എം.ടി.വാസുദേവൻ നായർ
ഫെബ്രുവരി 21 ലോകം മുഴുവന്‍ മാതൃഭാഷ ദിനമായി ആഘോഷിക്കുന്നു.1999 നവംബര്‍ 17നാണ് യുനെസ്‌കോ ഫെബ്രുവരി 21 നെ ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. 1952 കിഴക്കന്‍ പാകിസ്താനില്‍ ഉറുദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വ്വകലാശാലയിലെ അനേകം വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21. ബംഗാളില്‍ ആചരിച്ചുവന്നിരുന്ന മാതൃഭാഷാദിനത്തിന് ലോകമെങ്ങും ലഭിച്ച അംഗീകാരം എന്ന നിലയിലാണ് അന്തര്‍ദേശീയ മാതൃഭാഷാ ദിനത്തിന്റെ ആരംഭം.
നാം പിറന്ന നാടിന്റെ ചൂടും ചൂരും തുളുമ്പുന്നതാണ് മാതൃഭാഷ. അതാണ് പിഞ്ചുകുഞ്ഞിന്റെ ചുണ്ടില്‍ നിന്ന് ആദ്യം വരുന്നവാക്ക് . മാതാവിനൊപ്പം പ്രിയപ്പെട്ടതാണ് ഓരോരുത്തര്‍ക്കും മാതൃഭാഷ. അതു നമ്മുടെ ചിന്തയുടെയും സ്വപ്നംകാണലിന്റെയും പ്രാര്‍ത്ഥനയുടെയും ഭാഷയാണ്. ആശയവിനിമയത്തിന് കരുത്തു പകരുന്നത് മാതൃഭാഷയിലൂടെ അത് പകരുമ്പോള്‍ മാത്രമാണ്. തങ്ങളുടെ മാതൃഭാഷയായ മലയാളത്തെക്കുറിച്ച് പാടാത്ത കവികളില്ല , എഴുതാത്ത പണ്ഡിതന്മാരില്ല.
ഒരു വ്യക്തി വിനിമയം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് വെറും ഒരു ആശയം മാത്രമാണെങ്കില്‍ അതിന് ഏതു ഭാഷയും മതിയായേക്കാം എന്നാല്‍ ഭാഷയിലൂടെ ഒരു വികാരമാണ് പ്രകടിപ്പിക്കേണ്ടതെങ്കില്‍ മാതൃഭാഷയെക്കാള്‍ ശക്തമായ ഭാഷ വേറെയില്ല. അതുപോലെതന്നെ അതിസൂക്ഷ്മമായ ഒരു അറിവ് പകരുമ്പോഴും മാതൃഭാഷയില്‍ അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഉള്‍ക്കനം അന്യഭാഷയില്‍ ആകുമ്പോള്‍ ലഭിക്കണമെന്നില്ല. അതിനാല്‍ കേവലമായ ആശയവിനിമയത്തിനപ്പുറം നമ്മുടെ അസ്ഥിത്വോപാധിയുടെ ഭാഗമാണ് മാതൃഭാഷ എന്നു പറയാം. ജൈവികതയുടെ കതിര്‍ക്കനം മാതൃഭാഷയ്ക്കു തന്നെയാണ് കൂടുതല്‍.
ഒരു ജനതതി സമൂഹത്തിന്റെയും സംസ്‌കാരത്തെയുമൊക്കെ മുഖ്യധാരയിലേക്ക് ഉയരുന്നതിന് മാതൃഭാഷയോളം ഊര്‍ജ്ജം പകരുന്ന മറ്റൊരു ഊന്നു വടിയില്ല. ഉദാഹരണമായി ആദിവാസികളുടെ കാര്യമെടുക്കാം. പണിയര്‍ , നായ്ക്കര്‍, കുറുമര്‍, അടിയര്‍ , കുറിച്ച്യര്‍ തുടങ്ങിയ വയനാട്ടിലെ എല്ലാ ആദിവാസി ഗോത്രങ്ങള്‍ക്കും മാതൃഭാഷയുണ്ടായിരുന്നു. ഇതില്‍ അടിയരുടെ ഭാഷയ്ക്കു ലിപിയും ഉണ്ടായിരുന്നതായി ചരിത്രസൂചനകളുണ്ട്. എല്ലാം കളവ് പോയതുപോലെ അക്ഷരങ്ങളും തങ്ങളില്‍നിന്ന് കളവ് പോയി എന്ന് അവര്‍ പറയുന്നു. എന്നാല്‍ പുതിയ കാലത്തില്‍ ആദിവാസികളില്‍ നിന്ന് ധാരാളം കവികളും കലാകാരന്മാരും എല്ലാം ഉയര്‍ന്നുവരുന്നുണ്ട്. പണിയ, കുറുമ ഭാഷകളില്‍ രചിച്ച 'മെലി ആട്ടു' എന്ന നോവല്‍ ഇതിനൊരു ഉദാഹരണമാണ്. പണിയ സമുദായക്കാരനായ വാസുദേവനാണ് ഇതിന്റെ രചയിതാവ്. അതുപോലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലടക്കം ആദിവാസി ഭാഷയില്‍ എഴുതിയ കവിതകള്‍ കണ്ടെത്താനാകും. ഇതിന് അവരെ പ്രാപ്തരാക്കിയത് അവരുടെ മാതൃഭാഷയിലുള്ള പഠനമാണ്. ആചാരാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളിലൂടെയാണ് അവരുടെ ഭാഷ വികസിച്ചിരിക്കുന്നത്. പുതിയ കാലത്തിന്റെ കുത്തൊഴുക്കില്‍ ആചാരാനുഷ്ഠാനങ്ങള്‍ പലതും നിലച്ചത് ഗോത്രഭാഷകള്‍ നേരിടുന്ന വെല്ലുവിളിയാണ്. പി.വത്സലയുടെ നെല്ല്, കൂമന്‍കൊല്ലി തുടങ്ങിയ നോവലുകളിലും കെ. ജെ. ബേബിയുടെ മാവേലി മന്റം എന്ന നോവലിലും ധാരാളം ആദിവാസി പദങ്ങള്‍ കണ്ടെത്താനാകും.
നമ്മുടെ പഴയ തറവാടുകള്‍ ഇല്ലാതായപ്പോള്‍ അതോടൊപ്പം അനേകം വാക്കുകള്‍ മലയാളത്തില്‍ വിട്ടകന്നതും ഇവിടെ ചേര്‍ത്തു വായിക്കാം. വടക്കിനി,തെക്കിനി, ചായ്പ്പ് , കോണി മുറി, കുഞ്ഞകം, വലിയകം, നടുമുറി എന്നിങ്ങനെ നീണ്ടുപോകുന്നു അവ. കൂടാതെ പഴയകാല കേരളീയഗൃഹങ്ങളുമായി ബന്ധപ്പെട്ട ഉത്തരം, കഴുക്കോല്‍, മോന്തായം എന്നിവയും വിസ്മൃതിയിലാണ്ടു കഴിഞ്ഞു. ഈ വാക്കുകളൊക്കെ ഇനി കണ്ടെത്തണമെങ്കില്‍ എം.ടി.വാസുദേവന്‍ നായരെ പോലുള്ളവരുടെ നോവലുകള്‍ വായിക്കേണ്ടിയിരിക്കുന്നു. അഥവാ അവ വായിച്ചാല്‍ തന്നെ പുതിയതലമുറയ്ക്ക് മനസ്സിലാക്കാന്‍ അടിക്കുറിപ്പുകള്‍ കൊടുക്കേണ്ടി വന്നേക്കാം.
1961 ലെ കണക്കെടുപ്പ് പ്രകാരം ഭാരതത്തില്‍ മാത്രം 1652 ഭാഷകള്‍ സംസാരിക്കുന്നുണ്ട്. ഇതില്‍ പലതും ഇന്ന് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ മാത്രം 220 ഭാഷകള്‍ നമുക്ക് നഷ്ടപ്പെട്ടു എന്ന് കണക്കുകള്‍ പറയുന്നു. മലയാളികളെ സംബന്ധിച്ച് മാതൃഭാഷാദിനം ഭംഗിയായി ആഘോഷിക്കാറുണ്ട് എന്നതൊഴിച്ചാല്‍ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും മനഃപൂര്‍വ്വം മാറ്റിനിര്‍ത്തുന്ന ഒന്നായി മാതൃഭാഷ മാറുന്നു. ഭരണഭാഷ മലയാളം ആയിട്ടും കേരളത്തിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇന്നും സായിപ്പിന്റ രാജഭാഷയില്‍ തന്നെ. നമ്മുടെ സര്‍ക്കാര്‍ വകുപ്പ് പരീക്ഷകള്‍ (Department test) എന്ന് മാതൃഭാഷയിലാക്കുമെന്ന കാര്യം ചിന്തിക്കാന്‍ പോലും നമുക്ക് കഴിയില്ല. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളുമായി ഒരു ജൈവബന്ധവും ആവശ്യമില്ല എന്നതാണ് മാറിമാറിവരുന്ന സര്‍ക്കാരുകളുടെ നയം .
പ്രാഥമിക തലത്തില്‍ മാതൃഭാഷയിലെ അക്ഷരങ്ങള്‍ പഠിപ്പിക്കാത്ത ലോകത്തിലെ ഒരേയൊരു നാട് കേരളം ആയിരിക്കും. മാതൃഭാഷാ അല്പം പോലും പഠിക്കാതെ അതേ മാതൃഭാഷ പ്രൈമറിതലത്തില്‍ പഠിപ്പിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന അധ്യാപകര്‍ നമ്മുടെ കേരളത്തില്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. മറ്റൊരു കൗതുകകരമായ വസ്തുത അയല്‍സംസ്ഥാനങ്ങളില്‍ ഡിഗ്രി തലത്തില്‍ ഏതു വിഷയമെടുത്തു പഠിച്ചാലും മാതൃഭാഷ ഒരു നിര്‍ബന്ധിത വിഷയമായി പഠിക്കണം എന്നുള്ളപ്പോള്‍ കേരളത്തില്‍ വി.എച്ച്.എസ്.ഇ , പോളിടെക്‌നിക് എന്നിവിടങ്ങളില്‍ പോലും ഒന്നാംഭാഷയായി ഇംഗ്ലീഷ് മാത്രം പഠിച്ചാല്‍ മതി. പി .എസ് . സി പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ വേണം എന്ന് പറഞ്ഞ് ഒരു തിരുവോണദിനത്തില്‍ ആണ് നമ്മുടെ സാംസ്‌കാരിക നായകന്മാര്‍ തലസ്ഥാനത്ത് നിരാഹാരമിരുന്നത്.
പുതിയ വിദ്യാഭ്യാസ നയത്തില്‍ മാതൃഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോഴും അതില്‍ നിന്ന് പുറംതിരിഞ്ഞുനില്‍ക്കുന്നവര്‍ നാം മാത്രമായിരിക്കും. ഭരണഘടനയുടെ എട്ടാം പട്ടികയില്‍പ്പെട്ട പതിനൊന്നു ഭാഷകളില്‍ എഞ്ചിനീയറിംഗ് പഠനം ആകാമെന്ന് ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2020 ലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തമിഴ്, കന്നഡ, തെലുഗു,മലയാളം, ഹിന്ദി, ഗുജറാത്തി,മറാത്തി, പഞ്ചാബി, ഒഡിയ, ബംഗാളി, അസാമീസ് ഭാഷകളില്‍ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒരു ബാച്ചെങ്കിലും തുടങ്ങാമെന്ന് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ) നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിനായി ഇതുവരെ ഒരു ചുവടുപോലും നാം വെച്ചിട്ടില്ല. എന്നാല്‍ എട്ടു സംസ്ഥാനങ്ങളിലായി ആറു പ്രാദേശികഭാഷകളില്‍ ബി.ടെക്. ക്ലാസുകള്‍ ഇതുവരെ ആരംഭിച്ചു കഴിഞ്ഞതായി പത്രവാര്‍ത്തകള്‍ പറയുന്നു.
ലോകത്തെ മുന്‍നിര വികസിത രാജ്യങ്ങള്‍ എല്ലാം മാതൃഭാഷയില്‍ ആണ് ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനം നടത്തുന്നത്. സ്‌കൂളിലും കോളേജിലും മാതൃഭാഷ പഠിക്കാതെ ചൈനയിലും റഷ്യയിലും ജര്‍മ്മനിയിലും ഒക്കെപ്പോയി മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാഭ്യാസം നടത്തുന്ന മലയാളിക്കുട്ടികള്‍ കോഴ്‌സിന്റെ ആദ്യവര്‍ഷങ്ങളില്‍ വിദേശ രാജ്യത്തിന്റെ മാതൃഭാഷ നിര്‍ബന്ധിതമായി പഠിക്കേണ്ടി വരുന്നത് കാണുമ്പോള്‍ നമുക്ക് സഹതാപം തോന്നും. ഓരോ നാടും അവരുടെ മാതൃഭാഷയ്ക്ക് എന്തുമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നതാണ് ഇതിന് അന്ത:സാരം. ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനും മലയാളിയും ആയിരുന്ന ഇ .സി .ജി . സുദര്‍ശന്‍ ശാസ്ത്രവും സാങ്കേതികവിദ്യയും മാതൃഭാഷയില്‍ തന്നെ പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതതിന്റെ പ്രാധാന്യത്തെപറ്റി ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. അറിവുകളെ സൂക്ഷ്മമായി മനസ്സിലാക്കുന്നതിനും പങ്കുവെക്കുന്നതിനും മാതൃഭാഷയേക്കാള്‍ മികച്ച മറ്റൊന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ലോകം മുഴുവന്‍ മാതൃഭാഷയുടെ പ്രാധാന്യത്തെ യും പ്രസക്തിയെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് മറ്റൊരു ലോകഭാഷാ ദിനം കൂടി കടന്നു പോകുന്നു. മലയാളിയുടെ നില്‍പ്പ് ഇപ്പോഴും മാതൃഭാഷയ്ക്ക് പുറംതിരിഞ്ഞു തന്നെയാണെന്നത് ഒട്ടും അഭിമാനകരമല്ല.
Content Highlights: international mother language day 2022, malayalam,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..