പ്രൊഫ. വി. മധുസൂദനൻ നായർ ഷാർജയിൽ പ്രഭാഷണം നടത്തുന്നു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി. ശശീന്ദ്രൻ, മാതൃഭൂമി ജനറൽ മാനേജർ പി.എസ്. ശ്രീകുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജോയന്റ് സെക്രട്ടറി മനോജ് വർഗീസ്, ജോയന്റ് ഖജാൻജി ബാബു വർഗീസ് എന്നിവർ വേദിയിൽ.
മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ച് ഷാർജയിൽ പ്രൊഫ. വി. മധുസൂദനൻ നായർ നടത്തിയ പ്രഭാഷണത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ;
ഭൂമിയെ ഏറ്റവുംകൂടുതൽ സുന്ദരമാക്കുന്നതും ഭൂജീവിതത്തെ സ്വർഗമാക്കുന്നതും നരകമാക്കുന്നതും മനുഷ്യന്റെ കാഴ്ചയാണ്. മറ്റെല്ലാവർക്കും ഭൂമി സുന്ദരമാണ്. മനുഷ്യന്റെ കർമമാണ് ഈ ഭൂമിയെ ജീവിതാന്ത്യമോ അല്ലാത്തതോ ആക്കുന്നത്. അതുകൊണ്ട് ആദ്യം ശരിയാവേണ്ടുന്നത് മനുഷ്യമനസ്സിലെ ഇരുട്ടിനെ മായ്ക്കുക എന്നതാണ്. ആത്മശുദ്ധിയുള്ള കർമങ്ങളിലേക്ക് തിരിയുമാറാകണം. ഞാൻ ശരിയാണെന്ന് മാത്രമേ എനിക്കുതോന്നൂ. പക്ഷേ, എന്റെയുള്ളിൽ ഞാൻ എന്നേക്കാൾ മുന്നിൽ പ്രതിഷ്ഠിക്കേണ്ടത് നമ്മൾ പുറത്താക്കിക്കഴിഞ്ഞ സമൂഹപുരുഷനെയാണ്. ആ സമൂഹപുരുഷൻ എന്നതിൽ പൂർവതലമുറകൾതൊട്ട് വരാൻപോകുന്ന തലമുറകൾവരെ എല്ലാം ഉൾപ്പെടും.
എല്ലാ ചരാചരങ്ങളും പ്രപഞ്ചവസ്തുക്കളും വരുംകാലങ്ങളെല്ലാം വരും. ഇവയൊക്കെ ഉള്ളിലേക്കുവരുന്ന വലിയ വിശ്വമനസ്സ് നമ്മിലുണ്ടായിക്കഴിഞ്ഞാൽ പ്രപഞ്ചത്തോടു തോന്നുന്ന സ്നേഹമുണ്ട്, അവിടെ ആ സ്നേഹത്തിലാണ് നമ്മൾ ഏറ്റവുംകൂടുതൽ ആശ്രയം കാണേണ്ടത്. അങ്ങിനെയെങ്കിൽ നമ്മുടെയുള്ളിലെ വെളിച്ചംകൊണ്ട് മറ്റൊരാളിനെ അല്ലെങ്കിൽ മറ്റൊരു ലോകത്തിനെ പ്രകാശപൂരിതമാക്കാൻ കഴിയും. ആ ഒരു ആത്മശുദ്ധീകരണകർമമാണ് പ്രപഞ്ചത്തിന് ഏറ്റവുംകൂടുതൽ വേണ്ടുന്നത്.
പ്രപഞ്ചത്തിൽ എല്ലാം സുന്ദരമാണ് എന്നാണല്ലോ ബൈബിൾ പറയുന്നത്. എല്ലാം സൃഷ്ടിച്ചശേഷം ദൈവം ഒന്നും മോശമായി കണ്ടിരുന്നില്ല. പ്രപഞ്ചസൃഷ്ടിയിലൊന്നുംതന്നെ മോശമല്ല. ആപേക്ഷികമായി ചിലത് മോശമായിവരാം. അതുകൊണ്ട് ഒരുകാലവും ഒരുദേശവും ഒരവസ്ഥയും ഒരിക്കലും പാടേ ദോഷകരമാണെന്ന് ചിന്തിക്കാമോ. ഒരുജനതയും ഒരിക്കലും മോശപ്പെട്ടതല്ല. കാലത്തിനനുസരിച്ച് ചില പ്രത്യേക സന്ദർഭത്തിനനുസരിച്ച് ചിലത് ദോഷമോ ചിലത് ഗുണമോ ആയിമാറുന്നു, ഋതുക്കളെപ്പോലെ. ചിലർക്ക് സ്വത്വബോധംതന്നെ ഇല്ലാതാകുന്നു. ചിലതിനെ പൂർണമായും നശിപ്പിക്കുന്നു. ആ ഒരുഘട്ടത്തിലാണ്, ഭാരതത്തിന്റെ അത്തരം ഒരു സന്ധിയിലാണ് മാതൃഭൂമി എന്ന പത്രം കോഴിക്കോട്ട് ചില ചെറുപ്പക്കാരുടെ ശക്തിയോടെ പുറത്തുവരുന്നത്. കെ.പി. കേശവമേനോന്റെ ‘കഴിഞ്ഞകാലം’ എന്ന ജീവിതകഥ വായിച്ചപ്പോഴാണ് ആദ്യമായിട്ട് ഞാനത് മനസ്സിലാക്കുന്നത്.
മാതൃഭൂമിയിൽ തുടങ്ങിയ അക്ഷരകൗതുകം
ഞാൻ തിരുവനന്തപുരത്തിന്റെ തെക്ക് അരത്തമിഴും അരമലയാളവുമായി കഴിയുന്ന ഒരു നാട്ടിൻപുറത്ത് വളർന്നവനാണ്. അന്ന് പള്ളിക്കൂടങ്ങളിൽ എല്ലാവാർത്തയും എത്തിയിരുന്നില്ല. അന്നത്തെ സാമൂഹികമണ്ഡലങ്ങളിൽ അതായത് ഉത്സവപ്പറമ്പുകളിലും കവലകളിലുമൊന്നും എല്ലാ രാഷ്ട്രസ്ഥിതികളും ചർച്ചചെയ്യപ്പെട്ടിരുന്നില്ല. നാട്ടുവർത്തമാനങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, അക്കാലത്ത് നാട്ടിൽ കൂടിയിരുന്ന് എന്തെങ്കിലുംപറയാൻ കുറച്ചുപേർ എപ്പോഴും ഉണ്ടായിരുന്നു എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.
രണ്ടുദിവസത്തിലോ മൂന്നുദിവസത്തിലോ ഒരിക്കൽകിട്ടുന്ന മാതൃഭൂമി പത്രങ്ങളിലാണ് ഞങ്ങളുടെ അക്ഷരകൗതുകം ഓടിനടന്നിരുന്നത്. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഒരു പത്രക്കാരൻ വഴിച്ചുമടുമായിവന്ന് ഒരുപുസ്തകം, ഒരു പത്രം എന്റെ നാട്ടിൻപുറത്തേക്ക് തന്നിട്ടുപോകും. അങ്ങിനെ കിട്ടുന്ന പത്രങ്ങൾ പല കൈകൾ മാറിമാറിയാണ് വായിക്കുന്നത്. അതിനിടയ്ക്കാണ് ചില നല്ല വാക്കുകൾ- ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ ഇത് അടുത്തറിയാൻ ശ്രമിക്കുന്നത്. അതാണ്, എന്താണ് സ്വാതന്ത്ര്യമെന്നും എന്താണ് സമത്വമെന്നും എന്താണ് സത്യമെന്നും ചിന്തിക്കാനൊരു പ്രേരണ ഉണ്ടാക്കിയത്. അതുകൊണ്ട് മാതൃഭൂമിയെ കേരളത്തിന്റെ തെക്കെഅറ്റത്തുള്ള ഒരു ചെറിയകുരുന്നായ എനിക്കും മറക്കാൻ കഴിയുമായിരുന്നില്ല.
ഏറെക്കാലത്തിനുശേഷം ചരിത്രം അല്പസ്വല്പം അടുത്തറിഞ്ഞപ്പോഴാണ് മാതൃഭൂമി കേരളീയജീവിതത്തിന്റെ, ഭാരതീയ ജീവിതത്തിന്റെ, ലോകജീവിതത്തിന്റെ ധാർമികമായ എല്ലാ മണ്ഡലങ്ങളിലും ഏറെസമയം വ്യാപരിച്ചിരുന്നു എന്ന വസ്തുത അല്പസ്വല്പം മനസ്സിലാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും, ധൈഷണികജീവിതത്തിൽ, കലാജീവിതത്തിൽ പ്രകൃതിജീവിതത്തിൽ, സാധാരണക്കാരന്റെയും അതിന് താഴെയുള്ളവന്റെയും ജീവിതത്തിൽ, എല്ലായിടത്തും സ്നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി പോകാൻ അന്നും അതിനുശേഷവും മാതൃഭൂമി സന്നദ്ധമായിരുന്നു എന്നെനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
മാതൃഭൂമിയിൽ ഞാൻ സ്ഥിരംഎഴുത്തുകാരനായിട്ടില്ല. ഒരിടത്തും എഴുതിക്കൊണ്ടുപോയി കൊടുക്കുകയോ ഒന്ന് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയോ മറ്റെവിടെയെങ്കിലും ഏൽപ്പിക്കുകയോ പ്രസിദ്ധീകരിച്ച് കാണണം എന്ന് ആശിക്കുകയോ ചെയ്യാത്ത ഒരു പ്രത്യേക ജീവിയായിരുന്നു ഞാൻ. ഇന്നും ഏതാണ്ട് അങ്ങിനെത്തന്നെയാണ്. ആവശ്യപ്പെടുമ്പോൾ എന്റെ കൈയിലുണ്ടെങ്കിൽ യോഗ്യമാണെന്ന് തോന്നിയാൽ നൽകും എന്നേയുള്ളൂ. പക്ഷേ, മാതൃഭൂമിയിൽ വന്നിരുന്ന സാഹിത്യകൃതികൾ ശ്രദ്ധാപൂർവം വായിക്കാൻ എനിക്ക് യോഗംകിട്ടി എന്നതൊരു ഭാഗ്യമാണ്. അക്ഷരമാണ് ഒരു സമൂഹത്തിന്റെ ഏറ്റവുംവലിയ നായകനെന്ന് ഞങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞുതന്നത് മാതൃഭൂമിയാണ്.
അന്ന് മാതൃഭൂമിയെ നയിച്ചിരുന്നത് കെ.പി. കേശവമേനോനും വി.എം. നായരും കേളപ്പജിയും കുറൂരും പോലുള്ളവരാണ് മാതൃഭൂമിയുടെ അക്ഷരപ്പിശകുകൾ നോക്കിയിരുന്നത് കുട്ടികൃഷ്ണമാരാരുമാണ്. വിസ്മയംതോന്നും മലയാളത്തിലെ ഏറ്റവും വലിയ വാചസ്പതികളിലൊരാളായ കുട്ടികൃഷ്ണമാരാർ മാതൃഭൂമിയുടെ പ്രൂഫ് റീഡറായിരുന്നു എന്നതിൽ. അതുകൊണ്ട് മാതൃഭൂമിയെ വിശ്വസിക്കാം. ഞങ്ങൾ മാതൃഭൂമിയിൽ വരുന്നതെല്ലാം ശരിയാണെന്ന് ഉറച്ചുവിശ്വസിച്ചവരാണ്.
ഇന്ന് പത്രങ്ങളിൽ ഒരുവാക്ക് വന്നാൽ അത് ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാൻവയ്യാതെ കുഴങ്ങുന്നവരാണ് ബഹുഭൂരിപക്ഷവും. അച്ചടിച്ചത് പൂർണമായി വിശ്വസിച്ചുപോവുകയെന്നത് പൊതുസ്വഭാവമാണ്. ജനതയെ തെറ്റിദ്ധരിപ്പിക്കാൻ പത്രമാഫീസുകൾ അല്ലെങ്കിൽ പത്രപ്രവർത്തകർ, സാഹിത്യകാരൻമാർ തുനിയരുത്. ഒരു അധ്യാപകൻ ചെയ്യുന്നതുപോലുള്ള പാപമാണ് ഒരു പത്രം തെറ്റായി എന്തെങ്കിലുമൊന്ന് പറയുകയോ അച്ചടിക്കുകയോ ചെയ്താൽ സംഭവിക്കുന്നത്. പരക്കെയുള്ള മഹാജനങ്ങൾക്കൊക്കെ തട്ടും. വിശ്വസിക്കുന്നവർക്ക് ആ വിശ്വാസത്തിൽ മായംചേർക്കൽ ആവുമോ. അതുകൊണ്ട് അക്ഷരപ്പിഴ വരാൻ പാടുള്ളതല്ല. ഞങ്ങളെപ്പോലുള്ളവർ അതുകൊണ്ട് മാതൃഭൂമിയെ പൂർണമായും വിശ്വസിച്ചു.
ബംഗാളിൽ സ്റ്റേറ്റ്മാൻ എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ പത്രം ഒരു പരസ്യവും കൊടുത്തിരുന്നു. അക്ഷരത്തെറ്റ് ചൂണ്ടിക്കാണിക്കുന്നവർക്ക് 50 ബ്രിട്ടീഷ് പണം കൊടുക്കും. ആ പത്രം വായിച്ച് ഒരുതെറ്റ് കണ്ടുപിടിക്കാൻ ആളുകൾ പാടുപെടുമായിരുന്നു. അന്ന് ഒരു പത്രത്തിന്റെ അഭിമാനം അതായിരുന്നു. ഒരു പത്രത്തിന്റെ വ്രതനിഷ്ഠ അതായിരുന്നു. വസ്തുതയിൽനിന്നും സത്യത്തിൽനിന്നും വ്യതിചലനം പാടില്ല. ഒരുവാക്കിൽ പിഴച്ചാൽ വരുംകാലങ്ങളിൽ മുഴുവൻ പിഴയ്ക്കും.
അങ്ങനെ കാലത്തിന്റെ അക്ഷരശുദ്ധിയിലൂടെ ബോധശുദ്ധി, ധാരണാശുദ്ധി, ചിന്താശുദ്ധി, മനഃശുദ്ധി ഇതെല്ലാം നിർവഹിക്കാൻ പലവിധത്തിൽ യത്നം നടത്തിയ ഒരു ഏകാഗ്രിതമായ കർമത്തിലൂടെ യത്നം നടത്തിയ പത്രസ്ഥാപനമാണ് മാതൃഭൂമി എന്നതുകൊണ്ട് ഞങ്ങളെപ്പോലുള്ളവർ മാതൃഭൂമി പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും വായനക്കാരായി. മലയാളസാഹിത്യം മാത്രമല്ല ഭാരതീയ സാഹിത്യം മൊത്തത്തിൽതന്നെ മലയാളിയെ പരിചയപ്പെടുത്താൻ മാതൃഭൂമി തയ്യാറായി. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ഭാഷകളിലെയും കഥകൾ, അതിന്റെ വിവർത്തനം മാതൃഭൂമിയിൽനിന്നാണ് വായിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ബംഗാളി, മറാഠി, കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലെ പ്രബുദ്ധകൃതികൾ ഏറ്റവും നല്ല ആളുകളെക്കൊണ്ട് വിവർത്തനം ചെയ്യിച്ചതും വായിക്കാനായി. ഒരുകാലത്ത് മലയാളിയുടെ അക്ഷരസ്നേഹത്തെ ഉദ്ദീപിപ്പിക്കാൻ മാതൃഭൂമി പോലുള്ള പത്രങ്ങൾക്ക് സാധിച്ചിരുന്നു.
അഭിരുചികൾ മാറി, ഭക്ഷണശീലംപോലെ
ഇന്ന് വായനയുടെ താത്പര്യങ്ങൾക്കും രുചികൾക്കും വ്യത്യാസം വന്നു. നമ്മുടെ സമൂഹത്തിലെ ഭക്ഷണശീലംപോലെ. ഏറ്റവുംനല്ല എരിവുള്ളത്, ഏറ്റവുംനല്ല പുളിയുള്ളത്, ഏറ്റവുംനല്ല മണമുള്ളത്, ഏറ്റവുംനല്ല പകിട്ടുള്ളതുവേണം മനുഷ്യന്. ഭക്ഷണവും വാചകവും അങ്ങനെത്തന്നെ. മാനസികമായി നമ്മൾ അല്പത്വത്തിലേക്ക് താഴ്ന്നുപോയോ എന്നാണ് സംശയം. പൊതുവിൽ നമ്മുടെ മനസ്സിൽനിന്ന് ചില വികാരങ്ങൾ പുറത്താക്കപ്പെട്ടു, മറ്റുചില വികാരങ്ങൾ കുടിയേറുകയുംചെയ്തു.
കാലം മാറിവരുമ്പോൾ ഉണ്ടാകുന്ന ഈ മനസ്സിന്റെ പ്രവണത ഒരുസമൂഹത്തെ ബാധിച്ചിരിക്കുന്നില്ലേ എന്നെനിക്ക് ചിന്തയുണ്ട്. ഏത് സാഹിത്യകൃതികളും എടുത്തുനോക്കാം, ഏത് ലേഖനവും എടുത്തുനോക്കാം വായിക്കുമ്പോൾ നമുക്ക് നീരസങ്ങൾ തോന്നുന്നു, രസക്കേടുകൾ തോന്നുന്നു, സംശയങ്ങൾ തോന്നുന്നു, ആകുലതകൾ വർധിക്കുന്നു. ഏതുരചനയും മനസ്സിനെ കലുഷമാക്കാം. മനസ്സിനെ ഇളക്കാം, അനുഭവിപ്പിക്കാം. പക്ഷേ, ആത്യന്തികമായി അകത്ത് ശാന്തത നൽകാൻ നല്ലസാഹിത്യത്തിന് കഴിയണം. ചേരികളുണ്ടാക്കുന്നതല്ല ഉത്തമസാഹിത്യം. കൂടുതൽ കൂടുതൽ ആളുകളെ ഭിന്നിപ്പിക്കുന്നതല്ല ഉത്തമസാഹിത്യം. വിവേകശാലിയായ എഴുത്ത് സമൂഹത്തിൽ സമാധാനം വർധിപ്പിക്കും.
ആ കാലത്ത് ‘മാതൃഭൂമി’യിൽ വന്നിരുന്ന സാഹിത്യങ്ങളിൽ മുഴുവനും സമൂഹത്തിലെ മിക്കവാറും എല്ലാ കടുത്തപ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ഏകസമുദായത്തിന്റെ വളർച്ചയ്ക്കുവേണ്ടി, മനസ്സിന്റെ സ്വസ്ഥതയ്ക്കുവേണ്ടി, മനഃശാന്തിക്കുവേണ്ടി എഴുതപ്പെട്ടതാണെന്നൊരു തോന്നലുണ്ടായിരുന്നു. പക്ഷേ, ഇതെല്ലാംകൊണ്ട് ഇന്ന് ലോകത്ത് എന്ത് സംഭവിച്ചു, എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു നാളെ എന്ത് സംഭവിക്കും എന്നുകൂടെ ചിന്തിക്കാവുന്നതാണ്. പഴയകാലത്തുണ്ടായിരുന്ന സമൂഹമനസ്സ് ഇപ്പോഴുണ്ടോ എന്നുംകൂടെ ചിന്തിക്കാം.
പണ്ട് ഒരുപാടുപേർ കൂടിയിരുന്ന് സംസാരിക്കുമ്പോൾ ഉണ്ടായിരുന്ന ഉത്കണ്ഠകൾ ഏതാണ്ട് സമാനമായിരുന്നു. ഓരോ മനസ്സിനുമൊരു തരംഗമുണ്ട്. ആ തരംഗം അതേരീതിയിൽ ഇന്നില്ല. ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ളതിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിക്ക് വ്യക്തിയുടെ ഇഷ്ടം, വ്യക്തിയുടെ അവകാശം, വ്യക്തിയുടേതായ സ്വപ്നങ്ങൾ, വ്യക്തിയുടേതായ അഭിപ്രായങ്ങൾ, വ്യക്തിയുടേതായ സ്വാതന്ത്ര്യങ്ങൾ. എല്ലാവ്യക്തിയും വ്യക്തിയായി മാത്രം ചുരുങ്ങുമ്പോൾ ഓരോരുത്തർക്കും ഓരോ തുരുത്തുണ്ടാവുന്നു. ആ തുരുത്തിൽനിന്നുള്ള അഭിപ്രായങ്ങൾക്ക് പുറത്ത് സംഘർഷമുണ്ടാകുന്നു.
മനുഷ്യൻ ഒറ്റയാണോ എന്ന് ആദ്യം ചിന്തിക്കണം. ഒറ്റയാകാമോ എന്നും ചിന്തിക്കണം. സുകുമാർ അഴീക്കോട് മാഷ് ഒരു പ്രസംഗത്തിൽ പറഞ്ഞതുപോലെ, ‘തനിച്ചിരിക്കുമ്പോൾ ലോകം മുഴുവൻ നമ്മുടെ ഉള്ളിലേക്ക് വരും. അപ്പോ എല്ലാവരും എന്റെ കൂടെയുണ്ട്, ഞാൻ ഒറ്റയ്ക്കല്ല’. ഏകാകി ആയിരിക്കുന്നു എന്ന് തോന്നുന്ന ഘട്ടങ്ങളിൽ പ്രപഞ്ചം മുഴുവൻ എന്റെയുള്ളിലുണ്ട് എന്നനുഭവിക്കാൻ കഴിയും. ആ പ്രപഞ്ചത്തോട് മുഴുവൻ സംവദിക്കുകയും ആ പ്രപഞ്ചത്തിന്റെ രസനീരസങ്ങളെ അനുഭവിക്കുകയും ആ പ്രപഞ്ചത്തിന്റെ കണ്ണീര് സ്വന്തം കണ്ണീരാണെന്ന് തിരിച്ചറിയുകയും ചെയ്യും. അതിന്റെ ഉദ്വേഗം എന്റെ ഉദ്വേഗമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു വിശ്വാനുഭവം. അത് ഉൾക്കൊള്ളാനുള്ള മനോവിസ്താരമാണ് അഴീക്കോട് മാഷ് പ്രകടിപ്പിച്ചത്. ഇന്ന് അത്തരം ദുഃഖങ്ങൾ കുറഞ്ഞുകാണുന്നു. ഇന്നെല്ലാം വ്യക്തിദുഖങ്ങളാണ്... തുരുത്ത് ദുഃഖങ്ങളാണ്.
ഇന്ന് ലോകം മുഴുവൻ എന്റെ കീഴിലാണ് എന്നൊരു തോന്നലാണ്, അതായത് സ്വാർഥത വളരുകയും മനസ്സിലെ ആർദ്രത നശിച്ചുപോവുകയും ചെയ്യുന്നു. തന്നിലെ വ്യക്തിപുരുഷൻ, സ്വാർഥ പുരുഷൻ വളരുകയും സമൂഹ പുരുഷൻ നഷ്ടപ്പെട്ടുപോവുകയും ചെയ്യുന്നു. ഓരോ കുഞ്ഞിലും ഒരു വിശ്വപുരുഷനുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. അവിടൊരു മാവുണ്ട് പ്ലാവുണ്ട് ഒരു റൗഡിയുണ്ട് ഒരു പാമ്പുണ്ട് ഒരു കിളിയുണ്ട് ഒരു മയിലുണ്ട് ഒരു പൂവുണ്ട് കടലുണ്ട് എല്ലാമുണ്ട്. ഇതെല്ലാം ചേർന്നാണ് കൊച്ചുകുട്ടിയുണ്ടാകുന്നത്.
പുതിയ പഠനങ്ങൾ നോക്കിയാൽ ഒരു കുഞ്ഞിന്റെ ഡി.എൻ.എ.ക്കുള്ളിൽ പ്രപഞ്ചമെല്ലാമുണ്ട്. എന്നാൽ ഒരു സമൂഹത്തെ മുഴുവൻ അനുഭവിപ്പിക്കുന്ന മനസ്സിന്റെ വ്യാപ്തികൾ ഇപ്പോൾ എണ്ണത്തിൽ കുറഞ്ഞുവരുന്നു. മഹാത്മാഗാന്ധിയെപോലെ കനലുകൾക്ക് മീതെ നടക്കുവാൻ തയ്യാറായിട്ടുള്ള ഒരു വ്യക്തി ഇത്രയും കാലത്തിനുശേഷം പിന്നീട് നമ്മുടെ മുന്നിൽ വന്നില്ല എന്നത് എന്തുകൊണ്ടായിരിക്കും? കാലം അതിനാവശ്യപ്പെടുന്നുണ്ട്. നമ്മൾ ഓരോ വ്യക്തിയും ഓരോരാളും അവനവനിലേക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നു. മറ്റൊരാളിനുവേണ്ടി വാദിക്കാൻ അവനില്ല.
അവനവനിൽ ശ്രദ്ധ കൂടിയവനാണ് ദുര്യോധനൻ. അതാണ് ഏറ്റവും കൂടുതൽ അപകടകരമാക്കിയത്. കിട്ടിയത് പോരാ എന്ന് തോന്നുന്ന അവസ്ഥയിൽ അവൻ എന്തിനും തുനിഞ്ഞെന്ന് വരും. എനിക്ക് കിട്ടിയതൊന്നും പോരാ എന്ന തോന്നലിന്റെ ഒരു അവതാരമാണ് കർണൻ. ഓരോ സ്വഭാവങ്ങളുടെ അവതാരമാണിതെല്ലാം. അടങ്ങാത്ത പകയും പിറകെ പിറകെപോയുള്ള ആക്രമണവുമെല്ലാം അശ്വത്ഥാമാവിനെപോലെ നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ചുറ്റിക്കറങ്ങി നടക്കുന്നുണ്ട്.
മഹാഭാരതം എന്ന മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചുള്ള മഹാഗ്രന്ഥമെഴുതിയ വേദവ്യാസൻ ചിലകാര്യങ്ങൾ പറയുന്നുണ്ട്. ‘മാതാപിതൃ സഹസ്രാണി പുത്രധാര ശതാനിജ’- മാതാവ് പിതാവ് അങ്ങനെ കോടിക്കണക്കിന് മാതാക്കളും പിതാക്കളും ഈ മണ്ണിലുണ്ടായി മറഞ്ഞു. കോടിക്കണക്കിന് ഭാര്യമാരും മക്കളും പുത്രൻമാരും ഉണ്ടായി മറഞ്ഞു. അവരിലെല്ലാവരിലും കോടിക്കണക്കിന് സ്വപ്‌നങ്ങളുണ്ടായി. കോടികോടി ആഹ്ലാദങ്ങളുണ്ടായി. എത്രയോ ലക്ഷം ദുഖഃങ്ങളുമുണ്ടായി. ഈ ദുഖഃങ്ങളും ആനന്ദങ്ങളും ഇവരിൽ മൂഢനെമാത്രമേ ബാധിക്കൂ. വിദ്വാനെ ഈ ദുഃഖങ്ങളും ആഹ്ലാദങ്ങളും ബാധിക്കില്ല. അല്പം കൊണ്ട് ആഹ്ലാദിക്കുകയും അല്പംകൊണ്ട് തന്നെ ദുഃഖിക്കുകയും ചെയ്യുന്ന ഒരു പ്രകൃതത്തിലേക്ക് എത്രവേഗം മനുഷ്യകുലം മാറ്റപ്പെട്ടിരിക്കുന്നു.
ഫെബ്രുവരി 2,3,4,5 തിയ്യതികളിലായി തിരുവനന്തപുരം കനകക്കുന്നില്‍ വെച്ച് നടക്കുന്ന അക്ഷരോത്സവത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ മുഖേനയും പങ്കെടുക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം
Content Highlights: mbifl lecture series 2023, mbifl2023, Prof. V Madhusoodanan Nair, Sharjah, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..