സത്യൻ അന്തിക്കാട്, ത്യാഗരാജനും മോഹൻലാലും | ഫോട്ടോ: മാതൃഭൂമി
ലാലിന്റെ ഹ്യൂമർസെൻസ് അപാരമാണ്. ടി പി ബാലഗോപാലൻ എം എ എന്ന സിനിമയുടെ ഷൂട്ടിങ് സമയം. അതിന് മുമ്പ് ഞാൻ ചെയ്ത ഗായത്രി ദേവി എന്റെ അമ്മ എന്ന സിനിമ പല തടസ്സങ്ങൾ കാരണം റിലീസ് നീണ്ടുപോയി. അതിന്റെ ടെൻഷനും കൊണ്ടാണ് ടി പി ബാലഗോപാലൻ സെറ്റിൽ ഞാൻ ഇരിക്കുന്നത്. ലാൽ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു ' ടെൻഷനടിക്കേണ്ട സത്യേട്ടാ, ഗായത്രി ദേവി എന്റെ അമ്മ എന്ന സിനിമ റിലീസ് നീണ്ട് നീണ്ട് പൊട്ടിയിലായി പോയാൽ നമുക്ക് കുറേക്കാലം കഴിഞ്ഞ് ഗായത്രി ദേവി എന്റെ അമ്മൂമ്മ എന്ന പേരിട്ട് റിലീസ് ചെയ്യാം'. അത് കേട്ടപ്പോൾ ഞാനും അറിയാതെ ചിരിച്ചുപോയി.
സെറ്റിൽ ലാൽ എത്തിയാൽ ആഘോഷമായി മാറും. സംവിധായകന്റെ ടെൻഷൻ അയാൾ അനായാസം ഇല്ലാതാക്കും. ഉദാഹരണത്തിന് ലാലിന് നാല് മണിക്ക് പോകണം എന്നാൽ ഷോട്ട് കഴിഞ്ഞിട്ടില്ല. 3.45 ന് പോലും അതിന്റെ ഒരു ടെൻഷനുമില്ലാതെ അയാൾ കളിച്ചും ചിരിച്ചുംകൊണ്ടിരിക്കും. സംവിധായകനെ ടെൻഷനിലാക്കാൻ അയാൾ ഒരുക്കമല്ല. എന്നാൽ മറ്റ് പലനടന്മാരും നാല് മണിക്ക് പോകണമെങ്കിൽ ഉച്ച തൊട്ടേ ഇത് പറഞ്ഞ് സംവിധായകനെ ടെൻഷനടിപ്പിക്കും.
അതുപോലെ ലാൽ ത്യാഗരാജൻ മാസ്റ്ററുടെ കൂടെ സംഘട്ടനം ചെയ്യുമ്പോൾ തോന്നും അഭിനയത്തേക്കാൾ ലാൽ മികച്ചൊരു ആക്ഷൻ കൊറിയോഗ്രാഫറാണെന്ന്. ത്യാഗരാജന്റെ പ്രിയശിഷ്യനെപ്പോലെയാണ് മോഹൻലാലിനെ കൊണ്ടുനടക്കുന്നത്. വരവേൽപ് എന്ന സിനിമയിൽ ഒരുസംഘട്ടനരംഗമുണ്ട്. അന്ന് ത്യാഗരാജൻ മാഷ് വളരെ തിരക്കുള്ള സമയമാണ്. മാഷെ ഞാൻ വിളിച്ചപ്പോൾ പറഞ്ഞത് ' ലാൽ അവിടെയുണ്ടല്ലോ, അവൻ ചെയ്‌തോളും. രണ്ട് ഫൈറ്റ്‌ഴേസിനെ ഞാൻ വിട്ടുതരാം'.
അങ്ങനെ മോഹൻലാലാണ് വരവേൽപ്പിലെ ആക്ഷൻ കൊറിയോഗ്രഫി ചെയ്തത്. ടൈറ്റിലിൽ ത്യാഗരാജൻ മാസ്റ്ററുടെ പേര് വെക്കുകയും ചെയ്തു. ലാലുമായി ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച് കഴിഞ്ഞ് ലാൽ നമ്മുടെ ഹൃദയത്തിന്റെ ഭാഗമായി മാറും. എനിക്ക് ലാലിനെ അഭിനയിപ്പിച്ച് കൊതിതീർന്നിട്ടില്ല. ലാലിന് ഈശ്വരൻ കൊടുത്ത വരദാനമാണ് അഭിനയം. ലാൽ അഭിനയിക്കുന്നത് കാണുമ്പോൾ ലോകത്ത് ഏറ്റവും ശ്രമകരമല്ലാത്ത ജോലി അഭിനയമാണെന്ന് നമുക്ക് തോന്നും. ഈസിയായി നമുക്ക് അഭിനയിക്കാം എന്നും തോന്നും.
പക്ഷേ മറ്റ് നടന്മാരുടെ അഭിനയം കാണുമ്പോഴാണ് ബുദ്ധിമുട്ട് മനസിലാകുക. അഭിനയം ലാൽ എവിടെനിന്നും പഠിച്ചതല്ല രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. അനായാസമാണ് ലാലിന് അഭിനയം. നൃത്തം പഠിക്കാതെ ലാൽ കമലദളത്തിൽ ശാസ്ത്രീയനൃത്തം ചെയ്തിട്ടുണ്ട്, കഥകളി അറിയാത്ത ലാൽ വാനപ്രസ്ഥത്തിൽ മികവുറ്റ രീതിയിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. പാട്ട് പാടിക്കാത്ത ലാൽ അസലായി പാടും. അതൊക്കെ ലാലിന്റെ ഉള്ളിൽ അലിഞ്ഞുചേർന്നിരിക്കുന്ന കഴിവാണ്. അമിതമായ വിജയങ്ങളിലോ അഭിനന്ദനങ്ങളിലോ ആഹ്ലാദിച്ച് മതിമറക്കുന്ന ആളല്ല ലാൽ. ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങുമ്പോൾ ഒരു ചെറിയ ചിരിയിലൂടെ അത് സ്വീകരിക്കും. വലിയ പരാജയങ്ങൾ അതുകൊണ്ട് തന്നെ ലാലിനെ തളർത്താറുമില്ല.എന്റെ പ്രിയസുഹൃത്തിന് ഒരായിരം പിറന്നാൾ ആശംസകൾ.
Content Highlights: Sathyan Anthikad about Mohanlal, Varavelpu movie, TP Balagopalan MA
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..