) നാസിക്ക് ഡിസ്ട്രിക്ടില്‍ സ്ഥിതിചെയ്യുന്ന ദേവ് ലാലി എന്ന സ്ഥലത്തായിരുന്നു അച്ഛന് ജോലി. ഇന്ത്യയിലെ ഏറ്റവും പഴയ ക്യാമ്പുകളില്‍ ഒന്നായിരുന്നു അന്ന് ദേവ് ലാലി മിലിട്ടറി ക്യാമ്പ്. ട്രാന്‍സിറ്റ് ക്യാമ്പ് (ഇടത്താവളം) എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. വളരെ ശോചനീയമായ അവസ്ഥയായിരുന്നു ഈ ക്യാമ്പില്‍ നിലനിന്നിരുന്നത്. അവിടുത്തെ വ്യത്യസ്തമായ കാലാവസ്ഥയും ജോലിസമ്മര്‍ദവുംമൂലം പല സൈനികര്‍ക്കും മാനസികപ്രശ്‌നങ്ങളും മാറാരോഗങ്ങളും വരുമായിരുന്നു. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളുള്ള മികച്ച ആശുപത്രിയോ മനോരോഗ വിദഗ്ധന്മാരോ ആ മിലിട്ടറി ക്യാമ്പില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ പട്ടാളക്കാരെ അടിമകളാക്കി ഉപദ്രവിക്കുന്ന സാഡിസ്റ്റുകളായ ബ്രിട്ടീഷ് പട്ടാളക്കാര്‍ ആയിരുന്നു മേലധികാരികളില്‍ പലരും. മനോരോഗത്തിന് അടിമകളാകുന്ന ഇന്ത്യന്‍ പട്ടാളക്കാരെ ചികില്‍സിക്കാതെ തടവുകാരായി കരുതി ജയിലില്‍ അടയ്ക്കുകയായിരുന്നു പതിവ്. ജന്മികുടുംബത്തില്‍ പിറന്ന സ്വതന്ത്രസ്വാഭാവിയായ അച്ഛന് ഒട്ടും യോജിച്ചുപോകാന്‍ കഴിയാത്ത അന്തരീക്ഷമായിരുന്നു അത്. മാനസികാസ്വാസ്ഥ്യം എന്ന് അര്‍ഥംവരുന്ന DOOLALLY (ഡുലാലി) എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയില്‍ വന്നതുതന്നെ ദേവ് ലാലി ബ്രിട്ടീഷ് മിലിട്ടറി ക്യാമ്പില്‍ നിലനിന്നിരുന്ന ഈ ശോചനീയാവസ്ഥയില്‍നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. ഓക്‌സ്ഫഡ് ഡിക്ഷ്ണറിയില്‍പ്പോലും ഇപ്പോള്‍ ഈ വാക്കിന് സ്ഥാനമുണ്ട്.
അവധിക്കു വരുമ്പോള്‍ തന്റെ ബുദ്ധിമുട്ടുകളെപ്പറ്റി അച്ഛന്‍ അമ്മയോട് പറയുമായിരുന്നു. തീരെ പ്രയാസമാണെങ്കില്‍ ജോലി ഉപേക്ഷിച്ചുവരാന്‍ അമ്മ പറഞ്ഞു: ''നമുക്ക് ഒള്ളതുകൊണ്ട് ജീവിക്കാം.''
അപ്പോള്‍ അച്ഛന്‍ ഏറെനേരം മിണ്ടാതിരുന്നു. പിന്നെ വിഷമവും ഭയവും കലര്‍ന്ന ശബ്ദത്തില്‍ തന്നോടുതന്നെ സംസാരിക്കുന്നമട്ടില്‍ പറഞ്ഞു:
''ജോലി വേണ്ടെന്നുപറയാന്‍ ബ്രിട്ടീഷ് പട്ടാളത്തിലെ ഒരു വ്യക്തിപോലും ധൈര്യപ്പെടത്തില്ല. അനുവാദമില്ലാതെ എറങ്ങിവന്നാല്‍ അവര്‍ പിന്നാലെ വന്ന് പിടിച്ചുകൊണ്ടുപോകും. ഒന്നുകില്‍ വെടിവെച്ചുകൊല്ലും. അല്ലെങ്കില്‍ ജയിലിലിടും.''
അതുകേട്ട് അമ്മ തകര്‍ന്നുപോയി. ഭര്‍ത്താവ് ബ്രിട്ടീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥനാണെന്ന് അതുവരെ തന്റെ ബന്ധുക്കളോടും ശത്രുക്കളോടും നാട്ടുകാരോടും തലയുയര്‍ത്തിനിന്ന് പറഞ്ഞതില്‍ അത്രയ്‌ക്കൊന്നും അഭിമാനിക്കാന്‍ വകയില്ലെന്ന് അമ്മയ്ക്ക് ബോധ്യപ്പെട്ടു.
അച്ഛനെ സന്തോഷിപ്പിക്കാനായി അമ്മ ആഴ്ചയില്‍ ഒരു കത്തുവീതം അയച്ചുകൊണ്ടിരുന്നു. നാട്ടില്‍നിന്നുള്ള കത്തുകള്‍ ആഴ്ചകള്‍ കഴിഞ്ഞുമാത്രമേ അച്ഛന്റെ കൈയില്‍ എത്തിച്ചേരുകയുള്ളൂ. ചില കത്തുകള്‍ കിട്ടിയില്ലെന്നും വരും. മാസത്തില്‍ ഒരിക്കല്‍ അച്ഛന്റെ പേര്‍ക്ക് അമ്മ പാഴ്‌സല്‍ അയയ്ക്കും. ചമ്മന്തിപ്പൊടി അച്ഛന് വളരെ ഇഷ്ടമാണ്. വറുത്ത നാളികേരവും വറുത്ത മുളകും ഉപ്പും പുളിയും ചേര്‍ത്ത് ഉരലില്‍ ഇട്ട് ഉലക്കകൊണ്ട് ഇടിച്ചെടുക്കുന്നതാണ് ചമ്മന്തിപ്പൊടി. ഒരു വലിയ തകര ടിന്‍ നിറയെ ചമ്മന്തിപ്പൊടി നിറച്ച് അടപ്പ് മുറുക്കിയടയ്ക്കും. പിന്നീട് ഈയം ((LEAD)) ഉരുക്കി അടപ്പ് ഉറപ്പിക്കും. അത് ചെയ്തുതരാന്‍ പാരമ്പര്യമായി പണിചെയ്യുന്ന മൂശാരിമാരുണ്ടായിരുന്നു. ആ ടിന്നിന് തുണികൊണ്ട് കവര്‍ തയ്ക്കുന്ന ജോലി തയ്യല്‍ക്കാരന്‍ വര്‍ഗീസിന്റെതാണ്. വര്‍ഗീസ് മറ്റാരുമല്ല. നമ്മുടെ പതിച്ചി പെമ്പിളയുടെ മകനാണ്. അമ്മയുടെ ജമ്പറും മക്കളുടെ നിക്കറും ഷര്‍ട്ടുമൊക്കെ തയ്ക്കുന്നത് വര്‍ഗീസിന്റെ ജോലിയായിരുന്നു. പാഴ്‌സലിന് അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ സാധാരണക്കാര്‍ 'ബങ്കി' എന്നാണ് പറഞ്ഞിരുന്നത്. ഒരുമാസം അയയ്ക്കുന്നത് ചമ്മന്തിപ്പൊടിയാണെങ്കില്‍ അടുത്ത മാസം ഉപ്പേരി, അതിനടുത്ത മാസം മുറുക്ക്, അടുത്ത മാസം കണ്ണിമാങ്ങ (കടുമാങ്ങ വെള്ളം കുറച്ച് പ്രത്യേകം തയ്യാറാക്കിയത് ). അങ്ങനെ 'ബങ്കി'യിലെ വിഭവങ്ങള്‍ മാറിക്കൊണ്ടിരിക്കും. അച്ഛന് മുറുക്കും ഉപ്പേരിയും മറ്റും 'ബങ്കി' അയയ്ക്കുന്നത് മക്കള്‍ക്കും ഇഷ്ടമായിരുന്നു. കാരണം, ടിന്നില്‍ നിറച്ചതിന്റെ ബാക്കി മക്കള്‍ക്കു കിട്ടും.
നേരേ താഴെയായി ജനിച്ച അനുജന്‍ ഒമ്പതാംദിവസം വിടപറഞ്ഞതോടെ അവസാനിക്കുന്നതായിരുന്നില്ല അമ്മയുടെ പുത്രദുഃഖം. അച്ഛന്‍ അവധിക്ക് നാട്ടില്‍ വന്ന് മടങ്ങിക്കഴിഞ്ഞാല്‍ അമ്മയുടെ അടുത്ത കുട്ടി ഗര്‍ഭപാത്രത്തില്‍ ഭ്രൂണമായി സ്ഥലംപിടിച്ചിരിക്കും. അടുത്ത മൂന്നുവര്‍ഷങ്ങളില്‍ അങ്ങനെ രണ്ട് ആണ്‍കുട്ടികള്‍കൂടി ജനിച്ചു. രണ്ടുപേരും ദിവസങ്ങള്‍ക്കുള്ളില്‍ യാത്രയായി. അങ്ങനെ എന്നെ കൊച്ചാട്ടാ എന്ന് വിളിക്കേണ്ട മൂന്ന് അനുജന്മാര്‍ അതിന് എനിക്ക് യോഗ്യതയില്ലെന്ന് പ്രഖ്യാപിച്ച് പരലോകത്തേക്ക് മടങ്ങി. അമ്മയുടെ ഏഴാമത്തെ പ്രസവത്തിലെ കുട്ടി ഭൂമിയിലേക്ക് വന്നതുതന്നെ ജീവനില്ലാതെയാണ്. കരിമ്പാലേത്ത് പുരയിടത്തിന്റെ വടക്കുപടിഞ്ഞാറേ മൂലയില്‍ അവനെ കുഴിച്ചിടുന്ന ദൃശ്യം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. അന്ന് രാത്രി ഞാന്‍ ഉറങ്ങാതെ ഏറെനേരം കരഞ്ഞു, വായുമുട്ടല്‍ കൂടി. അമ്മ നിസ്സഹായയായി പ്രസവമുറിയായ വടക്കേ അറയില്‍ ആഹാരമൊന്നും കഴിക്കാതെ കരഞ്ഞുതളര്‍ന്നുകിടന്നു. വാവുത്തത്തനും വേലക്കാരിയും എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കൊച്ചാട്ടന്‍ കുറച്ചുനേരം വിഷമത്തോടെ എന്നെ നോക്കിയിരുന്നതിനുശേഷം ഉറങ്ങി. അപ്പോള്‍ വാവുത്തത്തന് പതിനൊന്നുവയസ്സ് കഴിഞ്ഞിരുന്നില്ല; കൊച്ചാട്ടന് എട്ടും.
ഇതിനിടയില്‍ ഒരുവട്ടംകൂടി ഞാന്‍ അമ്മയുടെ ശ്രദ്ധ തെറ്റിച്ച് പെരുങ്കുളത്തിലെ വെള്ളത്തില്‍ മുങ്ങുകയും അമ്മതന്നെ നീന്തി വന്ന് എന്നെ രക്ഷപ്പെടുത്തുകയും ചെയ്തു.
അമ്മയെപ്പോലെ മകനും ദുഃഖക്കടല്‍ നീന്തി എല്ലാ എതിര്‍പ്പുകളും അസൂയാകലുഷിതമായ ആക്രമണങ്ങളും നേരിട്ടതിനുശേഷമേ ഭൂമി വിടാന്‍ പാടുള്ളൂ എന്ന് പ്രകൃതി തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെയാവാം പിന്നീടൊരിക്കല്‍ അയല്‍ക്കാരായ ചെമ്പകത്ത് ഉണ്ണിമാരുടെ കുളത്തില്‍ മുങ്ങിപ്പോയപ്പോഴും ഞങ്ങളുടെ ജോലിക്കാരി സ്ത്രീ വന്ന് എന്നെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. ചന്ദ്രന് ജലവുമായി അഭേദ്യമായ ബന്ധമുണ്ട്. ചന്ദ്രനാണ് ഭൂമിയില്‍ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്നത്. എന്റെ നക്ഷത്രം രോഹിണിയാണ്. ജ്യോതിശ്ശാസ്ത്രപ്രകാരം എടവം ചന്ദ്രന് ഏറ്റവും ശക്തി കൂടുന്ന രാശിയാണ്. രോഹിണി നക്ഷത്രത്തില്‍ ജനിച്ചുവെന്ന് പറഞ്ഞാല്‍ എടവം രാശിയില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിച്ചു എന്നാണ് അര്‍ഥം. പന്ത്രണ്ട് രാശികളിലായി ഇരുപത്തിയേഴ് പ്രധാന നക്ഷത്രങ്ങള്‍ (നക്ഷത്രസമൂഹങ്ങള്‍ ) സ്ഥിതിചെയ്യുന്നു. ഇരുപത്തിയേഴിനെ പന്ത്രണ്ടുകൊണ്ട് ഹരിക്കുമ്പോള്‍ ഉത്തരം രണ്ടേകാല്‍. അതായത് ഓരോരാശിയിലും രണ്ടേകാല്‍ നക്ഷത്രം വീതം. മേടമാണ് ആദ്യ രാശി. അശ്വതിയും ഭരണിയും കാര്‍ത്തികയുടെ കാല്‍ ഭാഗവും മേടം രാശിയില്‍ വരും. കാര്‍ത്തികയുടെ മുക്കാല്‍ ഭാഗവും രോഹിണിയും മകീര്യത്തിന്റെ പകുതിയും എടവത്തില്‍ വരും. ജലരാശിയായ കര്‍ക്കടകമാണ് ചന്ദ്രന്റെ സ്വന്തം വീട് എന്നും ജ്യോതിഷം പറയുന്നു. അതുകൊണ്ടായിരിക്കാം, ഒരുപക്ഷേ, വെള്ളം എന്നെ മരണത്തിലേക്ക് വിടാതിരുന്നത്. ഞാന്‍ തീര്‍ച്ചയായും അന്ധവിശ്വാസിയല്ല. ഞാന്‍ പറയുന്നത് ഒരു ശാസ്ത്രസത്യമാണ്. ആ ശാസ്ത്രം ചിലപ്പോള്‍ അമൂര്‍ത്തമായിരിക്കാം. ചിലര്‍ അത് വിശ്വസിക്കണമെന്നില്ല. എന്തായാലും എനിക്ക് മനസ്സിലാകാത്തതെല്ലാം അന്ധവിശ്വാസമാണ് എന്ന് പറയാന്‍ ഞാന്‍ തയ്യാറല്ല.
അച്ഛന്റെ തുടര്‍ന്നുള്ള വരവുകള്‍ ഒട്ടും സന്തോഷകരമായിരുന്നില്ല. അച്ഛനെപ്പോഴും അറയില്‍ത്തന്നെ കിടന്നു. എന്തോ അപകടം അടുത്തുവരുന്നു എന്നൊരു ഭയം അമ്മയെ പിന്തുടര്‍ന്നു. അവധിക്ക് വരുമ്പോള്‍ ചില ചെറിയ സമ്മാനങ്ങളുമായി അച്ഛന്‍ പഴയ വഴക്കെല്ലാം മറന്ന് തോനയ്ക്കാട്ടേക്കും പോകുമായിരുന്നു. സമ്മാനങ്ങള്‍ അച്ഛന്റെ അനന്തരവളായ രാജമ്മയുടെ മക്കള്‍ക്കുള്ളതാണ്. മൂത്തകുഞ്ഞ് എന്നുപേരിട്ട മൂത്തമകള്‍ക്ക് താഴെ ഉണ്ണിക്കുഞ്ഞ് എന്ന പേരില്‍ ഒരു മകന്‍ കൂടി ഇപ്പോള്‍ പള്ളിക്കല്‍ ഉണ്ണിത്താന്‍ രാജമ്മ കുഞ്ഞമ്മ ദമ്പതിമാര്‍ക്കുണ്ട്.
പട്ടാളത്തില്‍ തുടരാന്‍ അച്ഛന് താത്പര്യമില്ല. എന്നാല്‍ വിട്ടുപോരാനുള്ള സ്വാതന്ത്ര്യവുമില്ല. ഈ സംഘട്ടനമാണ് അച്ഛന്റെ ഉത്സാഹം കെടുത്തിയത്. അത് അമ്മ പൂര്‍ണമായി മനസ്സിലാക്കി.
വീട് മേയാന്‍ സമയം കഴിഞ്ഞെങ്കിലും അതിനെപ്പറ്റി അച്ഛനോടു പറയാന്‍ അമ്മ ശ്രമിച്ചില്ല. മാസം പതിനഞ്ചുരൂപയില്‍ കൂടുതല്‍ അയയ്ക്കാനുള്ള കഴിവ് ഒരു പട്ടാളക്കാരനായ അച്ഛനില്ല എന്ന ബോധം അമ്മയ്ക്കുണ്ടായിരുന്നു. സാമ്പത്തികപ്രശ്‌നങ്ങളെച്ചൊല്ലി അമ്മ ഒരിക്കലും അച്ഛനുമായി കലഹിച്ചിട്ടില്ല.
ആ വര്‍ഷം അച്ഛന്‍ അവധിക്കുവന്ന് മടങ്ങിയപ്പോഴാണ് കനത്ത പെരുമഴ തുടങ്ങിയത്. നാശകാരകനായ കൊടുങ്കാറ്റും തുള്ളിക്കൊരുകുടമെന്ന മട്ടില്‍ പെയ്യുന്ന രാക്ഷസമഴയും ഒരുമിച്ചുവന്ന് കരിമ്പാലേത്ത് നാലുകെട്ടിനെ പിടിച്ചുകുലുക്കി. കുമാരമംഗലം പുരയിടത്തിലെ പഴയ തെങ്ങുവീണ് ഞങ്ങളുടെ ചാവടിയും തകര്‍ന്നു. ഭാഗ്യവശാല്‍ ആ സമയത്ത് ചാവടിയില്‍ വാടകക്കാരുണ്ടായിരുന്നില്ല. എന്റെ ജ്യേഷ്ഠന്മാരും ഞാനും ജനിക്കുന്ന സമയത്ത് ചാവടിയില്‍ താമസിച്ചിരുന്ന ഭാഗവതര്‍ മലബാര്‍ഗോപാലന്‍ നായരും അദ്ദേഹത്തിന്റെ ഭാര്യയായ കമലാക്ഷിയമ്മയും (പ്രശസ്ത നാഗസ്വര വിദ്വാന്മാരായിരുന്ന ഹരിപ്പാട്ട് ബ്രദേഴ്‌സിന്റെ അച്ചന്റെ അനന്തരവള്‍) അവരുടെ മൂത്തമകന്‍ രാധാകൃഷ്ണന് രണ്ടരവയസ്സുള്ളപ്പോള്‍ സ്വന്തമായി വീട് വാങ്ങി താമസം മാറ്റിയിരുന്നു. ഞാനും രാധാകൃഷ്ണനും ഒരു വര്‍ഷത്തിലാണ് ജനിച്ചത്. ഞാന്‍ മാര്‍ച്ചിലും അവന്‍ ജൂലായ് മാസത്തിലും.
ഇടവപ്പാതി അതിന്റെ താണ്ഡവം തുടരുകയും വീട് മേയാതെ നിര്‍വാഹമില്ല എന്ന സ്ഥിതി വരികയും ചെയ്തപ്പോഴാണ് ഗത്യന്തരമില്ലാതെ അമ്മ വലിയ കൊട്ടാരത്തില്‍ പോയി സഹായം അഭ്യര്‍ഥിച്ചത്. പേരെടുത്ത വിഷഹാരിയും സിദ്ധവൈദ്യനും മന്ത്രവാദിയുമായ പുന്നൂര്‍ കുമാരന്‍ തമ്പി തന്റെ കുഞ്ഞമ്മയുടെ മകളായ ഭവാനിക്കുട്ടിക്ക് നിര്‍ദേശിച്ച ചികിത്സ അതി ഗംഭീരം തന്നെയായിരുന്നല്ലോ.
''അതാ കിടക്കുന്നു പെരുങ്കുളം. നീ നിന്റെ മൂന്നു മക്കളെയും ആ കുളത്തിലേക്ക് വലിച്ചെറിയ്. എന്നിട്ട് നീയും ചാടി മരിക്ക്. അതാ നിന്റെ വിധി.''
അതുകേട്ട് നിശ്ചയദാര്‍ഢ്യത്തോടെ അമ്മ എന്റെ കൈയില്‍ പിടിച്ചുകൊണ്ട് വലിയ കൊട്ടാരത്തിന്റെ പടിയിറങ്ങിയതും പെരുങ്കുളത്തിന്റെ കരയില്‍ വന്ന് വെള്ളത്തിലേക്ക് നോക്കിനിന്നതും ഞാന്‍ ഭയന്നതും എല്ലാം ആദ്യത്തെ അധ്യായത്തില്‍ പറഞ്ഞുകഴിഞ്ഞതാണല്ലോ. ബാല്യത്തെ നടുക്കിയ ഏറ്റവും വലിയ ആഘാതം അതായതുകൊണ്ടാണ് ആത്മകഥ അവിടെ തുടങ്ങിയത്.
എഴുത്തുകാരന്‍ എന്ന നിലയില്‍ അധികം യാത്രാവിവരണങ്ങളൊന്നും ഞാന്‍ എഴുതിയിട്ടില്ല. എങ്കിലും ഇന്ത്യയിലും വിദേശങ്ങളിലുമായി അനേകം യാത്രകള്‍ നടത്തിയിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍ അഞ്ചുവട്ടം കണ്ടു. അവിടുത്തെ നാല്പതോളം സ്റ്റേറ്റുകളില്‍ റോഡ് വഴി സഞ്ചരിച്ചു, ലണ്ടനില്‍ രണ്ടുവട്ടം പോയി. ഷേക്‌സ്പിയര്‍ ജനിച്ച വീട്ടിലും കേംബ്രിജ്, ഓക്‌സ്ഫഡ് എന്നീ യൂണിവേഴ്‌സിറ്റികളിലും പോയി. ഗള്‍ഫില്‍ ഞാന്‍ പോകാത്ത രാജ്യങ്ങള്‍ ഇല്ല. ഹിമാലയം കണ്ടു. എല്ലാ ഗംഗകളിലും കുളിച്ചു. കശ്മീരിനും കന്യാകുമാരിക്കും ഇടയിലുള്ള എല്ലാ മഹാദേവാലയങ്ങളിലും പോയി പ്രാര്‍ഥിച്ചു. ഹിന്ദുക്ഷേത്രങ്ങള്‍ മാത്രമല്ല, അജ്മീറിലും നാഗൂരിലുമുള്ള ദര്‍ഗകളും വേളാങ്കണ്ണിയടക്കമുള്ള ഒട്ടേറെ ക്രിസ്ത്യന്‍ പള്ളികളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ മനസ്സില്‍ എന്നും ഒളിമങ്ങാതെ നില്‍ക്കുന്ന യാത്ര മറ്റൊന്നാണ്. ആദ്യമായി അമ്മയോടൊപ്പം ഒരു കമ്പനിവള്ളത്തില്‍ കുട്ടനാട്ടിലെ പാണ്ടി എന്ന സ്ഥലത്തേക്ക് പോയ അനുഭവമാണ് ഇന്നും അനുഭൂതിദായകം.
ഒരു വെളുപ്പാന്‍കാലത്ത് ഹരിപ്പാട്ട് ഡാണാപ്പടി തോട്ടില്‍നിന്നാണ് ഞങ്ങള്‍ വള്ളം കയറിയത്. സഹായിയായി ജോലിക്കാരന്‍ വാസുവുമുണ്ടായിരുന്നു. ഞങ്ങളുടെ പുഞ്ചനിലം പാട്ടത്തിനെടുത്തിട്ടുള്ള ചാക്കോയുടെ വീട്ടിലേക്കാണ് യാത്ര. കുട്ടനാട്ടിലെ പാണ്ടി എന്ന അത്ര പ്രസിദ്ധമല്ലാത്ത സ്ഥലത്താണ് പുന്നൂര്‍ തമ്പിമാരുടെ പുഞ്ചപ്പാടമായ 'പുന്നൂര്‍ പോച്ച' കിടക്കുന്നത്. ചാക്കോയാണ് ഞങ്ങളുടെ പാട്ടക്കാരന്‍.
പൗര്‍ണമിയ്ക്കുശേഷം വരുന്ന കറുത്ത പക്ഷത്തിലായിരുന്നു പുറപ്പാട്. തിഥികള്‍ മുന്നോട്ടുപോകുമ്പോള്‍ രാത്രിയില്‍ ഇരുട്ട് കൂടിക്കൂടിവരും. ചന്ദ്രന്‍ തേഞ്ഞുതേഞ്ഞ് ചെറുതായിക്കൊണ്ടിരിക്കും, എന്റെ അമ്മയുടെ ജീവിതംപോലെ.
ഓര്‍മയില്‍ ആദ്യം തെളിയുന്നത് കെട്ടുവള്ളത്തിന്റെ മധ്യത്തില്‍ തൂങ്ങിക്കിടന്ന 'ഗ്യാസ് ലൈറ്റി'ന്റെ പ്രകാശമാണ്. വള്ളത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും എരിയുന്ന കൂറ്റന്‍ റാന്തല്‍വിളക്കുകള്‍! വിനീതവിധേയനായി അമ്മയെയും എന്നെയും വള്ളത്തില്‍ ഇട്ടിട്ടുള്ള കസേരകളിലേക്ക് ക്ഷണിക്കുന്ന വള്ളക്കാരന്‍. ശരീരം തണുപ്പിക്കുന്ന ഈറന്‍കാറ്റ്. അമ്മ പോകുന്നത് പാട്ടക്കാരനില്‍നിന്ന് നൂറ് സര്‍ക്കാര്‍ രൂപ കടമായി വാങ്ങാനാണ്. ജന്മി സ്വന്തം ജോലിക്കാരനില്‍നിന്ന് കടംവാങ്ങാന്‍ പോകുന്നു.
വള്ളം മുന്നോട്ടുനീങ്ങി. ആകാശത്ത് തേഞ്ഞുപോയ അരിവാള്‍പോലെ തിളങ്ങുന്ന ചന്ദ്രക്കലയിലും ജലത്തില്‍ പതറി തെളിയുന്ന അതിന്റെ പ്രതിബിംബത്തിലും ദുഃഖം ഘനീഭവിച്ച അമ്മയുടെ മുഖത്തും മാറിമാറി നോക്കി ഞാനിരുന്നു. പുതിയ അന്തരീക്ഷം പുതിയ അനുഭവം. എങ്കിലും അമ്മയുടെ മുഖത്തെ വിഷമം എന്റെ ഭാവന ഉണരാന്‍ അനുവദിച്ചില്ല.
ഉറക്കം വന്നിട്ടും ഉറങ്ങാതെ, കരച്ചില്‍ വന്നിട്ടും കരയാതെ ഞാന്‍ വള്ളത്തിലെ കസേരയിലിരുന്നു.
നേര്‍ത്തുപോയ അരിവാള്‍ചന്ദ്രന്റെ മെലിഞ്ഞ നിലാവിനെ കളിയാക്കിക്കൊണ്ട് ഒരു ചാറ്റല്‍മഴ പെയ്തു.
വള്ളം തോട്ടില്‍നിന്ന് വഞ്ചിപ്പാട്ടുമണക്കുന്ന പമ്പാനദിയിലേക്ക് കയറി. കനത്ത ഓളങ്ങളുടെ ആലിംഗനത്തില്‍ വള്ളമൊന്ന് കുലുങ്ങി. ഭയന്നുപോയ ഞാന്‍ ഒറ്റച്ചാട്ടത്തിന് അമ്മയുടെ മടിയില്‍ കയറി.
നേരം പുലരുകയായിരുന്നു. പക്ഷേ, സൂര്യന്‍ മറഞ്ഞുനിന്നു.
ജീവിതംപോലെ നദിയൊഴുകി
ഭാവനപോലെ തിരയിളകി
അകലെ അലകടല്‍ വിളിക്കുന്നു
ആശാസാഗരം വിളിക്കുന്നു...
Content Highlights: sreekumaran thampi remembering mother, mothers day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..