തൊടുപുഴ ന്യൂമാൻകോളേജിൽ എഴുത്തുകാരൻ കെ.ബി. പ്രസന്നകുമാർ പ്രഭാഷണം നടത്തുന്നു.
തൊടുപുഴ: വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ വെല്ലുവിളി നേരിടുന്ന സാഹിത്യമേഖലയാണ് യാത്രാവിവരണമെന്ന് എഴുത്തുകാരനും വിവര്‍ത്തകനുമായ കെ.ബി. പ്രസന്നകുമാര്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ കേളികൊട്ടായുള്ള, 'നൂറ് ദേശം നൂറ് പ്രഭാഷണം' പരമ്പരയുടെ ഭാഗമായി തൊടുപുഴ ന്യൂമാന്‍ കോളേജില്‍ 'യാത്ര അനുഭവതലങ്ങള്‍, ആവിഷ്കാര ഭേദങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവരസാങ്കേതികവിദ്യയുടെ ഈ കാലത്ത് യാത്രാവിവരണങ്ങള്‍ക്ക് ആവിഷ്കാരപരമായ പ്രതിസന്ധികളുണ്ട്. എസ്.കെ. പൊറ്റക്കാടിന്റെ കാലത്തെ എഴുത്തല്ല ഇന്നാവശ്യം. യാത്രയുടെ കാഴ്ചയ്ക്ക് ഉള്ളിലുള്ള കാഴ്ചയുണ്ട്. പുറമേക്ക് കാണാത്ത പാരിസ്ഥിതിക പ്രശ്നങ്ങളും, ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും സൂഷ്മതകളുമുണ്ട്. ഇത് ഗൂഗിളില്‍ കിട്ടില്ല. വിവിധ തലങ്ങളിലേക്ക് ആഴ്ന്നു പോകുന്ന, അടിത്തട്ടിലുള്ള കാര്യങ്ങള്‍ കാണുന്ന ശൈലിയില്‍ പരിവര്‍ത്തനം ചെയ്താലേ യാത്രാവിവരണം നിലനില്‍ക്കൂ.
സാധാരണ കാഴ്ചകള്‍ക്ക് അപ്പുറമുള്ള കാഴ്ചയെ ആവിഷ്കരിക്കാന്‍ എഴുത്തുകാരന് ആ മേഖലയുടെ ജീവന-സാംസ്കാരിക-കലാധാരകള്‍ ഉള്‍ക്കൊള്ളണം. മലയാളത്തില്‍ ഈ പുതിയശൈലി അവലംബിക്കുന്ന നല്ല യാത്രാവിവരണ കൃതികള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഇതൊടൊപ്പം ഒരു ദര്‍ശനമായും ആത്മന്വേഷണമായും യാത്രാവിവരണങ്ങളെ സമീപിക്കുന്ന രീതിയും ഉണ്ട്.
സവിശേഷമായ മലയാള യാത്രാവിവരണ കൃതികള്‍ക്ക് ആധാരമായിട്ടുള്ള ഭൂമികയാണ് ഹിമാലയം. ഹിമാലയത്തിന്റെ പരിണാമങ്ങള്‍, നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ വിവരിക്കുന്ന കൃതികളും ഹിമാലയ ജീവിതത്തിന്റെ ഭംഗി പ്രകീര്‍ത്തിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. ടൂറിസത്തിന്റെയും രാജ്യസുരക്ഷയുടെയും പേരില്‍ ഹിമാലയത്തില്‍ നടത്തുന്ന അശാസ്ത്രീയ ഇടപെടലുകള്‍ അവിടുത്തെ സാഹചര്യങ്ങള്‍ മാറ്റിമറിച്ചു. ജോഷിമഠ് ഉദാഹരണമാണ്. ഹിമവാന്റെ നിലനില്‍പ്പ് ഏഷ്യന്‍ വന്കരയ്ക്കുതന്നെ അനിവാര്യമാണെന്നിരിക്കെ ഇതിനെ പരിസ്ഥിതി പ്രവര്‍ത്തകരുടെ മാത്രം വിഷയമായി ചുരുക്കരുതെന്നും പ്രസന്നകുമാര്‍ പറഞ്ഞു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി.
മാതൃഭൂമി കോട്ടയം ബ്യൂറോ ചീഫ് എസ്.ഡി. സതീശന് നായര്‍ വിഷയാവതരണം നടത്തി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ഡോ.നോയല്‍ റോസ് പ്രസംഗിച്ചു. മാതൃഭൂമി റീജണല്‍ മാനേജര്‍ ടി.സുരേഷ്, കോട്ടയം ന്യൂസ് എഡിറ്റര്‍ പി.കെ. ജയചന്ദ്രന്, സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് എം.ബിലീന, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏറ്റുമാനൂരപ്പന് കോളേജുമായി സഹകരിച്ചായിരുന്നു പരിപാടി.
ന്യൂമാന്‍ കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് പരിപാടിക്ക് നേതൃത്വം നല്കി. പ്രഭാഷണ പരമ്പരയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍, എന്‍.എസ്.എസ്. വോളന്റിയര്‍മാരായ സന ഫാത്തിമ, ബീമ ഷാജി, ബാദുഷ കെ.ദിലീപ് എന്നിവര്‍ വിജയികളായി. ഇവര്‍ക്കുള്ള മാതൃഭൂമിയുടെ സമ്മാനം കെ.ബി. പ്രസന്നകുമാര്‍ വിതരണം ചെയ്തു.
Content Highlights: mbifl lecture series2023, mbifl 2023, K B Prasannakumar, New man college Thodupuzha, Idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..