Representative Image | Photo: Gettyimages.in
മേലില്‍ അനുവാദം കൂടാതെ തന്റെ പേരോ, ജീവിതമോ, ചിത്രമോ ഉപയോഗിക്കരുത് എന്ന് കര്‍ശന താക്കീത് പലകുറി കിട്ടിയിട്ടും ചില പ്രത്യേക സാഹചര്യങ്ങളില്‍ അത് ലംഘിക്കുമ്പോഴുണ്ടാകുന്ന ഒരു പരമസുഖം അനുഭവിച്ചുകൊണ്ട് ശിവനേ...ആ അധ്യായത്തില്‍ നിന്നും ഒരല്‍പം മാന്തിയെടുക്കുകയാണ്.
കവിയൂര്‍ പൊന്നമ്മയിലെ അമ്മയും കോഴിക്കോട് ശാരദയിലെ തള്ളയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. മാതൃഭൂമി ഡോട്‌കോമില്‍ സജയ് കെ.വി എഴുതുന്ന മഷിപ്പച്ച എന്ന കോളത്തിലെ ഒരു അധ്യായത്തിന്റെ പേരുതന്നെ 'കവിയൂര്‍ പൊന്നമ്മയിലെ അമ്മയും കോഴിക്കോട് ശാരദയിലെ തള്ളയും' എന്നായിരുന്നു. രാവിലെയെഴുന്നേറ്റ് കുളിച്ച് ഈറനുടുത്ത് കൗസല്യാസുപ്രജാ ചൊല്ലുന്ന, ചായയ്ക്ക് കൂട്ടാന്‍ എന്നും ദോശയും സാമ്പാറും ഇഡ്ഢലിയും വെച്ചുവിളുന്ന, (പ്രാതലിനേക്കാള്‍ സുഖം 'ചായയ്ക്ക് കൂട്ടാന്‍' ആണ്) ഉച്ചയ്ക്ക് വടുകും മോരും പപ്പടവും പാത്രങ്ങളിലാക്കുന്ന അമ്മമാരെ കഥകളിലും പ്രസിദ്ധീകരണങ്ങളിലും വായിച്ച് വയറുനിറഞ്ഞുറങ്ങുന്ന നാലാം ക്ലാസുകാരി ഉണരുമ്പോള്‍ കേട്ടിരുന്നത് ഒരു പ്രത്യേകജീവിതതാളത്തിലുള്ള കൗസല്യാസുപ്രജാ ആയിരുന്നു. ''അങ്ങോട്ട് മാറിനിക്ക് പയ്യേ...അടിച്ച് നിന്നെണ്ടല്ലോ, കുരിപ്പ് കിട്ടിയതുമുഴുവന്‍ ചവുട്ടിമറിച്ച്. ഇപ്പഹയനെ ഞാനിണ്ടല്ലോ എറച്ചിവെലയ്ക്ക് ചന്തേൽ കൊടുക്കും. അന്നേരം കാണാം ഒരുമ്പെട്ടോളെ നെന്റെ തുള്ളല്...''
പുള്ളും പ്രാവുമൊന്നും നേരം വെളുത്തത് പറയാനായിട്ട് ആ വഴിക്കുപോലും വരാറേയില്ല. നോട്ടം തെറ്റി തള്ളയെങ്ങാന്‍ വല്ലതും പറഞ്ഞാലോ! ആലയിലെ പ്രഭാതഭേരി കഴിഞ്ഞാല്‍ പിന്നെ ഒരുകാലത്തും തീപിടിക്കാത്ത അടുപ്പിനോടാണ് അടുത്തത്. 'പണ്ടാരമടങ്ങാന്‍ ഇതിലെന്നെ കുഴിച്ചിട്ടാലും കത്തൂല.' അടുപ്പാണേല്‍ പുലിയുടെ മുമ്പില്‍ കെട്ടിയ ആടിനെപ്പോലെയാണ്. കത്തുകയുമില്ല, കത്താതിരിക്കുകയുമില്ല. നിങ്ങളെ പേടിച്ച് മൂത്രമൊഴിച്ചുപോയിട്ടുണ്ടാകും അതാണ് കത്താത്തത് എന്നൊക്കെ പറഞ്ഞുംപോകും, വെറുതേ ഒരു രസത്തിന്. നേരം പുലര്‍ന്നാല്‍ ആടിനെയും അടുപ്പിനെയും പശുവിനെയുമൊക്കെ പറഞ്ഞോണ്ടിരിക്കുകയാണല്ലോ, അവര്‍ക്കുവേണ്ടി ശബ്ദിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ? ഓലമടല്‍ പറക്കും മുമ്പേ നാലാം ക്ലാസുകാരിക്ക് വാണിങ് കൊടുക്കും, 'ഓടിക്കോ...പക്ഷേ ഒന്നുതിരിയാന്‍ സമയം കിട്ടുന്നതിനുമുമ്പേ കറക്ട് കാലിന്റെ മീമ്പള്ളയില്‍ ഉല്‍ക്കപോലെ വന്നുപതിച്ചുകഴിഞ്ഞിരിക്കും. നെറുക വരെയെത്തുന്ന തരിപ്പില്‍ നിന്നും മുക്തമാവുമ്പോഴേക്കും കാല് അപ്പം പൊള്ളിയത് പോലെ വീര്‍ത്തിട്ടുണ്ടാകും. രണ്ടായി മുറിഞ്ഞ ഓലമടല്‍ നിലത്ത് കിടന്ന് നിസ്സഹായതയോടെ നോക്കും, ഞാനപ്പഴേ പറഞ്ഞതല്ലേ എന്ന മട്ടില്‍...
പണ്ട് പണ്ട് പണ്ട്....എന്നൊക്കെ പറഞ്ഞ് അമ്മമാര്‍ കഥ പറഞ്ഞ് മക്കളെ ഉറക്കുമായിരുന്നത്രേ! കഥകള്‍ കേട്ട് മതിയായ മക്കള്‍ പാട്ടുപാടാന്‍ പറയുമായിരുന്നത്രേ. ഒരു കഥ പറഞ്ഞുതരുമോ എന്നുചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നോ? പാട്ടുപാടാനോ, തള്ളയോ? കണക്കായിപ്പോയി! എങ്ങനെയായിരുന്നു നാലാം ക്ലാസുകാരി ഉറങ്ങിയിരുന്നത് ? ആസ്മിയും റീത്തയും സുബീഷും അമ്പിളിയുമൊന്നും തള്ളമാരുടെ കഥകളും പാട്ടുകളും കേട്ട് ഉറങ്ങിയവരല്ലല്ലോ. അങ്ങനെ നോക്കുകയാണേല്‍ ആരായിരിക്കും തള്ളമാരുടെ കഥകള്‍ കേട്ട് ഉറങ്ങിയവര്‍. അല്ലേലും ഈ കഥകളൊക്കെ ആരാണ് വിശ്വസിക്കുക?
തേക്കുംതൊടിയിലെ തത്തച്ചുണ്ടന്‍ മാവിനെ നോക്കി എല്ലാ മകരമഞ്ഞിലും നാലാം ക്ലാസുകാരി താണുകേണുപറയും. ഇക്കുറിയെങ്കിലും നീയൊന്നും പൂവിടാതിരിക്ക്. ആവൂല പുളിച്ചുകത്തുന്ന മാങ്ങാക്കാളന്‍ കൂട്ടി ഉച്ചയും രാത്രിയും കഴിച്ചുകൂട്ടാന്‍. നീയാര് എന്നോട് കല്‍പ്പിക്കാന്‍ എന്ന ഭാവത്തില്‍ നാലാള് കൂട്ടിപ്പിടിച്ചാല്‍ കൈയെത്താത്ത തത്തച്ചുണ്ടന്‍ പുള്ളൂന്നിയില്‍ വരെ പൂത്തുകളയും. അത്രയ്ക്കത്രയും കായ്ച്ചും തോല്‍പ്പിക്കും. തത്തച്ചുണ്ടന്റെ കുരുന്ന്കയ്പ് മാറേണ്ട താമസം മഞ്ഞമാങ്ങാവെള്ളം ചോറിലൂടെ ഒഴുകിപ്പരക്കും. ചുണ്ടുകോട്ടിക്കൊണ്ട് മുന്നിലേക്ക് നീട്ടിയ ചോറുപാത്രം അതേപോലെ അങ്ങോട്ട് തന്നെ നീക്കേണ്ട താമസം കൂട്ടാന്‍ കരണ്ടി തുടയില്‍ പതിയും. കല്‍ച്ചട്ടിയില്‍ കിടന്ന് വെന്തുപഴുത്ത കരണ്ടിയില്‍ നിന്നും പൊള്ളലാണോ അടിയാണോ എന്നറിയാന്‍ പാടില്ലാത്ത ഒരു നീറ്റലിങ്ങനെ പടര്‍ന്നു കയറും. എങ്ങാണ്ട് കരഞ്ഞാല്‍ പിന്നേ കിട്ടും. അന്നത്തിന്റെ മുമ്പിന്ന് കണ്ണീരൊലിപ്പിക്കുന്നോ അസത്തേ...
കറവ വറ്റി മാസം നാല് കഴിഞ്ഞിട്ടും പാല് ഊറ്റിപ്പിഴിഞ്ഞുകൊണ്ടിരുന്ന തള്ളയ്ക്കിട്ട് ഒന്ന് കൊടുക്കാന്‍ ആലയിലുള്ളവള്‍ക്കേ ധൈര്യമുണ്ടായിരുന്നുള്ളൂ. ഇനിയെന്റെ മുലില്‍ തൊട്ടാല്‍ എന്ന താക്കീതോടെ ഒറ്റച്ചവിട്ട്. തള്ള വലിയവായില്‍ കരഞ്ഞു. അപ്പുറത്തുനിന്നും ദേവ്യേച്ചിയും രാധേച്ചിയും ഓടിവന്നു. ആലയില്‍ കയറുമ്പോള്‍ ഉടുക്കുന്ന മുണ്ട് അഴിഞ്ഞുപോയിട്ടുണ്ട്. എഴുന്നേല്‍ക്കാനാവുന്നില്ല. അയ്യോ എന്ന ഒരു ശബ്ദം പുറത്തേക്ക് വരാന്‍ മടിച്ചുമടിച്ചുകൊണ്ട് വരുന്നുണ്ട്. ആഹാ വേദനയൊക്കെ ഉണ്ടല്ലേ, കരയാനൊക്കെ അറിയാല്ലേ എന്ന മട്ടില്‍ നിന്നു നാലാം ക്ലാസുകാരി. ദേവ്യേച്ചിയും രാധേച്ചിയും ഒരുവിധം കോലായിലെത്തിച്ചു. ചാണകത്തില്‍ പുരണ്ടുപോയ തള്ളയെ കുളിപ്പിച്ച് കസേരയിലിരുത്തി. ഉപ്പും ചോറും കൂട്ടിയരച്ചത് വലത്തേകയ്യില്‍ തേച്ച് പിടിപ്പിച്ചു. നീര് വന്നിട്ടുണ്ട്. അനക്കാന്‍ പാടില്ല. തള്ള ആദ്യമായിട്ട് സൈഡായതല്ലേ, നാലാം ക്ലാസുകാരി നാലഞ്ച് പ്രാവശ്യം മുറ്റത്തുകൂടി നടന്ന് കാപ്പി കുടിച്ചു. നടന്ന് തിന്നുന്നതും കുടിക്കുന്നതും കണ്ടാല്‍ കൊന്നുകളയുന്നതാണ്. കാണട്ടെ, ഇനിയെങ്ങനെ കൊല്ലും!
വെയില്‍ മൂത്തപ്പോഴാണ് വയറ്റില്‍ നിന്നും കിളികരയാന്‍ തുടങ്ങിയത്. എന്താക്കും? ഒരു റൗണ്ട് ദേവ്യേച്ചിയുടെയും രാധേച്ചിയുടെയും വീട്ടുമുറ്റത്തുകൂടി നടന്നുനോക്കി. അവിടെ രാവിലെത്തെ പരിപാടി കഴിഞ്ഞ ലക്ഷണമാണ്. തിരികെയെത്തിയപ്പോള്‍ അകത്ത് കട്ടിലില്‍ നിന്നും മൂളല്‍ മാത്രം. മോളേ, ആ കട്ടന്‍ ഒന്ന് ചൂടാക്ക്...ഹയ്യട, മോളേന്ന്! അപ്പോള്‍ മോളേന്നൊക്കെ വിളിക്കാനറിയാല്ലേ, എന്നിട്ടാണ് ഇക്കണ്ടകാലമത്രയും കുട്ട്യോന്നും കുരിപ്പേന്നും വിളിച്ചത്. ആലയിലിരിക്കുന്നതിനോട് വേണ്ടത് കിട്ടിയ സ്ഥിതിക്ക് അടുപ്പിനോടും കിട്ടുന്നത് അത്ര മോശപ്പെട്ടതൊന്നുമായിരിക്കില്ല. സൂക്ഷിച്ചില്ലേല്‍ എല്ലുവരെ ചാരമാക്കിക്കളയും. കട്ടന്‍ ചൂടാക്കണേല്‍ അടുപ്പുമായി ഒരു നല്ല ബന്ധമൊക്കെയാണ് ആദ്യം വേണ്ടത്. നാലാം ക്ലാസുകാരി അടുപ്പിനെയൊന്നു കൊഞ്ചിച്ച് സ്‌നേഹിച്ച് ഊതിയപ്പോഴേക്കും തീമഞ്ഞയുയര്‍ന്നു. തീയുടെ വിധം രണ്ടാണ്- ഊതുമ്പോള്‍ ആളിക്കത്തുന്നതും ആഞ്ഞൂതുമ്പോള്‍ കെട്ടുപോകുന്നതും. കനലിനെ പതുക്കെ ഊതിയൂതി തീമഞ്ഞയാക്കണം. ഇതെന്തൊരു തള്ളയാണ്! എല്ലാം ഒറ്റയൂത്തിന് കെടുത്തിക്കളഞ്ഞിട്ടാണ് ഇങ്ങനെയിരുന്നു പ്രാകുന്നതും കരയുന്നതും. കഷട്ം തന്നെ ഗണേശാ...
കട്ടന്‍ നല്ല ചൂടോടെ കൊടുത്തു. അതേ ഒരു തീയൊക്കെ കത്തിക്കാന്‍ എനിക്കുമറിയാം. ഓര്‍മയിരിക്കട്ടെ. അതൊക്കെ പോട്ടെ എവിടെയാ ചവിട്ടുകൊണ്ടത്? ഓ...കാല് നീലിച്ചിരിക്കുന്നല്ലോ. ഒരു ഡോക്ടറാണെന്ന മട്ടില്‍ നാലാംക്ലാസുകാരി പതുക്കെ പാവാട പൊക്കി. പാവത്തിന് വല്ല തൈലമൊക്കെ പുരട്ടിക്കൊടുക്കേണ്ടതാണ്. അങ്ങനെ വരട്ടെ! എവിടെ കുരുമുളക് വള്ളി? ഇല മൂന്നെണ്ണം പറിച്ച് അസ്സല് എണ്ണേല്‍ വാട്ടിയെടുത്ത് അങ്ങ് വെച്ചുകൊടുക്കാല്ലേ. കാറിക്കരയുമ്പോള്‍ പറയാന്‍ മറക്കരുത്- മതിമറന്ന് കുതിച്ചാല്‍ ഇങ്ങനെയിരിക്കും. എന്താണിങ്ങനെ മിണ്ടാതെ നോക്കിക്കിടക്കുന്നത്? ഇക്കെടപ്പ് കിടന്നാല്‍ തത്തച്ചുണ്ടന്‍ മുഴുവന്‍ മൂത്തുപോകും. ആലേലെ പയ്യിന്റെ അകിടില്‍ സ്വര്‍ണം കെട്ടിക്കിടക്കും, ചാണകം മുഴുവന്‍ കോഴിതിന്നും. ഒക്കെപോട്ടെ, അടുപ്പില്‍ ചിതലും കയറും. അല്ല, നമുക്ക് നമ്മള്‍ മാത്രമേ ഉണ്ടായിരുന്നുള്ളോ? നമുക്കെന്താ വേറാരും ഇല്ലാതെ പോയത്? നാലാം ക്ലാസുകാരി തള്ളയോട് പറഞ്ഞു: 'നോക്കിക്കോ ഇതൊക്കെ ഞാനെന്റെ ആത്മകഥേല്‍ എഴുതും'. 'എന്നെക്കുറിച്ചെങ്ങാനുമെഴുതിയാല്‍ ശരിയാക്കിക്കളയും'. കൈയനങ്ങിയപ്പോള്‍ പൊറുക്കാനാവാത്ത വേദനയോടെ തള്ള മുരണ്ടു. നാലാം ക്ലാസുകാരിക്കിപ്പോള്‍ മുപ്പത്തേഴായി. തള്ളയ്ക്കാവട്ടെ അറുപതും. ഇപ്പോഴും രണ്ടുകൂട്ടരും കണ്ടുമുട്ടി ആദ്യത്തെ അരമണിക്കൂര്‍ കഴിഞ്ഞാല്‍പ്പിന്നെ പണ്ടത്തെ നാലാം ക്ലാസുകാരിയും പ്രഭാതഭേരിക്കാരിയും തന്നെ!
Content Highlights: mothers day, motherhood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..