പന്തളം എൻ.എസ്.എസ്. കോളേജിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ പ്രഭാഷണം നടത്തുന്നു.
പന്തളം: മനുഷ്യത്വമാണ് മഹനീയ ആശയമെന്നും വിവേചനം പഠിപ്പിക്കരുതെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായുള്ള, നൂറുദേശങ്ങള് നൂറു പ്രഭാഷണങ്ങള്‍ പരമ്പരയുടെ ഭാഗമായി പന്തളം എന്‍.എസ്.എസ്. കോളേജില്‍ ''പെണ്ണത്തം, ആണത്തം, മനുഷ്വത്വം'' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. മനുഷ്യത്വം എന്നത് മനുഷ്യനോട് മാത്രമുള്ള സ്നേഹമല്ല. മറിച്ച് അത് സഹജീവികളോടാകെ തോന്നേണ്ടതാണ്. ലിംഗവിവേചനത്തിന്റെ വായു ശ്വസിച്ചാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. ലേബര്മുറിയില്നിന്നു കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍ തന്നെ ആണ്‍കുഞ്ഞാണോ, പെണ്‍കുഞ്ഞാണോ എന്നാണ് എല്ലാവരുടെയും ആദ്യ ചോദ്യം. കുഞ്ഞിന്റെ ആരോഗ്യം എങ്ങനെയുണ്ടെന്ന് ആരും ചോദിക്കുന്നില്ല. ആണ്‍കുട്ടികളെ നീലത്തുണിയിലും, പെണ്‍കുട്ടികളെ പിങ്ക് നിറത്തിലുള്ള തുണിയിലുമാണ് കൊണ്ടുവരുന്നത്. ഇങ്ങനെയാണ് വിവേചനത്തിന്റെ ആദ്യഘട്ടം തുടങ്ങുന്നത്.
പെണ്‍കുട്ടി ഉറക്കെ ചിരിക്കാന്‍ പാടില്ല, ആണ്‍കുട്ടി കരയാന്‍ പാടില്ല എന്നൊക്കെയുണ്ട്. വാങ്ങിനല്‍കുന്ന കളിപ്പാട്ടങ്ങള്‍, ഭക്ഷണം തുടങ്ങിയവയിലും വിവേചനം കാണിക്കുന്നു. നമ്മുടെ വീട്ടകങ്ങളില്‍ നടക്കുന്ന അധിക സംഭാഷണങ്ങളും ലിംഗവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.
പെണ്‍കുട്ടികള്‍ ബാധ്യതയാണെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളാണ് ഏറെയും. സമൂഹമാണ് ഈ ചിന്ത രക്ഷിതാക്കളുടെ തലയിലേക്ക് കയറ്റുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ അഭിമാനമാണെന്ന് നമ്മള് പറയണം. ആര്‍ത്തവം എന്ന ജൈവിക പ്രതിഭാസം നാലു ചുവരുകള്‍ക്കുള്ളില്‍ ഒളിച്ചുവെക്കേണ്ടതെന്നാണ് നമ്മള് ഇപ്പോഴും കരുതുന്നത്. പെണ്ണും ആണും ഒരുപോലെ തന്നെ സ്വതന്ത്രരായി ജീവിക്കണം. സ്നേഹവും, ആര്‍ദ്രതയും കൈപ്പറ്റുവാനുള്ള സാഹചര്യങ്ങളൊരുക്കുന്ന ഒരു സമൂഹത്തെയാകണം വാര്‍ത്തെടുക്കേണ്ടത്. എല്ലാവരുടെയും ഉള്ളിലുള്ള മനുഷ്യത്വംകൊണ്ട് ഇതിന് കഴിയണമെന്നും അവര്‍ പറഞ്ഞു.
.jpg?$p=b4643a5&&q=0.8)
ചോദ്യങ്ങള്‍ക്കും കളക്ടര്‍ മറുപടി നല്കി. മാതൃഭൂമി കോട്ടയം ബ്യൂറോ ചീഫ് എസ്.ഡി. സതീശന് നായര്‍ വിഷയാവതരണം നടത്തി. ഏറ്റുമാനൂര്‍, ഏറ്റുമാനൂരപ്പന് കോളേജ് പ്രിന്‍സിപ്പല്‍ ആര്. ഹേമന്ത് കുമാര്‍, പന്തളം എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. അഞ്ജന എന്നിവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂരപ്പന് കോളേജുമായി സഹകരിച്ചായിരുന്നു പരിപാടി. മാതൃഭൂമിയുടെ നൂറാംവാര്ഷികംകൂടി പ്രമാണിച്ചാണിത്.
Content Highlights: mbifl lecture series 2023, mbifl2023, dr divya s iyer, pandalam n s s college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..