അലക്സി സാഞ്ചസും അമ്മയും (ഇടത്) യൊഹാൻ ക്രൈഫും അമ്മയും (വലത്ത്)
കൃത്യം ഏഴു കൊല്ലം മുന്‍പത്തെ കഥയാണ്. ഡച്ച് ഒന്നാം ഡിവിഷന്‍ ലീഗ് കിരീടം ഐന്തോവന് അടിയറവച്ചുകഴിഞ്ഞപ്പോള്‍ അയാക്സ് ആംസ്റ്റര്‍ഡാമിന് പെട്ടന്നൊരു വെളിപാട്. വാലറ്റക്കാരായ കുമ്പുറിനെതിരായ അവസാന മത്സരം ഒന്നാഘോഷിക്കണം. ലോകം അമ്മമാര്‍ക്ക് സമര്‍പ്പിച്ച ആ മെയ് എട്ടിന് അവര്‍ കണ്ടെത്തിയത് അന്നേവരെ ഒരു ടീമിന്റെയും തലയില്‍ ഉദിക്കാത്തൊരു ആശയം. തോറ്റാലും ജയിച്ചാലും അത്ഭുതമൊന്നും സംഭവിക്കാത്ത ആ കളിയില്‍ അയാക്സ് അന്നങ്ങനെ ചുവപ്പും വെള്ളയും ജെഴ്സിയില്‍ കളത്തിലിറക്കിയത് പതിനൊന്നല്ല, ഇരുപത്തിരണ്ട് പേരെ. കളിക്കാരെയും അതേ ജെഴ്സി നമ്പറില്‍ അവരുടെ കൈപിടിച്ച വരുന്ന അമ്മമാരെയും കണ്ട് ആംസ്റ്റര്‍ഡാം അരീന അക്ഷരാര്‍ഥത്തില്‍ ഞെട്ടി. നാല്‍പതിനായിരത്തിലേറെ വരുന്ന ആരാധകര്‍ ആര്‍പ്പുവിളികളോടെ അവരെ വരവേല്‍ക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു അയാക്സിന്റെ ഹോംഗ്രൗണ്ട്. മക്കളുടെ ജെഴ്സി നമ്പറില്‍ വന്ന അമ്മമാര്‍ മഞ്ഞുവീണുകുതിര്‍ന്ന മൈതാനമധ്യത്തില്‍ വികാരഭരിതരായി. ചിലര്‍ മക്കളെ വാരിപ്പുണര്‍ന്ന് ഉമ്മവച്ചു. മറ്റുചിലര്‍ മക്കളുടെ ജെഴ്സിയില്‍ മുഖംപൊത്തി കരഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്റ്റേഡിയത്തില്‍ ആളും ആരവവുമില്ലാത്തൊരുദിനം ഇതുപോലൊരമ്മ ഇങ്ങനെ ജെഴ്സിയില്‍ മുഖം പൊത്തി വിതുമ്പി കരഞ്ഞിട്ടുണ്ട്. ജോലിയെടുത്ത് വിയര്‍ത്തുതളര്‍ന്ന് മുന്നില്‍ തൂക്കിയിട്ട പല പല നമ്പറുകളുള്ള ജെഴ്സികള്‍ നോക്കി എന്നും ഒറ്റയ്ക്ക് നെടുവീര്‍പ്പിട്ടുനിന്നിട്ടുണ്ട്.

കളിക്കാര്‍ കളിച്ച് ഉപേക്ഷിക്കുന്ന ജെഴ്സികള്‍ എന്നെങ്കിലും തന്റെ മകന് ഉപകാരപ്പെടുമെന്ന് കണക്കുകൂട്ടി എടുത്തുവയ്ക്കുന്ന പെട്രോനെല്ല ബെര്‍ണാഡ ഡ്രായിയര്‍ എന്ന തൂപ്പുകാരിയുടെ കഥ വിശ്വപ്രസിദ്ധമാണ്. അമ്മ കൊണ്ടുവരുന്ന ജെഴ്സികള്‍ക്കായി കാത്തുനില്‍ക്കുന്ന മകനില്‍ നിന്നും ഡച്ച് ഫുട്ബോളിന്റെ മാത്രമല്ല, ലോകഫുട്ബോളിന്റെ തന്നെ ജനിതകം മാറ്റിമറിച്ച മാന്ത്രികനിലേയ്ക്കുള്ള യൊഹാന്‍ ക്രൈഫ് എന്ന ആ മകന്റെ വളര്‍ച്ച ഫുട്ബോള്‍ ലോകത്തിന് ഹൃദിസ്ഥവുമാണ്. വര്‍ഷങ്ങള്‍ക്കുശേഷം പണ്ട് തൂത്തുതുടച്ച ആംസ്റ്റര്‍ഡാം അരീന യൊഹാന്‍ ക്രൈഫ് അരീനയെന്ന് പുനര്‍നാമകരണം ചെയ്യപ്പെടുമ്പോള്‍ ആ അമ്മ മാത്രമല്ല, എണ്ണിയാലൊടുങ്ങാത്തത്ര തവണ ആ പുല്‍മൈതാനത്തെ ഇന്ദ്രജാലങ്ങള്‍ കൊണ്ട് തീപിടിപ്പിച്ച മകനും ഓര്‍മായി മാറിക്കഴിഞ്ഞിരുന്നു. പുതിയ പേരില്‍, പുതുമോടിയണിഞ്ഞ സ്റ്റേഡിയത്തില്‍ അന്ന് പതിനായിരങ്ങളുടെ മൗനത്തെ ഭേദിച്ച് നിറഞ്ഞുനിന്നത് യൊഹാന്‍ ക്രൈഫ് എന്ന ടോട്ടല്‍ ഫുട്ബോളിന്റെ അപോസ്തലന്‍ പതിനാലാം നമ്പര്‍ ജെഴ്സിയില്‍ പന്തുകൊണ്ട് കാട്ടിയ ഇന്ദ്രജാലത്തിന്റെ ഓര്‍മകള്‍ മാത്രമല്ല, മകന്‍ ആദ്യം അയാക്സിന്റെയും പിന്നെ നെതര്‍ലന്‍ഡ്സിന്റെയും കുപ്പായമണിയുംവരെ സ്റ്റേഡിയം വൃത്തിയാക്കിയ ആ അമ്മയുടെ കണ്ണീരും വിയര്‍പ്പും കലര്‍ന്ന ജീവിതം കൂടിയാണ്. വറുതിയുടെ ടാക്ലിങ്ങിനെ മറികടന്ന് മക്കളെ വളര്‍ത്തിവലുതാക്കി മിന്നുന്ന നക്ഷത്രങ്ങളാക്കിമാറ്റിയ അനേകം അമ്മമാരുടെ വേദന കലര്‍ന്ന യാതന കൂടിയാണ്. അന്നവിടെ അലയടിച്ച ആ ഓര്‍മകളില്‍ നാട്ടുകാരിയായ പെട്രോനെല്ല മാത്രമല്ല, സാന്റിയാഗോയില്‍ ചെറിയൊരു കട നടത്തിയിരുന്ന ജാക്വിലിന്‍ പാര്‍ഡോയുണ്ട്. ടോക്കോപിലയിലെ വീട്ടുവേലക്കാരി മാര്‍ട്ടിന സാഞ്ചസുണ്ട്, മദീരയിലെ മറിയ ഡോളോറെസുണ്ട്, ദൂരെ കോലോത്തുപാടത്ത് പഴയ കുപ്പിയും പാട്ടയും പെറുക്കിനടന്നിരുന്ന അയനി വളപ്പില്‍ കൊച്ചമ്മുവുണ്ട്.
വിധിയുടെ സെല്‍ഫ് ഗോളാണ് ഒരൊറ്റ ദിവസം കൊണ്ട് പെട്രോനെല്ലയുടെയും മക്കളുടെയും ജീവിതം മാറ്റിമറിച്ചത്. നാല്‍പത്തിയഞ്ചാം വയസ്സില്‍ ഹൃദയസ്തംഭനം വന്ന് ഹെര്‍മാനസ് കോര്‍ണലിസ് ക്രൈഫ് മരിക്കുമ്പോള്‍ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ മക്കളെയും ചേര്‍ത്തുപിടിച്ച് പകച്ചുനില്‍ക്കുകയായിരുന്നു പെട്രോനെല്ല. അന്ന് പന്ത്രണ്ട് വയസ്സ് മാത്രമായിരുന്നു രണ്ടാമന്‍ യൊഹാന്‍ ക്രൈഫിന് പ്രായം. സാധാരണക്കാരായ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബെറ്റോണ്‍ഡോര്‍പ്പില്‍ ഒരു പലചരക്ക് കടയായിരുന്നു അയാക്സിന്റെ കടുത്ത ആരാധകനായ അച്ഛന്. ഇതുകൊണ്ട് ഒരുവിധം തട്ടിമുട്ടിപ്പോകുന്ന ഈ ജീവിതത്തിനാണ് ഹൃദയാഘാതം നിനയ്ക്കാത്ത നേരത്ത് ചുവപ്പ് കാര്‍ഡ് കാട്ടിയത്. ജീവിതം വഴിമുട്ടിയ ഈ കാലത്താണ് അമ്മ പെട്രോനെല്ല അഞ്ച് മിനിറ്റ് മാത്രം അകലെയുള്ള ആംസ്റ്റര്‍ഡാം അരീനയില്‍ തൂപ്പുകാരിയായി പോകുന്നത്. അച്ഛനില്‍ നിന്ന് കേട്ടറിഞ്ഞ ഡച്ച് ഇതിഹാസം അല്‍ഫ്രെഡോ ഡിസ്റ്റെഫാനോയുടെ മാന്ത്രിക ഡ്രിബിളിങ്ങിന്റെ മായികവലയത്തില്‍പെട്ട് ബെറ്റോണ്‍ഡോര്‍പിലെ പരുപരുത്ത കോണ്‍ക്രീറ്റ് റോഡില്‍ കൂട്ടുകാര്‍ക്കൊപ്പം പന്തു തട്ടിക്കളിച്ചുതുടങ്ങിയ കുട്ടി ക്രൈഫിനെയും സഹോദരങ്ങളെയും പോറ്റാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു പെട്രോനെല്ലയ്ക്ക്. ഫുട്ബോളില്‍ താന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അതിന് കാരണം അമ്മയുടെ അന്നത്തെ കഷ്ടപ്പാട് മാത്രമാണെന്ന് ആത്മകഥയില്‍ വിശദമായി എഴുതിയിട്ടുണ്ട് പില്‍ക്കാലത്ത് ക്രൈഫ്. ഒടുവില്‍ പന്ത്രണ്ടാം വയസ്സില്‍ ക്രൈഫിന് അയാക്സിലേയ്ക്കുള്ള വഴിതുറന്നുകൊടുക്കുന്നതും അമ്മയുടെ ഈ ജോലിയാണ്. അയാക്സിലെ ജോലിക്കാരനായിരുന്ന അമ്മയുടെ രണ്ടാം ഭര്‍ത്താവാണ് ക്രൈഫിന് അവിടുത്തെ യൂത്ത് അക്കാദമിയിലേയ്ക്കുള്ള പ്രവേശനം എളുപ്പമാക്കിയത്. മകനും അവന്റെ സ്വണപാദുകത്തിന്റെ ബലത്തില്‍ ഡച്ച് ഫുട്ബോളും ലോകഫുട്ബോളിന്റെ നെറുകയിലേയ്ക്ക് ഉയരുന്നത് സന്തോഷമടക്കാനാവാതെ കണ്ണീരണിഞ്ഞ് കണ്ടുനില്‍ക്കുകയായിരുന്നു പെട്രോനെല്ല.
.jpg?$p=cce9be6&&q=0.8)
ക്രൈഫ് ആദ്യത്തെ യൂറോപ്പ്യന്‍കപ്പ് ഫൈനല്‍ കളിക്കുന്ന കാലത്താണ് ദൂരെ യൂറോപ്പില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തൃശൂര്‍ കോലോത്തുംപാടത്ത് അയനിവളപ്പില്‍ മണിയുടെ ഭാര്യ കൊച്ചമ്മു കൊടിയ ദാരിദ്ര്യത്തിലേയ്ക്കൊരു കറുത്തുമെലിഞ്ഞ കുഞ്ഞിനെ പെറ്റിടുന്നത്. വെളുത്ത് നീണ്ടുമെലിഞ്ഞ സ്വര്‍ണമുടിക്കാരന്‍ ഡച്ച് ഇതിഹാസം ക്രൈഫും കോലോത്തുംപാടത്തെ ചേറിലും വിളിപ്പാടകലെയുള്ള തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും പന്ത് തട്ടിവളര്‍ന്ന കറുത്തമുത്ത് അയനിവളപ്പില്‍ മണി വിജയന്‍ എന്ന ഐ.എം. വിജയനും തമ്മിലുള്ള താരതമ്യത്തില്‍ വേണമെങ്കില്‍ അതിശയോക്തിയുടെ കല്ലു കടിച്ചേക്കാം. എന്നാല്‍, പലവുരു കേട്ടുകഴിഞ്ഞ ഈ ഡച്ച് കഥ അതേപടി വള്ളിപുള്ളി തെറ്റാതെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെട്ടത് അമ്മമാരുടെ കാര്യത്തിലാണ്. പന്തില്‍ പ്രാണന്‍ നിറച്ച മക്കള്‍ക്കുവേണ്ടി കൊടിയ ദാരിദ്ര്യത്തോട് പടവെട്ടിയ അമ്മമാര്‍ തമ്മിലുമുണ്ടായിരുന്നത് കാലത്തെ പോലും അതിശയിപ്പിച്ച സാമ്യമായിരുന്നു. ഭര്‍ത്താവ് മണി ഒരു വാഹനാപകടത്തില്‍ പെട്ട് മരിച്ചതോടെ ശരിക്കും വറുതിക്കയത്തിലേയ്ക്ക് വലിച്ചെറിയപ്പെടുകയായിരുന്നു കൊച്ചമ്മുവും രണ്ട് പിഞ്ചുമക്കളും. പിന്നെ തൃശൂര്‍ നഗരത്തില്‍ പഴയ കുപ്പിയും പാട്ടയും പെറുക്കി വിറ്റാണ് കൊച്ചമ്മു രണ്ടുപേരുടെയും വിശപ്പകറ്റിയത്. വിജയന്‍ പിന്നെ വലുതായപ്പോള്‍ തൃശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍, പില്‍ക്കാലത്ത് ബൂട്ടിട്ട് സൂപ്പര്‍താരമായി നിറഞ്ഞുകളിച്ച അതേ സ്റ്റേഡിയത്തില്‍ സോഡയും കടലയും വിറ്റ് നിത്യവൃത്തിക്ക് വഴിതേടി. അമ്മയുടെ അന്നത്തെ ദുരിതത്തിന് പന്ത് കളിച്ചു താന്‍ നേടിയ ലക്ഷങ്ങളേക്കാള്‍ വിലയുണ്ടെന്നാണ് പഴയൊരു അഭിമുഖത്തില്‍ വിജയന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
ഒരു വാഹനാപകടവും ഹൃദയസ്തംഭനവുമാണ് ക്രൈഫിനെയും വിജയനെയും കുട്ടിക്കാലത്ത് വഴിയാധാരമാക്കിയതെങ്കില്‍ അച്ഛന്മാര്‍ കുട്ടിക്കാലം കശക്കിയെറിഞ്ഞ രണ്ടു പേരുണ്ട്. രണ്ട് സൂപ്പര്‍താരങ്ങള്‍. ചിലിയുടെ സ്ട്രൈക്കിങ് നെടുന്തൂണുകളായ ആര്‍തുരോ വിദാലും അലക്സി സാഞ്ചസും. അമ്മമാരുടെ ത്യാഗംകൊണ്ട് മാത്രം കളിക്കളത്തില്‍ മാത്രമല്ല, ജീവിതത്തില്‍ തന്നെ ചുവപ്പ്കാര്‍ഡ് കാണാതെ തുടര്‍ന്നും ജീവിക്കുന്നവര്‍.
അച്ഛന്‍ ഗ്യുല്ലര്‍മോ സോട്ടോ ജോലി തേടി മടുത്ത് നാടുവിടുമ്പോള്‍ അലെക്സി സാഞ്ചസിന് മാസങ്ങള്‍ മാത്രമായിരുന്നു പ്രായം. കൈക്കുഞ്ഞ് അടങ്ങുന്ന കുടുംബം പോറ്റാന്‍ അമ്മ മാര്‍ട്ടിന സാഞ്ചസിന്റെ ഏക ആശ്രയം ഒരു കുഞ്ഞുകടയായിരുന്നു. നാലു മക്കളുടെ വയറു നിറയ്ക്കാന്‍ കടയില്‍ നിന്നുള്ള വരുമാനം തികയാതെ വന്നപ്പോള്‍ മാര്‍ട്ടിന പല ജോലികള്‍ക്കുംപോയി. മകന്‍ പഠിക്കുന്ന സ്‌കൂളില്‍ തൂപ്പുകാരിയായി വരെ ജോലിയെടുത്തു. ജോലിയെടുത്ത് നടുവൊടിഞ്ഞ് രാത്രി വൈകി വീട്ടിലെത്തുമ്പൊഴേയ്ക്കും വിശന്നു തളര്‍ന്ന് മക്കള്‍ നാലുപേരും ഉറങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. അങ്ങനെയാണ് ഇളയവന്‍ അലക്സിയെ അമ്മാവന്‍ ഹൊസെ മാര്‍ട്ടിനെസിന് ദത്ത് നല്‍കുന്നത്. എന്നാല്‍, വരുമാനം മുട്ടിയതോടെ ഗത്യന്തരമല്ലാതെ അമ്മാവന്‍ അലെക്സിയെ മാര്‍ട്ടിനയെ തിരിച്ചേല്‍പിച്ചു. പക്ഷേ അതിനിടയ്ക്ക് അമ്മാവന്‍ ഹൊസ്സെ ഒരുപകാരം ചെയ്തു. ഫുട്ബോള്‍ കമ്പക്കാരനായ മരുമകനെ ഒരു ഫുട്ബോള്‍ അക്കാദമിയില്‍ ചേര്‍ത്തു.
അവിടെയും പട്ടിണിയും ദാരിദ്ര്യവും മുന്നില്‍ പ്രതിരോധം തീര്‍ത്തു. മകന്റെ ഫീസ് കൊടുക്കാന്‍ അമ്മ നന്നേ കഷ്ടപ്പെട്ടു. ബൂട്ടുവേണമെന്ന് പറഞ്ഞു കരയുമ്പോള്‍ സങ്കടത്തോടെ കേട്ടില്ലെന്ന് നടിക്കുകയായിരുന്നു മാര്‍ട്ടിന. ഒടുവില്‍ നഗരപിതാവിന്റെ അടുക്കല്‍ ചെന്നുവരെ യാജിച്ചു ആ അമ്മ. അങ്ങനെയാണ് ഒരുദിവസം രാത്രി അപ്രതീക്ഷിതമായി മേയറുടെ വണ്ടിയില്‍ ഒരു ജോഡി ബൂട്ടുകളെത്തുന്നത്. ഒടുവില്‍ അമ്മയെ സഹായിക്കാന്‍ അലക്സി തന്നെ രംഗത്തിറങ്ങി. അക്കാലത്ത് ചെയ്യാത്ത ജോലികളില്ല. പൊരിവെയിലില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായി. റോഡരികില്‍ കാറുകള്‍ കഴുകി. സെമിത്തേരിയില്‍ ജോലി ചെയ്തു. തെരുവില്‍ സര്‍ക്കസ് കാട്ടി. ഫുട്ബോള്‍ കളിക്കാരനായിരുന്നില്ലെങ്കില്‍ ഞാനൊരു മൈന്‍ തൊഴിലാളിയോ മറ്റോ ആകുമായിരുന്നുവെന്നാണ് പില്‍ക്കാലത്ത് സാഞ്ചസ് പറഞ്ഞത്. പക്ഷേ, ഈ ജോലികളൊന്നും അവന്റെ കീശയും വയറും നിറച്ചില്ല. അങ്ങനെ ഇടയ്ക്ക് വിശപ്പ് സഹിക്കവയ്യാതെ ഒരു കഷ്ണം റൊട്ടിക്ക് അയല്‍പക്കത്ത് ഇരക്കേണ്ടിവരെ വന്നു. അവനെ ഊട്ടാന്‍ അമ്മ ശരിക്കും കഷ്ടപ്പെട്ടു. 'അമ്മ ജോലി ചെയ്യുന്നത് എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അമ്മ സ്‌കൂളിലെ കക്കൂസ് കഴുകുമ്പോള്‍ സങ്കടത്തോടെ ഒളിച്ചിരുന്ന് കരയുമായിരുന്നു ഞാന്‍'-എച്ച്.ബി.ഒയിലെ ഡോക്യുമെന്ററിയില്‍ സാഞ്ചസ് പറഞ്ഞു.
.jpg?$p=24dc233&&q=0.8)
അങ്ങനെയാണ് ഒരിക്കല്‍ തെരുവില്‍ പന്ത് കളിക്കുമ്പോള്‍ ദൂരെയെവിടെയോ മീന്‍ വിറ്റ് തളര്‍ന്നുവരുന്ന അമ്മയെ സാഞ്ചസ് കാണുന്നത്. പന്ത് ഉപേക്ഷിച്ച് ഓടിച്ചെന്ന ആ പതിനഞ്ചുകാരന്‍ വിയര്‍പ്പോടെ തന്നെ അമ്മയെ വാരിപ്പുണര്‍ന്നു. 'അമ്മ ഇനി ഇങ്ങനെ കഷ്ടപ്പെടേണ്ട. ഇതുപോലെ ജോലിക്കും പോവേണ്ട. ഞാന്‍ ഫുട്ബോള്‍ കളിച്ച് നമുക്ക് ആവശ്യമുള്ള പണമുണ്ടാക്കും.' മകന്റെ നിഷ്‌കളങ്കത കണ്ട്, വെയിലേറ്റ് തളര്‍ന്ന ആ മുഖത്ത്, ഒരു ചെറിയ ചിരി വിടര്‍ന്നു. പിന്നെ അവനെ പുറത്തുതട്ടി സമാധാനിപ്പിച്ച് പറഞ്ഞു: നീ പോയ് കളിക്ക്. എനിക്ക് കഷ്ടപ്പാടൊന്നുമില്ല. മകന്‍ പക്ഷേ, അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു. അമ്മ കാണ്‍കെ തന്നെ ചിലിയുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറി.
എന്റെ ഏറ്റവും വലിയ വിഗ്രഹം അമ്മയാണ്. അമ്മയില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിതത്തില്‍ ഒന്നും തന്നെ നേടുമായിരുന്നില്ല-ആഴ്സണലിന്റെ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അഭിമാനത്തോടെ സാഞ്ചസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ഒരു ക്രിസ്മസ് ആഘോഷത്തിന് അമ്മയെ കാണാന്‍ നാട്ടിലെത്തിയ സാഞ്ചസിന് മുന്നില്‍ കുറ്റബോധത്തോടെ വന്നുനിന്നിട്ടുണ്ട് അച്ഛന്‍ ഗ്യുലര്‍മോ സോട്ടോ. അച്ഛനെ പക്ഷേ, പഴിക്കാനോ പടിയടച്ച് പുറത്താക്കാനോ നിന്നില്ല സാഞ്ചസ്.
എന്നാല്‍, ഇതായിരുന്നില്ല സാഞ്ചസിന്റെ സ്ട്രൈക്കിങ് ജോഡി അര്‍തുറോ വിദാലിന്റെ കഥ. പട്ടിണിയും ഇല്ലായ്മയും മാത്രമായിരുന്നില്ല വിദാലിന്റെ നിതാന്ത ശത്രുക്കള്‍. ഇല്ലായ്മകളോട് പൊരുതി സൂപ്പര്‍താരമായി മാറിയിട്ടും വിദാലിനെ വിട്ടൊഴിഞ്ഞിരുന്നില്ല മയക്കുമരുന്നിന് അടിമയായ അച്ഛന്‍ എറാസ്മേ വിദാലിന്റെ ഉപദ്രവം.
.jpg?$p=07695fc&&q=0.8)
ട്രക്കിടിച്ചു മരിച്ച മുത്തച്ഛന്റെ പേരാണ് അച്ഛന്‍ എറാസ്മോ മൂത്ത മകനിട്ടത്. അച്ഛന്റെ കൈയിലിരിപ്പ് കൊണ്ട് മകന്റെ ജീവിതവും ഏറെക്കുറേ അതേ അവസ്ഥയിലായിരുന്നു. മയക്കുമരുന്നിന് അടിമയായ അച്ഛന്‍ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. അഞ്ചുമക്കളെ പോറ്റേണ്ട ചുമതല അമ്മ ജാക്വിലി പാര്‍ഡോയുടെ മാത്രം ചുമലില്‍. പലപല ജോലികള്‍ ചെയ്ത് തളര്‍ന്നു ജാക്വിലിന്‍. അങ്ങനെ ഒരു തളര്‍ന്നുറങ്ങുന്ന ഒരു രാത്രിയാണ് എറാസ്മോ മയക്കുമരുന്നിന്റെ ലഹരിയില്‍ ഭാര്യയുടെ കിടക്കയ്ക്ക് തീകൊടുത്തത്. തലനാരിഴയ്ക്കാണ് ജാക്വിലിനും മകനും രക്ഷപ്പെട്ടത്. അങ്ങനെ അഞ്ചാം വയസ്സില്‍ അവനായി കുടുംബനാഥന്‍. വീട്ടുജോലിക്ക് പോയി അമ്മ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ അവന്‍ അമ്മയ്ക്കൊരു വാക്ക് കൊടുത്തു. ഇനി അമ്മയ്ക്ക് ഇങ്ങനെ അധ്വാനിക്കേണ്ടിവരില്ല. ഒരുനാള്‍ ഞാന്‍ കുറേ പണം സമ്പാദിച്ച് അമ്മയെ ഒരു രാജ്ഞിയാക്കിമാറ്റും. അത് വെറുംവാക്കായിരുന്നില്ല. പിറ്റേന്ന് മുതല്‍ പഠനംപോലും ഉപേക്ഷിച്ച് ജോലിക്ക് പോയിത്തുടങ്ങി. അകലെയുള്ള ഒരു കുതിരപ്പന്തയിലാണവന്‍ ജോലി കണ്ടെത്തിയത്. ഒന്‍പതാം വയസ്സില്‍ നിത്യവും ആറ് മൈല്‍ സൈക്കിള്‍ ചവിട്ടിപ്പോകുന്ന വിദാലിന്റെ ചിത്രം വേദനിപ്പിക്കുന്ന ഒരു ഓര്‍മയായിരുന്നു സാന്റിയാഗോയിലെ പഴമക്കാരുടെ മനസ്സില്‍. കുതിരയ്ക്ക് തീറ്റ കൊടുക്കുകയായിരുന്നു ജോലി. ഒരു ഫുട്ബോള്‍ താരമായിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും താനൊരു ജോക്കിയായി മാറുമായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും വിദാല്‍ പറഞ്ഞിട്ടുണ്ട്. ഈയൊരു ഗൃഹാതുരത്വത്തിന്റെ ഓര്‍മയിലാണ് ദേഹമാസകലമുള്ള ടാറ്റുകളില്‍ ഒരു കുതിരയും ജോക്കിയും ഇടംപിടിച്ചത്.
എന്നാല്‍, കുതിരയ്ക്ക് തീറ്റകൊടുക്കുന്നതിനിടയിലെ ഫുട്ബോള്‍ കളിയാണ് വിദാലിന്റെ ട്രേഡ്മാര്‍ക്ക് ഹെയര്‍സ്റ്റൈലിനേക്കാള്‍ സുന്ദരമായി വിധി തലവര മാറ്റിവരച്ചത്. കളി കണ്ട റേസിങ് ട്രാക്ക് ഉടമ എന്‍ റിക്ക് കാറെനൊ വിദാലിനെ പിടികൂടി. അവനെ നേരെ കളിക്കളത്തിലേയ്ക്ക് വഴിതിരിച്ചുവിട്ടു. വീടിന് എതിര്‍വശത്തുള്ള ചരല്‍ഗ്രൗണ്ടില്‍ അവനിലെ ഫുട്ബോള്‍ ജീനിയസ് മുളപൊട്ടി. മണ്ണുതിന്നുന്നവനെന്ന വിളിപ്പേര് സമ്മാനിച്ച ഈ പൊടിമണ്ണിലാണ് അത് വളര്‍ന്നു വലുതായി ചിലി ദേശീയടീമോളം എത്തിയത്. അവിടുന്നങ്ങോട്ടുള്ള ഓരോ ചുവടും വിദാലിന് അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാനുള്ളതായിരുന്നു. പലകുറി അച്ഛന്‍ കേസുകളുടെയും ആത്മഹത്യാശ്രമത്തിന്റെയുമെല്ലാം രൂപത്തില്‍ വേട്ടയാടിയിട്ടും വിദാലിന് ആ യാത്രയില്‍ കാലിടറിയില്ല.
കുതിരയുടെയും ജോക്കിയുടെയും മാത്രമല്ല, മറ്റൊരു ടാറ്റുകൂടിയുണ്ട് വിദാലിന്റെ വലതു ചുമലിന് താഴെ. അത് അമ്മ ജാക്വലിന്റേതാണ്. അമ്മ ഞങ്ങള്‍ക്കുവേണ്ടി അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു ഗൃഹനാഥനെ പോലെ ഞാനും സഹായിക്കാറുണ്ടെങ്കിലും ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ ഈ കഠിനാധ്വാനമാണ്. അമ്മ ജോളിക്ക് പോയി കഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ പരിശീലനത്തില്‍ പത്തും പതിനഞ്ചും ഇരട്ടി പരിശ്രമിക്കാറുള്ളത്-തോളിലെ ടാറ്റുവില്‍ അഭിമാനത്തോടെ തലോടിക്കൊണ്ട് ഒരിക്കല്‍ വിദാല്‍ പറഞ്ഞു.
.jpg?$p=c03fbb4&&q=0.8)
മക്കളെ വളര്‍ത്താന്‍ ഉരുകിത്തീര്‍ന്ന അമ്മമാരില്‍ നിന്ന് ഒരുപാട് വ്യത്യാസമുണ്ട് മരിയ ഡോളോരെസ് ഡോ സാന്റോസ് എന്ന പോര്‍ച്ചുഗീസുകാരിക്ക്. മറ്റമ്മമാര്‍ സ്വന്തം ജീവിതം ബലിനല്‍കി മക്കളെ പോറ്റിയ ചരിത്രം പറയുമ്പോള്‍ ഉദരത്തിലെ കുഞ്ഞിനെ കൊല്ലുന്നതിനെ കുറിച്ച് ചിന്തിച്ച കഥയാണ് മദര്‍ കറേജ് എന്ന തന്റെ ആത്മകഥയില്‍ ഡോളോരെസ് ഇയ്യിടെ പറഞ്ഞത്. ഡോക്ടറുടെ പിടിവാശിക്ക് മുന്നില്‍ ഒടുവില്‍ അവര്‍ക്ക് വഴങ്ങേണ്ടിവന്നു. പാതി മനസ്സോടെ അവര്‍ അങ്ങനെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കി. അമിത മദ്യപാനിയായിരുന്ന ഭര്‍ത്താവ് ജോസ് ഡിനിസ് അവിയേരോ ആകെ ചെയ്തത് ക്രിസ്റ്റിയാനോ എന്ന മകന്റെ പേരിനൊപ്പം തന്റെ പ്രിയപ്പെട്ട ചലച്ചിത്രനായകന്റെ പേര് കൂടി ചേര്‍ക്കുക മാത്രമാണ്. ചലച്ചിത്ര നടനായിരുന്നു റൊണാള്‍ഡ് റെയ്ഗന്‍ ക്രിസ്റ്റ്യാനോയുടെ ജനനസമയത്ത് അമേരിക്കന്‍ പ്രസിഡന്റായിക്കഴിഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റോണാള്‍ഡോ എന്ന ആ കുഞ്ഞ് സി.ആര്‍.7 എന്ന ഇതിഹാസമായി മാറുന്നതൊന്നും അയാള്‍ അറിഞ്ഞില്ല. കണ്ടുമില്ല. ആ വളര്‍ച്ചയ്ക്ക് പിറകില്‍ ഒരൊറ്റ ചാലകശക്തിയേ ഉണ്ടായിരുന്നുള്ളൂ. മരിയ ഡോളോരെസ് എന്ന പാചകക്കാരിയുടെ അധ്വാനം മാത്രം.
തന്നെ ഗര്‍ഭഛിദ്രം നടത്താന്‍ ആലോചിച്ചിരുന്ന കഥ വലുതായപ്പോഴാണ് ക്രിസ്റ്റ്യാനോ അറിഞ്ഞത്. അന്നെന്നെ വേണ്ടാതിരുന്നതല്ലെ, ഇപ്പോള്‍ കുടുംബം നോക്കാന്‍ ഞാന്‍ വേണമല്ലോ എന്ന് ഇടയ്ക്ക് കളി പറയുമെങ്കിലും പിന്നീടൊരിക്കലും അമ്മയെ കൈയൊഴിഞ്ഞിട്ടില്ല ക്രിസ്റ്റിയാനോ.
മകന്‍ കളിക്കുന്നതും കളിച്ചു വളരുന്നതുമൊന്നും മുക്കുടിയനായി അച്ഛന്‍ കാണുകയോ അറിയുകയോ ചെയ്തില്ല. മകന്റെ വളര്‍ച്ചയുടെ ഒരോ ചുവടിലും ഒപ്പമുണ്ടായിരുന്നത് അമ്മ ഡോളോരെസായിരുന്നു. പതിനാലാം വയസ്സില്‍ പഠിത്തം മതി ഇനി കളി കാര്യമായെടുക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതം മൂളുകയായിരുന്നു ഡോളോരെസ്. പതിനാലാം വയസ്സില്‍ അവന്‍ ഹൃദയശസത്രക്രിയക്ക് വിധേയനായപ്പോള്‍ അവര്‍ ഉറങ്ങാതെ കൂട്ടിരുന്നു. പതിനെട്ട് വയസ്സാകുന്നതുവരെ മകന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കി. പിന്നെ അവന്റെ നാല് മക്കളെയും.
അമ്മയുടെ അറുപത്തിയഞ്ചാം പിറന്നാളിന് ഒരു പുതുപുത്തന്‍ മേഴ്സിഡസ് സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇതാദ്യമായല്ല ക്രിസ്റ്റ്യാനോ ഇത്തരമൊരു സമ്മാനം അമ്മയ്ക്ക് നല്‍കുന്നത്. ഡോളോരെസിന്റെ ഷെഡ്ഡില്‍ കിടക്കുന്ന തൂവെളള പോര്‍ഷെയും ഫെരാരിയുമെല്ലാം ഇതുപോലുള്ള മകന്റെ ഓരോ സ്നേഹസമ്മാനങ്ങളാണ്. 2009ല്‍ എണ്‍പത് ദശലക്ഷം പൗണ്ടിന് റയല്‍ മാഡ്രിഡിലേയ് പോകുമ്പോള്‍ ക്രിസ്റ്റിയാനോ ആദ്യം ചെയ്തത് രണ്ട് ദശലക്ഷം ചെലവിട്ട് തൊട്ടടുത്ത അമ്മയ്ക്കൊരു വീട് പണിയുകയാണ്. 2007ല്‍ സ്തനാര്‍ബുദത്തിനുള്ള ശസ്ത്രക്രിയ്ക്ക് വിധേയയാവേണ്ടിവന്നിരുന്നു ഡോളോരെസ്. അമ്മയുടെ ജീവന്‍ രക്ഷിച്ച ആശുപത്രിക്ക് ഒരു ക്യാന്‍സര്‍ സെന്റര്‍ പണിയാന്‍ പതിനായിരം പൗണ്ടാണ് ക്രിസ്റ്റിയാനോ സമ്മാനിച്ചത്. അമ്മയായിരുന്നു എല്ലാം. എങ്കിലും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഒരഭിമുഖത്തിനിടെ റൊണാള്‍ഡോ നിയന്ത്രണമില്ലാതെ വിതുമ്പിപ്പോയി. അത് പക്ഷേ, എന്നുമൊപ്പമുള്ള അമ്മയെ ഓര്‍ത്തായിരുന്നില്ല. താന്‍ ഫുട്ബോള്‍ ലോകം കീഴടക്കുന്നത് കാണാന്‍ നില്‍ക്കാതെ, കളിക്കിടെ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങുന്നതുപോലെ പെട്ടന്നു മടങ്ങിയ അച്ഛനെ കുറിച്ചോര്‍ത്തായിരുന്നു. ഇതിനും ഒരുപക്ഷേ, ക്രിസ്റ്റ്യാനോയുടെ മനസ്സിനെ പാകപ്പെടുത്തിയെടുത്തത് അമ്മയുടെ കരുതല്‍ തന്നെയാവണം.
ഒറ്റയ്‌ക്കൊരമ്മ പോറ്റിയ മറ്റൊരു മകനായ ഇംഗ്ലണ്ടിന്റെ റഹീം സ്റ്റെര്‍ലിങ് പറഞ്ഞൊരു കാര്യമുണ്ട്. ഇക്കണ്ട കാലമത്രയും ഞാന്‍ നേരിട്ട വംശീയവിധ്വേഷത്തില്‍ തളരാതെ എന്നെ പിടിച്ചുനിര്‍ത്തിയത് എന്റെ അമ്മ നല്‍കിയ ഉപദേശമാണ്. ആ പിന്തുണയായിരുന്നു ദുരിതകാലത്ത് എന്റെ കരുത്ത്. പക്ഷേ, എന്നിട്ടും യൊഹാന്‍ ക്രൈഫിന്റെ അയാക്‌സ് ആംസ്റ്റര്‍ഡാമല്ലാതെ മറ്റൊരു ക്ലബും ഇന്നേവരെ ഒരൊറ്റ അമ്മയെയും ആദരിച്ചിട്ടില്ല എന്നത് ഒരത്ഭുതമായി അവശേഷിക്കുന്നു.
Content Highlights: Football Players Mothers Johan Cryuff Alexis Sachez Arturo Vidal Christiano Ronaldo IM Vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..