'നസീർ പറഞ്ഞു; കുറിച്ചു വച്ചോളൂ, ഈ പയ്യന്റെ വളർച്ച പെട്ടെന്നായിരിക്കും'


By അനുശ്രീ മാധവൻ (anusreemadhavan@mpp.co.in)

2 min read
Read later
Print
Share

കൊച്ചു കുട്ടികളെപ്പോലെയാണ് ലാൽ. സെറ്റിൽ ഓടിച്ചാടി നടക്കും. ​ഗൗരവത്തോടെ ഇരിക്കുന്നത് കാണാറേയില്ല. ലാൽ വന്നാൽ സെറ്റ് ലെെവാകും. വല്ലാത്ത ഒരു വ്യക്തിപ്രഭാവമാണ്.

കടത്തനാടൻ അമ്പാടിയിൽ രാധു, പ്രേം നസീർ, മോഹൻലാൽ എന്നിവർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍

ദ്യ ചിത്രം മഞ്ഞിൽവിരിഞ്ഞ പൂക്കൾ മുതൽ മോഹൻലാലിന്റെ പല സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായിരുന്നു സംവിധായകൻ ഫാസിൽ. മറക്കില്ലൊരിക്കലും, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, മണിച്ചിത്രത്താഴ് തുടങ്ങി ഒട്ടവവധി ചിത്രങ്ങളാണ് ഫാസിൽ-ലാൽ കൂട്ടുകെട്ടിൽ പിറന്നത്.

സിനിമയിലെ ഫാസിലിന്റെ തുടക്കക്കാലം മുതൽ അദ്ദേഹത്തിന്റെ സഹായിയായി ഒപ്പം കൂടിയ ഒരാളുണ്ട്. നടൻ സൗബിൻ ഷാഹിറിന്റെ പിതാവ് ബാബു ഷാഹിർ. സൗബിന്റെ പേരിലാണ് ഇപ്പോൾ കൂടുതലായും അറിയപ്പെടുന്നത് എങ്കിലും സൗബിൻ ജനിക്കുന്നതിന് വർഷങ്ങൾക്ക് മുൻപു തന്നെ, സിനിമാമോഹവുമായി മാദ്രാസിലേക്ക് വണ്ടി കയറിയതാണ് ബാബു ഷാഹിർ. അദ്ദേഹത്തിന്റെ ഓർമകളുടെ റീലുകൾ പിറകോട്ട് സഞ്ചരിക്കുമ്പോൾ ഒരുപിടി സിനിമാക്കഥകൾ നമുക്ക് കേൾക്കാം. ഒരു പത്ത് സിനിമകളെങ്കിലും എടുക്കാനുള്ള അനുഭവകഥകളെങ്കിലും അതിലുണ്ട്. അതിലൊരു അധ്യായം മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിനെക്കുറിച്ചാണ്. ബാബു ഷാഹിറിന്റെ ലാലിനെക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ....മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും.

''മറക്കില്ലൊരിക്കലും എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാനും ലാലും ആദ്യം ജോലി ചെയ്യുന്നത്. നസീർ സാറും (പ്രേംനസീർ), അംബികയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ലാൽ വില്ലനും.ശരിക്കും കൊച്ചു കുട്ടികളെപ്പോലെയാണ് ലാൽ. സെറ്റിൽ ഓടിച്ചാടി നടക്കും. ​ഗൗരവത്തോടെ ഇരിക്കുന്നത് കാണാറേയില്ല. ലാൽ വന്നാൽ സെറ്റ് ലെെവാകും. വല്ലാത്ത ഒരു വ്യക്തിപ്രഭാവമാണ്. ലാലിന്റെ അഭിനയം ജന്മസിദ്ധമാണ്. അത് ഞാൻ പറയേണ്ട ആവശ്യമില്ല. പ്രേക്ഷകർക്കറിയാം. ''

നസീർ സാർ പറഞ്ഞു; കുറിച്ചു വച്ചോളൂ, ഇയാളുടെ വളർച്ച പെട്ടന്നായിരിക്കും

മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ പ്രീമിയർ ഷോയ്ക്ക് നവോദയ അപ്പച്ചൻ നസീർ സാറിനെയും വിളിച്ചിരുന്നു. ഷോ കണ്ടിറങ്ങിയ നസീർ സാർ പറ‍ഞ്ഞു, കുറിച്ചു വച്ചോളൂ, ഈ പയ്യന്റെ വളർച്ച പെട്ടന്നായിരിക്കും, ഇയാൾ സൂപ്പർതാരമാകാൻ അധികം സമയമെടുക്കില്ല. അതുപോലെ തന്നെയാണ് ആലപ്പുഴക്കാരൻ ഫാസിൽ. ഇവരുടെ കൂട്ടുകെട്ടിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറക്കും. നസീർ സാർ പറഞ്ഞ ആ വാക്കുകൾ അച്ചട്ടായി. പിന്നീട് പടയോട്ടത്തിൽ ലാൽ നസീർ സാറിനൊപ്പം അഭിനയിച്ചു. അതിൽ മമ്മൂക്കയുടെ കഥാപാത്രത്തിന്റെ മകന്റെ വേഷത്തിലാണ് ലാൽ എത്തിയത്.

കൃത്യനിഷ്ഠയുള്ള ലാൽ

വിസ്മയത്തുമ്പത്ത് സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ ഞാനും മുകേഷും ​ഗോകുലം പാർക്കിനടുത്താണ് താമസിച്ചിരുന്നത്. മോഹൻലാൽ താജിലും. ഒരു ദിവസം രാവിലെ 7 മണിക്ക് തന്നെ ഷൂട്ടിങ് തുടങ്ങണമെന്ന് ഫാസിൽ സാർ പറഞ്ഞിരുന്നു. രാവിലെ 5 മണിക്ക് എനിക്ക് ഒരു കോൾ വന്നു. ഞാൻ മോഹൻലാലാണ്, താഴെ കാറിൽ നിങ്ങളെ കാത്തു നിൽക്കുകയാണെന്ന് പറഞ്ഞ്. ഞാനും മുകേഷും തിരക്കു പിടിച്ച് റെഡിയായി ലാലിന്റെ അടുത്തേക്ക് ഓടി. മോഹൻലാൽ അങ്ങനെയാണ്. സെറ്റിൽ കൃത്യസമയത്ത് തന്നെ എത്തും. സത്യത്തിൽ ലാലിന് ഞങ്ങളെ കൂട്ടി പോകേണ്ട ആവശ്യമൊന്നുമില്ല. അദ്ദേഹത്തിന് നേരേ പോയാൽ മതി. എന്നാൽ ഞങ്ങളെ കാത്തു നിന്ന് ഒപ്പം കൂട്ടിയാണ് അദ്ദേഹം സെറ്റിലേക്ക് പോയത്. വലിയ നടനായി തീർത്തിട്ടും ലാലിന് ഒരു മാറ്റവുമില്ല. അതെന്നെ അത്ഭുതപ്പെടുത്താറുണ്ട്.

Content Highlights: mohanlal at 63, babu shahir about mohanlal, prem nazir and mohanlal movies

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented