തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ കെ.പി. രാമനുണ്ണി സംസാരിക്കുന്നു.
തളിപ്പറമ്പ്: നമ്മെ പാടെ വിഴുങ്ങുന്ന മഹാദുരന്തങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളിൽനിന്ന് മാത്രമേ മനുഷ്യവർഗത്തിന് അതിജീവനം സാധ്യമാകൂയെന്ന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി. ദുർബലമായ കോവിഡ് വൈറസിന് മുന്നിൽ മനുഷ്യൻ എത്രമാത്രം നിസ്സാരനാണെന്ന് നാം തിരിച്ചറിഞ്ഞു. ഭയത്തിന്റെ തോടുകളിലേക്ക് ഒളിക്കുകയും ഒതുങ്ങുകയും ചെയ്യുന്ന ഈ യാഥാർഥ്യത്തിൽനിന്ന് മാത്രമേ നമ്മൾ എന്താണെന്നും എന്താവണമെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവുകയുള്ളൂ-അദ്ദേഹം പറഞ്ഞു.
'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തുന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായി തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ 'ചരിത്രത്തിന്റെ നിഴലിൽ ഭാവിയുടെ വെളിച്ചത്തിൽ 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു കെ.പി. രാമനുണ്ണി.
കോവിഡ് നമ്മെ പഠിപ്പിച്ച പാഠങ്ങൾ മറക്കരുത്. മറന്നുപോയാൽ അത് മനുഷ്യകുലത്തിന്റെ അന്ത്യഘട്ടമാകും. കോവിഡ് വൈറസ് നമ്മെ അതിജീവനത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ ഞാൻ ആ വൈറസിനെ ദൈവാണു എന്ന് വിളിക്കും-അദ്ദേഹം പറഞ്ഞു. മനുഷ്യവർഗം ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടാലും ഈ ഭൂമി അതിസുന്ദരമായി തുടരുമെന്ന് ആ വൈറസ് നമ്മെ പഠിപ്പിക്കുന്നു. നമ്മൾ ഒരിക്കലും അനിവാര്യരല്ല. മറ്റുള്ളതിനെ എല്ലാം മുച്ചൂടും ചൂഷണം ചെയ്താണ് നമ്മൾ വളരുന്നത്. പക്ഷേ, നമ്മൾ പഠിക്കേണ്ടത് മറ്റുള്ളവർക്ക് ജീവിക്കാനുള്ള ഇടമാണ് ഭൂമി എന്നുതന്നെയാണ്. കോവിഡ് കാരണം ലോകം അടച്ചിട്ടപ്പോൾ മനുഷ്യഗന്ധമില്ലാത്ത സ്ഥലങ്ങളിൽ പക്ഷികളും മൃഗങ്ങളും സന്തോഷത്തോടെയും ധൈര്യത്തോടെയും വന്നു. ഓസോൺ പാളികളിലെ വിള്ളലുകൾ ഇല്ലാതായി. മനുഷ്യൻ ഇതിനെക്കുറിച്ച് ചിന്തിക്കണം. ഇത്തരം മഹാമാരികൾ നേരിടാൻ നമ്മൾ ഒന്നിക്കേണ്ടതിന് പകരം രാഷ്ട്രങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങൾ നമ്മുടെ ജനാധിപത്യ അവകാശങ്ങൾ ക്രൂരമായി കവർന്നെടുക്കുന്നു. മാധ്യമങ്ങൾ ‘വാച്ച് ഡോഗ’ല്ല മറിച്ച് ഭരണകൂടങ്ങളുടെ ‘ലാപ് ഡോഗ്’ ആയി മാറുകയാണ്. അവ ഇത്തരക്കാരുടെ മടിത്തട്ടിലെ അരുമമൃഗങ്ങളായിപ്പോകുന്നു. അതേസമയം എതിർക്കുന്നവരെ ക്രൂരമായി ഇല്ലായ്മ ചെയ്യുന്നു. ഭീകരവിരുദ്ധ നിയമങ്ങൾകൊണ്ട് കൂച്ചുവിലങ്ങിടുന്നു.
ലോകമാകെ ഭരണകൂടങ്ങൾക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുന്നു. ഫാസിസ്റ്റ് വീക്ഷണങ്ങളാണ് ഇവയെ താങ്ങിനിർത്തുന്നത്. എതിർപ്പിന്റെ നേരിയ വഴികൾപോലും പൂട്ടപ്പെടുന്നു-രാമനുണ്ണി പറഞ്ഞു. കോർപ്പറേറ്റ് മൂലധനശക്തികളാണ് പുതിയ വൈറസ്. ഈ വൈറസിനെ നമ്മൾ തിരിച്ചറിയണം. അവ സംസ്കാരവും മതവും ആത്മീയതയും ഭരണകൂടത്തിന്റെ ആയുധമാക്കി മാറ്റുന്നു എന്നതാണ് സത്യം. പല സർക്കാരുകൾക്കും പ്രശ്‌നം പരിഹരിക്കാൻ പറ്റില്ല. കാരണം സർക്കാർതന്നെയാണ് പ്രശ്‌നം, പിന്നെ എങ്ങനെ പരിഹരിക്കും-അദ്ദേഹം ചോദിച്ചു. പ്രബുദ്ധരായ ഒരു ജനതയ്ക്ക് മാത്രമേ ഇത്തരം അസമത്വങ്ങൾ മാറ്റിമറിക്കാൻ പറ്റൂ. അതിജീവനത്തിന് അതാണ് വഴി - രാമനുണ്ണി പറഞ്ഞു.
സർ സയ്യിദ് കോളേജ് പ്രിൻസിപ്പൽ ഒ. ഇസ്മായിൽ, അധ്യാപകരായ വി.എച്ച്. നിഷാദ്, ടി.വി. പുരുഷോത്തമൻ തുടങ്ങിയവരും പങ്കെടുത്തു. കോളേജ് മലയാളം,ജേണലിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രഭാഷണം സംഘടിപ്പിച്ചത്. കണ്ണൂർ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലാണ് കണ്ണൂരിലെ പ്രഭാഷണപരമ്പരയുടെ പ്രായോജകർ.
Content Highlights: mbifl lecture series 2023, mbifl2023, K P Ramanunni, Sir Syed College taliparamba, Kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..