മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായി നടക്കുന്ന പ്രഭാഷണപരമ്പരയിൽ തിരുവനന്തപുരം എം.ജി.കോളേജിൽ എഴുത്തുകാരനും അധ്യാപകനുമായ സജയ് കെ.വി. പ്രഭാഷണം നടത്തുന്നു.
തിരുവനന്തപുരം : ഇന്നും ജാതി ചോദിക്കുന്നതും പറയുന്നതും ചിന്തിക്കുന്നതുമാണ് മലയാളിയുടെ നവോത്ഥാനം പിന്നിട്ട ദൂരമെന്ന് എഴുത്തുകാരൻ സജയ് കെ.വി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി തിരുവനന്തപുരം എം.ജി. കോളേജിൽ സംഘടിപ്പിച്ച 'ചണ്ഡാലിക സഞ്ചരിച്ച ചരിത്രദൂരങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥാപ്രസംഗത്തിന്റെ ആദ്യരൂപമായ ഹരികഥാകാലക്ഷേപം അവതരിപ്പിക്കാൻ സത്യദേവൻ എന്ന കലാകാരനു വേണ്ടി കുമാരനാശാൻ എഴുതിയതാണ് ചണ്ഡാലഭിക്ഷുകി. ജാതി പ്രബലമായ കാലഘട്ടം എങ്ങനെയാണ് മനുഷ്യരെ ഗ്രസിച്ചിട്ടുള്ളതെന്ന് വരികളിൽ ചിത്രീകരിച്ചു. ഇങ്ങനെ, സ്ഥലചിത്രത്തെ സാമൂഹികചിത്രമാക്കി മാറ്റിയതാണ് ആ വൈഭവം. അവർണർക്ക് കേരളത്തിൽ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ടതിനാൽ ആശാന് പഠിക്കാൻ ബംഗാളിൽ പോവേണ്ടി വന്നു. അത്തരമൊരു സാഹചര്യമാണ് കുമാരനാശാൻ എന്ന കവിയെ സൃഷ്ടിച്ചത്.
ജാതിവിരുദ്ധ മുദ്രാവാക്യം കവിതയായി മാറുന്ന രചന കൂടിയാണ് ചണ്ഡാലഭിക്ഷുകി. അത്, ജാതിയുടെ നിഴലിൽ നിന്നു ഭാവിയുടെ വെളിച്ചത്തിലേക്ക് മലയാളിയെ നയിച്ചു. വിപ്ലവകരവും തീക്ഷ്ണവുമായ വരികളുള്ള ഈ കവിതയിൽ നവോത്ഥാനമെന്ന സാംസ്‌കാരികചലനത്തിന്റെ നാന്ദിയായി മാറുന്ന ശബ്ദം കേൾക്കാം.
ചണ്ഡാലയുവതിയുടെ ആത്മീയവികാസത്തിന്റെ കവിത കൂടിയാണത്. ആശാന്റെ കവിത്വം പൂർണശോഭയിൽ അതിൽ പ്രത്യക്ഷപ്പെടുന്നു. മലയാളിയുടെ മൗലികമായ താളബോധത്തെ കവിത സ്പർശിച്ചുണർത്തുന്നു. ഈ കവിതക്കു സമാനമാണ് ടാഗോറിന്റെ ചണ്ഡാലിക എന്ന നാടകം. രണ്ടു കവികൾക്കുമിടയിൽ പല ഭാവുകത്വവിനിമയവും നടന്നിരുന്നതായി സജയ് കെ.വി. അഭിപ്രായപ്പെട്ടു.
.jpg?$p=e3bab8c&&q=0.8)
മലബാർ കലാപത്തെക്കുറിച്ചുള്ള വരികൾ ആശാന്റെ തെറ്റിദ്ധാരണ
ദുരവസ്ഥയിൽ മലബാർ കലാപത്തെക്കുറിച്ച് 'ക്രൂരമുഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോരയാൽ ചോന്നെഴും ഏറനാട്ടിൽ' എന്നു കുമാരനാശാൻ എഴുതിയത് വസ്തുതാപരമായ ചില ധാരണപ്പിശകുകൾ കടന്നുകൂടിയതു കൊണ്ടാവാമെന്ന് സജയ് കെ.വി. പറഞ്ഞു. ആശയവിനിമയ സംവിധാനം അധികമില്ലാത്ത കാലമായിരുന്നു. മലബാറിലെ സംഭവത്തെക്കുറിച്ച് തിരുവനന്തപുരത്തുള്ള ആശാൻ ഇങ്ങനെ എഴുതിയത് ധാരണപ്പിശകു കൊണ്ടാവാം.
ജാതി ഒരു മായാരോഗം എന്നാണ് ആശാൻ വിശേഷിപ്പിച്ചത്. 21-ാം നൂറ്റാണ്ടിൽ നമുക്കത് മാറാരോഗം എന്നു പറയാം. ഭൂമിശാസ്ത്രപരമായി മാത്രം പരിമിതപ്പെടുന്ന ഒരു മിഥ്യാബോധത്തിന്റെ പേരാണ് ജാതി. ഉത്കൃഷ്ട മനോഭാവത്തിന്റെ അഭാവമാണ് ജാതിചിന്തയെന്ന് വിവേകോദയത്തിലെ ലേഖനത്തിൽ ആശാൻ എഴുതിയിട്ടുണ്ടെന്നും സജയ് ചൂണ്ടിക്കാട്ടി.
എം.ജി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം.വി.ആനന്ദകുമാർ, മലയാള വിഭാഗം മേധാവി പ്രൊഫ. രമാദേവി, കവയിത്രി ആര്യാംബിക എസ്.വി., മാതൃഭൂമി തിരുവനന്തപുരം ന്യൂസ് എഡിറ്റർ പി.അനിൽകുമാർ, യൂണിറ്റ് മാനേജർ അഞ്ജലി രാജൻ എന്നിവരും പങ്കെടുത്തു.
Content Highlights: mbifllectureseries2023, mbifl2023, k v sajay, m g college, trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..