ആനന്ദ് നീലകണ്ഠൻ
മാനന്തവാടി: ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതെ ആഗ്രഹങ്ങളുമായി മുന്നേറിയവരാണ് ലോകം സൃഷ്ടിച്ചതെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആനന്ദ് നീലകണ്ഠന്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി മാനന്തവാടി ഗവ. കോളേജില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അധികം ആഗ്രഹിക്കരുത്, ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം' എന്ന ഉപദേശം ഒരിക്കലും നല്കാന് പാടില്ലാത്തതാണ്. ചെറിയ ആഗ്രഹങ്ങളുമായി ജീവിക്കുന്നവര്‍ അതുമായി ഒതുങ്ങിപ്പോവുകയാണ്. ലോകം മാറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ നമ്മളും മാറണം. നല്ലജീവിതം ഉണ്ടാവണം, സൗകര്യങ്ങള്‍ ഉണ്ടാവണം, ജീവിതനിലവാരം ഉയരണം. ഇതിന് സാമ്പത്തിക അടിത്തറ ഉണ്ടാവണം.
സമ്പത്തിനെ ബഹുമാനത്തോടെ കണ്ടുതുടങ്ങുമ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും. ജീവിക്കാനുള്ള സമ്പത്തുണ്ടാക്കുക എന്നത് അനിവാര്യമാണ്. സമ്പത്ത് ഉത്പാദിപ്പിക്കുന്നവരെ വര്ഗശത്രുവായാണ് മുമ്പ് കണ്ടിരുന്നത്. ആ സമീപനം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. സമ്പത്തുണ്ടെങ്കിലേ ചാരിറ്റിപ്രവര്ത്തനംപോലും നടക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കഥയാണ് ലോകത്തിനെ മുന്നോട്ടു നയിക്കുന്നതെന്നും ഒരുകഥ എഴുതുമ്പോള്‍ അത് ഏറ്റവും ശക്തമായ മാധ്യമത്തില്‍ എഴുതണമെന്നും ആനന്ദ് നീലകണ്ഠന് കൂട്ടിച്ചേര്‍ത്തു.
നമ്മുടെ എഴുത്ത് എത്ര ആളുകളില്‍ എത്തുന്നു, എത്രകാലം നിലനില്ക്കുന്നു എന്നതിലാണ് കാര്യം. കഥയെന്നത് ഭാഷയ്ക്ക് അതീതമാണ്. ഭാഷ ഒരു ഉപകരണംമാത്രമാണ്. ഇപ്പോള്‍ തിരക്കഥയാണ് കഥപറയാനുള്ള ശക്തമായ മാധ്യമമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യമേഖലയില്ത്തന്നെ പ്രവര്‍ത്തിച്ച് ഉപജീവനമാര്‍ഗം കണ്ടെത്താന്‍ എല്ലാവര്ക്കും കഴിയണമെന്നില്ല. മറ്റൊരു ഉപജീവനമാര്‍ഗം കണ്ടെത്തി സാഹിത്യത്തെയും ചേര്‍ത്തുപിടിച്ച് പോകാന്‍ കഴിയണം. എല്ലാ തൊഴിലിനും അന്തസ്സുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.jpg?$p=fc20cf2&&q=0.8)
കലാലയജീവിതത്തിനുശേഷമാണ് നമ്മള് ജീവിതം പഠിച്ചുതുടങ്ങുക. പഠനമെന്നത് ക്ലാസ് മുറിയില്‍മാത്രം ഒതുങ്ങിപ്പോകരുതെന്നും നമ്മള് ചുരുങ്ങുകയല്ല വലുതാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളോടും അധ്യാപകരോടും അദ്ദേഹം സംവദിച്ചു.
മാനന്തവാടി ഗവ. കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുള്‍സലാം അധ്യക്ഷനായി. പരിസ്ഥിതി കര്‍ഷക അവാര്‍ഡ് ജേതാവും സാഹിത്യകാരനുമായ ഏച്ചോം ഗോപി, ആനന്ദ് നീലകണ്ഠന് ഉപഹാരം നല്കി.
ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫ. സി.എസ്. അരുണ്‍കുമാര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി എന്‍.സി. ശ്രേയ എന്നിവര്‍ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഡെന്നി ജോസഫ്, അസി. പ്രൊഫസര്‍മാരായ ഡോ. ആര്. സായിറാം, ഡോ. പി.സി. സീന, ഡോ. കെ. രമേശന്, എന്‍. നിഷ, സുമാ ബാലകൃഷ്ണന്, ആര്. രാകേഷ്, എസ്. ശരത്, എം.വി. നീന, വിദ്യ എസ്. ചന്ദ്രന്, സിജോ മാത്യു, പൊതുപ്രവര്ത്തകന് സൂപ്പി പള്ളിയാല്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍ എം. ഗംഗാധരന്, ശോഭ തൃശ്ശിലേരി പങ്കെടുത്തു.
Content Highlights: mbifl lecture series, mbifl 2023, Anand Neelakantan, Govt. college Mananthavadi, Wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..