മോഹൻലാലും ലിസിയും മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിൽ | ഫോട്ടോ: മാതൃഭൂമി
വളരെക്കുറച്ച് മലയാള സിനിമകളിലേ ഞാനഭിനയിച്ചിട്ടുള്ളൂ. അതിൽ കൂടുതൽ തവണയും ലാലേട്ടന്റെ നായിക. ആ കംഫർട്ട് ലെവൽ അന്നും ഇന്നും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെയത്ര ക്ഷമ മറ്റാരിലും കണ്ടിട്ടില്ല. കൂടെയഭിനയിക്കുന്നവർ തെറ്റുവരുത്തുമ്പോഴും ഒരു രംഗംതന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടിവരുമ്പൊഴുമൊക്കെ ക്ഷമയോടെ പ്രോത്സാഹിപ്പിക്കുന്ന, സന്തോഷത്തോടെ സഹകരിക്കുന്ന ലാലേട്ടനെയാണ് കണ്ടിട്ടുള്ളത്. പലപ്പോഴും നൃത്തരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നത് നട്ടുച്ചയ്ക്കായിരിക്കും. എന്നാലും പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനിൽക്കുന്ന നടനാണ് അദ്ദേഹം.
ലാലേട്ടന്റെ കുടുംബവുമായും എനിക്ക് അടുത്തബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര എന്റെ അടുത്ത കൂട്ടുകാരിയാണ്. ഞങ്ങളുടെ കുടുംബങ്ങൾ ഇന്നും ഇടയ്ക്കിടെ പരസ്പരം സന്ദർശിക്കാറുണ്ട്. രണ്ട് കുടുംബങ്ങളുംചേർന്ന് ഷൂട്ടിങ്ങിനും അവധിക്കാലത്തുമായി എത്രയോ യാത്രകൾ നടത്തിയിട്ടുണ്ട്. ലാലേട്ടൻ ഷൂട്ടിങ്ങ് തിരക്കിലാകുമ്പോൾ ഞാനും സുചിത്രയും മക്കളെയുംകൂട്ടി യാത്രകൾ നടത്തും.
ഒരുമിച്ചുള്ള യാത്രകളിൽ നടനെന്ന വേഷമൊക്കെ അഴിച്ചുവെച്ച് സുചിത്രയ്ക്കൊപ്പം കൂടുന്ന ലാലേട്ടനെ കണ്ടിട്ടുണ്ട്. ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനും പെട്ടിചുമക്കാനുമൊന്നും ലാലേട്ടന് മടിയില്ല. കുട്ടികൾക്കുള്ള ഷോപ്പിങ് കഴിഞ്ഞ് കൈനിറയെ പെട്ടികളുമായി മടങ്ങുമ്പോൾ മലയാളത്തിന്റെ സൂപ്പർതാരത്തെയാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നതെന്ന് തമാശപറഞ്ഞു ചിരിക്കുന്ന ലാലേട്ടന്റെ അത്ര സിംപിളായി വേറാരുമില്ല.
ലാലേട്ടനൊരു നല്ല പാചകവിദഗ്ധനാണെന്ന കാര്യം പലരുമറിയുന്നത് ഇപ്പോഴായിരിക്കും. എന്നാൽ, ഞങ്ങൾക്കിത് നേരത്തേ അറിയാനും ആ കൈപ്പുണ്യം നേരിട്ടറിയാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആവേശത്തോടെയാണ് ലാലേട്ടൻ ഭക്ഷണമുണ്ടാക്കുന്നത്. എന്തുജോലി ചെയ്താലും ഇതേ ആവേശം അദ്ദേഹം കാണിക്കാറുണ്ട്. കൈയിൽക്കിട്ടുന്നതെല്ലാം അദ്ദേഹം ഭക്ഷണത്തിലിടും. രണ്ടാമതൊരിക്കൽക്കൂടി അതേ വിഭവമുണ്ടാക്കാൻ ആവശ്യപ്പെടരുതെന്നുമാത്രം. ഓരോതവണയും ഓരോ ചേരുവകൾ ചേർക്കുന്നതുകൊണ്ട് കൃത്യമായ റെസിപ്പിയൊന്നുമില്ലെങ്കിലും അപാര രുചിയാണ്.
1980കളിലെ ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളുടെ കൂട്ടായ്മയായ ഏയ്റ്റീസിന്റെ (80'സ്) ഒത്തുചേരലുകളിലും ഏറ്റവും സജീവമായി പങ്കെടുക്കുന്നത് ലാലേട്ടനാണ്. ഓരോ വർഷവും ഓരോ മാജിക്കുമായി അദ്ദേഹമെത്തും. നൃത്തം ചെയ്യാനും സ്കിറ്റുകളൊരുക്കാനുമൊക്കെ മുന്നിലുണ്ടാകും. ഒരു സൂപ്പർസ്റ്റാർ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞങ്ങളോടൊപ്പം ചിരിക്കാനും കലാപരിപാടികളിൽ പങ്കുചേരാനുമൊക്കെ എത്തുന്ന അനുഭവം വളരെ സന്തോഷം നൽകുന്നു. ഇത്തരം കൂട്ടായ്മകളുടെ സുഖം ഏറ്റവുമധികം മനസ്സിലാക്കുന്നതും അതിനെ അതിന്റെ പൂർണതയിലാസ്വദിക്കുന്നതും ലാലേട്ടനാണ്.
Content Highlights: mohanlal at 63, actress Lissy Lakshmi about Mohanlal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..