പ്രഭാഷണത്തിനെത്തിയ കഥകളിയാചാര്യൻ കലാമണ്ഡലം ഗോപിയെ കാവിൽപ്പാട് ശങ്കരോടത്ത് കോവിലകത്തെ മാനവേന്ദ്രവർമ യോഗാതിരിപ്പാട് ആദരിക്കുന്നു. കല്ലേക്കുളങ്ങര കഥകളിഗ്രാമം ആചാര്യൻ കലാമണ്ഡലം വെങ്കിട്ടരാമൻ സമീപം.
പാലക്കാട്: ജീവിതത്തിലെ വിഷമസന്ധികളെ തരണം ചെയ്യാൻ കലയും ഗുരുനാഥന്മാരുടെ അനുഗ്രഹവുമാണ് കരുത്ത് പകർന്നതെന്ന് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റ ഭാഗമായി കല്ലേക്കുളങ്ങര ഏമൂർ ഭഗവതിക്ഷേത്രം സപ്താഹമണ്ഡപത്തിൽ നടന്ന പ്രഭാഷണത്തിലാണ് അദ്ദേഹം കലാമണ്ഡലസ്മരണകൾ പുതിയ തലമുറയുമായി പങ്കുവെച്ചത്.
പവിത്രമായ ഗുരുശിഷ്യബന്ധം തന്നെയാണ് കലയിൽ പ്രധാനം. ശരീരംകൊണ്ട് രണ്ടെങ്കിലും മനസ്സുകൊണ്ട് ഗുരുവും ശിഷ്യനും ഒന്നാവണം. നളചരിതം, വേദികളിൽ അവതരിപ്പിക്കുമ്പോൾ മനുഷ്യന്റെ ജീവചരിത്രമാണ് കാണാനാവുക. നളൻ നരനാണ്. നളചരിതം നരചരിതവുമാണ്. നളന്മാരോട് കൂടുതൽ പ്രതിപത്തി തോന്നാനും കൂടുതലായി വേദിയിൽ അവതരിപ്പിച്ചു വിജയിപ്പിക്കാനും കഴിഞ്ഞത് ഈ ധാരണമൂലമാണ്. നളചരിതത്തിലെ രണ്ടാംദിവസമാണ് കൂടുതൽ മനസ്സിനിണങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ പെൺകുട്ടികൾ കളിയരങ്ങിലേക്കെത്തുന്നത് പ്രോത്സാഹിപ്പിക്കപ്പെടണമെന്ന ധാരണയുള്ളതിനാലാണ് താൻ കലാമണ്ഡലത്തിൽ ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വേദിയിൽ അദ്ദേഹം നവരസങ്ങൾ അവതരിപ്പിച്ചത് സദസ്സ് ആദരവോടെ സ്വീകരിച്ചു.
തുടർന്ന് കേളിമുതൽ ധനാശിവരെ കഥകളിയിലെ വിവിധ ചടങ്ങുകളും അഭിനയപദ്ധതിയും വിശദമാക്കിയ സോദാഹരണപ്രഭാഷണം നടന്നു. കല്ലേക്കുളങ്ങര കഥകളിഗ്രാമം ആചാര്യൻ കലാമണ്ഡലം വെങ്കിട്ടരാമൻ, കഥകളിസംഘാടകനും നിരൂപകനുമായ കെ. ശശി പുത്തൂർ എന്നിവർ നേതൃത്വം നൽകി.

സദനം ജ്യോതിഷ് ബാബു, സദനം സായ്കുമാർ (പാട്ട്), കലാമണ്ഡലം നിധിൻ കൃഷ്ണ (ചെണ്ട), കലാമണ്ഡലം സുധീഷ് പാലൂർ (മദ്ദളം) എന്നിവരായിരുന്നു പിന്നണിയിൽ. ഒലവക്കോട് കാവിൽപ്പാട് ശങ്കരോടത്ത് കോവിലകത്തെ മാനവേന്ദ്രവർമ യോഗാതിരിപ്പാട് കലാമണ്ഡലം ഗോപിയെ പൊന്നാടയണിയിച്ചു.
കേരള സംഗീതനാടക അക്കാദമി അംഗം അപ്പുക്കുട്ടൻ സ്വരലയം, മാതൃഭൂമി പ്രത്യേകലേഖകൻ വി. ഹരിഗോവിന്ദൻ, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ്, കെ. ശശി പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.
കല്ലേക്കുളങ്ങര കഥകളിഗ്രാമത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. എസ്.എം. വർമ ഗ്രൂപ്പായിരുന്നു പ്രായോജകർ.
Content Highlights: mbifl lecture series2023, mbifl 2023, Kathakali artist Kalamandalam Gopi, Palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..