മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തോടനുബന്ധിച്ച് കേരള സർവകലാശാലയുടെ പാളയം കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ‘സിനിമയും സംഗീതവും ഇന്നലെയും ഇന്നും’ എന്ന വിഷയത്തിൽ കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി പ്രഭാഷണം നടത്തുന്നു.
തിരുവനന്തപുരം: മഹാകവികളായി വാഴ്ത്തപ്പെടുന്ന പലരുടെയും രചനകളിലുള്ളതിനേക്കാള്‍ മികച്ച ബിംബങ്ങളും ഭാവനകളും ചലച്ചിത്രഗാനങ്ങളില്‍ ഉണ്ടെന്ന് ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. എല്ലാ കവികള്‍ക്കും ഗാനരചയിതാവാകാന്‍ സാധ്യമല്ല. ജി.ശങ്കരക്കുറുപ്പും പാലാ നാരായണന് നായരുമൊക്കെ സിനിമയില്‍ പാട്ട് എഴുതിയിരുന്നു. എന്നാല്‍ ഗാനരചനയില്‍ ഇവര്‍ക്ക് വിജയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി നടക്കുന്ന മേഖലാതല പ്രഭാഷണ പരമ്പരയുടെ ഭാഗമായി കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷില്‍ 'സിനിമയും സംഗീതവും ഇന്നലെയും ഇന്നും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീകുമാരന്‍ തമ്പി.
ചലച്ചിത്ര ഗാനങ്ങളെഴുതുന്നവരെ താഴ്ത്തിക്കാണിക്കുന്ന സമീപനം ബുദ്ധിജീവികള്‍ക്കുണ്ട്. എന്നാല്‍ 12, 16 വരികളില്‍ ജീവിതം ഒതുക്കിവരയ്ക്കാന് കഴിയുന്നവരാണ് ചലച്ചിത്ര ഗാനരചയിതാക്കള്‍. മലയാളഭാഷയും സാഹിത്യവും തന്നെ പാട്ടില്‍ നിന്നാണ് തുടങ്ങിയത്. പുതിയ തലമുറ ചലച്ചിത്രഗാനത്തിന്റെ മൂല്യം തിരിച്ചറിയുന്നുണ്ട്. പലരും തന്റെ ഗാനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടക്കക്കാലത്ത്, മലയാള സിനിമയില്‍ സംഗീത സംവിധായകന് വേണമെന്നു പോലും ആര്‍ക്കും അറിയില്ലായിരുന്നു. ആദ്യകാലത്ത് അഭിനയിക്കുന്നതിനൊപ്പമാണ് പാട്ടുകളും റെക്കോഡ് ചെയ്തിരുന്നത്. പിന്നീടത് പല ട്രാക്കുകളില്‍ റെക്കോഡ് ചെയ്യുന്ന സംവിധാനമായി. സാങ്കേതികവിദ്യ വളര്‍ന്ന ഇക്കാലത്ത് ഗാനരചയിതാവും സംഗീത സംവിധായകനും ഗായകനുമൊന്നും പരസ്പരം കാണാതെ തന്നെ പാട്ടൊരുക്കുകയാണ്.
മലയാള ചലച്ചിത്ര ഗാനരചനയുടെ ഘടന മാറ്റിമറിച്ച പി. ഭാസ്കരന് പാട്ടിലൂടെ ചിത്രങ്ങള്‍ വരച്ച കവിയായിരുന്നു. തന്നെ ആദ്യം സ്വാധീനിച്ചത് പി. ഭാസ്കരന്റെ പാട്ടുകളായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സിനിമയ്ക്ക് വേണ്ടി ഗാനങ്ങളെഴുതാന്‍ ജനിച്ചയാളാണ് വയലാര്‍. മൗലികം എന്നു പറയാന്‍ പറ്റുന്ന പാട്ടുകള്‍ ആദ്യ സിനിമയില്‍ തന്നെ കൊണ്ടുവരാന്‍ വയലാറിനായി.

ചങ്ങമ്പുഴയുടെ ഭാവഗാന ശൈലിയില്‍ ലാളിത്യത്തോടെയാണ് പി.ഭാസ്കരനും വയലാറും ഒ.എന്‍.വി.യും ആദ്യകാലത്ത് ഗാനങ്ങളെഴുതിയിരുന്നത്. എന്നാല്‍ പിന്നീട് അതില്‍നിന്ന് മോചിതരാവാന്‍ അവര്‍ക്ക് കഴിഞ്ഞു. പി.ഭാസ്കരന്, വയലാര്‍, ഒ.എന്‍.വി. എന്നിവരേക്കാളും പ്രായത്തില്‍ ഇളയ ആളായിരുന്നു താന്‍. എന്നാല്‍ ചലച്ചിത്ര ഗാനരചനാ രംഗത്ത് അവരോട് മത്സരിച്ചു. ആ മത്സരത്തില്‍ തോറ്റിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.
മലയാളഭാഷയും സിനിമയും കവിക്കും കവിതയ്ക്കുമാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഈണം നല്കി പാട്ടെഴുതുന്നത് മോശമല്ല. എന്നാല്‍ മഹത്തായ ഗാനങ്ങള്‍ ഈണം നല്കി എഴുതപ്പെട്ടതല്ല.
കവിതയില്‍ ലക്ഷ്യമിടുന്ന ഭാവതലം സംഗീതത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നയാളാണ് സംഗീത സംവിധായകന്. പക്ഷേ അവര്‍ കവിതയോടും കവിയോടും നീതി പുലര്‍ത്തണം. ഓരോ കാലഘട്ടത്തിന്റെയും മുദ്രകളാണ് സിനിമാപ്പാട്ടുകളെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് മേധാവി ഡോ.ബി. ഹരിഹരന്, അധ്യാപിക മീനാ ടി.പിള്ള, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീകുമാരന്‍ തമ്പിക്ക് മാതൃഭൂമിയുടെ ഉപഹാരം ഡോ. ബി. ഹരിഹരന് സമ്മാനിച്ചു.
Content Highlights: mbifl lecture series 2023, mbifl2023, Sreekumaran Thampi, Trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..