ഉമാമഹേശ്വരിക്ക് സായിഗ്രാം ഡയറക്ടർ കെ.എൻ.ആനന്ദകുമാർ ഉപഹാരം നൽകുന്നു
തിരുവനന്തപുരം: ചരിത്രപഠനത്തിനും രചനയ്ക്കും ആധികാരിക രേഖകളുടെ ലഭ്യതയും ഗവേഷണവും അനിവാര്യമാണെന്ന് ചരിത്രഗവേഷകയായ എസ്.ഉമാമഹേശ്വരി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായി നടക്കുന്ന മേഖലാതല പ്രഭാഷണ പരമ്പരയുടെ 13-ാമത് പ്രഭാഷണം നടത്തുകയായിരുന്നു ഉമാമഹേശ്വരി. തോന്നയ്ക്കല്‍ സായിഗ്രാമില്‍ 'ചരിത്രരചന വെല്ലുവിളികളും പ്രതീക്ഷകളും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
പണ്ട് നടന്നവയെന്നാണ് ചരിത്രത്തെ ചിലര്‍ വ്യാഖ്യാനിക്കുന്നത്. അതു ശരിയല്ല. കഴിഞ്ഞദിവസം പിടികൂടിയ ധോണി എന്ന ആനയില്‍ വരെ ചരിത്രമുണ്ട്. ഭാഷ, വസ്ത്രധാരണം, ഭക്ഷണം, നിയമസംഹിത, സിനിമ എന്നിവയിലെല്ലാം ചരിത്രമുണ്ട്. സമീപകാല ചരിത്രം പരിശോധിക്കാന്‍ രേഖകള്‍ ലഭിച്ചേക്കും. എന്നാല്‍, പുറകോട്ടു പോകുമ്പോള്‍ രേഖകളുടെ ലഭ്യത പ്രതിസന്ധിയാകും. അക്കാലത്തെ പത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വിവരശേഖരണം നടത്താം.
1846ല്‍ സ്വാതിതിരുനാളിന്റെ മരണം, 1681ല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തീപ്പിടിത്തം, 1729ലെ പുനര്‍നിര്‍മാണം എന്നിവയുടെ രേഖകള്‍ ലഭ്യമാണ്. എന്നാല്‍, ക്ഷേത്രനിര്‍മാണത്തിലെ എന്‍ജിനിയറിങ് വിസ്മയം, കല്ലുകള്‍ എത്തിച്ചത് തുടങ്ങിയവയുടെ അന്വേഷണംതന്നെ ഒരു ചരിത്രമാണ്. കളിപ്പാന്‍കുളത്തില്‍ ഉമയമ്മറാണിയുടെ അഞ്ചു മക്കളെ മുക്കിക്കൊന്നതായ കഥയില്‍ പ്രധാന രേഖകളൊന്നും ലഭ്യമല്ല. സത്യവും ഫിക്ഷനും കൂടിച്ചേര്‍ന്നതാണ് ഈ സംഭവം. ഇത്തരം സംഭവങ്ങളാണ് ചരിത്രരചനയ്ക്ക് വെല്ലുവിളിയായി നില്‍ക്കുന്നത്.
പല വീടുകളിലും താളിയോലകള്‍ ഇന്നുമുണ്ട്. അതിന്റെ ഉള്ളടക്കം എന്തെന്നു വായിക്കാന്‍ ശ്രമിക്കാറില്ല. മുന്‍പ് വീടുകളുടെ പ്രതിദിന വിവരങ്ങള്‍ ഗ്രന്ഥവരിയായി കുറിച്ചിരുന്നു. അക്കാലത്തെ സാമൂഹ്യവ്യവസ്ഥ ഇതിലൂടെ അറിയാനാകും. ഒന്നാം ഘട്ടത്തില്‍ രേഖകളെ അവലംബിക്കുന്ന ചരിത്രകാരന് രണ്ടാമത് സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതില്‍ തെറ്റില്ല.
പുരാരേഖാ വകുപ്പില്‍ ഒന്നരക്കോടിയിലേറെ താളിയോലകളുണ്ട്. 18, 19 നൂറ്റാണ്ടുകളിലെ രേഖകള്‍ വായിച്ചെടുക്കാം. എന്നാല്‍, വട്ടെഴുത്ത്, കോലെഴുത്ത് എന്നിവയിലെ രേഖകള്‍ വായിക്കാന്‍ വിദഗ്ധരുടെ സഹായം വേണ്ടിവരും.
ചിത്തിര തിരുനാള്‍ രാജാവിന്റെ ആവശ്യപ്രകാരം ഉള്ളൂര്‍, ശൂരനാട് കുഞ്ഞന്‍പിള്ള, ടി.കെ.വേലുപ്പിള്ള തുടങ്ങിയവര്‍ കുറച്ചു താളിയോലകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രഗവേഷണം, രചന എന്നിവയ്ക്ക് പൂര്‍ണമായ അര്പ്പണമുണ്ടാകണം. വിദ്യാര്‍ഥികളിലാണ് അതിന്റെ പ്രതീക്ഷ നിലനില്‍ക്കുന്നതെന്നും എസ്.ഉമാമഹേശ്വരി പറഞ്ഞു.
സായിഗ്രാം ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, സീനിയര്‍ വൈസ് ചെയര്മാന് കെ.ഗോപകുമാരന്‍നായര്‍, മാതൃഭൂമി തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്പോട്ട് അഡ്മിഷന് മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം
Content Highlights: s umamaheshwary speaks at mbifl lecture series 2023 at thonnaykkal saigram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..