മോളി
''മകനെയും എടുത്ത് മരിക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ ജീവിതത്തില്‍ ജയിച്ച് കാണിക്കണമെന്ന് വാശിയുണ്ടായിരുന്നു. ഇപ്പോള്‍ ഒരു ആഗ്രഹമേയുള്ളൂ മകന്റെ വിദ്യാഭ്യാസം. സ്വന്തമായി വീടെന്ന ആഗ്രഹം പോലും ഇപ്പോ ഇല്ല. ഇനി ഉണ്ടാവുകയും ഇല്ല''.
ജീവിതത്തില്‍ പ്രതിസന്ധികള്‍മാത്രം ഉണ്ടായിട്ടും മകന് നല്ല വിദ്യാഭ്യാസം നല്‍കാനും ആരുടേയും മുന്നില്‍ കൈനീട്ടാതെ മകനെ വളര്‍ത്താനും കഷ്ടപ്പെടുന്ന ഒരു അമ്മയുണ്ട് കോഴിക്കോട്ട്. മോളി. മകന്‍ കൈക്കുഞ്ഞായപ്പോള്‍ തുടങ്ങിയതാണ് ഒറ്റയ്ക്കുള്ള മോളിയുടെ പോരാട്ടം. പട്ടിണി ആവാതിരിക്കാന്‍ പല ജോലികള്‍ ചെയ്തു. പ്രായം കൂടിയതിന്റെ പേരില്‍ മറ്റ് ജോലികള്‍ കിട്ടാതായതോടെ ഇപ്പോള്‍ വീട്ടുജോലി ചെയ്ത് ജീവിക്കുന്നു. വയനാട്ടില്‍ നിന്ന് ജീവിതമാര്‍ഗം തേടി കോഴിക്കോട്ടെത്തിയ മോളിയുടെ ജീവിതത്തിലൂടെ....
ജീവിതം മാറ്റി മറിച്ച വാഹനാപകടം
1999ലായിരുന്നു മോളിയുടെ വിവാഹം. കല്യാണം കഴിച്ചതും വയനാട്ടുകാരന്‍. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകും മുമ്പ് ഭര്‍ത്താവിന് സംഭവിച്ച അപകടത്തോടെയാണ് മോളിയുടെ ജീവിതത്തിലെ ദുരിതകാലം തുടങ്ങുന്നത്. സ്‌പൈനല്‍കോഡിന് ക്ഷതമേറ്റ് ഭര്‍ത്താവ് കിടപ്പിലായതോടെ മോളിയേയും ഭര്‍ത്താവിനേയും വീട്ടുകാര്‍ കയ്യൊഴിഞ്ഞു. അങ്ങനെ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി മോളി കോഴിക്കോട്ട് എത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാല് മാസത്തോളം നീണ്ട ചികിത്സ. തിരിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയാത്തതിനാല്‍ കോഴിക്കോട് 500 രൂപ വാടകയ്ക്ക് വീടെടുത്തു. 45 രൂപ ദിവസക്കൂലിയ്ക്ക് ഒരു പ്ലാസ്റ്റിക്ക് കുപ്പി നിര്‍മാണ കമ്പനിയില്‍ കണക്കെഴുത്ത് തൊഴിലാളിയായി. പിന്നീട് കോഴിക്കോട്ട് തന്നെയുള്ള ഒരു ഡിസ്റ്റിലറിയിലേക്ക് മാറി. 60 രൂപ കൂലിയ്ക്ക് അവിടെ ആറ് വര്‍ഷത്തോളം പണിയെടുത്തു. പിന്നീട് ഭര്‍ത്താവ് എഴുന്നേറ്റ് നടക്കാനും കൂള്‍ബാറില്‍ ജോലിയ്ക്ക് പോകാനും തുടങ്ങിയതോടെ ജീവിതം രക്ഷപ്പെടുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. ഗര്‍ഭിണിയായതോടെ മോളിയ്ക്ക് ജോലിക്ക് പോവാന്‍ വയ്യാതായി. മകന്‍ ജനിച്ച ശേഷം ഭര്‍ത്താവിന്റെ പെരുമാറ്റം മാറിത്തുടങ്ങി. വീട്ടില്‍ വരാതായി. വാടക കൊടുക്കാത്തതിനാല്‍ താമസിച്ചിരുന്ന ലൈന്‍മുറിയില്‍ നിന്ന് തെരുവിലിറങ്ങേണ്ടി വരുമെന്ന അവസ്ഥയായി. മകനേയും എടുത്ത് മരിക്കണമെന്ന് പലതവണ തോന്നിയെങ്കിലും ഒറ്റപ്പെടുത്തിയവര്‍ക്ക് മുന്നില്‍ മകനൊപ്പം ജീവിച്ച് കാണിക്കാനായിരുന്നു മോളിയുടെ തീരുമാനം.
പൊതിച്ചോറ് വിറ്റ് പുതിയ ജീവിതത്തിലേക്ക്
കൈക്കുഞ്ഞുമായി എന്ത് പണിയ്ക്ക് പോകുമെന്നതായിരുന്നു മോളിയ്ക്ക് മുന്നിലുണ്ടായിരുന്ന ആദ്യ വെല്ലുവിളി. അടുത്ത മുറിയില്‍ താമസിച്ചിരുന്ന സ്ത്രീയ്‌ക്കൊപ്പം പൊതിച്ചോറുണ്ടാക്കി റെയില്‍വേ സ്റ്റേഷനിലും ബസ്റ്റാന്റിലും കൊണ്ട് നടന്ന് വിറ്റാണ് തുടക്കത്തില്‍ വരുമാനം കണ്ടെത്തിയത്. രണ്ടര വയസ്സായതോടെ മകനെ ഡേ കെയറില്‍ വിട്ട് മറ്റ് ജോലി കണ്ടെത്താനുള്ള ശ്രമങ്ങളായി. മോളിയുടെ കഷ്ടപ്പാട് മനസ്സിലാക്കി സെന്റ് ജോസഫ് സ്കൂൾ അധികൃതര്‍ മകന് കുറഞ്ഞ ഫീസില്‍ അഡ്മിഷന്‍ നല്‍കി. പിന്നീട് മൊബൈല്‍ റീച്ചാര്‍ജ് ഷോപ്പില്‍ ജീവനക്കാരിയായി. അവിടെ നിന്ന് കംമ്പ്യൂട്ടര്‍ പഠിച്ചു. പിന്നീട് വിവിധ ഇലക്ട്രോണിക് ഷോപ്പുകളില്‍ സെയില്‍സ് ജീവനക്കാരിയായി. ശമ്പളവും ഇന്‍സെന്റീവും എല്ലാം കൂടി 16000 രൂപയോളം വരുമാനമായതോടെ വാടക വീടുകളിലെ മാറിയുള്ള താമസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ നാല് വര്‍ഷം മുമ്പ് ലോണെടുത്ത് ഒറ്റമുറി വീട് വാങ്ങി മകനൊപ്പം സന്തോഷത്തിന്റെ നാളുകള്‍ പ്രതീക്ഷിച്ച മോളിയ്ക്ക് പക്ഷെ പിന്നീട് വന്നതും ഇരുണ്ട കാലമായിരുന്നു.
ജീവിതം വഴിമുട്ടിച്ച് ബ്ലാഡര്‍ ഇന്‍ജ്യുറിയും ചികിത്സാ പിഴവും
പുതിയ വീട്ടിലേക്ക് മാറിയതിന്റെ സന്തോഷം പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. വയറ്റിലുണ്ടായിരുന്ന സിസ്റ്റ് സര്‍ജറി ചെയ്ത് എടുക്കേണ്ടി വന്നു. സര്‍ജറിയിലെ പിഴവ് കാരണം യൂറിന്‍ ലീക്ക് വന്നു. സര്‍ജറിയിലെ പിഴവ് കാരണം ബ്ലാഡറിന് ഇന്‍ജ്യുറി സംഭവിച്ചതാണെന്ന് കണ്ടെത്തിയതോടെ വീണ്ടും സര്‍ജറി വേണ്ടി വന്നു. അമ്മ വീണ്ടും ആശുപത്രിയിലായതോടെ മകനും കടുത്ത വിഷമത്തിലായി. എന്ത് ചെയ്യണമെന്നറിയാതെ കിടന്ന മോളിയ്ക്ക് അന്ന് സഹായവുമായി എത്തിയത് സഹപ്രവര്‍ത്തകരാണ്. കൂടെ ജോലിചെയ്യുന്നവര്‍ ചേര്‍ന്ന് മോളിയുടെ ലോണടയ്ക്കാനും വീട്ടു ചെലവുകള്‍ക്കും മരുന്നിനും വേണ്ട പണം നല്‍കി. അയല്‍ക്കാര്‍ പലപ്പോഴും ഭക്ഷണം ഉണ്ടാക്കി നല്‍കി. അന്ന് അമ്മ കിടപ്പിലായത് മുതല്‍ മകനാണ് ഭക്ഷണം ഉണ്ടാക്കുന്നത് ഒഴികെ വീട്ടിലെ മറ്റ് ജോലികളെല്ലാം ചെയ്യുന്നത്.
പെരുവഴിലാക്കിയ കോവിഡ്
ആരോഗ്യം വീണ്ടെടുത്ത ശേഷം വീണ്ടും ജോലിയ്ക്ക് പോയിത്തുടങ്ങിയെങ്കിലും ഇതിന് പിന്നാലെ കോവിഡ് വന്നതോടെ കാര്യങ്ങള്‍ വീണ്ടും തകിടം മറഞ്ഞു. ജോലി നഷ്ടപ്പെട്ടു. വരുമാനം നിലച്ചു. ലോക്ഡൗണിന് ശേഷം കാറ്ററിങ് സ്ഥാപനങ്ങളില്‍ ജോലിയ്ക്ക് പോയെങ്കിലും വരുമാനം കുറവാതയതിനാല്‍ വീടിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങി. പിന്നീട് പല സ്ഥലങ്ങളില്‍ ജോലിയ്ക്ക് ശ്രമിച്ചെങ്കിലും പ്രായക്കൂടുതലിന്റെ പേരില്‍ എവിടേയും ജോലി കിട്ടിയില്ല. ഒടുവില്‍ ഒരു ഏജന്‍സിയുടെ സഹായത്തോടെ ഹൗസ് മേയ്ഡ് ആയി ജോലിക്ക് പോയി തുടങ്ങി. വീട്ടുജോലി ചെയ്ത് കിട്ടുന്ന 15000 രൂപയാണ് ഇന്ന് മോളിയുടെ വരുമാനം. ഇതിനിടെ ജപ്തി നോട്ടീസ് വന്നതോടെ ആശിച്ച് വാങ്ങിയ വീടും വിറ്റു. അടുത്തമാസം മകനേയും കൊണ്ട് വീട്ടില്‍ നിന്നിറങ്ങണം. ഒരു ഒറ്റമുറി വാടകവീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് മോളി. വീടിന്റെ വാടക, മകന്റെ വിദ്യാഭ്യാസം, മറ്റു ചെലവുകള്‍ എല്ലാം കൂടി എങ്ങനെ എല്ലാം കൂടി എത്രകാലം മുന്നോട്ട് പോകുമെന്ന് അറിയില്ലെങ്കിലും മോളി തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ്. എല്ലാ ജോലിയ്ക്കും ഉണ്ട് അതിന്റേതായ അന്തസ്സ്. മകനെ പഠിപ്പിക്കാനുള്ള പണം കണ്ടെത്താന്‍ എത്ര തുണിയലക്കാനും പാത്രം കഴുകാനും മോളിയ്ക്ക് മടിയില്ല ആരോഗ്യം അനുവദിക്കണമെന്ന പ്രാര്‍ഥന മാത്രമേയുള്ളൂ. സ്വന്തമായി വീടെന്ന ആഗ്രഹം പോലും ഇനിയില്ല. കിട്ടുന്ന പൈസ മിച്ചം വെച്ച് മകനെ പഠിപ്പിക്കണം അങ്ങനെ ഒറ്റപ്പെടുത്തിയവരുടെയും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കണം. മോളി ഉറച്ച് തന്നെയാണ്
Content Highlights: mothers day 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..