തരൂർ കെ.പി. കേശവമേനോൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് പ്രഭാഷണം നടത്തുന്നു
ആലത്തൂര്‍: ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്ന ജീവിതവ്യവഹാരങ്ങളാണ് വായനയും രാഷ്ട്രീയവും ജീവിതവുമെന്ന് മന്ത്രി എം.ബി. രാജേഷ്. വായന വ്യക്തിയെ നവീകരിക്കുകയും സമൂഹത്തെ പുനര്‍നിര്‍മിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തരൂര്‍ കെ.പി. കേശവമേനോന് ഓഡിറ്റോറിയത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മുന്നോടിയായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'വായന, രാഷ്ട്രീയം, ജീവിതം' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
പുസ്തകങ്ങളോടും അതിലെ ആശയങ്ങളോടുമുള്ള വിമര്‍ശനാത്മകമായ സംവാദമാണ് വായന. അനുഭൂതിമണ്ഡലത്തെ വിപുലീകരിക്കുന്നതാണ് സര്ഗാത്മകവായന. വിമര്‍ശനാത്മകവായന സ്വതന്ത്രചിന്തയെ വളര്‍ത്തും. സ്വതന്ത്രചിന്ത യുക്തിയെ വിപുലീകരിച്ച് ആശയങ്ങളുടെ മഹാപ്രപഞ്ചത്തിലേക്ക് എത്തിക്കും. അത് പ്രത്യക്ഷമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ വായന ശരിയായ രാഷ്ട്രീയപ്രവര്‍ത്തനവുമാണ്.
ഒറ്റക്കിരുന്നാണ് വായിക്കുന്നതെങ്കിലും ഒരു പുസ്തകവും വായനക്കാരനെ ഒറ്റപ്പെടുത്തുന്നില്ല. കാലത്തോട്, ചുറ്റുപാടുകളോട്, ചരിത്രത്തോട്, ലോകത്തൊടൊക്കെ വായനയിലൂടെ നിരന്തരം സംവദിക്കുകയാണ്. രാഷ്ട്രീയമെന്ന വാക്കിന് വളരെ വിപുലമായ അര്‍ഥതലമുണ്ട്. രാഷ്ട്രീയവും ജീവിതവും രണ്ടല്ല. രാഷ്ട്രീയത്തില്‍ നാം ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയം നമ്മുടെ ജീവിതത്തില്‍ ഇടപെടും. അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള പല മാര്ഗങ്ങളിലൊന്നുമാത്രമാണ് കക്ഷിരാഷ്ട്രീയം-അദ്ദേഹം വ്യക്തമാക്കി. തരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി, മാതൃഭൂമി പ്രത്യേക ലേഖകന്‍ വി. ഹരിഗോവിന്ദന്, കെ.പി. കേശവമേനോന് സ്മാരക ട്രസ്റ്റ് ചെയര്മാന് ടി.കെ. ദാമോദരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് മന്ത്രിയെ പൊന്നാടയണിയിച്ചു.
തരൂര്‍ കെ.പി. കേശവമേനോന് സ്മാരക ട്രസ്റ്റ്, തരൂര്‍ കോമ്പുക്കുട്ടിമേനോന്‍ സ്മാരക ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ ആയിരുന്നു പ്രായോജകര്‍.
Content Highlights: mbifl lecture series mbifl 2023 minster m b rajesh speech on reading politics and life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..