കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം പ്രഭാഷണം നടത്തുന്നു.
കാഞ്ഞങ്ങാട് : മഴുവെറിഞ്ഞല്ല, മറിച്ച് മൂർച്ചയുള്ള വാക്കുകൾ എറിഞ്ഞാണ് കേരളമുണ്ടായതെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. ശ്രീനാരയണഗുരുവും കുമാരനാശാനും അയ്യങ്കാളിയും തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെയും കവികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയിൽ രൂപം കൊണ്ട സംസ്കൃതിയാണ് കേരളത്തിന്റേത്. കേരളത്തിന്റെ ഓരോ വളർച്ചയിലും എഴുത്തിന്റെയും വാക്കിന്റെയും പ്രതിരോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ ‘ചരിത്രത്തിന്റെ നിഴലിൽ ഭാവിയുടെ വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ മനുഷ്യത്വം നിറഞ്ഞ കാലത്തെയും ലോകത്തെയും സ്വപ്നം കാണുന്നതുപോലും ഭരണകൂടത്തിന് ഇഷ്ടമല്ല. ജനാധിപത്യം എന്ന വാക്കിന്റെ പ്രസക്തിപോലും നഷ്ടപ്പെടുന്നു. ജനങ്ങൾക്ക് പ്രിയമായതിനെ ഭരണകൂടം ചേർത്തുപിടിക്കുമ്പോഴാണ് ജനാധിപത്യമുണ്ടാകുന്നത്. മുകളിൽനിന്ന് താഴോട്ട് എന്ന രീതിയിൽ ഭരണകൂടം ജനങ്ങളെ അടിച്ചമർത്തുകയാണിപ്പോൾ. സ്വപ്നം കാണാത്ത ജനതയ്ക്ക് ജീവിതത്തിൽ പ്രതീക്ഷയുണ്ടാകില്ല. ജനങ്ങളെ സ്വപ്നം കാണാൻ പ്രാപ്തമാക്കുന്നതാണ് സാഹിത്യത്തിന്റെ ധർമം. സ്വപ്നവും അതുവഴി പ്രതീക്ഷയുമുണ്ടാകുമ്പോൾ നല്ല സമൂഹമുണ്ടാകുന്നുവെന്നും നാടിന് വികസനവും വളർച്ചയുമുണ്ടാകുന്നുവെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി, കോളേജ് യൂണിയൻ ചെയർമാൻ കെ.വി. വിനയ് എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള കാസർകോട് ജില്ലയിലെ ആദ്യ പ്രഭാഷണം കൂടിയാണിത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രഭാഷണങ്ങൾ നടക്കും. ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് പ്രഭാഷണത്തിന്റെ പ്രായോജകർ.
ഫെബ്രുവരിയിൽ തിരുവനന്തപുരം കനകക്കുന്നിലാണ് അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുന്നത്.
Content Highlights: mbifl lecture series 2023, mbifl2023, santhosh echikkanam, nehru college, kanjankadu, kasargod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..