കെ.രേഖ
'വത്സ സൗമിത്രാ, കുമാരാ നീ കേള്‍ക്കണം, മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍'
നാലുവശവും നെടുനീളന്‍ വരാന്തയുള്ള വലപ്പാട്ടെ വീടിന്റെ തിണ്ണയില്‍, കളി കഴിഞ്ഞ് ക്ഷീണിച്ച് കിടക്കുകയാണ് ' കുട്ടിഞാന്‍ '. അപ്പോഴാണ് വലിയമ്മ രാമായണം വായിക്കുന്നത്. വലിയമ്മയുടെ രാമായണ പാരായണം കഴിഞ്ഞാല്‍ മാത്രമേ ചായയും പപ്പടവും കോംബോ കിട്ടൂ എന്നതിന്റെ അക്ഷമയുമുണ്ടെനിക്ക്. പക്ഷേ ,അപ്പോഴാണ് ഈ വാക്കുകള്‍ ചെവിയില്‍ വന്നു തണുത്ത കൈ കൊണ്ടു തൊടുന്നത്.
മലയാളത്തിന്റെ മധുരം തൊട്ടതും അങ്ങനെയാണ്. ഭാഷാപിതാവ് തന്നെയാണ് എന്റെ ഭാഷാസ്‌നേഹത്തിന്റെയും പിതാവ്.'മത്സരാദ്യം 'എന്ന വാക്കിന്റെ ഭംഗിയാണ് പ്രധാന ആകര്‍ഷണം.'ആദ്യം തന്നെ നീ നിന്റെ മത്സരബുദ്ധി വെടിയൂ, സദ്ബുദ്ധിയോടെ ചിന്തിക്കൂ എന്ന് ഒരു ചേട്ടന്‍ അനിയനെ ഉപദേശിക്കുന്നത്,വാക്കുകളെ മുത്ത്‌പോലെ കോര്‍ത്ത്, ചെത്തിമിനുക്കി ഒരു രഥഗരിമയുടെ കരുത്തോടെ എഴുന്നള്ളിക്കാനുള്ള കരുത്ത് ഈ ഭാഷയ്ക്കുണ്ട് എന്നതാണ് ഇതിന്റെ അഴക്. ഒരു കൊച്ചു വാക്കു കൊണ്ട് എത്രയോ ആശയം കൈമാറാന്‍ ഈ ഭാഷയ്ക്കു കഴിയും എന്നതാണ് അതിന്റെ സിദ്ധി.
എന്റെ അമ്മയ്ക്ക് മലയാളം പ്രാണനായിരുന്നു. ജീവിത ദു:ഖങ്ങളെ അമ്മ മറി കടന്നത് കവിതകളെ സ്‌നേഹിച്ചും വാക്കുകളുടെ തൊട്ടിലാട്ടിക്കളി കൊണ്ടുമായിരുന്നു. അമ്മ എന്തു പറയുമ്പോഴും പഴഞ്ചൊല്ലുകളോ ശൈലികളോ കവിതത്തുണ്ടുകളോ കൂട്ടു വന്നു. ഉപദ്രവിക്കാന്‍ മാത്രം ഞങ്ങളുടെ പടി കടന്നു വരുന്ന ഒരു ബന്ധുവിനെ കാണുമ്പോള്‍ അമ്മ പറയും - 'ആപത്തൊക്കെ പാലപ്പെട്ടിക്കും സമ്പത്തൊക്കെ കൊടുങ്ങല്ലൂര്‍ക്കും' ഈ ഭാഷയ്ക്ക് എന്തൊരു താളമാണെന്ന് അന്നേരം ഞാനോര്‍ക്കും. റേഡിയോ പാട്ടു കേട്ടാണ് അമ്മയുടെ കറികള്‍ ചൂടുപിടിക്കുന്നത്. വയലാറും ഭാസ്‌കരന്‍ മാഷും ഒ.എന്‍ .വി.യും തമ്പി സാറും ഈണങ്ങളുടെ കുപ്പായമിട്ട് എന്നും വിരുന്നുകാരായി എത്തി. വേനലില്‍, ഒരു ചെറു കാറ്റില്‍, അതീവ രുചികരമായ മാമ്പഴങ്ങള്‍ പൊഴിച്ചു തരുന്ന തെക്കേപ്പുറത്തെ മാവിനെപ്പോലെ, ഇവരുടെ പാട്ടുകള്‍ ഉള്ളിലേക്ക് സുന്ദരവാക്കുകള്‍ തൂവിക്കൊണ്ടിരുന്നു! എന്തു ഭംഗിയാണ് ഈ ഭാഷയ്ക്ക് - കുട്ടി മനസ്സ് പറഞ്ഞു.
ആറാം വയസ്സുവരെയും വീട്ടിലെ വലിയ മരത്തൊട്ടിലില്‍ കിടന്നാണ് ഞാനുറങ്ങിക്കൊണ്ടിരുന്നത്. എന്റെ വൃദ്ധ പിതാവ് ശ്വാസം മുട്ടലിന്റെയും രോഗങ്ങളുടെയും തിക്കു മുട്ടലോടെ പാടും. ' കാറ്റേ നീയെന്തേ തങ്ങിത്തങ്ങി ....' ഏഴാം വയസ്സില്‍ ' അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം; നിശ്ശബ്ദത പോലും അന്നു നിശ്ശബ്ദമായി ' എന്ന കവിതക്കേള്‍വിയുടെ, പ്രാക്ടിക്കല്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച ദിവസം. ഞാനും കാറ്റിനോട് ചോദിച്ചു - 'കാറ്റേ നീയെന്തേ തങ്ങിത്തങ്ങി..'
ഈ ഭാഷയ്ക്ക് ഒരു മാന്ത്രികതയുണ്ട്. ഒരേ കവിതക്കാര്യം രണ്ടു പേര്‍ രണ്ടുവിധത്തില്‍ പറയുന്നതിന്റെ അഴക് സ്‌കൂള്‍ ക്ലാസിലാണ് കണ്ടെത്തിയത്. ' അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ' എന്നു ഗുരു പറയുമ്പോള്‍, ശിഷ്യന്‍ കുമാരനാശാന്‍ കുറച്ചു കൂടി റൊമാന്റിക്കായി 'അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍ ' എന്നിങ്ങനെ അഴിച്ചുപണിയുമ്പോള്‍ വാസ്തവത്തില്‍ എത്ര മനോഹരമാണീ ഭാഷ!
റേഡിയോയ്ക്കു ചെവി കൊടുക്കുന്ന കൗമാര പ്രണയിനിക്ക്, മിഴികളില്‍ നിറകതിരാവുന്ന, മൊഴികളില്‍ സംഗീതമാവുന്ന, ഒരു വാക്കിന്‍ തേന്‍കണം നുകരുന്ന, ഒരു നോക്കില്‍ ഉല്‍സവമാകുന്ന ആ ഭാഷാ പാദങ്ങളില്‍ വന്ദിക്കാതെ വയ്യ! പക്ഷേ ഇഷ്ടപ്രണയ ഗാനം പൂവച്ചല്‍ ഖാദറിന്റെ - 'ഏതോ ജന്മ കല്പനയില്‍' ആകുന്നത് ഏതോ ജന്മ നിയോഗമാകാം. നെടുനീളത്തിലൊഴുകുന്ന ഭാരതപ്പുഴയും ജീവിതത്തിന്റെ അറ്റത്തേക്ക് നീണ്ടുപോകുന്ന ട്രെയിനും കണ്ട് ചുവന്നു തുടുത്ത ആ പ്രണയം തന്നെ.ജീവിതം പോലെ പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്ന യൗവനത്തില്‍ ' ഒരു വിലപ്പെട്ട ജന്മം മുഴുവനും വെറുമൊരു വാക്കിനക്കരെയിക്കരെ കടവു തോണി കിട്ടാതെ നില്‍ക്കുന്നവര്‍ നാം ' എന്ന് എത്രയോ തവണ പറഞ്ഞിട്ടുണ്ട്.
എല്ലാവരേയും പോലെ ദാമ്പത്യത്തിന്റെ കണ്ണീര്‍പ്പാടത്ത് ചിലപ്പോഴെങ്കിലും നില തെറ്റി വീഴുമ്പോള്‍ 'ഇറുക്കീലവ നമ്മെ; സ്‌നേഹവൈകൃതാല്‍ പരുക്കേറ്റ ദയനീയരെന്നോര്‍ത്തിട്ടാവാം ' എന്നറിയുമ്പോള്‍ എന്റെ വൈലോപ്പിള്ളി നിങ്ങളെങ്ങനെയാണ് ലോകമനസ്സിനെ ഈ കൊച്ചു ഭാഷയിലേക്ക് ആവാഹിക്കുന്നത്? 'എങ്ങനെ രഞ്ജിക്കാനാണെന്നുടെ സങ്കല്പവും നിന്നുടെ യാഥാര്‍ത്ഥ്യവും?' എന്ന് സ്വയം ചോദിച്ച് മനസ്സ് മുറിയാനും ഈ ഭാഷ തന്നെ മതി.
രാജ്ഞി തൊട്ടിലാട്ടുന്ന ഈണത്തില്‍ കൃഷ്ണന്റെ ലീലകള്‍ വര്‍ണിക്കാന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പും കരുത്തുണ്ടായിരുന്ന ഭാഷ. പൂവില്‍ നിറഞ്ഞ മധുവോ പൂര്‍ണേന്ദു തന്റെ നിലാവോ എന്നു പാടാന്‍ അമ്മയാകണമെന്നില്ല, തമ്പിയായാല്‍ മതി എന്നോര്‍മിപ്പിക്കാനും ഈ ഭാഷയ്ക്കു കരുത്തുണ്ട്. എന്നിട്ടും എത്ര ഭീകരമായാണ് നമ്മളതിനെ തള്ളിപ്പറയുന്നത്. ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലിനൊപ്പം കയറിപ്പറ്റിയ സുന്ദര മലയാളത്തെ 'കൊരച്ച് കൊരച്ച് മലയാല'മാക്കി വികലമാക്കി പറയുന്നതില്‍ അഭിമാനിക്കുന്ന ഒരു ജനത ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ? ടെലിവിഷനില്‍ വന്നിരുന്ന് ഈ വികൃത മലയാളം പറയുന്ന ജീവികളെ കാണുമ്പോള്‍, മലയാലമറിയാത്ത ഈ പരിഷ്‌കൃത സമൂഹത്തെ ആദരിക്കുന്നവരെ അറിയുമ്പോള്‍, അമ്പരപ്പാണ്! എന്തൊരു വികലമനസ്സ്!
'മകന്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ ഭാര്യയുടെ പേറു തന്നെ ഇംഗ്ലണ്ടിലാക്കി'യവരെക്കുറിച്ച് കുഞ്ഞുണ്ണി മാഷ് പറയുന്നത് അതിശോയക്തിയില്ല. തിരുക്കുറളിനെ സ്‌നേഹിക്കുന്ന തമിഴരെയും രബീന്ദ്രസംഗീതം ആത്മാവാക്കുന്ന ബംഗാളികളെയും മുട്ടിന് മുട്ടിന് ഹിന്ദി ദേശസ്‌നേഹം വിളമ്പുന്ന നേതാക്കളെയും നമുക്ക് ബഹുമാനമാണ്. പക്ഷേ നമ്മുടെ മലയാളത്തെ നമുക്ക് ബഹുമാനമില്ല. സ്വന്തം ഭാഷയെ സ്‌നേഹിക്കാത്ത ജനത എങ്ങനെയാണ് ആത്മാഭിമാനമുള്ളവരാകുക?
'വള്ളത്തോള്‍ കാണുമ്പോലെ ' മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാരായി' കാണേണ്ട. അയലത്തെ അമ്മയായി കരുതിയാല്‍ മതി. പക്ഷേ സ്വന്തം അമ്മ അമ്മ തന്നെയല്ലേ?!
Content Highlights: mother language day 2022,k rekha, malayalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..