മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ എഴുത്തുകാരനും കലാ നിരൂപകനുമായ വി. കലാധരൻ പ്രഭാഷണം നടത്തുന്നു.
കൊച്ചി: ശബ്ദമുഖരിതമായ പാട്ടുകള്‍ ഏറിവരുന്ന കാലം നമ്മുടെ സാംസ്കാരിക ലോകത്തെ മാറ്റുന്നുണ്ടെന്ന് എഴുത്തുകാരനും കലാ വിമര്‍ശകനുമായ വി. കലാധരന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന നൂറ് ദേശം നൂറ് പ്രഭാഷണം പരമ്പരയില്‍ കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലം മാറുന്നതിനനുസരിച്ച് രൂപപ്പെടുന്ന അഭിരുചികള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാട്ടിനും മാറ്റമുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അപ്പോഴും മലയാള ഭാഷയുടെ ജീവന് നിലനിര്‍ത്താന്‍ ശ്രമങ്ങളുണ്ടാകണം. ശബ്ദമുഖരിതമായ പാട്ടുകള്‍ക്കിടയില്‍ ചിലരെങ്കിലും അതിന് ശ്രമിക്കുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമുള്ളതാണ് മലയാളം. ഭാഷയില്‍ അഭിരമിക്കാന്‍ നമ്മുടെ പൂര്‍വികര്‍ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. അവര്‍ അതെല്ലാം ഏറെ സന്തോഷത്തോടെയും ആസ്വാദ്യതയോടെയും പ്രയോജനപ്പെടുത്തി. എന്നാല്‍ ഇന്ന് നമ്മളില്‍ പലരും ഭാഷയെ അത്തരത്തില്‍ ഉപയോഗിക്കുന്നില്ല.
പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലൂടെ ഒരു തീവണ്ടി യാത്ര നടത്തിയാല്‍ ഓരോ കംപാര്‍ട്ട്മെന്റിലും പത്രമോ പുസ്തകമോ വായിച്ചിരിക്കുന്ന ഒരുപാടുപേരെ കാണാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരം ദൃശ്യങ്ങളൊന്നും ഒരു തീവണ്ടിയിലും തെളിയുന്നില്ലെന്നും കലാധരന്‍ പറഞ്ഞു.
.jpg?$p=aa62323&&q=0.8)
പാട്ട് എന്നത് ഭാഷ അറിയാത്തവരെയും വശീകരിക്കുന്ന ഒന്നാണ്. നമ്മുടെ ചലച്ചിത്രഗാനങ്ങളില്‍ പലതും മനുഷ്യമനസ്സുകളില്‍ കൂടുകൂട്ടിയത് അതിനു നല്കിയ ഈണത്തിന്റെ മനോഹാരിതയിലാണ്. ഭാഷയില്‍ നന്നായി പണിയെടുക്കണം. ഖനികളില്‍ പണിയെടുക്കുന്നതുപോലെ ഭാഷയില്‍ പണിയെടുത്താല്‍ മാത്രമേ നല്ല കവിതകള്‍ പിറക്കൂ.
കവിതയിലേക്ക് പ്രവേശിക്കാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. എന്നാല്‍, പാട്ടുകളിലേക്ക് അതിവേഗത്തില്‍ ആസ്വാദകര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നുണ്ടെന്നും കലാധരന്‍ പറഞ്ഞു.
പ്രഭാഷണ പരമ്പരയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ കലാധരന്‍ വിതരണം ചെയ്തു. ചടങ്ങില്‍ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജൈസണ് പോള്‍ അധ്യക്ഷത വഹിച്ചു.
മാതൃഭൂമി റീജണല്‍ മാനേജര്‍ പി. സിന്ധു ആമുഖപ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസര്‍ എസ്. അജിത്ത് സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി ആര്. ചിത്രലക്ഷ്മി നന്ദിയും പറഞ്ഞു. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം അവതാരകനായിരുന്നു.
Content Highlights: mbifl lecture series 2023, mbifl 2023, V. Kaladharan, Rajagiri school of engineering and technology
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..