ശ്രീകുമാരൻ തമ്പി പ്രഭാഷണം നടത്തുന്നു.
തിരുവനന്തപുരം: സംഗീതത്തിലിന്ന് ട്രാക്കുകളുടെ സങ്കലനമാണ് നടക്കുന്നതെന്ന് കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി നടക്കുന്ന മേഖലാതല പ്രഭാഷണ പരമ്പരയുടെ 12-ാമത്തെ പ്രഭാഷണം കേരള സര്‍വകലാശാലയുടെ പാളയം കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയും സംഗീതവും ഇന്നലെയും ഇന്നും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
'ഇന്ന് സംഗീതം സാങ്കേതികമായി. അതില്‍ ഭാവം കുറയുന്നു. പണ്ട് സംഗീതത്തില്‍ ജൈവികമായമായ ഒരു സങ്കലനം നടന്നിരുന്നു. ഇന്ന് കവിയും സംഗീതജ്ഞനും തമ്മില്‍ പലപ്പോഴും കാണുന്നുപോലുമില്ല. കവിതയുടെയും സംഗീതത്തിന്റെയുമല്ല, ട്രാക്കുകളുടെ സങ്കലനമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇന്ന് സംഗീജ്ഞന്റെ കണ്മുന്നില് വരുന്നത് സംഗീതമല്ല, കീ ബോര്‍ഡ് ആണ്. അതിനാണിന്ന് പ്രാധാന്യം. സംഗീതത്തിനനുസരിച്ച് വരികളെഴുതുന്ന രീതിയിലേക്ക് ഇപ്പോള്‍ മാറി. അതിന് ദോഷങ്ങളുണ്ടെങ്കിലും ഗുണങ്ങളുണ്ട്.
നല്ല കവിക്ക് ഏത് സംഗീതത്തിനനുസരിച്ചും എഴുതാന്‍ കഴിയും. എങ്കിലും പാട്ടുകള്‍ ആദ്യം കവിതയായി വന്ന് പിന്നീട് അതിന് സംഗീതം പകരുകയായിരുന്നു ചെയ്തിരുന്നതെന്ന് പാട്ടുകള്‍ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ന് ആറുമാസംകൊണ്ട് സംഗീതജ്ഞനാകാന്‍ സാധിക്കും. എന്നാല്‍ പണ്ട് അതിന് എത്രയോ കാലത്തെ പരിശീലനം ആവശ്യമായിരുന്നു.
സംഗീതജ്ഞനാണോ എഴുത്തുകാരനാണോ വലുത് എന്ന ചര്‍ച്ചകള്‍ ഇപ്പോഴുമുണ്ട്. പണ്ട് ദേവരാജന്‍-വയലാര്‍ എന്നല്ല, വയലാര്‍-ദേവരാജന്‍ എന്നാണ് പറഞ്ഞിരുന്നത്. അതുപോലെ ദക്ഷിണാമൂര്‍ത്തി-ശ്രീകുമാരന്‍ തമ്പി എന്ന് പറഞ്ഞിട്ടില്ല. പകരം എത്രയോ ആദരണീയനായ അദ്ദേഹത്തിന്റെ പേരിന് മുമ്പ് പ്രായംകുറഞ്ഞ എന്നെ ആയിരുന്നു പറഞ്ഞിരുന്നത്. അത് അക്കാലത്ത് കവിതയോടും കവികളോടുമുണ്ടായിരുന്ന ആദരവിനെയാണ് സൂചിപ്പിക്കുന്നത്- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
Content Highlights: mbifl lecture series 2023, mbifl2023, Sreekumaran Thampi,Institute of English, Trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..