
അനുപമ
എനിക്ക് അമ്മയായും അച്ഛനായും അമ്മ മാത്രമേയുള്ളൂ, അമ്മയാണ് എനിയ്ക്കെല്ലാം ദേവദത്തൻ വിഷ്ണോത്ത് എന്ന ഏഴാം ക്ലാസുകാരൻ അമ്മയെക്കുറിച്ച് പരീക്ഷ പേപ്പറിൽ എഴുതിയ വാക്കുകളാണ് ഇത്. പത്ത് വർഷമായി അമ്മ അനുപമയാണ് ദേവദത്തന് എല്ലാം. അനുപമയ്ക്ക് ദേവദത്തനും. സിംഗിൾ പാരന്റിങ് അനുഭവങ്ങളെ കുറിച്ച് മാധ്യമപ്രവർത്തക കൂടിയായ അനുപമ സംസാരിക്കുന്നു.
ഭർത്താവുമായുള്ള പൊരുത്തക്കേടുകൾക്ക് ഒടുവിലാണ് പത്ത് വർഷം മുമ്പ് മകനുമൊന്നിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ അനുപമ തീരുമാനിച്ചത്. ആ തീരുമാനത്തോട് പൊരുത്തപ്പെടാൻ സ്വന്തം വീട്ടുകാർക്ക് പോലും വർഷങ്ങൾ വേണ്ടി വന്നെന്ന് അനുപമ പറയുന്നു. മൂന്ന് വയസ്സുള്ള മകനേയും കൊണ്ട് ജീവിക്കാൻ ഇറങ്ങിത്തിരിച്ചപ്പോൾ ജോലി പോകുന്ന സമയത്ത് കുഞ്ഞിനെ ആരു നോക്കും എന്നതായിരുന്നു ആദ്യ പ്രശ്നം. അച്ഛനും അമ്മയും കൂടെ നിന്നില്ല. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ഡെസ്ക്കിൽ രാത്രി ഷിഫ്റ്റിലായിരുന്നു ജോലി. രാത്രി കുഞ്ഞിനെ നോക്കാൻ ഒരു ആയയെ നിർത്തിയെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. മറ്റ് വഴിയില്ലാതായപ്പോൾ കുഞ്ഞിനെ എന്റെ വീട്ടിൽ കൊണ്ട് നിർത്തി. അവനെ പിരിഞ്ഞിരിക്കലായിരുന്നു അടുത്ത പ്രശ്നം. അങ്ങനെ വീട്ടിൽ പോകാനുള്ള സൗകര്യത്തിന് കോഴിക്കോട് ബ്യൂറോയിൽ റിപ്പോർട്ടറായി. പക്ഷെ ജോലിത്തിരക്ക് കാരണം പല ദിവസങ്ങളിലും കൃത്യസമയത്ത് വീട്ടിലെത്താൻ പറ്റാതായി. നിന്റെ അമ്മയ്ക്ക് നിന്നെ കാണണമെന്നില്ല, അത്രയേ ഇഷ്ടമുള്ളൂ അമ്മയ്ക്ക് ജോലിയാ വലുതെന്ന് പറഞ്ഞ് എന്റെ കുഞ്ഞിനെ എന്റെ സ്വന്തം പ്രയാസപ്പെടുത്തുന്ന അനുഭവമാണ് അക്കാലത്ത് എനിയ്ക്ക് വീട്ടിൽ നിന്നു പോലും ഉണ്ടായത്. അമ്മയുടെ ജോലി അങ്ങനെയാണെന്നോ അമ്മ ജോലി ചെയ്യുന്നത് നിന്നെ വളർത്താൻ കൂടി വേണ്ടിയാണെന്നോ ഒന്നും ഒരിക്കൽ പോലും അവനോട് ആരും പറഞ്ഞില്ല. ഒടുവിൽ മകൻ എന്നിൽ നിന്ന് അകലും എന്നായപ്പോളാണ് അവനേയും കൂട്ടി ഫ്ലാറ്റിലേക്ക് മാറാൻ തീരുമാനിച്ചത്.
അമ്മയെ നൂറ് ശതമാനം മനസ്സിലാക്കുന്ന മകൻ
മകനേയും കൂട്ടി ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോഴും ഞാൻ വീട്ടിൽ ഇല്ലാത്ത സമയത്ത് അവനെ നോക്കാൻ ആളില്ലെന്ന പ്രശ്നം വീണ്ടും തലപൊക്കി. അങ്ങനെയാണ് ഡേ കെയറിൽ അവന് വിട്ട് തുടങ്ങിയത്. രാവിലെ അവനെ സ്കൂളിൽ വിട്ട ശേഷം ഞാൻ ജോലിയ്ക്ക് പോകും. വൈകീട്ട് അവനെ സ്കൂളിൽ നിന്ന് കൂട്ടി ഡേ കെയറിൽ കൊണ്ട് വിട്ട ശേഷം വീണ്ടും ഓഫീസിലേക്ക്. രാത്രി ജോലി കഴിഞ്ഞ ശേഷം ഞങ്ങളൊന്നിച്ച് വീട്ടിലേക്ക്, കുറഞ്ഞ കാലം കൊണ്ട് തന്നെ അമ്മയേയും അവനെ വളർത്താനുള്ള അമ്മയുടെ കഷ്ടപ്പാടിനേയും ജോലിയേയും മനസ്സിലാക്കി കൂടെ നിൽക്കുന്ന മകനായി അവൻ വളർന്നു. അമ്മയുടെ ശമ്പളത്തെ കുറിച്ചറിയാവുന്ന പിടിവാശി ഇല്ലാത്ത മകനായി എനിയ്ക്കൊപ്പം അവൻ നിന്നു. ട്യൂഷനൊന്നും ഇല്ലാതെ എന്നെ ആശ്രയിക്കാതെ തന്നെ അവൻ നന്നായി പഠിക്കാൻ തുടങ്ങി.

അതിനു ശേഷമാണ് ഡാൻസ് പഠിക്കണമെന്ന ഏന്റെ ഏറെക്കാലത്തെ ആഗ്രഹം ഞാൻ യാഥാർഥ്യമാക്കിയത്. അവനേയും കൂട്ടി ഞാൻ ഡാൻസ് പഠിക്കാൻ പോയപ്പോഴും വീട്ടുകാർ എതിർത്തു. ദേ അവള് കുട്ടിയെ നോക്കേണ്ട സമയത്ത് ഡാൻസ് പഠിക്കാൻ പോകുന്നു എന്നായിരുന്നു പരാതി. മുപ്പത്തിനാലാം വയസ്സിൽ നീ ഡാൻസ് പഠിച്ചിട്ട് എന്ത് ചെയ്യാനാ അങ്ങനെ നിരവധി കുത്തുവാക്കുകൾ. എന്റെ കുഞ്ഞിനെ വളർത്തേണ്ടതിന്റേയും ജീവിക്കേണ്ടതിന്റേയും ഉത്തരവാദിത്വം എന്റേത് മാത്രമാണെന്ന് തിരിച്ചറിഞ്ഞ ഞാൻ അതൊന്നും കാര്യമാക്കിയില്ല. അതിനിടെ സ്വന്തം പ്രയത്നത്തിൽ സൈനിക സ്കൂളിലേക്കുള്ള പ്രവേശന പരീക്ഷ അവൻ പാസ്സായി. ജൂണിൽ ആ സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അവൻ.
മോശം പിന്തുണ തന്ന സമൂഹം
മകനെ വളർത്താനുള്ള ഓട്ടത്തിൽ പലയിടത്തും ജോലി ചെയ്തിട്ടുണ്ട്. അതിൽ ഒരു സ്ഥാപനത്തിന്റെ മേധാവിയിൽ നിന്ന്, വിവാഹബന്ധം വേർപെടുത്തിയ സ്ത്രീയെന്ന നിലയ്ക്ക് എന്നോടുള്ള പെരുമാറ്റം വളരെ മോശമായിരുന്നു. ആ ജോലി ഉപേക്ഷിക്കേണ്ടി വന്നതും അങ്ങനെയാണ്. പിന്നീട് ഒരു സുഹൃത്ത് വളരെ മോശമായി പെരുമാറുകയും ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ പോലീസിൽ പരാതി നൽകേണ്ടി വരുകയും ചെയ്തിട്ടുണ്ട്. അന്ന് പരാതി നൽകേണ്ടി വന്നപ്പോൾ പിന്തുണയ്ക്കാതെ കൈ മലർത്തിക്കാണിച്ച സുഹൃത്തുക്കളും ഉണ്ട്.
പിടികൂടിയ ഡിപ്രഷൻ
അമിതജോലി ഭാരം, മകനെ വളർത്തുന്നതിനുള്ള പ്രയാസം, കുടുംബത്തിന്റേയും സമൂഹത്തിന്റേയും ഒറ്റപ്പെടുത്തൽ അങ്ങനെ പ്രശ്നങ്ങൾ പലതായപ്പോൾ ഡിപ്രഷൻ കൂടി. കഴിക്കുന്ന മരുന്നിന്റെ ഡോസും കൂട്ടേണ്ടി വന്നു. ഈ ജോലിയിൽ മുന്നോട്ട് പോകാൻ പറ്റില്ലെന്ന് ഉറപ്പായതോടെ കഴിഞ്ഞയാഴ്ച ജോലി രാജി വെച്ചു. ഒരു ചെറിയ ഇടവേള എടുക്കണം. വീണ്ടും ജോലി ചെയ്യണം മകനെ വളർത്തണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..