കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നടന്ന 'നൂറ് ദേശങ്ങൾ നൂറ് പ്രഭാഷണങ്ങൾ' പരമ്പരയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്നു. മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് അസോസിയേറ്റ് ഡയറക്ടർ റവ. ഡോ. എം.ഡി. സാജു എന്നിവർ സമീപം.
കൊച്ചി: സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ ഭരണഘടനയില്‍ അന്തര്‍ലീനമായ മൂല്യങ്ങളാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന 'നൂറ് ദേശങ്ങള്‍ നൂറ് പ്രഭാഷണങ്ങള്‍' പരമ്പരയില്‍ കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ സത്യം, സമത്വം, സാതന്ത്ര്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതം പോലെ സുന്ദരമായ മറ്റൊന്നില്ല. നിങ്ങളുടെ പ്രവൃത്തി മറ്റൊരാള്‍ക്ക് സന്തോഷമായി മാറുന്നുണ്ടെങ്കില്‍ അതായിരിക്കും ഏറ്റവും വലിയ പ്രതിഫലം. ഓരോരുത്തരും എന്താണോ ചെയ്യേണ്ടത് അതു ചെയ്യുക എന്നതാണ് സ്വാതന്ത്ര്യം. ഭരണഘടന എന്നത് വലിയ ആശയമാണ്. എല്ലാവരുടെയും സ്വാതന്ത്ര്യമാണ് അത് ഉറപ്പാക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശവും മനുഷ്യാവകാശവും തമ്മില്‍ ഏറെ അന്തരമില്ല. ഭരണഘടന ഒട്ടേറെ തവണ ഭേദഗതി ചെയ്തത് അത് ജീവിതത്തോടൊപ്പം മാറുന്നതിനാണ്.
കഴിയുമെങ്കില്‍ എല്ലാവരും ഭരണഘടന ഒരിക്കലെങ്കിലും വായിക്കണം. ഭരണഘടനയുടെ ആമുഖംതന്നെ അതിന്റെ ലക്ഷ്യം വ്യക്തമായി നിര്‍വചിക്കുന്നുണ്ട്. എല്ലാ നിയമങ്ങളും ഭരണഘടനാ കോടതികളുടെ പരിശോധനകള്‍ക്കു വിധേയമാണ്. നിയമം നീതി നടപ്പാക്കാനുള്ള ഉപകരണം മാത്രമാണ്. സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന ചിന്ത ഓരോരുത്തരില്‍നിന്നുമാണ് തുടങ്ങേണ്ടത്. സ്വാതന്ത്ര്യമെന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. അടിസ്ഥാനമൂല്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് പ്രധാനം. നമ്മള് അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് വേണമെന്ന് നമ്മള് ആലോചിക്കുന്നില്ല.
വായന എന്നത് പ്രവൃത്തിയല്ല, അതൊരു ശീലമാണ്. അച്ഛന്റെ ലൈബ്രറിയില്‍നിന്നാണ് തന്റെ വായനയുടെ തുടക്കം. കോളേജ് കാലമായപ്പോള്‍ വലിയ എഴുത്തുകാരുടെ ചിന്തകള്‍ എന്തെന്ന് അറിയാനുള്ള ശ്രമമായി വായന മാറി. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരാണ് വായനയുടെ വലിയ ലോകത്തേക്ക് പിന്നീട് നയിച്ചത്. അഭിഭാഷകനായിരിക്കുമ്പോള്‍ എല്ലാദിവസവും അദ്ദേഹത്തെ കാണാന്‍ പോകുമായിരുന്നു. ഒരു ദിവസം ടാഗോറിനെ കുറിച്ചാണ് അദ്ദേഹം പറയുന്നതെങ്കില്‍ അടുത്ത ദിവസം വിവേകാനന്ദനെ കുറിച്ചായിരിക്കും. അടുത്ത ദിവസം മറ്റൊരു എഴുത്തുകാരനെ കുറിച്ചു പറയും. തന്റെ വായന അങ്ങനെയാണ് വളര്‍ന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
.jpg?$p=74dd70a&&q=0.8)
പ്രഭാഷണപരമ്പരയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സമ്മാനങ്ങള്‍ നല്കി. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ റവ. ഡോ. എം.ഡി. സാജു, അസിസ്റ്റന്റ് പ്രൊഫ. ഡോ. എസ്.പി. രാജീവ്, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം അവതാരകനായിരുന്നു.
Content Highlights: mbifl lecture series 2023, Justice Devan Ramachandran, Rajagiri college of social sciences, Kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..