മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നൂറ് ദേശങ്ങൾ നൂറ് പ്രഭാഷണങ്ങൾ പരമ്പരയിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ ‘കേരളം കേൾക്കേണ്ട സംഗീതകാരന്മാർ’ എന്ന വിഷയത്തിൽ രമേശ് ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തുന്നു.
കൊച്ചി: സംഗീതംപോലെ പ്രധാനപ്പെട്ടതാണ് സംഗീതത്തിന്റെ ചരിത്രവുമെന്ന് എഴുത്തുകാരന്‍ രമേശ് ഗോപാലകൃഷ്ണന്‍. സംഗീതം ആസ്വദിക്കപ്പെടുന്നതിനൊപ്പം വായിക്കപ്പെടുകയും ചെയ്യുന്ന സാംസ്‌കാരിക ഭൂമികയാണ് കേരളത്തിന്റേത്. എന്നാല്‍ ഇപ്പോഴും വേണ്ട രീതിയില്‍ കേള്‍ക്കപ്പെടാത്ത കുറേ സംഗീതകാരന്‍മാര്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 100 ദേശങ്ങള്‍ 100 പ്രഭാഷണങ്ങള്‍ എന്ന പരിപാടിയില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ പ്രഭാഷണം നടത്തുകയായിരുന്നു രമേശ് ഗോപാലകൃഷ്ണന്‍.
ചരിത്രരേഖകളുടെ അഭാവം സംഗീതരംഗത്ത് ഗവേഷണം നടത്തുന്നവരെ നിരാശപ്പെടുത്തുന്നുണ്ടെന്നും രമേശ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പരിമിതമായ ജീവിത സാഹചര്യങ്ങള്‍ മൂലം സംഗീതം നഷ്ടപ്പെടുത്തേണ്ടിവന്ന കുറെപ്പേരുണ്ട്. അവരുടെ സംഗീതം കേള്‍ക്കാന്‍ കഴിയാതെ പോയത് കേരളത്തിന്റെ നഷ്ടമാണ്.
കര്‍ണാടക സംഗീതത്തില്‍ അഭിരമിക്കാന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്ത ഫാ. പോള്‍ പൂവത്തിങ്കല്‍ എന്ന വൈദികനെ നമുക്കറിയാം. ഒട്ടും എളുപ്പമല്ലാതിരുന്ന വഴികളിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹം കാണിച്ച ആര്‍ജവമാണ് ഇതില്‍ പ്രധാനമായതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തിന്റെയും സംഗീതത്തിന്റെയും അനന്തസാധ്യതകള്‍ കാലം പ്രയോജനപ്പെടുത്തുന്നുണ്ട്. വാട്സാപ്പിലൂടെ സംഗീതം പങ്കിടുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. ചില പോരായ്മകള്‍ ആരോപിക്കാമെങ്കിലും ഇത്തരം സങ്കേതങ്ങളിലൂടെ ജനമനസ്സുകളിലേക്കെത്തുന്ന സംഗീതത്തെ കാണാതിരിക്കാനാകില്ലെന്നും രമേശ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഗ്ലോബല്‍ അക്കാദമി ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍ രമേശ് ഗോപാലകൃഷ്ണന് ഉപഹാരം സമ്മാനിച്ചു. മാതൃഭൂമി റീജണല്‍ മാനേജര്‍ പി. സിന്ധു ആമുഖ പ്രഭാഷണം നടത്തി.
ആര്‍.എല്‍.വി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍. രാജലക്ഷ്മി സ്വാഗതവും അസി. പ്രൊഫസര്‍ സിമി കെ. വിജയന്‍ നന്ദിയും പറഞ്ഞു. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം അവതാരകനായിരുന്നു.
Content Highlights: mbifl lecture series 2023, mbifl 2023, Ramesh Gopalakrishnan, Kochi, Ernakulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..